Posts

Showing posts from 2023

ചിന്താശകലങ്ങൾ

1.ചിന്തിക്കുന്നതെ ഭവിക്കൂ ... നല്ലത് മാത്രം ചിന്തിക്കുക ! 2. പ്രാണനെക്കാളേറെ സ്നേഹിക്കാം എന്നാൽ പ്രാണൻ നശിപ്പിച്ച് സ്നേഹം പ്രകടിപ്പിക്കരുത് ! 3. ലാഭം നോക്കി ബന്ധങ്ങൾക്ക് വിലയിടുന്നോർ നഷ്ടങ്ങളും സഹിക്കണം ! 4.വിമർശനം ഇഷ്ടമില്ലാത്തവർ വിമർശിക്കരുത് ! 5. സ്നേഹം കൊണ്ട് മിത്രങ്ങളും അവഗണന കൊണ്ട് ശത്രുക്കളും മൗനം കൊണ്ട് അടിമകളും സൃഷ്ടിക്കപ്പെടുന്നു. 6. ശത്രുക്കളെ സ്നേഹിച്ചില്ലങ്കിലും മിത്രങ്ങളെ ദ്രോഹിക്കാതിരിക്കുക 7. കുഴിമടിയന്റെ ലക്ഷണമാണ് ആഗ്രഹമില്ലായ്മ ! 8. കടങ്ങളും കടപ്പാടുകളുമില്ലാതെ ഒരു ജീവിതവും പൂർണമാവുന്നില്ല! 9. "പുസ്തകം വായിച്ചറിയണം ജീവിതം അനുഭവിച്ച് അറിയണം ! " 10. ഭൂമിയിൽ ഒന്നും നശിക്കാനായി സൃഷ്ടിക്കപ്പെടുന്നില്ല ! ഓരോ നാശവും മനുഷ്യ നിർമ്മിതിയാണ് ! 11. കണക്കു നോക്കി ശിക്ഷിക്കുന്നവനല്ല , ആപത്തിൽ സഹായിക്കുന്നവനാണ് ദൈവം! 12. ഇന്നലെകൾ നമ്മളുടേതായിരുന്നില്ല , നാളെ എന്താവുമെന്ന് നമുക്കറിയില്ല , പക്ഷെ ഇന്നത്തെ തീരുമാനങ്ങൾ നമ്മളുടേത് മാത്രമാണ്!

എന്റെ പ്രേയസിക്ക് ....

ഇഷ്ടമാണ് എനിക്കെന്നും എൻ പ്രണയമെ ... നിൻ നഷ്ടങ്ങളേതും നൽകല്ലെ എനിക്കിന്ന് .. ഓർമകളിൽ ജീവിക്കാൻ ആവില്ല എനിക്കിന്ന് ... ഓർമകൾ നെഞ്ചിലെൻ നിൻ നഖക്ഷതങ്ങൾ ... വേദനയില്ലാതെ ചിരിക്കുന്നു ഞാനെന്നും ഇഷ്ടമാണ് എനിക്കെന്നും എൻ പ്രണയമെ ... ചാരിയ ജാലക വാതിലിൽ ഞാനിതാ നിൽക്കുന്നു... ചാരുതയാണന്ന് കൽപ്പിച്ച് നീയെന്നും ...  ഉതിരുന്ന വീർപ്പുകൾ, മങ്ങിയ ഹാസങ്ങൾ എന്തിനെന്നറിയാതെ വേൾക്കുന്നു നീ പ്രിയേ .... ത്യാഗമായല്ല നീ ജീവിക്കേണ്ടതെന്നും ത്യാഗിയായല്ല മരിക്കേണ്ടതെന്നും നീ ..  പ്രിയനെ വിട ചൊല്ലി നേടുവതൊന്നും സ്വർഗ്ഗമാകില്ല എൻ പ്രിയേ ... പിരിഞ്ഞു ജീവിക്കിലതിനില്ല ഞാനുമെൻ ജീവനും ... പറിച്ചെടുത്ത് മാത്രം നിനക്ക് പിരിഞ്ഞു പോകാം .. എടുത്തു കൊൾക നിന്റെ പ്രാണനെ ..... അത് നിനക്ക് മാത്രം .... എന്നും നിന്റേത് മാത്രം.

എന്റെ ഗുൽമോഹർ

എന്റെ ഗുൽമോഹർ.  * * * * ഹൃദയ തീരത്തിലെന്നും വിടർന്ന ചിരിയുമായ് , വേനൽ ചൂടിലും വാടാതെ, നീ കാത്തിരുന്നെങ്കിലും, അടച്ചിട്ട മുറികളിലെ തിരക്കിട്ട യാത്രകളിൽ പൊടി പിടിച്ച ജനാലകൾ തന്നതൊക്കെയും നിറംകെട്ട കാഴ്ചകൾ ... ചോരപ്പൂക്കളാൽ  കയ്യൊപ്പു ചാർത്തിയ കാലത്തിൻ  കലണ്ടറിൽനിന്ന് " മെയ് "പടിയിറങ്ങവേ, പിൻതിരിഞ്ഞൊന്നു നോക്കിടാതെ യാത്രയാകാൻ നിനക്കാകുമോ , വരിക വീണ്ടും വർദ്ധിത  വീര്യത്തോടെ നീ തന്ന പ്രണയത്തിന്റെ സ്മരണകൾക്കേറെ നിറച്ചാർത്തുമായ്... എരിഞ്ഞടങ്ങുമൊരു വേനലറുതിയിൽ നിന്നെക്കുറിച്ചൊരു വരിയെങ്കിലും കുറിക്കാതെ എങ്ങിനെയാണെനിക്കും ഇടവപ്പാതിയിലേക്ക് ... നീയില്ലാതെ എൻ വർഷങ്ങൾ  പൂർണമാകില്ലയെൻ പ്രിയേ മടങ്ങി വരില്ലെയെൻ പൊൻ വസന്തമായ് ..

പെങ്ങളൂട്ടി

അവൻ മോഹൻലാലിട്ട ഇടി വള വാങ്ങാനായി പണം സ്വരുക്കൂട്ടി , അമ്പലത്തിലെ ഉത്സവത്തിന് ഇടിവള വാങ്ങി വീട്ടിലെത്തി, എനിക്കൊന്നും വാങ്ങിലേന്ന് പെങ്ങളൂട്ടി ചോദിച്ചു. ഇടിവളയൊന്നുമിടണ്ട ചീത്ത ശീലമാണന്ന് അമ്മയും !ഊരി കളയാൻ മൽ പിടുത്തമായി ഇടക്ക് കേറി പെങ്ങളൂട്ടിയുടെ ചുണ്ട് ഇടിവള കൊണ്ട് പൊട്ടി. പെങ്ങളൂട്ടി അലറിക്കരഞ്ഞു. ഇടിവള ഊരി അവൻ ആറ്റിലെറിഞ്ഞു ... കുടുക്ക പൊട്ടിച്ച് കാശു കൊണ്ട് പത്താമുത്സവത്തിന് അവൻ ചാന്തും കുപ്പിവളയും വാങ്ങി പെങ്ങളൂട്ടിക്ക് കൊടുത്തു , വെടിക്കെട്ട് കാണുമ്പോൾ പൂത്തിരി കത്തിയ കണ്ണുകളുമായി അവളിരുന്നു. അരികെ നിർവൃതിയോടെ അവനും ! പെങ്ങളൂട്ടി !

വേദവാക്യം

കുഞ്ഞായിരുന്നപ്പോൾ തന്നെ അവൾ വേദ പുസ്തകത്തിലെ വേദവാക്യങ്ങൾ പഠിച്ചു , കുറച്ച് മുതിർന്നപ്പോൾ അവളുടെ വേദവാക്യം അച്ഛനും അമ്മയുമായി ,  കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ വേദവാക്യം  അനുസരിക്കുന്നവളായി, മകൻ  വലുതായപ്പോൾ പിന്നെ അവനായി  അവളുടെ വേദവാക്യം ! അവസാനം  ശരണാലയത്തിലെ വേദവാക്യ പാരായണത്തിൽ പങ്കെടുത്തതും അവൾക്ക് ഓർമയിൽ ഉണ്ടായിരുന്നില്ല കാരണം അവളുടെ മനസ്സു നിറയെ വേദവാക്യങ്ങൾ കോറി വൃത്തികേടായിരുന്നു.🤗

സങ്കുചിതം

നിക്കാഹ് കഴിഞ്ഞ് ഒരു കൊല്ലത്തിനിടെ കുട്ടികളുണ്ടാവാതെ  ആയപ്പോൾ ബീവിയെ മൊഴി   ചൊല്ലാൻ ഹാജാര്യോട് മൊല്ലാക്ക പറഞ്ഞപ്പോൾ ഹാജ്യാര് മൊല്ലാക്കാ നോട് ചോദിച്ചു " ഇങ്ങള് എന്ത്  മനുഷ്യനാണപ്പാ ? മ്മളിത്രം സങ്കുചിത മനസ്സനാകരുത് " .. മൊഴി ചൊല്ലാതെ തന്നെ ഹാജ്യാര് 3 കൂടി കെട്ടി ... നാലാമത്തെ ബീവിക്കും കുട്ടികളില്ലാണ്ട് ആയപ്പോൾ പഠിപ്പുള്ള ഓള് ഹാജ്യാരെ മൊഴി ചൊല്ലി ... അപ്പോ മൊല്ലാക്കയും ഹാജ്യാരും ഒരേ ശബ്ദത്തില് പറഞ്ഞു ... പെൺകുട്ടികൾക്ക് ഇത്രക്ക് അഹങ്കാരം പാടില്ല ... തീർത്തും സങ്കുചിത ചിന്താഗതിയാണ് ... നാട് നശിച്ച് പോയിരിക്കണ്...

ഈ പുഴയും കടന്ന്

കമലിന്റെ ഈ പുഴയും കടന്ന് ഷൂട്ടിങ്ങൊക്കൊ തീർന്ന് റിലീസിനൊരുങ്ങുകയാണ്. ഞാൻ ജോലി ചെയ്യുന്ന ഇലക്ട്രിക്‌ കടയുടെ അടുത്ത് താമസിക്കുന്ന ( ഹൈക്കോർട്ട് ജംഗ്ഷൻ എറണാകുളം)ഹരിശ്രീ അശോകനും അതിൽ ഒരു മുഴുനീള വേഷം ചെയ്യുന്നുണ്ട് , അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഹരിശ്രീ കടയിലേക്ക് കയറി വന്നു, ഒരു തേപ്പ് പെട്ടി വാങ്ങാൻ വന്നതാ... തേപ്പ് പെട്ടിയൊക്കെ എടുത്ത് പാക്ക് ചെയ്യുന്നതിനിടയിൽ സിനിമാനടനോട് സ്ഥിരം ചോദിക്കുന്ന ചോദ്യം ഞാനും വലിയ ആളായി ചോദിച്ചു, "ചേട്ടാ അടുത്ത പടമേതാ? ഈ പുഴയും കടന്ന് അഭിമാനത്തിലുള്ള മറുപടി വന്നു. ആളെ ഒന്നിരുത്താൻ വേണ്ടി എന്റെ ഇളക്കൽ ഈ പുഴയും കടന്നാൽ ബോൾഗാട്ടിയല്ലെ ? അശോകേട്ടൻ ഗൗരവത്തിലായി "തമാശിക്കാ " ? ഞാൻ ചമ്മി ഐസ് പോലെ ആയി പൈസ കൊടുത്ത് പോകാൻ നേരം തിരിഞ്ഞ് " തമാശ ആയതു കൊണ്ട് കൊള്ളാം സീരീസാരുന്നെങ്കിൽ കാണായിരുന്നു " പിന്നെ കണ്ണിറുക്കി താടിക്കുള്ളിൽ നിന്ന് ചിരിയും വന്നു. നമ്മളും ഹാപ്പി😆

ജിന്ന്

"ഓളൊരു ജിന്നാണ് മോനെ ! ഓള് നടക്കണ കണ്ടിട്ടുണ്ടോ ? നടക്കല്ല ഒഴുകിയാ നീങ്ങണത് ... ഓളടുത്ത് വരുമ്പോ ... ഒരു വാസന ..ണ്ട് അതിങ്ങനെ മൂക്കിലേക്ക് തുളച്ച് കേറുമ്പോഴെക്കും ഓളങ്ങ് ഒഴുകി നീങ്ങിട്ടുണ്ടാകും , ഹോ ! അത്രക്കിഷ്ടാ നിനക്ക് ? അനസ്സിന് സംശയം മാറുന്നില്ല ... "പിന്നില്ലാണ്ട് " സദ്ദാം വെള്ളമിറക്കി കൊണ്ട് പറഞ്ഞു. "ഇയ്യ് കിത്താരം പറയാണ്ട് വേഗം നടക്ക് സദ്ദാമെ "ബാച്ചിലർ പാർട്ടി തുടങ്ങിട്ടുണ്ടാകും ... ഷംസു ഒച്ച വെച്ചു ..കല്യാണ വീടിന്റെ ടെറസ്സിലെത്തി മൂന്ന് പേരും സ്മാൾ രണ്ടെണ്ണം വിട്ട് സിഗരറ്റ് കത്തിച്ച് പുക വിട്ട് കളിച്ചോണ്ടിരുന്നപ്പോഴാ വളകിലുക്കം കേട്ടത് ,സദ്ദാം തിരിഞ്ഞ് നോക്കുമ്പോ ദാ ജിന്ന് മുമ്പിൽ ! സ്വപ്നമാണോന്നറിയാൻ നുള്ളി നോക്കി ,അനസ്സിന്റെയും ഷംസുവിന്റെയും നിലയിൽ മാറ്റമില്ലായിരുന്നു. "അതേയ് ജിന്നുണ്ടോ ? ജിന്ന് ! വായ പിളർന്ന് നിക്കുന്ന ചെക്കൻമാരെ നോക്കി ചോദിച്ചു "പെൺകുട്ടികൾക്ക് ജിന്നില്ലെ കുടിക്കാൻ ?" ജിന്ന് ?

ചിന്താശകലങ്ങൾ

അംഗീകാരം - അറിവുള്ളവർ അറിഞ്ഞു നൽകും ! അർഹതയില്ലാത്തവർ പറഞ്ഞു നേടും വഴക്ക് 'വാ'യിൽ തുടങ്ങുന്ന വഴക്കിനെക്കാൾ 'ഹ'യിൽ ഒതുക്കുന്ന വഴക്കിനെ സൂക്ഷിക്കുക ! വെറുപ്പും ഇഷ്ടവും ഒന്ന് വലുതാവുമ്പോൾ മറ്റേത് ചെറുതാവുന്ന സയാമീസ് ഇരട്ടകൾ ചിരി ആരും മോഷ്ടിക്കാത്ത ആഭരണമാക്കുവാൻ പറ്റിയ ആവരണം😚 ആണും പെണ്ണും "തിര തീരത്തെ എത്ര പുൽകിയാലും തീരത്തെ മുഴുവനായി അറിയാമെന്നഹങ്കരിക്കരുത്. "

വാനപ്രസ്ഥം

1-20 വരെ - ബ്രഹ്മചര്യം 20 മുതൽ ആവതുള്ളത് വരെ - ഗൃഹ്സ്ഥാശ്രമം നേരെ നിൽക്കാൻ പറ്റാത്ത കാലത്ത് - വാനപ്രസ്ഥം

ഉയിർപ്പ് പ്രാർത്ഥന

അച്ചൻ :അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ! മത്തായി :തേങ്ങ പെറുക്കിയിടാൻ സഹായിക്കാമോ? അച്ചൻ : എനിക്ക് പ്രാർത്ഥനക്ക് സമയമായി മത്തായി :ആമേൻ

നിഷേധി

മനുഷ്യന് പ്രിയപ്പെട്ടതെല്ലാം നിഷേധിക്കുന്ന ഒരു ദൈവമുണ്ടങ്കിൽ അവനല്ലെ വലിയ നിഷേധി?

നോമ്പ്

മൊയ്തീൻ:അല്ല ഹാജ്യാരെ ഇങ്ങളെന്തിനാ ഫോണെടുത്തിട്ട് രാത്രിയാവട്ടെന്ന് പറഞ്ഞ് കട്ടാക്കണത്? ഹാജ്യാര്:പൈസ തരാനുള്ള ഹിമാറുകളാണെടോ ഇപ്പം ഞമ്മക്ക് നോമ്പല്ലെ? രാത്രീല് നോമ്പില്ലല്ലോ? മൊയ്തീൻ: ഇങ്ങളെ ബുദ്ധി സമ്മയിക്കണം!🤗

B 32 - 44 വരെ

ജാനു:നീയെന്തിനാടോ നെഞ്ചത്ത് ഇങ്ങനെ തുറിച്ച് നോക്കണെ? സജീ: അതെന്ത് വർത്താനാ ജാനുവേച്ചി? ഇങ്ങളെന്റെ അമ്മനെ പോലല്യെ? ജാനു:അമ്മക്കുള്ളത് തന്നെ എന്റേം അയിനിങ്ങനെ തുറിച്ച് നോക്കണ്ട !

കാവൽക്കാരൻ വേദിയിൽ

ഒരു കലാസൃഷ്ടി രംഗത്ത് അവതരിപ്പിച്ച് കഴിഞ്ഞ് സത്യസന്ധമായ നല്ല അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുക എന്ന ഭാഗ്യം ഇന്ന് ചങ്ങമ്പുഴ പാർക്കിൽ വെച്ച് ലഭിച്ചു. അത് നാടക കലാകാരൻമാർക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ്. സിനിമയെന്ന മുറിച്ച് ഒട്ടിച്ച് ചേർക്കുന്ന കലാ പരിപാടി നാടകത്തിൽ സാധിക്കാത്തത് കൊണ്ട് വേദിയിൽ നമ്മൾ സംവദിക്കുന്ന ആശയങ്ങൾ പ്രേക്ഷകരെ വികാരതള്ളലിലേക്ക് എത്തിക്കും. നാടകം കഴിഞ്ഞ് അവർ നേരിട്ട് വന്ന് അഭിപ്രായങ്ങൾ പങ്കുവെയ്ക്കും അതിൽ ഏറ്റവും ഹൃദയസ്പർശിയായ ഒന്ന് ഇന്ന് "കാവൽക്കാരന്റെ " പ്രദർശന വേദിയിൽ നടന്നു.  നാടകം കണ്ട ഒരു അഛ്ചൻ വന്ന് കെട്ടിപിടിച്ച് നിങ്ങളുടെ ഡയലോഗിൽ ഇതു കൂടി കൂട്ടി ചേർക്കണമെന്ന് പറഞ്ഞു. " വേസ്റ്റ് കളയാനും പാൽ വാങ്ങാനും , ചെടി നന്നക്കാനും മാത്രമല്ല പ്രായമായവരെ ഉപയോഗിക്കുന്നത് , വീട്ടിലെ പഴകിയ ഭക്ഷണങ്ങൾ എല്ലാം ചിലവഴിക്കാനുള്ള ഉപാധി കൂടിയാണ് പ്രായമായവർ എന്ന് ... ഒരു നിമിഷത്തേക്ക് സ്തബധനായി പോയി പിന്നെ അദ്ദേഹത്തെ ചേർത്തുപിടിച്ചു....

സെൽഫി വിത്ത് കാതറിൻ

 റോസും റൂത്തും കൂടി അമ്മൂമയുടെ ഫോണിൽ ഗോപുരത്തിന്റെ ചിത്രമെടുത്തു അമ്മൂമയെ കാണിച്ച് കൊടുത്ത് സ്ഥാപിച്ചു " ഇത് കണ്ടോ ഒരു ക്ളാരിറ്റിയും ഇല്ല അപ്പനോട് പറഞ്ഞ് നല്ല ഫോൺ വാങ്ങിത്തരാൻ പറ ! " അവരുടെ സദുദ്ദേശം മനസ്സിലാക്കിയ അമ്മൂമ പുഞ്ചിരിച്ച് മറുപടി പറഞ്ഞു "ഉവ്വ എന്നിട്ട് വേണം നിനക്കൊക്കെ 24 മണിക്കൂറും അതിൽ കുത്തിയിരിക്കാൻ , എനിക്ക് ഈ കുന്ത്രാണ്ടത്തിൽ കുത്താനൊന്നും അറിയില്ലന്ന് അപ്പക്കറിയാം, തൽക്കാലം ഇതൊക്കൊ മതി. റോസും റൂത്തും തങ്ങളുടെ ഉദ്ദേശശുദ്ധി അമ്മൂമ്മ മനസിലാക്കിയതിൽ ചമ്മിയെങ്കിലും വിട്ടു കൊടുക്കാതെ വെറുതെ പറഞ്ഞു " പിന്നെ ഞങ്ങള് ഫോണിലൊന്നും കളിക്കാറില്ല , അമ്മുമ്മക്ക് സീരിയൽ കാണണങ്കിൽ മതി " . " എനിക്കിപ്പോ സീരിയല് കാണണ്ട " എന്നായി അമ്മൂമ ! ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് ബോധ്യമായ റോസും റൂത്തും പിൻവാങ്ങി അതിലെ കാഴ്ച്ചകൾ കാണുന്നതിൽ വ്യാപൃതരായി.അമ്മൂമ ഒരു ബെഞ്ചിലുമിരുന്നു. അവരുടെ ഗൈഡ് അവരെയെല്ലാം വിളിച്ച് ഹിന്ദിയിൽ പറഞ്ഞു " ഇതാണ് ഇവിടുത്തെ ഖജാന ( ഖജനാവ് ) പൈസയും രത്നങ്ങളും ആഭരണങ്ങളും എല്ലാം ഈ ഭിത്തിയിലെ തുളയിൽ കൂടി അകത്തേക്ക് ഇടും " റൂത്ത് ഭി...

കേൾക്കാത്തവൾ

"ഈ കൊച്ചിനെന്താ ചെവിട് കേട്ടു കൂടെ?" വണ്ടിയുടെ മുന്നിൽ നിന്ന് മീനയെ വലിച്ച് മാറ്റി ബിന്ദു ടീച്ചർ അലറി, ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ആ കാർ അവളെ ഇടിച്ചു തെറുപ്പിച്ചേനെ ! മീന പേടിച്ച് വിറച്ച് ടീച്ചറുടെ കരവലയത്തിൽ ഒതുങ്ങി പോയിരുന്നു. "ടീച്ചറെ " ... നസീമ എവിടുന്നോ ഓടി പാഞ്ഞു വന്നു. മീനയെ അടർത്തി മാറ്റി വഴക്കു പറയാൻ ഒരുങ്ങുമ്പോഴെക്കും നസീമ ചാടി കേറി പറഞ്ഞു "ടീച്ചറെ ഓൾക്ക് ചെവീം കേക്കൂല , സംസാരിക്കൂംല്ല. " ടീ അന്നോട് പറഞ്ഞതല്ലെ ഈട നിക്കാൻ , ഞാൻ വന്നിട്ട് ക്രോസ് ചെയ്യാമെന്ന് " നസീമ മീനയെ നോക്കി ആംഗ്യം കാട്ടി. മീന തല കുനിച്ച് തെറ്റ് സമ്മതിച്ചു.  കോളേജിൽ പുതുതായി വന്നതാണ് ബിന്ദു ടീച്ചർ അതാണ് മീനയെ പരിചയമില്ലാതെ പോയത്. മൂന്നു വർഷവും യൂണിവേഴ്സിറ്റി കലോൽസവങ്ങളിൽ രചനാ മത്സരങ്ങളിൽ തിളങ്ങി നിൽക്കുന്ന മീനയെ അറിയാത്തതായി ചിലപ്പോൾ ബിന്ദു ടീച്ചർ മാത്രമെ കാണൂ ! "ഈ കുട്ടിക്കൊരു ഹിയറിംഗ് എയ്ഡ്‌ വാങ്ങി വച്ചൂടെ ?" ബിന്ദു ടീച്ചർ പിന്നെയും ചോദിക്കയാണ്. "അത്‌ പിന്നെ ടീച്ചറെ ഓൾക്ക് അയിനുള്ള പൈസ ഒന്നും ഇല്ല , ഓള് പഠിക്കണത് തന്നെ സ്കോളർഷിപ്പ് കിട്ടീട്ടാ "നസീമ മീ...

കറമ്പി

" നീയ് കറുത്തിട്ടാന്ന് ആരാ പറഞ്ഞെ? അല്ലെങ്കിൽ തന്നെ കറുപ്പാണങ്കിലും നിന്നെ കാണാൻ നല്ല ഭംഗിയല്ലെ ?" കരഞ്ഞു കൊണ്ടിരുന്ന സുശീലയെ നോക്കി സലീം പറഞ്ഞു. "ന്നാലും ഞമ്മളെ കറമ്പിന്ന് ബിളിക്കണ കേക്കുമ്പം നല്ല ബെഷമോണ്ട് കാക്കാ " സുശീല ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു. "ഇയ്യ് കരയാണ്ടിരിക്ക് സുശീലെ... ആരേലും കണ്ടാൽ പിന്നെ അത് മതി! "  സലീം സാന്ത്വനിപ്പിച്ചു. സുശീല കണ്ണു തുടച്ച് ചുറ്റും നോക്കി കാപ്പി പറിച്ച് കളത്തിൽ എല്ലാരും അളക്കണ തിരക്കിലാണ്. ഹാജിയാരുടെ വീടിന്റെ പിന്നാമ്പുറത്താണ് ആരും കാണാതെയുള്ള ഈ സമാഗമം . "ന്നാൽ ഞാൻ പോട്ടെ കാക്കാ , ന്റെ കാപ്പി അളന്നിട്ടില്ല" സുശീല പോകാനായി തിരിഞ്ഞു. സലീം തടഞ്ഞു കൊണ്ട് പറഞ്ഞു. "നീയ് രാത്രി സെക്കന്റിന് വരൂലെ ?" ന്റെ മേലൊക്കൊ നീറ് കടിച്ചിട്ട് പൊട്ടിയിരിക്കണ് കാക്കാ നിക്കൊന്ന്  തോട്ടില് പോയി കുളിച്ചാ മതി! " എടേങ്കിലും ഒന്ന് കിടക്കാൻ കൊതിയാവാ " സുശീല ഒഴിയാൻ നോക്കി. നാളെ ഞായറാഴ്ച്ച അല്ലെ ഇയ്യ് നേരം വെളുക്കോളം ഉറങ്ങിക്കോ " സലീം വിടാൻ ഭാവമില്ല. പലതും പറഞ്ഞ് ഒഴിയാൻ നോക്കിയ സുശീലയെ സെക്കന്റ് ഷോക്ക് വിവാ ടാക്...

പാതിരാ കുമ്പസാരത്തിലേക്കുള്ള വഴി

എന്നെങ്കിലും പുസ്തകമൊക്കൊ എഴുതി പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തിന് വിദൂരതയിലുള്ള സ്വപ്നങ്ങൾ ഞാൻ കാണാറില്ല അല്ലെങ്കിൽ പറയാറില്ല എന്നതാണ് ശരിയുത്തരം ! ഒരു പാട് ആഗ്രഹിക്കുന്നവ നടക്കാതിരിക്കുകയും എന്നാൽ വളരെ കാലത്തെ സ്വപ്നം പെട്ടെന്ന് തീരുമാനിച്ച് നടപ്പിലാവും എന്നത് പലവുരു എന്റെ ജീവിതത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഉദാ: എന്റെ ജോലി, വീട്, ഭാര്യയുടെ ജോലി etc. സ്വപ്നം കാണുന്നവരോട് ഉപദേശിക്കാൻ വലിയ വാക്കുകളൊന്നും ഇല്ല "സ്വപ്നം മാത്രം കണ്ടാൽ പോരാ അതിലേക്ക് ഒരു ചെറു ദൂരമെങ്കിലും മുന്നോട്ട് പോവാൻ എന്തെങ്കിലും ദിവസവും ചെയ്യുക " എന്ന് മാത്രം ! എന്തെങ്കിലുമൊക്കൊ കുത്തി കുറിക്കുമെങ്കിലും കപിലയിലെ നാടകങ്ങളുടെ ഭാഗമായപ്പോഴാണ് എഴുത്തിന്റെ ശരിയായ ഘട്ടത്തിലേക്ക് കടന്നത് അതിന് ശക്തി പകർന്നത് "ശ്രമിക്കു ജീസെ " എന്ന സുജിത് മാഷിന്റെ വാക്കുകളാണ്. പലപ്പോഴായി നാടിനെ കുറിച്ചെഴുതിയ ചെറുകഥകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. അതിന്റെ 80% കഥകളും പൂർത്തിയായതും ആണ് . തിരക്കുകൾ കാരണം ബാക്കി 20% ഇപ്പോഴും അങ്ങനെ നിൽക്കുന്നു. ഒരേ സമയം പല കാര്യങ്ങൾക്ക് ഇറങ്ങി തിരിച്ചാൽ ഇ...

ഓം ശാന്തി ഓശാന

ലില്ലിയുടെ കൈയ്യിൽ നിന്ന് പൊട്ടുന്ന ഗ്ലാസിന്റെ എണ്ണം മൂന്ന് ! പൊട്ടിയ ഗ്ലാസിൻ കഷണങ്ങൾ പെറുക്കിയെടുക്കുന്നിതിനിടയിൽ ലില്ലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു അത് ഗ്ലാസിന്റെ അരികു കൊണ്ട് കൈ മുറിഞ്ഞത് കൊണ്ടായിരുന്നില്ല , ഡേവിസിന്റെ വാക്കുകൾ കേട്ടിട്ടായിരുന്നു.. " ഈ മാസം 3ാമത്തെ ഗ്ലാസാണ് പൊട്ടിക്കുന്നെ , കണ്ടവൻമാരെ ഒക്കെ വിചാരിച്ച് ജോലി ചെയ്താൽ ഇങ്ങനെയിരിക്കും, ഈ മാസം ശമ്പളത്തിൽ നിന്ന് ഞാൻ പൈസ പിടിക്കും ! " ലില്ലി കണ്ണീരോടെ അവിടെ നിന്നിറങ്ങി. ആകെ കിട്ടുന്ന 1000 രൂപയിൽ നിന്ന് പൈസ പിടിക്കുമെന്ന് പറഞ്ഞാൽ ആർക്കാണ് സങ്കടം വരാത്തത് !  ദിവസവും നാലഞ്ച് കടകളിൽ പോയി അടിച്ച് വാരണം, ചായയുണ്ടാക്കി കൊടുക്കണം , അറിയാതെ പറ്റി പോയതാണ് കടക്കുള്ളിൽ ചെല്ലുമ്പോൾ ഡേവിസിനെ തട്ടാതെയും മുട്ടാതെയും വേണം പണിതീർത്ത് ഇറങ്ങാൻ ഡേവിസാണങ്കിൽ പിറകിൽ വന്ന് മിണ്ടാതെ നിൽക്കും. അടിച്ചു വാരുമ്പോൾ തുറിച്ച് നോക്കി കൊണ്ട് നിൽക്കും. മനപൂർവം വന്ന് ദേഹത്ത് തട്ടും, ഒഴിഞ്ഞ് മാറിയപ്പോഴാണ് ഗ്ലാസ് താഴെ വീണത് തന്റെ വിധി എന്നല്ലാതെ ആരോട് പറയാൻ . "എടീ മേരിയെ നീ എവിടെ പോയടി കൂ .... മോളെ " എന്റെ വെള്ള ഷർട്ട് എവിടെ ? ഡേവിസ് അലറി മേ...

ചാന്ദ്നിയുടെ രണ്ടാം കെട്ട് !

"ടീ ചാന്ദ്നി ഇതെന്തിരിപ്പാ . ഇത്?, അവരിപ്പോ എത്തും. നീയാ വേഷമൊന്ന് മാറി നിക്ക് " "ഈ അമ്മക്കിതെന്തിന്റെ കേടാ ?" ഞാൻ പറഞ്ഞതല്ലെ ? ഇനി ഒരു വേഷം കെട്ടലിനില്ലന്ന് " പിന്നെ എന്താ നിന്റെ ഉദ്ദേശം ? ഭവാനിയമ്മ വിടാൻ ഉദ്ദേശമില്ലാതെ ചാന്ദ്നിയുടെ കയ്യിൽ തട്ടി ചോദിച്ചു. "ഹയ് അമ്മേ കൈ വേദനിക്കുന്നു " എനിക്ക് പഠിക്കണം , ഒരു ജോലി വാങ്ങിക്കണം , എന്റെ മോനെ നോക്കണം അത്രേ എന്റെ ജീവിതത്തിലുള്ളു. " "ദേ എന്നെ കൊണ്ടൊന്നും പറയിക്കണ്ട ചേച്ചി നിക്കുമ്പോ പേരു ദോഷം കേൾപ്പിച്ച് കണ്ടവന്റെ കൂടെ ഇറങ്ങി പോകുമെന്ന് ഭീഷണി പെടുത്തി കല്യാണം കഴിച്ചു എന്നിട്ട് രണ്ടര കൊല്ലം കഴിഞ്ഞ് അവനെ മടുത്തെന്ന് പറഞ്ഞ് ഇറങ്ങി പോന്നു അതും കെട്ടിയവന്റെ തലക്ക് ചിരവക്കടിച്ചിട്ട് " മക്കളൊന്ന് പറഞ്ഞാൽ രണ്ട് പ്രാവശ്യം ചാടി കളിക്കണ അച്ഛനെ കിട്ടിയത് കൊണ്ട് കൊള്ളാം ... " വേറെ വല്ലവരുമാണെങ്കിൽ ..... "പിന്നെ ഞാനെന്തു വേണമായിരുന്നു ? ഉറക്കത്തില് കട്ടിലിൽ കെട്ടിയിടുന്ന കെട്ടിയവനെ എടുത്ത് പുന്നാരിക്കണമായിരുന്നോ ? അതോ അയാളുടെ കൂട്ടുകാരെന്ന് പറയുന്നവളെ മാരെയൊക്കെ വീട്ടിൽ കേറ്റി സൽക്കരിക്കണോ ? ...

കഞ്ചാവാടാ നല്ലത്

 പ്രസന്റേഷൻ തുടങ്ങി ആദ്യ സ്ളൈഡ് കണ്ടപ്പോൾ തന്നെ ചോദ്യം വന്നു " ഇതിൽ ഏത് ഭാഗത്തായി വരും മൂല ബന്ധം ?" പെൺകുട്ടികൾ അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ മാത്രമെ ഇമ്മാതിരി ചോദ്യങ്ങൾ വരൂ അതും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ! പൊട്ടൻമാരെ പോലെ എല്ലാരും ആർത്തുചിരിച്ചു.... ക്ഷമിച്ചു ശ്രദ്ധയോടെ പറഞ്ഞു കൊടുത്തു .... 3 മാത്തെ slide എത്തിയപ്പോൾ അടുത്ത ചോദ്യം അവന്റെ വക തന്നെ ... ഈ ആനസ് ആണോ ? ഞാൻ ഏലസ് എന്നാ കേട്ടത് ... മറുപടി പറയുമ്പോൾ ദേഷ്യം മുഖത്ത് വരാതിരിക്കാൻ പണിപ്പെട്ടു. ഇത് അവൻ ചോദിച്ചതായിരിക്കില്ല , അവന്റെ അടുത്തിരിക്കുന്ന  അവൾ ഇളക്കി കൊടുത്തതാ ... തീരട്ടെ അവൾക്കിട്ടും കൊടുക്കണുണ്ട്. എപ്പോഴും ഉള്ളതാ എന്തേലും പറയുമ്പോഴെക്കും ആൺപിള്ളാരുടെ കൂടെ കൂട്ടി ഒരു ഇളക്കല് , ദേ വരുന്നു അടുത്ത ചോദ്യം ... സിദ്ധാസന ഒന്ന് കാണിച്ച് തരോ ? കാണിച്ചു കൊടുത്തപ്പോൾ അവന് സ്ത്രീകൾ ചെയ്യുന്ന പേര് പറഞ്ഞെ പറ്റു ... "സിദ്ധയോനി ആസനം " എന്ന് ഉറക്കെ പറഞ്ഞപ്പോൾ അവന് സന്തോഷമായി "തെണ്ടി " ഒരു കണക്കിന് പറഞ്ഞവസാനിപ്പിച്ച് കഴിഞ്ഞ് Any Questions? എന്ന് ചോദിച്ചു പോയി. , അല്ല ഗോപികെ ? ഈ കാവടിയാടുന്നോർ വജ്രോലി ആസനം ചെയ്ത...

പാതിരാ കുമ്പസാരം

താളം തെറ്റിയ മനസിൽ വേരറ്റുപോകുന്ന ജീവിതങ്ങൾ എന്നും ഒരു സമസ്യയാണ് ... ഒരിക്കലും തിരിച്ചു പോക്കില്ലാത്ത കാലത്തിലേക്ക് ഉള്ള യാത്രയാണ് അത് , അതിന്റെ ആഴങ്ങൾ കണ്ടെടുക്കാൻ ഒരു ഭിഷ്വഗരൻമാർക്കും പൂർണമായും സാധിച്ചിട്ടില്ല ... നീറി ഉലയുന്ന ഉലപോലെ അതെന്നും സ്നേഹിക്കുന്നവരെ വേട്ടയാടി കൊണ്ടിരിക്കും. കഥാപാത്രങ്ങൾ : ലെനിൻ ചന്ദ്രൻ , അലക്സ് , സതീശൻ (ജയിലിലെ സെൽ , നിലത്ത് കിടക്കുന്ന സതീശൻ , അഴികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അലക്സ്)  അലക്സ്: - സതീശാ... ടാ സതീശാ... നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ ?  സതീശൻ : ങ്ങേ ... താനിതുവരെ ഉറങ്ങിയില്ലെ ? അലക്സ് :- ഇല്ലടാ ... നിനക്ക് നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ ? സതീശൻ : നാളത്തെ ദിവസം നാളെ , ഇന്ന് കഴിഞ്ഞട്ടല്ലെ നാളെ ?  അലക്സ് :- അതല്ല നാളെ ... നാളെ ... സതീശൻ : ഇയാളെന്താ ലോട്ടറി വിൽക്കാൻ പോവാണോ ... നാളെ ... നാളെ .... അലക്സ്: - ( ഒറ്റ കുതിപ്പിന് സതീശന്റെ കഴുത്തിന് കുത്തി പിടിക്കുന്നു) ടാ നിനക്കറിയോ ...ന്ന്  സതീശൻ :- ( അലക്സിന്റെ കൈ വിടുവിച്ച് ചാടി എഴുന്നേൽക്കുന്നു) (ചുമച്ച് കൊണ്ട് ) നീ ഇതു തന്നെയല്ലെ നേരത്തെയും പറഞ്ഞെ ... അ...

ഹൂറിയും ജിന്നും - 1

 *ജിന്നിന്റെ മരണം*- 2 അദ്രുമാൻ കാക്കയുടെ തൊടിയില് വാഴക്ക് ചെത്തി കൂട്ടാൻ മണി ഒറ്റക്കായിരുന്നു ... തോലനും വെളളിയും വരാമെന്ന് പറഞ്ഞിട്ട് വന്നില്ല , വാഴന്റെ ഉണങ്ങിയ കയ്യെല്ലാം മുറിച്ച് ഒരു അരുക്ക് കൂട്ടി , പുല്ലെല്ലാം വരണ്ടി അയിന്റെ മോളിൽ 2 തൂമ്പാ മണ്ണും തടുത്തു കൂട്ടിയാൽ ഒരു വാഴന്റെ പണി കഴിഞ്ഞു. ഉച്ചക്ക് മുമ്പ് 16 എണ്ണം കഴിഞ്ഞു .... മണി എണ്ണി നോക്കി , വൈന്നേരത്തിനുള്ളിൽ 30 എങ്കിലും കയിഞ്ഞില്ലെങ്കിൽ മൂപ്പരുടെ കോന്ത്ര കണ്ണ് മിഴിയും.... മണി കഞ്ഞി മോന്തി കുടിച്ച് ചിറി തുടച്ച് കാന്താരിയും കടിച്ച് ഏമ്പക്കം വിട്ടു. "നീയ് ഇരിക്കണില്ലെ മണിയെ "കഞ്ഞി കുടി കഴിഞ്ഞ് ഒന്ന് മുറുക്കാനിരിക്കണ പതിവ് കണ്ടിരിക്കണ ജാനുവേടത്തി വിളിച്ചു ചോയ്ച്ചു ... "ഇല്ല ജാനിയേച്ചി പണിതീർന്നിട്ടില്ല" മണി തോർത്ത് കുടഞ്ഞ് തലയിൽ ചുറ്റി വെയിലേലിക്കിറങ്ങി .. നാട്ടാരെല്ലാം വിളിക്കണ കേട്ടാണ് കുഞ്ഞ് മണി ചെറുപ്പത്തിലെ ജാനിയേച്ചി എന്നു വിളിക്കാൻ തുടങ്ങിയത് :...ജാനകിയമ്മയുടെ കെട്ടിയോൻ ആശാരി കൃഷ്ണൻ മണി വയറ്റിലുള്ളപ്പോൾ പഴനിക്ക് പോയിട്ട് പിന്നെ ആരും കണ്ടിട്ടില്ല. ആടിനെയും പശുവിനെയും വളർത്തിയാണ് മണിയെ അവർ പത്താം തരം വരെ...

ഹൂറിയും ജിന്നും

മണിയെ .... ടാ നീ എവിടെയാ ... താഴേന്ന് ചേട്ടന്റെ വിളി കേട്ട് മണി ഒന്നു ഞെട്ടി തെങ്ങിന്റെ മോളിൽ നിന്ന് താഴേക്ക് നോക്കി " ദാ ഇവിടെണ്ട് "എന്ന് പറയാൻ നാവ് പൊന്തിച്ചെങ്കിലും മണി തുപ്പൽ ഇറക്കി വിഴുങ്ങി ... മിണ്ടിയാൽ തോട്ടിന്റെ കരയിലുള്ള കാഴ്ച്ചവസ്തുവും കേൾക്കും ... അമ്മാതിരി കാഴ്ച്ച മണി ആദ്യമായി കാണുകയായിരുന്നു. പടക്കം പൊട്ടി ചേട്ടന്റെ വീട്ടിൽ പലകുറി തെങ്ങു നന്നാക്കാൻ വന്നിട്ടുണ്ടങ്കിലും ഇങ്ങനെ നടാടെയാണ് ... നല്ല കായ്ഫലമുള്ള തെങ്ങുകളാ ചേട്ടന്റെ പറമ്പിലേത് എല്ലാ മാസവും കൃത്യമായി മണി വന്ന് നന്നാക്കി തേങ്ങയിട്ട് , ചെല്ലിയൊക്കെ കുത്തി കളഞ്ഞ് ഉപ്പും വളവും ആവശ്യത്തിന് ഇട്ട് സംരക്ഷിക്കും ... ഇന്നും പതിവു പോലെ ഡാമിന്റെ മേലെയുള്ള തെങ്ങിൽ നന്നാക്കാൻ കയറിയതാ ... പുതിയ തെങ്ങാണ് കായ പിടിച്ചു വരുന്നതെ ഉള്ളു നേരിയ വാട്ടമുണ്ടന്ന് പറഞ്ഞപ്പോ കയറി നോക്കിയതാ ... തെങ്ങിന്റെ കൊരുക്കിൽ ഒളിച്ചിരുന്ന ചെല്ലിയെ വലിച്ചെടുത്ത് നിവരുമ്പോഴാ കണ്ണുകൾ തോട്ടിൻ കരയിലെ കൈതകൾക്കിടയിലെ ആ കാഴ്ച്ച കണ്ടത് .... പനങ്കുലപോലെ യുള്ള മുടി വലിച്ചു ചുറ്റുന്ന രണ്ടു കൈകൾ ....ഈ നട്ടുച്ച നേരത്ത് ആരാണാവോ തോട്ടിൽ എന്നറിയാൻ മണി എത്തി നോക്...

കരിങ്കുരങ്ങ് രസായനം

പാപ്പൂട്ടി ചേട്ടന്റെ പറമ്പിന്റെ കിഴക്കെ അറ്റത്താണ് കൊച്ചുതോമയുടെ വീട്, പാപ്പൂട്ടി ചേട്ടന്റെ കൂടെ കുടിയേറി മലബാറിലേക്ക് വന്നതാണ് കൊച്ചുതോമ .  പാപ്പൂട്ടി ചേട്ടൻ പറമ്പായ പറമ്പൊക്കെ വെട്ടിപിടിച്ച് പാപ്പൂട്ടി മുതലാളിയായി , കൊച്ചുതോമ അവിടുത്തെ കാര്യസ്ഥനുമായി . കുന്നും മലയും വെട്ടിപിടിച്ചപ്പോ "എടാ കൊച്ചെ നീ ആ കുന്നിന്റെ താഴെ പോയി കുറ്റിയടിച്ചോ നിനക്ക് വേണ്ടതെല്ലാം വളച്ചെടുത്തോ" എന്ന് ചേട്ടൻ ആവുന്നത് പറഞ്ഞതാ . "എനിക്കെന്നാത്തിനാ ഒരു പാട് പറമ്പ്, ഞങ്ങൾക്കാണങ്കിൽ മക്കളുമില്ല പിന്നെ പണിയെടുക്കാനണെങ്കിൽ ചേട്ടന്റെ പറമ്പുണ്ടല്ലോ " എന്ന ലൈനിൽ മാറി നിന്നു കക്ഷി. മലബാറിന് പോരുമ്പോൾ പിള്ളേരുണ്ടാകാതിരുന്ന അന്നംകുട്ടി എന്ന അന്നമ്മ കൊല്ലം നാലു കഴിഞ്ഞപ്പോൾ 3 കുട്ടികളുടെ അമ്മച്ചിയായി. മൂത്തവൾ സിസിലി, രണ്ടാമത്തെവൻ ജോസ് , അവസാനത്തെത് കൊച്ചമ്മണി അപ്പോഴെക്കും കയ്യേറിയ സ്ഥലത്തെല്ലാം ആളുകൾ കൃഷിയിറക്കി കഴിഞ്ഞിരുന്നു. അതിനാൽ കൊച്ചുതോമ പാപ്പൂട്ടിയുടെ കൂടെയങ്ങ് കൂടി . രാവിലെ കുളിച്ച് 'സിമ്പളനായി പാപ്പൂട്ടി മുതലാളിയുടെ ബംഗ്ലാവിൽ ഹാജരായി പണിക്കാർക്ക് നിർദ്ദേശം കൊടുത്തും ചീത്ത പറഞ്ഞും പാടത്തും പറമ...

ജീവിതം ... ജീവിച്ചു കാണിക്കുന്നവർ

 "അമ്മായി അമ്മനെ ജ്ജ് ഉമ്മയായി കണ്ടോളീ കുട്ട്യേ...അന്റെ നല്ലയ്ന് മേണ്ടി ട്ടാ ഞാള് ഇത് പറയനെ സുമീ ... " പുതിയ കുടി കഴിഞ്ഞപ്പോ ഉമ്മ പറഞ്ഞു കൊടുത്തതാണ്. അത് അതേ പോലെ അനുസരിക്കാനായി ആദ്യം തന്നെ " ഉമ്മച്ചീ" ന്ന് വിളിച്ചു, വിളി കേട്ടതുമില്ല... തുറിച്ചൊരു നോട്ടം മാത്രം കിട്ടി. പിന്നെ അടുത്ത് വന്ന് "അയ് ഓളൊരു പുന്നാരം കൊടന്നിരിക്കണു...മ്മച്ചിയെക്കൊ അന്റെ വീട്ടില് ഈടെ അമ്മായിന്ന് ന്നെ വിളിച്ചാ മതി!" രാത്രീല് പുയ്യാപ്ളേ നോട് ഇയിനെ പറ്റി പറയാൻ ചെന്നപ്പോ " യ്യ് ഇവിടെ കേറി കെടക്ക് സുമീ... ആകനെ 15 ദിവസേ ലീവ് ബാക്കിയുള്ളു." പിന്നെ മേലേക്കേറി എന്തെല്ലോ കാട്ടി കൂട്ടുമ്പോൾ പറയാൻ വെച്ചതെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു. യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതനായി നിവരുമ്പോൾ നനഞ്ഞ കണ്ണുകൾ കണ്ട് എന്താണെന്ന് ചോദിക്കുന്നതിന് പകരം പുളിച്ച നാല് തെറി കേട്ട് കിടക്കാനായിരുന്നു തന്റെ വിധി. "പഠിത്തം കഴിഞ്ഞ് ഒരു ജോലി അത് കഴിഞ്ഞ് കല്യാണം" പ്രീഡിഗ്രി ക്ലാസിന്റെ അവസാന ദിവസം കൂട്ടുകാർക്ക് മുമ്പിൽ പ്രതീക്ഷയുടെ കെട്ടഴിച്ചത് അവൾ ഓർത്തു. പ്രീഡിഗ്രിയുടെ റിസൾട്ട് വരാൻ പോലും കാത്തു നിന്നില...

ജനറേഷൻ ഗ്യാപ്

ടൈപ്പ് റൈറ്റർ :- പ്രിയപ്പെട്ട സുഹൃത്തുക്കളെ നമ്മൾ ഈ മീറ്റിങ്ങ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത് നമ്മളുടെ ഇടയിലെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനാണ് ആദ്യമായി നമുക്കോരുത്തരെയും പരിചയപ്പെടാം , എന്റെ പേര് ടൈപ്പ് റെറ്റർ ,ആദ്യ അച്ചടിയന്ത്ര കുടുംബത്തിലെ കൊച്ചുമകൻ പത്രം :- ഇവർ അടിച്ചു വിടുന്ന ലോക കാര്യങ്ങൾ മുഴുവൻ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്ന എന്റെ പേരാണ് പത്രം അഥവാ ന്യൂസ് പേപ്പർ ലാൻഡ് ഫോൺ :- ഞാനാണ് ലാൻഡ്ഫോൺ ആദ്യമായി ദൂരത്ത് നിന്ന് ആളുകളെ തമ്മിൽ ബന്ധിപ്പിക്കാൻ കമ്പിയില്ലാ കമ്പി വഴി സംസാരിപ്പിച്ചത് ഞാനാ ... റേഡിയോ :- പറഞ്ഞു വരുമ്പോൾ ലോകത്ത് ആദ്യമായി കൂടുതൽ ആൾക്കാരിലേക്ക് തരംഗങ്ങൾ വഴി സംസാരിച്ചവൻ ഞാനാ കേട്ടോ എന്റെ പേര് റേഡിയോ ... ടെലിവിഷൻ:- നിനക്ക് ശബ്ദം മാത്രമല്ലെ വശമുള്ളു , എങ്കിൽ ചലിക്കുന്ന ചിത്രങ്ങളും വാർത്തകളും യഥേഷ്ടം ലോകത്തേക്ക് എത്തിക്കുന്ന ഈ മിടുക്കന്റെ പേരാണ് ടെലിവിഷൻ ... കമ്പ്യൂട്ടർ :- ഹും പത്രവും റേഡിയോയും ടെലിവിഷനുമൊക്കൊ ആർക്ക് വേണം ? ഞാനൊരാളുണ്ടെങ്കിൽ പത്രത്തിലെ വാർത്തകളറിയാം, റേഡിയോയിലെ പാട്ടു കേൾക്കാം , ടി വി യിലെ സിനിമയും കാണാം എന്റെ പേരാണ് കമ്പ്യൂട്ടർ ... പത്രം :- നിനക്...

മിസ് നന്ദിനി, വയസ്സ് 26

നാടകം :- *മിസ് നന്ദിനി വയസ്സ് 26* രചന : *ജീസ് കൈതാരം* കൂളിംഗ് ഗ്ലാസും ജീൻസും ടോപ്പുമിട്ട് ഒരു കൈയ്യിൽ ബാഗും ഭാരമേറിയ വലിയ സ്യൂട്ട് കേസും കൊണ്ട് രംഗത്തേക്ക് വരുന്ന നന്ദിനി അവിടുത്തെ ബെഞ്ചിൽ ഇരിക്കുന്നു. പിന്നെ സ്യൂട്ട് കേസിനോടായി :-വാ ഇവിടെങ്ങാനും ഇരിക്കാം വണ്ടി വരാൻ ഒരു പാട് നേരമുണ്ട്. ഇരുന്ന ശേഷം ഒരേമ്പക്കമിടുന്നു. പിന്നെ പ്രേക്ഷകരോടായി :- എന്തേ ഇത്ര ചിരിക്കാൻ ? നിങ്ങളാരും ഏമ്പക്കമിടാറില്ലെ? ഓ പരസ്യമായി ഏമ്പക്കമിട്ടതു കൊണ്ടാണോ ? വിദേശ രാജ്യങ്ങളിലൊക്കെ ഏമ്പക്കമിടുന്നത് മോശം സംഗതിയാണത്രെ, പക്ഷെ നമ്മുടെ നാട്ടിൽ ശ്വാസം വിടുന്നതു പോലും വാർത്തയാണല്ലോ ? ഉം... മനസ്സിലായി എന്റെ വേഷഭൂഷാദികൾ കണ്ടിട്ടായിരിക്കും ല്ലെ ... ഞാനെന്താ തുണിയുടുത്തിട്ടില്ലെ? ത്രിരിഞ്ഞ് )ദേ നോക്കിയെ എന്റെ ഡ്രസ്സ് കാണാൻ നല്ല ഭംഗിയില്ലെ ? കഴിഞ്ഞാഴ്ച്ച ശീമാട്ടിൽ പോയി തുണി വാങ്ങി പറഞ്ഞു തയ്പ്പിച്ചതാ ..എന്റെ പാകത്തിനുള്ളത് റെഡിമെയ്ഡ് കിട്ടാനില്ലന്നെ... നല്ലതല്ലെ ... നല്ലതല്ലെ ... ങേ ...? ഉം ...... സൗന്ദര്യമുള്ളവരെ കണ്ടാൽ ആളുകൾ നല്ലോണം നോക്കും അതല്ലെ നിങ്ങളിങ്ങനെ തുറിച്ചു നോക്കുന്നത് ... നോക്കിക്കോ ഇടക്ക് അടുത്തിരിക്കുന്ന ഭാര്യ...

*പ്ര പ്ര പ്രണയം*

*പ്ര പ്ര പ്രണയം* കൗമാരപ്രായക്കാരനായ നായകൻ ജോജു, പത്താം ക്ലാസ് കഴിഞ്ഞ് കോളേജിൽ ചേരാൻ ആഗ്രഹിക്കുന്ന അവൻ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ITC യിൽ ചേരുന്നു , അവന്റമ്മ ഒരു ഡോക്ടറുടെ വീട്ടുജോലി ചെയ്താണ് അവനെ പഠിപ്പിക്കുന്നത് . അവനും സംശയ രോഗമുള്ള പിതാവും TTC കഴിഞ്ഞ സഹോദരിയും ലക്ഷം വീട് കോളനിയിലാണ് താമസിക്കുന്നത് അവിടെ ഒറ്റമുറി വീടും അയൽപക്കക്കാരുട ഇടയിലുള്ള ജീവിതവും അവനെ വീർപ്പുമുട്ടിക്കുന്നുണ്ട്. ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ അവന് അതിയായ ആഗ്രഹമുണ്ട് പഠനത്തിനിടയിൽ തന്നാലാവുന്ന വിധം നാട്ടിലെ ജോലികളൊക്കെ (പത്രമിടൽ, കൂലി പണികൾ , പന്തലു പണി ) തേടിപ്പിടിച്ച് അവൻ ചെയ്യുന്നുണ്ട്. മനോഹരമായ അവന്റെ ദ്വീപിൽ നിന്ന് കടത്ത് വഞ്ചിയും ബോട്ടിലുമല്ലാതെ അവർക്ക് പുറത്തോട്ട് പോകാൻ സാധിക്കില്ല. അങ്ങനെ ക്ലാസിൽ പോയ് കൊണ്ടിരിക്കുന്ന അവൻ ബോട്ടുയാത്രകളിൽ മൊട്ടിടുന്ന പല പ്രണയങ്ങൾക്കും സാക്ഷിയാണ്. തന്റെ ജീവിത സാഹചര്യങ്ങൾ കാരണവും നീണ്ടു മെലിഞ്ഞ രൂപം കൊണ്ടുള്ള അപകർഷതയും കാരണം അവൻ എല്ലാത്തിനെയും പുച്ഛത്തോടെയാണ് കാണുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ബോട്ടിൽ കണ്ട സുന്ദരിയായ ഒരു പെൺകുട്ടിയെ അവൻ സഹായിക്കാനിടയാകുന്നു. പിന്നെ പിന...