കറമ്പി

" നീയ് കറുത്തിട്ടാന്ന് ആരാ പറഞ്ഞെ? അല്ലെങ്കിൽ തന്നെ കറുപ്പാണങ്കിലും നിന്നെ കാണാൻ നല്ല ഭംഗിയല്ലെ ?" കരഞ്ഞു കൊണ്ടിരുന്ന സുശീലയെ നോക്കി സലീം പറഞ്ഞു. "ന്നാലും ഞമ്മളെ കറമ്പിന്ന് ബിളിക്കണ കേക്കുമ്പം നല്ല ബെഷമോണ്ട് കാക്കാ " സുശീല ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു.
"ഇയ്യ് കരയാണ്ടിരിക്ക് സുശീലെ... ആരേലും കണ്ടാൽ പിന്നെ അത് മതി! "  സലീം സാന്ത്വനിപ്പിച്ചു.
സുശീല കണ്ണു തുടച്ച് ചുറ്റും നോക്കി കാപ്പി പറിച്ച് കളത്തിൽ എല്ലാരും അളക്കണ തിരക്കിലാണ്.

ഹാജിയാരുടെ വീടിന്റെ പിന്നാമ്പുറത്താണ് ആരും കാണാതെയുള്ള ഈ സമാഗമം . "ന്നാൽ ഞാൻ പോട്ടെ കാക്കാ , ന്റെ കാപ്പി അളന്നിട്ടില്ല" സുശീല പോകാനായി തിരിഞ്ഞു. സലീം തടഞ്ഞു കൊണ്ട് പറഞ്ഞു. "നീയ് രാത്രി സെക്കന്റിന് വരൂലെ ?" ന്റെ മേലൊക്കൊ നീറ് കടിച്ചിട്ട് പൊട്ടിയിരിക്കണ് കാക്കാ നിക്കൊന്ന്  തോട്ടില് പോയി കുളിച്ചാ മതി! " എടേങ്കിലും ഒന്ന് കിടക്കാൻ കൊതിയാവാ " സുശീല ഒഴിയാൻ നോക്കി. നാളെ ഞായറാഴ്ച്ച അല്ലെ ഇയ്യ് നേരം വെളുക്കോളം ഉറങ്ങിക്കോ " സലീം വിടാൻ ഭാവമില്ല. പലതും പറഞ്ഞ് ഒഴിയാൻ നോക്കിയ സുശീലയെ സെക്കന്റ് ഷോക്ക് വിവാ ടാക്കീസിൽ കാണാമെന്ന് സമ്മതിപ്പിച്ചിട്ടെ സലീം വിട്ടുള്ളു.

ഓല കൊട്ടയിലെ മഞ്ഞ ലൈറ്റുകൾ തെളിഞ്ഞു. കടല വിൽക്കുന്ന അലവി കർട്ടൻ മാറ്റി എത്തി നോക്കി ആകെ ബെഞ്ചിലിരിക്കുന്ന 10-12 പേർ മാത്രമെ ഉള്ളു. ഫസ്റ്റ് ക്ളാസിൽ ഗോപി റൈറ്ററും കുടുംബവും ഉണ്ട് . തച്ചോളി ഒതേനൻ രണ്ടാം വാരമാണ് ചെവ്വാഴ്ച്ച പടം മാറി വല്ല തമിഴും വന്നാലെ നാലാള് കേറൂ. അലവി നിരാശയോടെ പിൻവാങ്ങി.

മഞ്ഞ വെളിച്ചത്തിന് നടുവിലിരുന്ന് സുശീല കോട്ടുവായിട്ടു, കൂട്ടിന് വന്ന മാമന്റെ മകനായ രമേശ് അടുത്തിരുന്ന് ഉറങ്ങുന്നു രാധയും രമണിയും എന്തോ കളി പറഞ്ഞ് ചിരിക്കുന്നുണ്ട് സുശീല പതുക്കെ തല ചരിച്ച് പുറകു വശത്തെ കമ്പികൾക്കിടയിലൂടെ സലീമിനെ തിരഞ്ഞു . അവിടെയെങ്ങും കാണാതെ നിരാശയായി.

ഓല കൊട്ടകയുടെ വാതിലുകൾ ഞരുങ്ങിയടഞ്ഞു , വലിച്ചു കെട്ടിയ വെള്ള തുണിയിൽ സിനിമ ഓടി തുടങ്ങി. സുശീലയുടെ ചുമലിൽ ഒരു കൈ വന്നു തൊട്ടു .സുശീല ഞെട്ടി തിരിഞ്ഞ് നോക്കി , സലീം ! ഇതെങ്ങനെ അകത്തെത്തി എന്ന് ചോദിക്കാൻ വന്ന സുശീലയുടെ വായ് സലീമിന്റെ കൈ പൊത്തി മറു കൈ കൊണ്ട് അവൻ സുശീലയെ പിടിച്ച് വലിച്ചു. എന്നിട്ട് ഒന്നുമറിയാത്ത മാർജാരനെ പോലെ കുമ്പിട്ട് ബെഞ്ചുകൾക്കിടയിലൂടെ പുറത്തേക്ക് പോയി. ആ വലിയുടെ നിർദ്ദേശം മനസ്സിലായ സുശീല ഒന്ന് ചുറ്റും നോക്കി എല്ലാവരുടെയും കണ്ണ് സിനിമയിലാണ് ,അവളും പതിയെ സലീമിന്റെ വഴിയെ പുറത്തേക്ക് പോയി.

ഇരുട്ടിൽ, യൂക്കാലി മരച്ചോട്ടിൽ സലീമും സുശീലയും ചേർന്നിരുന്നു . യൂക്കാലി ഇലകളിൽ നിന്ന് ഇറ്റി വീണ മഞ്ഞുതുള്ളികൾ പോലും നേരിയ സുഗന്ധം പൊഴിക്കുന്നുണ്ടായിരുന്നു. "അല്ല കാക്കാ നമ്മള് ഈ ചെയ്യണത് ശര്യാ ?" സുശീലയുടെ എണ്ണ കറുപ്പുള്ള കൈത്തണ്ടകളിൽ തലോടി സലീം മൊഴിഞ്ഞു "ശരീം തെറ്റുമൊന്നും എനിക്കറിയില്ല , എനിക്കന്നെ പെരുത്തിഷ്ടാ "
പിന്നീട് സുശീലയുടെ ചോദ്യങ്ങളൊന്നും സലിം കേട്ടില്ല, അവളുടെ ശരീരത്തിലെ അവസാന വസ്ത്രവും അഴിച്ചു മാറ്റുന്ന തിരക്കിലായി ... ആരോഹണ അവരോഹണ പരാക്രമങ്ങൾക്കിടയിൽ പിന്നെ ചോദ്യങ്ങൾ ചോദിക്കാൻ സുശീലയും മറന്നു പോയി. വസ്ത്രങ്ങളെല്ലാം വാരി ചുറ്റി ഇരുട്ടിന്റെ മറ പറ്റി കൊട്ടകയിലേക്ക്  കടക്കുമ്പോൾ തിരിഞ്ഞ് സുശീല ഓർത്തു വെച്ച ചോദ്യം വീണ്ടും ചോദിച്ചു " ഇങ്ങളെന്നെ കെട്ടോ ?" " ഇങ്ങള കൂട്ടർക്ക് രണ്ടും മൂന്നും കെട്ടാലോ ?" പോക്കറ്റിൽ നിന്ന്  ക്ഷീണമകറ്റാൻ പനാമയെടുത്ത് കത്തിച്ച സലീം ഒരു നിമിഷം വലിക്കാൻ മറന്ന് ഒന്നു നിന്നു .പിന്നെ തലയാട്ടി അവളെ അകത്തേക്ക് പറഞ്ഞു വിട്ടു.

വിവാ തിയേറ്ററിൽ സിനിമകൾ പലതും മാറി വന്നു, സുശീല  സെക്കന്റ് ഷോ കൾ പലതും പാതി കണ്ടു , സുശീലയുടെ കുളി തെറ്റി. കൂട്ടരെല്ലാം ചോദിച്ചിട്ടും സുശീല വാ തുറന്നില്ല . രമണിക്കും സരോജനിക്കൊപ്പം കല്യാണം കഴിക്കാതെ സുശീലയും പെറ്റു. സുശീല ആശൂത്രി പോകാണ്ട് കുടിയിൽ തന്നെ പെറ്റതിന് ഹെൽത്ത് സെന്ററിലെ മേരി സിസ്റ്റർ വഴക്കു പറഞ്ഞു. 7 ദിവസം അവർ വന്ന് അവളെ നോക്കി.

സുശീലക്ക് ഗർഭമായി 4 മാസം വരെ സലീം മേപ്പാടി ക്ക് സെക്കന്റിന് പോയിരുന്നു. ഒരു ദിവസം സെക്കന്റിനിടക്ക് ചർദ്ദിച്ച സുശീലയെ തനിച്ചാക്കി പോയ സലീം പിന്നെ അവളെ സെക്കന്റിന് ക്ഷണിച്ചില്ല. "സലീം കാക്ക ഏടത്തു "എന്ന ചോദ്യത്തിന് ഹാജ്യാരുടെ വീട്ടിൽ നിന്ന് മറുപടിയും കിട്ടിയില്ല.

സുരേഷിന് 4 വയസ്സായി സുശീല ഇപ്പോൾ സെക്കന്റിന് പോകാറില്ല ഫസ്റ്റിന് പോകും ,ഫസ്റ്റും സെക്കന്റും കഴിഞ്ഞ് വെളുപ്പിന് ആരെങ്കിലും കുടിയിൽ കൊണ്ടാക്കും. രാവിലെ മുണ്ടിന്റെ കോന്തലയിൽ ചുരുട്ടി വച്ച മുഷിഞ്ഞ നോട്ടുകൾ എണ്ണിയെടുത്ത് ഇടക്കെപ്പോഴോ  കൂടെ കൂടിയ സുപ്രന്റെ കയ്യിൽ കൊടുക്കും. അവനും സന്തോഷമാണ് കാരണം അവനാണല്ലോ സുന്ദരിയായ സുശീലയുടെ കെട്ടിയോൻ .

സലീം വെറ്റില എണ്ണി കൊടുത്തു സുശീല ആ മുഖത്തേക്ക് ഒന്ന് നോക്കി പൈസ കൊടുത്തു. സലീം മറ്റെവിടെയോ ശ്രദ്ധിച്ച് ബാക്കി കൊടുത്തു. സലീം പീടിക കച്ചോടം തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും ഇരുവരും മുഖത്തോട് മുഖം വരുന്നത് ആദ്യമായിട്ടായിരുന്നു. സുശീല വരുമ്പോഴെല്ലാം കോയാക്കാന്റെ മോൻ സെയ്തായിരിക്കും പീടികയിൽ .

" അമ്മാ മുട്ടായി ! " സുരേഷ് ഭരണി ചൂണ്ടി കാട്ടി . "കൊടുക്ക് സലീമെ മ്മളെ ചെക്കന് മുട്ടായി " പീടിക കോലായിലിരുന്ന ഇബ്രായി ഇളിച്ചു കാട്ടി ! സലീം ഇബ്രായിനെ രൂക്ഷമായി ഒന്ന് നോക്കി കുപ്പി തുറന്ന് കടല മുട്ടായി എടുത്ത് പൊതിഞ്ഞു കൊടുത്തു. പൈസ കൊടുത്ത സുശീലയെ സലീം ദയനീയമായി നോക്കി.

"പൈസയൊന്നും കൊടുക്കണ്ട സുശീലെ മ്മളെ ചെക്കനല്ലെ " ഇബ്രായി വീണ്ടും ഇളിച്ചു. ഗത്യന്തരമില്ലാതെ സലീം പൈസ വാങ്ങി പെട്ടീലിട്ടു. സുശീലയും സുരേഷും പുതയന്റെ കടയിൽ ചായ വാങ്ങിക്കാൻ കേറിയത് കണ്ട് ഇബ്രായി സലീമിനോട് "ചെല്ലടാ ചെന്ന് ചെക്കന് ചായ വാങ്ങി കൊടുക്ക്" ഇയ്യെന്ത് ബാപ്പായാടോ ? "അനക്കിത് എന്തിന്റെ കേടാ ഇബ്രായി? വായെ തോന്നിയത് വിളിച്ചു പറഞ്ഞാ ചെപ്പക്ക് കിട്ടും " സലീം തിണ്ണയിലേക്കിറങ്ങി. " ഇയ്യും കൊറെ കോഗ്രസ്സ്കാരും പാടെ ഏറെ പെണ്ണുങ്ങൾക്ക് കുട്ടിണ്ടാക്കി കൊടുത്തീരിക്കണ് പിന്നെ പറയുമ്പോ എന്താടാ ചൊടി ?" ഇബ്രായി കമ്യൂണിസ്റ്റാണ് സലീമാണങ്കിൽ നാട്ടിലെ കോൺഗ്രസും അയിന്റെ ഇ ഇളക്കലാണ്.

"ഇയ്യ് പാർട്ടിന്റെ പേര് പറഞ്ഞ് പേടിപ്പിക്കണ്ട ഹമുക്കെ " സലീമിന് ദേഷ്യം വന്നു. " പാർട്ടി അന്റെ വാപ്പാന്റെ വകയാണോ പന്നീ" ഇബ്രായി ചാടിയെണീറ്റു. "വാപ്പാക്ക് പറയണോടാ ബലാലെ " സലീം ഇബ്രായിയെ അടിച്ചു. ഇബ്രായി വേച്ചു പോയി എങ്കിലും തിരിഞ്ഞ് ചാടി സലീമിനെ ചവിട്ടി സലീം അടുക്കി വച്ച നിരപലകകൾക്കൊപ്പം മറിഞ്ഞ്  മുറ്റത്തേക്ക് വീണു.

ശബ്ദം കേട്ട് പുതയന്റെ കടയിൽ നിന്ന് ചായ കുടിച്ചിരുന്നവർ വന്ന് വട്ടം കൂടി , സലീമിന്റെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു തടവി നോക്കി ചോര കണ്ട സലീമിന്റെ ബോധം പോയി ... സുശീല ഓടി വന്ന് സലീമിന്റെ അടുത്തിരുന്ന് വിളിച്ച് "സലീം കാക്കാ ഇങ്ങള് മരിച്ചു പോയോ ?" സുശീല വിഹലതയോടെ എല്ലാവരുടെയും മുഖത്ത് നോക്കി സുശീലയുടെ മകൻ ഒന്നും മനസിലാവാതെ അവിടെ പകച്ചു നിന്നു.

പുതയന്റെ മോൻ സതീശ് വന്ന് സലീമിന്റെ മുഖത്ത് വെള്ളം കുടഞ്ഞു സലീം കണ്ണു തുറന്നു ചുറ്റും നോക്കി സുശീലയുടെ കണ്ണീരണിഞ്ഞ മുഖം കണ്ട് സലിം തല കുനിച്ചു. സുശീല മകന്റെ കൈയ്യും പിടിച്ച് ചുറ്റും കൂടിയ ആളുകൾക്കിടയിലൂടെ  പുറത്തേക്ക് നടന്നു.

" സുശീല അവിടെ നിക്ക് " ഇബ്രായി വന്നു വഴി തടഞ്ഞു. സുശീല ചോദ്യഭാവത്തിൽ നോക്കി "ഈ ചെക്കൻ സലീമിന്റെ അല്ലെ?" സുശീല തിരിഞ്ഞ് സലീമിനെ നോക്കി ചോര ഒഴുകുന്ന നെറ്റിയിൽ കൈ വെച്ച് സലീം വിദൂരതയിലേക്ക് നോക്കി. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം സുശീല പോകാൻ ഒരുങ്ങി ... "പറഞ്ഞിട്ട് പോയാൽ മതി " ഇബ്രായി വട്ടം കേറി നിന്നു . "ഇബ്രായിക്ക വഴി മാറ്" സുശീല ഇബ്രായിയെ രൂക്ഷമായി നോക്കി ഇബ്രായി മാറിയില്ല. "ന്റെ മോന്റെ തന്തയെ മാത്രം അറിഞ്ഞാ മതിയോ ഇങ്ങക്ക് ....... അതോ രമണീന്റെയും സരോജനി ന്റെയും  ജാനുവിന്റെയും മക്കള തന്തമാരെയും അറിയണോ?"

ഇബ്രായി മുന്നോട്ട് നീട്ടിയ കൈ ഞെട്ടി പിൻവലിച്ചു.
സുശീല തിരിഞ്ഞ് ചുറ്റും കൂടിയവരെ നോക്കി സുശീലയുടെ നോട്ടം താങ്ങാനാവാതെ ഓരോരുത്തരായി പിരിഞ്ഞു പോയി. പുതയൻ സലീമിനെ പിടിച്ച് എഴുന്നേൽപ്പിച്ച് തിണ്ണയിൽ ഇരുത്തി. ഇബ്രായി അവിടെയെങ്ങും ഉണ്ടായിരുന്നില്ല. സുശീല അവിടെ നിന്ന് നാലും കൂട്ടിമുറുക്കി. പിന്നെ പീടികമുറ്റത്ത് തന്നെ നീട്ടി തുപ്പി , സുരേഷിന്റെ കൈയും പിടിച്ച് വരമ്പിലേക്കിറങ്ങി ഉറച്ച കാലടികളുമായി നടന്നകന്നു.
ജീസ് കൈതാരം



Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്