കരിങ്കുരങ്ങ് രസായനം

പാപ്പൂട്ടി ചേട്ടന്റെ പറമ്പിന്റെ കിഴക്കെ അറ്റത്താണ് കൊച്ചുതോമയുടെ വീട്, പാപ്പൂട്ടി ചേട്ടന്റെ കൂടെ കുടിയേറി മലബാറിലേക്ക് വന്നതാണ് കൊച്ചുതോമ . 

പാപ്പൂട്ടി ചേട്ടൻ പറമ്പായ പറമ്പൊക്കെ വെട്ടിപിടിച്ച് പാപ്പൂട്ടി മുതലാളിയായി , കൊച്ചുതോമ അവിടുത്തെ കാര്യസ്ഥനുമായി . കുന്നും മലയും വെട്ടിപിടിച്ചപ്പോ "എടാ കൊച്ചെ നീ ആ കുന്നിന്റെ താഴെ പോയി കുറ്റിയടിച്ചോ നിനക്ക് വേണ്ടതെല്ലാം വളച്ചെടുത്തോ" എന്ന് ചേട്ടൻ ആവുന്നത് പറഞ്ഞതാ . "എനിക്കെന്നാത്തിനാ ഒരു പാട് പറമ്പ്, ഞങ്ങൾക്കാണങ്കിൽ മക്കളുമില്ല പിന്നെ പണിയെടുക്കാനണെങ്കിൽ ചേട്ടന്റെ പറമ്പുണ്ടല്ലോ " എന്ന ലൈനിൽ മാറി നിന്നു കക്ഷി. മലബാറിന് പോരുമ്പോൾ പിള്ളേരുണ്ടാകാതിരുന്ന അന്നംകുട്ടി എന്ന അന്നമ്മ കൊല്ലം നാലു കഴിഞ്ഞപ്പോൾ 3 കുട്ടികളുടെ അമ്മച്ചിയായി. മൂത്തവൾ സിസിലി, രണ്ടാമത്തെവൻ ജോസ് , അവസാനത്തെത് കൊച്ചമ്മണി

അപ്പോഴെക്കും കയ്യേറിയ സ്ഥലത്തെല്ലാം ആളുകൾ കൃഷിയിറക്കി കഴിഞ്ഞിരുന്നു. അതിനാൽ കൊച്ചുതോമ പാപ്പൂട്ടിയുടെ കൂടെയങ്ങ് കൂടി .

രാവിലെ കുളിച്ച് 'സിമ്പളനായി പാപ്പൂട്ടി മുതലാളിയുടെ ബംഗ്ലാവിൽ ഹാജരായി പണിക്കാർക്ക് നിർദ്ദേശം കൊടുത്തും ചീത്ത പറഞ്ഞും പാടത്തും പറമ്പിലും ഓടി നടക്കുന്ന കൊച്ചുതോമ വൈകുന്നേരം പണിക്കാർക്ക് 'ഇടപറ്റും ' കൂലിയൊക്കെ കൊടുത്ത് കുളി പാസാക്കി ധൃതിയിൽ കുന്ന് കേറും.

 അവിടെ ചന്ദ്രന്റെ മങ്കുറിഞ്ഞി രണ്ട് ഗ്ലാസ് അടിക്കാൻ ! രണ്ട് ഗ്ലാസ് മങ്കുറിഞ്ഞി അടിച്ചു കഴിഞ്ഞാൽ തോമാക്ക് പാടണം അതും ദൈവത്തിന്റെ പാട്ട് "എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമെ .....അത് ... ചിന്തയിലെഴുതാൻ .... അങ്ങനെ പോകും പാട്ടിന്റെ വഴി. 

ആദ്യമൊക്കൊ സഹ കുടിയൻമാർ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും ദിവസവും പല്ലവി മാറാതിരുന്നപ്പോൾ എണീപ്പിച്ച് വിടാൻ തുടങ്ങി , കുന്നിൻ മോളിൽ നിന്ന് ഒരോ കൽപടവിറങ്ങുമ്പോഴും പാട്ടിന്റെ ഈരടികൾ ഉയർന്ന് കേൾക്കുന്നതിന്റെ താളവും മാറി മാറി വരും ...

മണിക്കുന്നിന്റെ താഴെയെത്തുമ്പോൾ അന്നം കുട്ടി പാട്ട് കേട്ട് ഇറങ്ങി വരണം അതുവരെ താളം ചവുട്ടി വരുന്ന തോമക്ക് വീടിന്റെ പടി കേറാൻ വലം കൈയ്യിൽ അന്നമ്മയും അന്നമ്മയുടെ കൈയ്യിലെ വിളക്കും വേണം.
വീടിന്റെ താഴെ എത്തുമ്പോൾ സ്വിച്ചിട്ട പോലെ നിലക്കുന്ന കൊച്ചുതോമ പാട്ടുപെട്ടി പിന്നെ വീട്ടിനകത്ത് കാല് വെയ്ക്കുമ്പോ താനെ ഓണാകും

" എന്തതിശയമെ ദൈവത്തിൻ ...." ഉറങ്ങികിടക്കുന്ന പിള്ളേർ ഒച്ച കേട്ട് എഴുന്നേറ്റ് വരുമ്പോൾ കൊച്ചുതോമ ക്ക് അവരെ ഊട്ടണം, 3 പേർക്കും ഒരോ ഉരുള കൊടുത്തിട്ട് പാട്ടിന് വിശ്രമം അനുവദിച്ച് പറയും "ഇനി മക്കള് പോയി കിടന്നോ" അതു കേട്ടതും 3 പേരും വായ പോലും കഴുകാതെ പായയിൽ പോയി ചുരുണ്ട് കൂടും.

"ഇന്ന് മീനൊന്നും കിട്ടിയില്ലേടി അന്നം കുട്ടി .... മുട്ടക്കാരൻ വറീതിന്റെ മോളെ ... നിനക്ക് മൊട്ടക്കറി വെയ്ക്കാനറിയില്ലേടി " - പൂ .... മോളെ ... എന്തതിശയമെ ...... ദൈവത്തിൻ സ്നേഹം .... അന്നം കുട്ടി നെടു വീർപ്പിടും കഴിഞ്ഞ തവണ ഇതുപോലെ തലേ ദിവസം വറുത്തതാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ ഒരു ദിവസം വറുത്ത് വച്ചു രാത്രി വന്നപ്പോൾ "നീ എന്തിനാടി വറുത്തെതെന്ന് ചോദിച്ച് കറി വെച്ചതല്ലെ എനിക്കിഷടമെന്ന് പറഞ്ഞ് തന്തക്ക് വിളിച്ചതാണ്.

അതും പോരാഞ്ഞ് ഒരു ദിവസം വറുത്തതും കറിവെച്ചതും മുന്നിൽ കൊണ്ടുപോയി വച്ചപ്പോൾ
"എടീ മൊട്ടക്കാരന്റെ പൂ ... മോളെ വറുക്കാനുള്ള മൊട്ടയെടുത്ത് നീ കറി വച്ചു കറി വെക്കാനുള്ള മുട്ടയെടുത്ത് നീ വറത്തെതെന്തിനാടീ... എന്നായിരുന്നു ചോദ്യം !

പാട്ടു പാടിയുള്ള ഉപദ്രവവും തെറി വിളിയും ദിവസവും ഉണ്ടെങ്കിലും അന്നമ്മയെ തോമ തല്ലിയിട്ടില്ല ... രാവിലെ എഴുന്നേൽക്കുമ്പോൾ നീട്ടി വിളിക്കും "അന്നമ്മോ ... എടീ പൊന്നമ്മോ "....അത് കേൾക്കുമ്പോൾ കൈയ്യിൽ കടുംകാപ്പിയുമായി അന്നമ്മ ഓടിചെല്ലും ... തലേ ദിവസത്തെ യാതൊരു ലക്ഷണവുമില്ലാതെ നിഷ്കളങ്കനായി പുഞ്ചിരിക്കുന്ന തോമായുടെ അരികത്തേക്ക് ....
                               



"ടാ ... ജോസെ .... മോനെ ....നീയെവിടെ പോയി കിടക്കാ...?" അന്നംകുട്ടി വീടിന്റെ ചുറ്റും നടന്ന് വിളി തുടങ്ങിയിട്ട് നേരം കുറച്ചായി ... 10 സെന്റ് പുരയിടത്തിന്റെ അതിരേല് ഒരു പഞ്ചസാര കായ മരമുണ്ട് ...നേരം വെളുത്താൽ ചെക്കൻ അങ്ങോട്ടോടും... മിക്ക ദിവസവും ഒന്നും കിട്ടാറില്ല കിട്ടിയാൽ തന്നെ അത് വല്ലതും കടിച്ചതിന്റെ ബാക്കിയായിരിക്കും ... എന്നാലും ചെക്കന് സ്കൂളടച്ചതിൽ പിന്നെ ദിവസവും അതു തന്നെയാ പണി.

"ടീ ...സിസിലി നീയവനെ പോയി ഇങ്ങോട്ട് വിളിച്ചോണ്ട് വന്നേ.. ചെക്കൻ വിളിച്ചാ മിണ്ടില്ല ആരെടെ സ്വഭാവാമാണോ എന്തോ ?" മുടി ചീകി കൊണ്ട് നിന്ന സിസിലിയെ അന്നമ്മ ഉന്തി തള്ളി പറഞ്ഞു വിട്ടു. "നീയവനോട് സഞ്ചിയെടുത്ത് പാലക്കലോട്ട് ചെല്ലാൻ പറ , ത്രേസ്യാ ചേടത്തി അരി തരും "നീയും കൂടെ ചെല്ല് ചെക്കന് ഒറ്റക്ക് കൊണ്ടരാൻ പറ്റില്ല" ... ഈ അമ്മച്ചി മുടി വാരാനും സമ്മയിക്കൂല ... ന്ന് പിറുപിറുത്ത് പാതി വാരിയ മുടിയും ചുറ്റി കെട്ടി സിസിലി പുറത്തേക്ക് പോയി .

"ഈ പെണ്ണിതു വരെ എഴുന്നേറ്റില്ലെ? അകത്തേക്ക് പോയ അന്നമ്മ കൊച്ചമ്മണിയുടെ പുതപ്പിൽ പിടിച്ചു വലിച്ചു ... അമ്മിണി ചിണുങ്ങി കൊണ്ട് എഴുന്നേറ്റു ... "നീ ചിണുങ്ങാണ്ട് പോയി പല്ലു തേച്ച് മോറ് കഴുകടീ ... " അന്നംകുട്ടി മൂന്നാമതും ഗർഭിണിയായപ്പോൾ വിചാരിച്ചതാ പെണ്ണാണങ്കിൽ അമ്മയുടെ പേര് വെക്കണമെന്ന് ... ആദ്യത്തേതിന് തോമയുടെ അമ്മയുടെ പേര് ഇട്ടു. രണ്ടാമത്തെതിന് പേരിട്ടത് പാപ്പൂട്ടി ചേട്ടനാണ്. ഇതിനെങ്കിലും തന്റെ അമ്മയുടെ പേര് വെച്ചില്ലെങ്കിലെങ്ങനാ ? അപ്പോഴാണ് പാലക്കലെ മൂത്തപ്പെണ്ണിന്റെ പേര് അമ്മിണിയെന്നാണല്ലോ എന്നോർത്തത് പേറ് കഴിഞ്ഞ് പേരിടാൻ നേരം ത്രേസ്യ ചേടത്തിയാ വഴി പറഞ്ഞു തന്നത് കൊച്ചുതോമയുടെ മോൾ കൊച്ചമ്മണി . ലേശം വിഷമം തോന്നിയെങ്കിലും എന്തായാലും അമ്മിണിയുണ്ടല്ലോ അത് മതിയെന്നോർത്ത് സമാധാനിച്ചു.

ഉച്ചക്ക് കഞ്ഞി വാർത്തോണ്ട് നിൽക്കുമ്പോഴാ പുറത്ത് വലിയ ബഹളം കേട്ടത് ... അത് കമിഴ്ത്തി വച്ച് ഓടിച്ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ കൊച്ചു തോമയും നാലഞ്ച് പണിക്കാരും പടി കയറി വരുന്നത് കണ്ടത് ... രണ്ടു പേർ ഒരു കയർ വലിച്ച് പിടിച്ചിരിക്കുന്നു ... പുറകിൽ വരുന്നവർ ഉറക്കെ ഒച്ചയെടുക്കുന്നുണ്ട് ... മുന്നിൽ നേതാവായി കൊച്ചുതോമാ ....

മുറ്റത്തേക്ക് കയറിയപ്പോഴാ കയറിന്റെ നടുക്കായുള്ള വസ്തു എന്താണന്ന് അന്നമ്മക്ക് മനസ്സിലായത് 'ഒരു കുരങ്ങ്' അതും ജീവനോടെ ...! കരിക്കട്ട പോലെ നിറം, ചെമ്പിച്ച കണ്ണുകൾ ... അന്നമ്മ പേടിച്ച് രണ്ടടി പിന്നോട്ട് വച്ചു ... " ടീ അന്നമ്മോ നീയിത് കണ്ടോ കരിങ്കൊരങ്ങാ...മ്മടെ നായ്ക്കൻമാര് പിടിച്ചോണ്ട് വന്നതാ... രാസായനം ഇണ്ടാക്കാൻ " കുരങ്ങിനെ വലിച്ചു പിടിച്ച രണ്ടു പേരും അഭിമാനത്തോടെ പരസ്പരം നോക്കി ... 

"ദേ .. മനുഷ്യനെ ... വിവരമില്ലാത്ത ജന്തുവാ ... പിള്ളേരുള്ള വീടാ അത് വല്ലതും കടിക്കോ മറ്റോ ചെയ്താൽ ... കുതറുകയും കയർ കടിച്ച് മുറിക്കാനും ശ്രമിക്കുന്ന കുരങ്ങിനെ നോക്കി അന്നമ്മ പേടിയോടെ പറഞ്ഞു ... നീ പേടിക്കണ്ടടീ ...ഇന്ന് രാത്രി തന്നെ ഇവനെ നമുക്ക് ശരിയാക്കാം ... അന്നമ്മ പിറുപിറുത്ത് അകത്തേക്ക് പോയി പോകുന്ന വഴിക്ക് പിള്ളേരെ പേടിപ്പിച്ച് അകത്തേക്കും ഓടിച്ചു.

വൈകുന്നേരം കൊച്ചുതോമ മങ്കുറുഞ്ഞി അടിക്കാൻ പോയില്ല പകരം പണിക്കാരെ വിട്ട് രണ്ട് കുപ്പി വാങ്ങിപ്പിച്ചു. പന്നിയെ കെണി വെച്ച് കിട്ടുമ്പോൾ എടുക്കുന്ന കത്തിയെല്ലാം രാകിമിനുക്കി പണിക്കാരും കൊച്ചുതോമയും കുരങ്ങിനെ ശരിപ്പെടുത്താൻ തയ്യാറായി ...

കയറഴിക്കുന്നതിന് മുമ്പ് കൊച്ചുതോമയും പണിക്കാരും മങ്കുറിഞ്ഞി ഒരോ ഗ്ലാസ് അടിച്ച് ശക്തി സംഭരിച്ചു ... അപ്പോൾ കൊച്ചുതോമക്ക് ഒരു സുഖം തോന്നിയില്ല "ഒരെണ്ണം കൂടി ഒഴിക്കടാ " എന്നായി .. പണിക്കാർ ഒഴിച്ചു കൊടുത്തു ... കൊച്ചു തോമ ഫോമിലായി ... പാട്ടു വന്നു എന്തതിശയമേ... ദൈവത്തിൻ സ്നേഹം .....

പുറത്ത് നടക്കുന്ന മേളത്തിന്റെ കാര്യമറിയാവുന്ന അന്നമ്മ ഓൺ ചെയ്ത് വച്ച റേഡിയോയുടെ ഒച്ച കുറച്ചപ്പോൾ കേട്ടത് പണിക്കാരുടെ ബഹളവും കൊച്ചുതോമായുടെ അലർച്ചയുമാണ് ... വിളക്കുമെടുത്ത് വേവലാതിയോടെ ഉമ്മറത്തേക്ക് വന്ന അന്നം കുട്ടി കണ്ടത് മുറ്റത്ത് വീണു കിടക്കണ കൊച്ചു തോമായെ ആണ് ...... കുരങ്ങിനെയും പണിക്കാരെയും അവിടെങ്ങും കാണാനുമില്ല ... 

അന്നമ്മ കൊച്ചുതോമായുടെ അടുത്തേക്ക് ഓടി ചെന്നു... കമിഴ്ന്ന് കിടന്നു ഞെരി പിരി കൊള്ളുന്ന കൊച്ചുതോമയെ അന്നമ്മ താങ്ങി എഴുന്നേൽപ്പിച്ചു ... നടത്തിക്കാൻ ഇടത്തെ കൈ കൊണ്ട് ചുറ്റി പിടിക്കാൻ ശ്രമിച്ചപ്പോ കൊച്ചുതോമ അലറി കരഞ്ഞു .... ആ... അമ്മെ ... "ആ നായിന്റെ മോൻ എന്നെ കടിച്ചു പറിച്ചെടി ... അന്നമ്മ കൈ പിൻവലിച്ച് വിളക്ക് വെട്ടത്തിൽ നോക്കി ... കൈ നിറയെ ചോര .... വിളക്ക് തോമായുടെ പിന്നിലേക്ക് നീട്ടി അവിടെ ചന്തിയുടെ ഭാഗത്ത് നിറയെ ചോര ഒലിച്ചിറങ്ങുന്നു ...
"യ്യോ ന്നിട്ട് പണിക്കാരെന്തിയേ ...? അവരെം കടിച്ചോ? 

"ടീ ... അന്നം കുട്ടി ... അന്നമ്മോ ന്നെ പിടിക്കടീ ....തോമ കരഞ്ഞു.
പറമ്പിൽ നിന്ന് പണിക്കാർ ഓടി കിതച്ചെത്തി. " ചേട്ടാ അയിനെ കണ്ടില്ല അത് മല കേറീട്ടുണ്ടാകും ...." "ചേട്ടനതിന്റെ അടുത്ത് പാട്ടു പാടി സുയിപ്പാക്കി ട്ടല്ലെ അത് കടിച്ചെ ?" എന്നായി രണ്ടാമൻ ... തോമാ നിസഹായതയോടെ അന്നമ്മയെ നോക്കി ...

തോമയെ വീട്ടിൽ കൊണ്ടുപോയി കിടത്തി പണിക്കാർ പോയി , അന്നമ്മ കമിഴ്ന്ന് കിടന്ന് കരയുന്ന തോമയുടെ മുറിവ് ചൂട് വെള്ളം കൊണ്ട് തുടച്ച് കാപ്പി പൊടി വെച്ച് കെട്ടി ... കരയുന്ന തോമ ക്കരികിൽ അന്നമ്മ ഇരുന്നു മുടിയിൽ പതുക്കെ തലോടി കൊണ്ട് .... പാതിയുറക്കത്തിലും തോമാ... വിളിച്ചു കൊണ്ടിരുന്നു അന്നമ്മോ..... ടീ .... അന്നം കുട്ടീ .....


തുടരും ...





Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്