സെൽഫി വിത്ത് കാതറിൻ

റോസും റൂത്തും കൂടി അമ്മൂമയുടെ ഫോണിൽ ഗോപുരത്തിന്റെ ചിത്രമെടുത്തു അമ്മൂമയെ കാണിച്ച് കൊടുത്ത് സ്ഥാപിച്ചു " ഇത് കണ്ടോ ഒരു ക്ളാരിറ്റിയും ഇല്ല അപ്പനോട് പറഞ്ഞ് നല്ല ഫോൺ വാങ്ങിത്തരാൻ പറ ! " അവരുടെ സദുദ്ദേശം മനസ്സിലാക്കിയ അമ്മൂമ പുഞ്ചിരിച്ച് മറുപടി പറഞ്ഞു "ഉവ്വ എന്നിട്ട് വേണം നിനക്കൊക്കെ 24 മണിക്കൂറും അതിൽ കുത്തിയിരിക്കാൻ , എനിക്ക് ഈ കുന്ത്രാണ്ടത്തിൽ കുത്താനൊന്നും അറിയില്ലന്ന് അപ്പക്കറിയാം, തൽക്കാലം ഇതൊക്കൊ മതി.
റോസും റൂത്തും തങ്ങളുടെ ഉദ്ദേശശുദ്ധി അമ്മൂമ്മ മനസിലാക്കിയതിൽ ചമ്മിയെങ്കിലും വിട്ടു കൊടുക്കാതെ വെറുതെ പറഞ്ഞു " പിന്നെ ഞങ്ങള് ഫോണിലൊന്നും കളിക്കാറില്ല , അമ്മുമ്മക്ക് സീരിയൽ കാണണങ്കിൽ മതി " . " എനിക്കിപ്പോ സീരിയല് കാണണ്ട " എന്നായി അമ്മൂമ ! ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് ബോധ്യമായ റോസും റൂത്തും പിൻവാങ്ങി അതിലെ കാഴ്ച്ചകൾ കാണുന്നതിൽ വ്യാപൃതരായി.അമ്മൂമ ഒരു ബെഞ്ചിലുമിരുന്നു.
അവരുടെ ഗൈഡ് അവരെയെല്ലാം വിളിച്ച് ഹിന്ദിയിൽ പറഞ്ഞു " ഇതാണ് ഇവിടുത്തെ ഖജാന ( ഖജനാവ് ) പൈസയും രത്നങ്ങളും ആഭരണങ്ങളും എല്ലാം ഈ ഭിത്തിയിലെ തുളയിൽ കൂടി അകത്തേക്ക് ഇടും " റൂത്ത് ഭിത്തിയിൽ കണ്ട വിടവിലൂടെ ഫോണിലെ ടോർച്ചടിച്ച് നോക്കി കുറച്ച് ഗുട്ക്കയുടെയും തമ്പാക്കുവിന്റെയും കവറുകൾ മാത്രം ! യാത്ര സംഘം കോട്ടയുടെ അടുത്ത കമാനത്തിലേക്ക് കടന്നു . ഒരു കൊത്തുപണിയുടെ ചിത്രമെടുക്കാൻ ഫോൺ തിരഞ്ഞപ്പോഴാണ് റോസിന് കൂടെ റൂത്തില്ലന്ന് മനസിലായത് അവൾ വേഗം തിരിഞ്ഞ് ഖജാനയുടെ അകത്തേക്ക് ചെന്നു.
ഖജാനയിൽ നിന്ന് ധൃതി പിടിച്ച് റൂത്ത് പുറത്തേക്ക് ഇറങ്ങി വന്നു " ടീ നീയവിടെ എന്തെടുക്കാ?" വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങി റോസ് റൂത്തിന്റെ പേടിച്ച മുഖം കണ്ട് അവളെ പിടിച്ചു നിർത്തി "എന്താടി?" റൂത്ത് ഒന്നും പറയാതെ പിറകിലേക്ക് നോക്കി. റൂത്തിനെ പിന്തുടർന്ന് 4 പയ്യൻമാർ അവരിൽ നേതാവെന്ന് തോന്നിക്കുന്ന ഒരുവന്റെ മുഖത്ത് വഷളൻ ചിരി ! ഒരു നിമിഷം അവരെ നോക്കിയ റോസ് റൂത്തിനെയും പിടിച്ച് വലിച്ച് നടക്കുന്നതിനിടയിൽ റൂത്തിനോട് ചോദിച്ചു "നിന്നെ അവര് വല്ലതും ചെയ്തോ?".
"ഇല്ല ചേച്ചി ഞാൻ അപ്പുറത്തെ ഭിത്തിയുടെ ഹോളിൽ വല്ലതും കിടക്കുന്നുണ്ടോ എന്ന് നോക്കുവാരുന്നു അപ്പോഴാണ് ഇവർ മിണ്ടാതെ പുറകിൽ അടുത്ത് വന്ന് നിന്നത് , ഞാൻ വേഗം പോരുകയായിരുന്നു.
"എല്ലാരും പോന്നത് നീ കണ്ടില്ലേ പൊട്ടി! " റൂത്ത് മറുപടിയൊന്നും പറയാതെ തല കുനിച്ച് മിണ്ടാതെ നടന്നു. " ഇനി അവിടെ ചെന്ന് അപ്പനോട് പറയാൻ നിൽക്കണ്ട അവരൊന്നും ചെയ്തില്ലല്ലോ ല്ലെ ! " ഇല്ല ചേച്ചി എന്നാലും അവർ ആൾക്കാര് ശരിയല്ല " എന്തെങ്കിലും മോശമായി ചെയ്താ അപ്പൻ ശരിയാക്കിക്കോളും " റോസ് അനിയത്തിക്ക് ധൈര്യം കൊടുത്തു.
പൂന്തോട്ടത്തിന്റെ നടുവിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ റോസ് " ടീ നമ്മള് മദാമ്മയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തില്ലല്ലോ ദാ അവിടെ ഇഷ്ടം പോലെ മദാമ്മമാരുണ്ട് , ചോദിച്ചു നോക്കിയാലോ?" "നമ്മളെങ്ങനെയാ ചോദിക്കാ?" വേറെ ഒന്നും ചോദിക്കണ്ടന്നെ വൺ ഫോട്ടോ പ്ളീസ് " എന്നും പറഞ്ഞ് ചാടി കേറി എടുക്കാം. റോസ് പറഞ്ഞു.
" ചേച്ചി ചോദിച്ചോ എനിക്ക് പേടിയാ "
" നിനക്കെന്തിനാ പേടി ഇല്ലാത്തെ ?
വിദേശ സംഘത്തിന്റെ അടുത്തേക്ക് നടക്കുന്നതിനിടക്ക് റോസ് അവളെ കളിയാക്കി.
"കിങ്ങിണി ....., അമ്മു... ....അപ്പൻ വിളിച്ചത് കേട്ട് രണ്ടു പേരും പാതി വഴിക്ക് നിന്നു. "എവിടെ പോവാ? ഇവിടെ വാ" "വാടി നമുക്ക് പിന്നെ എടുക്കാം " ചേച്ചിയും അനിയത്തിയും വിഷണ്ണരായി മടങ്ങി.
"ആർക്കെങ്കിലും നല്ല തണുത്ത വെള്ളം വേണമെങ്കിൽ എടുത്തോട്ടോ " . ഷാജിയങ്കിൾ പറഞ്ഞത് കേട്ട് പിള്ളേർ കുപ്പിയുമായി കൂളറിന്റെ അരികിലേക്ക് പോയി. കൂളർ വെച്ചിരിക്കുന്ന തൂണിന്റെ മറവിൽ നിന്ന് ഒരാൾ തെറിച്ച് വീഴുന്നത് കണ്ട് റോസും റൂത്തും പിറകിലേക്ക് മാറി. കൂളറിന്റെ അരികിൽ നിന്ന് നല്ല സുന്ദരിയായ ഒരു മദാമ്മ നിലത്ത് വീണു കിടക്കുന്നവനെ നോക്കി നല്ല ഇംഗ്ലീഷിൽ ചീറി കൊണ്ടിരിക്കുന്നു. പറഞ്ഞ ഭാഷയുടെ കാഠിന്യം കൊണ്ടും അവരുടെ മുഖഭാവം കൊണ്ടും റോസിനും റൂത്തിനും അവർ പറഞ്ഞത് മോശപ്പെട്ട വാക്കുകളാണന്ന് മനസ്സിലായി. ബഹളം കേട്ട് ഷാജിയങ്കിൾ ഓടി വന്നു. "വാട് ഹാപ്പൻഡ് " അവരും ഷാജിയങ്കിളും പറഞ്ഞ ഇംഗ്ലീഷ് റോസിനും റൂത്തിനും മനസ്സിലായില്ലങ്കിലും അവരുടെ ആംഗ്യങ്ങൾ കണ്ടപ്പോൾ കാര്യം മനസ്സിലായി. കുറെ നേരമായി ഇവൻ പുറകെ നടക്കുന്നു , സെൽഫി എടുക്കണമെന്ന് പറഞ്ഞു, സെൽഫിയെടുക്കുമ്പോൾ വേണമെന്ന് വെച്ച് ശരീരത്തിൽ പിടിച്ച് അമർത്തി , അവർ 2 പൊട്ടിച്ചു ! പെൺപിള്ളേർ താഴെ കിടക്കുന്നവനെ നോക്കി നേരത്തെ ഖജാനയിൽ കണ്ടവൻ... റോസിനും റൂത്തിനും ചിരി വന്നെങ്കിലും അവന്റെ മട്ടും ഭാവവും കണ്ടപ്പോൾ അതടക്കി. എവിടെ നിന്നോ പൊട്ടിവീണതുപോലെ അവന്റെ കൂട്ടാളികൾ വന്ന് അവനെ എഴുന്നേൽപ്പിച്ച് കൊണ്ടുപോയി.
മദാമ്മയെ സമാധാനിപ്പിച്ച് തിരിഞ്ഞ് നടക്കുന്ന ഷാജിയങ്കിളിനെ റോസ് പിടിച്ചു നിർത്തി "അങ്കിളെ , ഞങ്ങൾക്ക് മദാമ്മയുടെ കൂടെ ഒരു സെൽഫിയെടുക്കണം "
" മോളെ മദാമ്മ ആകെ ചൂടിലാ നമുക്ക് വേറെ മദാമ്മയുടെ കൂടെ എടുക്കാം " അവരുടെ സംഭാഷണം കേട്ട് മദാമ്മ അടുത്തേക്ക് വന്നു. പിന്നെ പുഞ്ചിരിച്ചു ! അത് കണ്ടപ്പോൾ റൂത്തിന് സമാധാനമായി ദേഷ്യത്തിലല്ല, റൂത്ത് റോസിനെ തോണ്ടി ! റോസ് മടിച്ച് മടിച്ച് ചോദിച്ചു " വൺ സെൽഫി പ്ളീസ് "
മദാമ്മ പുഞ്ചിരിയോടെ തന്നെ മുന്നോട്ട് വന്ന് അവരെ ചേർത്ത് നിന്നു റോസ് വേഗം ഷാജിയങ്കിളിന്റെ ഫോൺ വാങ്ങി സെൽഫിയെടുത്തു.
മദാമ്മ വാൽസല്യത്തോടെ ചോദിച്ചു.
"ഹേയ് ഏയ്ഞ്ചൽസ്, യുവർ ഗുഡ് നെയിം?
റോസ് & റൂത്ത് റോസ് ചാടി മറുപടി പറഞ്ഞു.
സ്വീറ്റ് നെയിം ...
ബായ്... മദാമ്മ യാത്ര പറഞ്ഞു ...
യു ... വ.ർ... നെയിം മാം ... റൂത്ത് വിക്കി .
" കാതറിൻ "
ഒരു പുഞ്ചിരി കൂടി സമ്മാനിച്ച് മദാമ്മ നടന്നകന്നു.
റോസും റൂത്തും തിളക്കമുള്ള കണ്ണുകളുമായി നോക്കി നിന്നു.
ജീസ് കൈതാരം