ചാന്ദ്നിയുടെ രണ്ടാം കെട്ട് !
"ടീ ചാന്ദ്നി ഇതെന്തിരിപ്പാ . ഇത്?, അവരിപ്പോ എത്തും. നീയാ വേഷമൊന്ന് മാറി നിക്ക് " "ഈ അമ്മക്കിതെന്തിന്റെ കേടാ ?" ഞാൻ പറഞ്ഞതല്ലെ ? ഇനി ഒരു വേഷം കെട്ടലിനില്ലന്ന് " പിന്നെ എന്താ നിന്റെ ഉദ്ദേശം ? ഭവാനിയമ്മ വിടാൻ ഉദ്ദേശമില്ലാതെ ചാന്ദ്നിയുടെ കയ്യിൽ തട്ടി ചോദിച്ചു. "ഹയ് അമ്മേ കൈ വേദനിക്കുന്നു " എനിക്ക് പഠിക്കണം , ഒരു ജോലി വാങ്ങിക്കണം , എന്റെ മോനെ നോക്കണം അത്രേ എന്റെ ജീവിതത്തിലുള്ളു. "
"ദേ എന്നെ കൊണ്ടൊന്നും പറയിക്കണ്ട
ചേച്ചി നിക്കുമ്പോ പേരു ദോഷം കേൾപ്പിച്ച് കണ്ടവന്റെ കൂടെ ഇറങ്ങി പോകുമെന്ന് ഭീഷണി പെടുത്തി കല്യാണം കഴിച്ചു എന്നിട്ട് രണ്ടര കൊല്ലം കഴിഞ്ഞ് അവനെ മടുത്തെന്ന് പറഞ്ഞ് ഇറങ്ങി പോന്നു അതും കെട്ടിയവന്റെ തലക്ക് ചിരവക്കടിച്ചിട്ട് " മക്കളൊന്ന് പറഞ്ഞാൽ രണ്ട് പ്രാവശ്യം ചാടി കളിക്കണ അച്ഛനെ കിട്ടിയത് കൊണ്ട് കൊള്ളാം ... " വേറെ വല്ലവരുമാണെങ്കിൽ .....
"പിന്നെ ഞാനെന്തു വേണമായിരുന്നു ? ഉറക്കത്തില് കട്ടിലിൽ കെട്ടിയിടുന്ന കെട്ടിയവനെ എടുത്ത് പുന്നാരിക്കണമായിരുന്നോ ? അതോ അയാളുടെ കൂട്ടുകാരെന്ന് പറയുന്നവളെ മാരെയൊക്കെ വീട്ടിൽ കേറ്റി സൽക്കരിക്കണോ ? "എന്റെ കുഞ്ഞ് അയാളുടെ കയ്യിലായി പോയി അല്ലെങ്കിൽ അയാളെ ഞാൻ കൊന്നേനെ ! "
" കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് നോക്കാമെന്ന് പറഞ്ഞപ്പോൾ അമ്മയും സൂത്രത്തിൽ കയ്യൊഴിഞ്ഞു ... അഛ്ചൻ എന്നും എല്ലാത്തിനും മൂക സാക്ഷിയാണല്ലോ ? എനിക്കറിയാം ...കുഞ്ഞിവിടെ ഉണ്ടങ്കിൽ പിന്നെ നിങ്ങൾക്ക് എങ്ങനെ എങ്കിലും തലയിൽ നിന്ന് ഭാരം ഒഴിവാക്കാൻ പറ്റുലല്ലോ?
"അങ്ങനെ അല്ല മോളെ " കരുണാകരൻ നായർ എതിർത്തു " നീ തന്നെ അയലോക്കത്ത് നിന്ന് കണ്ടുപിടിച്ച ഒരുത്തൻ , അന്നേ പറഞ്ഞതാ അവൻ ശരിയല്ല, വേലേം കൂലിം ഇല്ലാ , ദുശാഠ്യക്കാരനാ എന്നൊക്കെ നിനക്കപ്പോ വകതിരിവുണ്ടായില്ല ...അല്ല പ്രായവും 18 കഴിഞ്ഞതല്ലെ ഉള്ളു. 6-7 കൊല്ലം പ്രേമിച്ചപ്പോ നിനക്ക് കാണാൻ പറ്റാത്ത അവന്റെ തനി കൊണം 6 മാസം കൊണ്ട് തിരിച്ചറിഞ്ഞേ ... അപ്പോഴെക്കും കൊച്ചുണ്ടായാൽ എല്ലാം മാറുമെന്ന് പറഞ്ഞ് മദ്ധ്യസ്ഥ ക്കാര് സമാധാനത്തിന് വന്ന് . ജാത്യലുള്ളത് തൂത്തുകളയാൻ പറ്റോ ? അവസാനം പോലീസും കേസും കോടതീം ഒക്കെയായി ... അവന്റെ കുഞ്ഞിനെ കൊടുത്താലെ ഡിവോഴ്സ് തരു വെന്നു പറഞ്ഞപ്പോൾ ഞാൻ നിർബന്ധിച്ചത് നേരാ... അങ്ങനെയെങ്കിലും ആ ബാധ ഒഴിഞ്ഞു പോകട്ടന്ന് കരുതി ..കരുണാകരൻ നായർ പറഞ്ഞു നിർത്തി.
" ഇതിപ്പോ സർക്കാർ ജോലിയുള്ള ചെക്കനല്ലെ,വേറെ ബാധ്യത ഒന്നുമില്ല, ഒന്ന് കെട്ടിയത് നിന്നെ പോലെ തന്നെ ഡിവോഴ്സുമായി കുട്ടിയുമില്ല ഇനി കല്യാണം കഴിഞ്ഞ് നിനക്ക് നിന്റെ മോനെ കൂടെ കൊണ്ടന്ന് നിർത്താനുള്ള വ്യവസ്ഥയും നമുക്കുണ്ടാക്കാം " ഭവാനിയമ്മ ചാന്ദ്നിയെ നിർബന്ധിച്ചു. "എന്റെ അമ്മേ അയാൾ എന്നെ കെട്ടി കഴിഞ്ഞ് എനിക്ക് പറയാൻ പറ്റോ എന്റെ മോനെ മാത്രം മതി ... ന്ന് ഞങ്ങൾക്ക് വേറെ കുഞ്ഞുണ്ടാകുമ്പോ അവനെ അയാൾ നോക്കുമെന്ന് എന്താ ഉറപ്പ് ?" ചാന്ദ്നി അടുത്ത യുദ്ധത്തിന് തയാറായി.
"അങ്ങനെയൊക്കെ ചിന്തിച്ചാൽ ജീവിക്കാൻ പറ്റോ ? ചില നീക്കുപോക്കുകള് ജീവിതത്തിലുണ്ടങ്കിലെ ജീവിതം മുന്നോട്ട് പോകൂ " ജീവിതം ഒരു പരീക്ഷണശാലയാണ് മോളെ ചിലത് വിജയിക്കും ചിലത് തോക്കും എന്ന് വച്ച് ജീവിക്കാതിരിക്കാൻ പറ്റോ ?" കരുണാകരൻ നായർ സന്നിഗ്ദമായി പറഞ്ഞു.
" അവര് വന്ന് കണ്ട് നോക്കട്ടെ നല്ല ചെറുപ്പം ചെക്കനല്ലെ നിനക്കിഷ്ടപ്പെടും" ഭവാനിയമ്മ ഭർത്താവിനെ പിന്താങ്ങി .
" അപ്പോ നിങ്ങൾക്ക് പരീക്ഷിക്കാൻ ഞാൻ നിന്നു തരണം ല്ലെ ? ശരി, ഞാൻ റെഡിയാവാം പക്ഷെ എനിക്കയാളോട് സംസാരിക്കണം അയാളെ എനിക്ക് പറ്റില്ലന്ന് തോന്നിയാ പിന്നെ ഒരു കല്യാണ കാര്യം പറഞ്ഞോണ്ട് എന്റെ അടുത്ത് വന്നേക്കരുത്. ചാന്ദ്നി മയപ്പെട്ടത് കണ്ട് അച്ചനും അമ്മയും ദീർഘ നിശ്വാസം വിട്ട് പരസ്പരം നോക്കി.
ചാന്ദ്നി വലിയ മേക്കപ്പിനൊന്നും നിന്നില്ല "നീയിതിടുമ്പോ നൈസാണന്ന് ഭാമ പറഞ്ഞ ഡെനിമിന്റെ ജീൻസും ആഷ് കളറിലുള്ള ടീഷർട്ടും ധരിച്ച് വന്നത് കണ്ട് ഭവാനിയമ്മ "മോളെ സാരി " എന്ന് പറഞ്ഞെങ്കിലും ചാന്ദ്നി കേട്ടതായി ഭാവിച്ചില്ല. പകരം അഴിച്ചിട്ടാൽ വലിയ ഭംഗിയാണന്ന് മുൻ ഭർത്താവ് പറഞ്ഞ മുടി നന്നായി പൊക്കി കെട്ടിവെച്ചു. കണ്ണാടിയിൽ നോക്കി സ്വയം പുഛ്ചിച്ചു.
4.30 ആയപ്പോ ചെക്കനും കൂട്ടുകാരനും വന്നു ! ചാന്ദ്നി മുകളിലെ ജനാലയിൽ കൂടി നോക്കി. ഫോട്ടോയിൽ കണ്ടതിനെക്കാൾ നിറമുണ്ട് , പഴയ കാല സിനിമാ നടൻ ജയനെപ്പോലെ ഉള്ള മീശ , മെലിഞ്ഞ ശരീരം, അച്ചനെ കണ്ട് ചിരിച്ചപ്പോൾ പലക പല്ല് തള്ളി പുറത്തേക്ക് വന്നു.ന്നാലും ഒരു ചന്തമൊക്കൊ ഉണ്ട് . പൊക്കം ആവശ്യത്തിനുള്ളത് അവൾക്ക് ഇഷ്ടപ്പെട്ടു. "ഇതിപ്പോ ഞാനും അവനും കൂടി നടന്നാൽ എന്റെ അനിയനാണന്ന് തോന്നുമല്ലോ?" തിരിഞ്ഞ് കണ്ണാടിയിൽ നോക്കി ചാന്ദ്നി കൊഞ്ഞനം കുത്തി . " മോളെ ചാന്ദ്നി "
ചായ കുടി കഴിഞ്ഞ് ചാന്ദ്നിയെ താഴേക്ക് വിളിച്ചു മറുപടിയായി അവൾ വിളിച്ചു പറഞ്ഞു "ഇങ്ങോട്ട് വരാൻ പറയമ്മെ "
ബാൽക്കണിയിൽ ഗൗരവഭാവത്തിൽ ചാന്ദ്നി ഇരുന്നു പഴുതാര മീശക്കാരൻ കടന്നുവന്നു ഒന്ന് എഴുന്നേറ്റ് ഉപചാരം പ്രകടിപ്പിച്ച് അവൾ ഇരിക്കാൻ ക്ഷണിച്ചു. അവനാകട്ടെ നാണം കൊണ്ടെന്ന പോലെ നിന്നതേ ഉള്ളു ആ നിൽപ്പ് കണ്ട് ചാന്ദ്നിക്ക് ചിരി പൊട്ടി, ചിരിയടക്കി എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് വച്ച് ചാന്ദ്നി തുടക്കമിട്ടു "എന്താ പേര് ? "
"അരുൺ " ചിലമ്പിച്ച ശബ്ദം പുറത്തു വന്നു. കൂടെ പലക പല്ലുകളും ! ചാന്ദ്നി മുഖം തിരിച്ചു.
" നോക്ക് അരുൺ എന്റെ കല്യാണം ഒന്ന് കഴിഞ്ഞതാ ,എനിക്കൊരു കുട്ടിയുണ്ട് , ഇപ്പോഴൊന്നും എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല ! വേണമെങ്കിൽ മോതിരം മാറാം. ഞാനിപ്പോ ഒരു കോഴ്സ് ചെയ്യുന്നുണ്ട് 6 മാസം കൊണ്ട് അത് തീരും, അത് കഴിഞ്ഞ് ചെറുതെങ്കിലും ഒരു ജോലി കിട്ടിയിട്ടെ ഞാൻ കല്യാണം കഴിക്കുന്നുള്ളു.
" അതിപ്പോ എനിക്ക് ജോലി ഉണ്ടല്ലോ? വീട്ടില് പൈസയുടെ അത്യാവശ്യമൊന്നും ഇല്ല , സർക്കാര് ജോലിയല്ലെ ഒരു ഗമക്കാണ് ഞാൻ ജോലിക്ക് പോണത് .. ചാന്ദ്നിക്ക് പൈസ വേണമെങ്കിൽ എന്നോട് ചോയ്ച്ചാൽ പോരെ ? " ചിലമ്പിച്ച ശബ്ദവും പലകയും പല തവണ തുറന്നടഞ്ഞു.
"അപ്പോ എന്റെ മോന് എന്തെങ്കിലും ആവശ്യം വന്നാലോ?" ചാന്ദ്നിയുടെ ശബ്ദം ഉയർന്നു.
" മോന്റെ അച്ചനോട് ചോദിക്കണം " അരുൺ പഴുതാര പിടിച്ച് തിരിച്ചു.
ദേഷ്യം കൊണ്ട് ചാന്ദ്നിയുടെ കണ്ണുകൾ ചുവന്നു ! സ്വന്തം വീടല്ലെ ...തന്നെ തന്നെ നിയന്ത്രിച്ച് അവൾ തിരിഞ്ഞ് അകത്തേക്ക് പോകാനാഞ്ഞു .
"ചാന്ദ്നി പോവാണോ ?" എന്നെ ഇഷ്ടമായോ ? ഒന്നും പറഞ്ഞില്ല !
ചാന്ദ്നി തിരിഞ്ഞു അരുണിനെ അടിമുടി നോക്കി കാല് പിണച്ച് വച്ചുള്ള അവന്റെ നിൽപ്പ് കണ്ട് അവളുടെ ദേഷ്യം തൊല്ലയഞ്ഞു . അവൾ ചോദിച്ചു.
" ആട്ടെ അരുണിന്റെ ആദ്യ കല്യണത്തിന് എന്താ സംഭവിച്ചെ ?
ഡിഗ്രി വരെ പഠിച്ചതാ അവൾ കല്യണം കഴിഞ്ഞ് പിറ്റെ മാസം തന്നെ അവൾക്ക് പിന്നെയും പഠിക്കാൻ പോണം പോലും അതും നഴ്സിങ്ങ് , ഞാൻ പറഞ്ഞു പറ്റില്ലന്ന് എനിക്കാണങ്കിൽ ഈ നഴ്സുമാരെ കണ്ടൂടാ " അരുൺ തല വെട്ടിച്ചു.
"അതെന്താ വല്ല നഴ്സുമാരും അരുണിനെ കേറി പിടിച്ചോ?" ചാന്ദ്നിക്ക് അങ്ങനെ ചോദിക്കാനാ തോന്നിയത് !
അരുൺ ചോദ്യം കേട്ട് പകച്ച് നിന്നു. പിന്നെ " അല്ല ഈ നഴ്സുമാരൊക്കൊ നൈറ്റ് ഡ്യൂട്ടിക്ക് പോവുമ്പോ ...... കൂട്ടുകാര് പറഞ്ഞ കഥകള് ... അരുൺ വിക്കി ...
ചാന്ദ്നിയുടെ മുഖം വലിഞ്ഞ് മുറുകി " നിനക്കും നിന്റെ വീട്ടുകാർക്കും രോഗം വന്നാൽ ചികിത്സിക്കാൻ നഴ്സുമാര് വേണം നിന്റെ കെട്ടിയവള് നഴ്സായാൽ പറ്റൂല ല്ലെ ?
ചാന്ദ്നിയുടെ ഒച്ച കേട്ട് ഭവാനി അമ്മ ഓടി മുകളിലെത്തി.
"മോളെ ... ടീ ... അവർ വേലലാതിയോടെ വിളിച്ചു.
ചാന്ദ്നി "ഇവനൊക്കൊ ആശുപത്രിയിൽ ടി ടി എടുക്കാൻ വരുന്ന നഴ്സിനോട് കിന്നാരം പറയാം പക്ഷെ സ്വന്തം ഭാര്യ നഴ്സാകാൻ പാടില്ല ... " ചാന്ദ്നി നിന്നു വിറച്ചു. ഭവാനിയമ്മ ചാന്ദ്നിയുടെ വായ് പൊത്തി പിടിക്കാൻ ശ്രമം നടത്തി...
ഇത് കണ്ട് അരുൺ വേഗം സ്റ്റെപ്പ് ഇറങ്ങി താഴെ എത്തി. ഭവാനിയമ്മയുടെ കൈ തട്ടി മാറ്റി ചാന്ദ്നി ആക്രോശിച്ചു ... "അവന് വേണ്ടത് ഭാര്യയെ അല്ലമ്മെ അടിമയെ ആണ് അവന്റെ വീട്ടിലെ പണിയെടുക്കാനും അവന്റെ അച്ചനെയും അമ്മയെയും നോക്കാനും അവന്റെ കാര്യങ്ങൾ സാധിക്കാനുമുള്ള അടിമ ! എനിക്ക് അതിന് സൗകര്യമില്ല ! ഞാൻ പഠിക്കും, ജോലി ചെയ്യും എന്റെ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് നോക്കും നിങ്ങൾക്ക് ബുദ്ധിമുട്ടാണങ്കിൽ പറഞ്ഞാൽ മതി ഞാൻ എവിടേ ങ്കിലും പൊയ്ക്കോളാം "
"ശരി സമ്മതിച്ചു നീയൊന്ന് അടങ്ങ് മോളെ "ഭവാനിയമ്മ കരയാൻ തുടങ്ങി.
ചാന്ദ്നി സിമന്റ് ബഞ്ചിൽ ഇരുന്നു.
കരയുന്നതിനിടയിൽ ഭവാനിയമ്മ "അല്ല മോളെ നീ പഠിച്ച് ജോലി വാങ്ങി മോനെ കൂട്ടി കൊണ്ട് വരുമ്പോൾ അവൻ വന്നില്ലെങ്കിലോ ?"
" ഞാൻ ഒറ്റക്ക് ജീവിക്കുമമ്മെ! എന്നെ പോലെ ഉള്ളവർക്ക് വേണ്ടി ജീവിക്കും, ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കും, പിന്നെ നിങ്ങൾക്ക് വേണ്ടി ജീവിക്കും ! ചാന്ദ്നി ഉറച്ച സ്വരത്തിൽ പറഞ്ഞു. എനിക്ക് കല്യാണം കഴിച്ചാൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങൾ ഇനി വേണ്ടമ്മെ .. പെണ്ണന്ന് മാത്രം പറയാതെ ഒരു സഹജീവിയായി മാത്രം എന്നെ കണ്ടാൽ മതി.
ഭവാനിയമ്മ മോളെ കെട്ടിപിടിച്ചു ചാന്ദ്നിക്കും തന്റെ കണ്ണുകൾ നിറഞ്ഞു വന്നു ..അവൾ അമ്മയുടെ നെറ്റിയിൽ ഉമ്മ വെച്ചു.
ജീസ് കൈതാരം