ഹൂറിയും ജിന്നും - 1


*ജിന്നിന്റെ മരണം*- 2
അദ്രുമാൻ കാക്കയുടെ തൊടിയില് വാഴക്ക് ചെത്തി കൂട്ടാൻ മണി ഒറ്റക്കായിരുന്നു ... തോലനും വെളളിയും വരാമെന്ന് പറഞ്ഞിട്ട് വന്നില്ല , വാഴന്റെ ഉണങ്ങിയ കയ്യെല്ലാം മുറിച്ച് ഒരു അരുക്ക് കൂട്ടി , പുല്ലെല്ലാം വരണ്ടി അയിന്റെ മോളിൽ 2 തൂമ്പാ മണ്ണും തടുത്തു കൂട്ടിയാൽ ഒരു വാഴന്റെ പണി കഴിഞ്ഞു. ഉച്ചക്ക് മുമ്പ് 16 എണ്ണം കഴിഞ്ഞു .... മണി എണ്ണി നോക്കി , വൈന്നേരത്തിനുള്ളിൽ 30 എങ്കിലും കയിഞ്ഞില്ലെങ്കിൽ മൂപ്പരുടെ കോന്ത്ര കണ്ണ് മിഴിയും....

മണി കഞ്ഞി മോന്തി കുടിച്ച് ചിറി തുടച്ച് കാന്താരിയും കടിച്ച് ഏമ്പക്കം വിട്ടു. "നീയ് ഇരിക്കണില്ലെ മണിയെ "കഞ്ഞി കുടി കഴിഞ്ഞ് ഒന്ന് മുറുക്കാനിരിക്കണ പതിവ് കണ്ടിരിക്കണ ജാനുവേടത്തി വിളിച്ചു ചോയ്ച്ചു ... "ഇല്ല ജാനിയേച്ചി പണിതീർന്നിട്ടില്ല" മണി തോർത്ത് കുടഞ്ഞ് തലയിൽ ചുറ്റി വെയിലേലിക്കിറങ്ങി ..
നാട്ടാരെല്ലാം വിളിക്കണ കേട്ടാണ് കുഞ്ഞ് മണി ചെറുപ്പത്തിലെ ജാനിയേച്ചി എന്നു വിളിക്കാൻ തുടങ്ങിയത് :...ജാനകിയമ്മയുടെ കെട്ടിയോൻ ആശാരി കൃഷ്ണൻ മണി വയറ്റിലുള്ളപ്പോൾ പഴനിക്ക് പോയിട്ട് പിന്നെ ആരും കണ്ടിട്ടില്ല. ആടിനെയും പശുവിനെയും വളർത്തിയാണ് മണിയെ അവർ പത്താം തരം വരെ പഠിപ്പിച്ചത്. പത്തില് പരീക്ഷക്ക് മണിക്ക് ടൈഫോയ്ഡ് പനി പിടിച്ചു ... പിന്നെയൊട്ട് എഴുതിയതുമില്ല. എഴുതാൻ സ്കൂളിലെ മാഷ് വന്ന് പറഞ്ഞപ്പോ മണിയുടെ മറുപടി ഇങ്ങനെയായിരുന്നു " ആദ്യത്തെ കുത്ത് എഴുതിയെങ്കിൽ നോക്കായിരുന്നു മാഷെ " ഇനീപ്പോ ഞാൻ ഏടെയെങ്കിലും പണിക്ക് പോയ്ക്കോളാ..." മണി പണിക്ക് പോയി എല്ലാ ദിവസവും എല്ലാ പണിയും എടുക്കും കറുത്തിരുണ്ട ശരീരത്തിൽ തത്തികളിക്കുന്ന മസിലുകൾ ആണ് അതിന്റെ സാക്ഷികൾ ... "മണീ വൈന്നേരം വരുമ്പോ കുറച്ച് പിണ്ണാക്കും വെല്ലവും വാങ്ങണം ട്ടോ " ജാനകിയമ്മ വിളിച്ചു പറഞ്ഞു ... തിരിഞ്ഞു നോക്കാതെ തലയാട്ടി മണി നടന്ന് മറഞ്ഞു.



അദ്രുമാന്റെ വാഴ തൊടിയിലേക്ക്  കടക്കുമ്പോൾ കണ്ടു തൊടിയിലാരോ ഉണ്ട് ... കാക്ക പള്ളീല് പോയതാണല്ലോ ഇതാരാണാപ്പാ ? ശബ്ദമുണ്ടാക്കാതെ മണി വാഴകൾ താണ്ടി മുന്നോട്ട് കുതിച്ച് ഒച്ചയുണ്ടാക്കി "ആരാണ്ടറാ അത് "
വള കിലുങ്ങുന്നതിന്റെ ഒപ്പം ആരോ മലർന്നടിച്ച് വീണു ...ധിം... മണി ഓടിച്ചെന്നു... ഉരിഞ്ഞ കായും നെഞ്ചിൽ താങ്ങി മലർന്ന് കിടക്കുന്ന ഒരു പെൺകുട്ടി ..... മുഖം തട്ടം വീണ് മറഞ്ഞിരിക്കുന്നു. അവൾ പതിയെ എഴുന്നേറ്റിരുന്നു.... മണി ആ മുഖം കണ്ടു ! കഴിഞ്ഞാഴ്ച്ച താൻ ചേട്ടന്റെ തെങ്ങിലിരുന്ന് കണ്ട കാഴ്ച്ചവസ്തു ! പുതയന്റെ ചായ കടയിൽ നിന്ന് നടന്ന് മറഞ്ഞവൾ ...! മണിയുടെ ഉമിനീർ വറ്റി ... " ഞാൻ കറിക്ക് രണ്ട് കായ ... ങ് ..... ഈടെ വെറുക്കനെ കിടക്കാണല്ലോ ..." മണി തെന്നി കളിക്കണ കരിനീല കണ്ണുകളും ചെന്താമര ചുണ്ടുകളും ഇളകിയാടുന്ന ജിമിക്കിയും കണ്ടങ്ങനെ അന്തിച്ച് നിന്നു ....!

അവൾ പിന്നെയും എന്തൊക്കൊയോ പറഞ്ഞ് പതിയെ മണ്ണ് തട്ടി എഴുന്നേറ്റ് അവനെ കടന്ന് പോയപ്പോൾ മണിയുടെ മൂക്കിലേക്ക് കാച്ചെണ്ണയുടെ ഗന്ധം തുളച്ച് കയറി ... "നിക്ക് " .... മണി ഒച്ചയുണ്ടാക്കി അവൾ തിരിഞ്ഞ് കൈയ്യിലെ കായ നീട്ടി ..... വേണ്ടന്ന് തലയാട്ടി മണി ശ്വാസം വലിച്ച് വിട്ട് ചോദിച്ചു .... "ഇന്റെ പേരെന്താ?" ..... അവൾ അവന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി പിന്നെ തിരിഞ്ഞു ... രണ്ടടി മുന്നോട്ട് വച്ച്  പറഞ്ഞു " ജമീല " ....പിന്നെ അവൾ വാഴതൊടിയിലുടെ അണ്ണാൻ കുഞ്ഞിനെപ്പോലെ ഓടി മറഞ്ഞു .... മണിയുടെ കാതിൽ നിന്ന് കുപ്പി വളകിലുക്കം അകന്നകന്ന് പോയി ... അവൻ ഉരുവിട്ടു .." ജമീല " .....
തുടരും ...
*ജീസ് കൈതാരം*

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്