പാതിരാ കുമ്പസാരത്തിലേക്കുള്ള വഴി
എന്നെങ്കിലും പുസ്തകമൊക്കൊ എഴുതി പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തിന് വിദൂരതയിലുള്ള സ്വപ്നങ്ങൾ ഞാൻ കാണാറില്ല അല്ലെങ്കിൽ പറയാറില്ല എന്നതാണ് ശരിയുത്തരം ! ഒരു പാട് ആഗ്രഹിക്കുന്നവ നടക്കാതിരിക്കുകയും എന്നാൽ വളരെ കാലത്തെ സ്വപ്നം പെട്ടെന്ന് തീരുമാനിച്ച് നടപ്പിലാവും എന്നത് പലവുരു എന്റെ ജീവിതത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഉദാ: എന്റെ ജോലി, വീട്, ഭാര്യയുടെ ജോലി etc.
സ്വപ്നം കാണുന്നവരോട് ഉപദേശിക്കാൻ വലിയ വാക്കുകളൊന്നും ഇല്ല "സ്വപ്നം മാത്രം കണ്ടാൽ പോരാ അതിലേക്ക് ഒരു ചെറു ദൂരമെങ്കിലും മുന്നോട്ട് പോവാൻ എന്തെങ്കിലും ദിവസവും ചെയ്യുക " എന്ന് മാത്രം !
എന്തെങ്കിലുമൊക്കൊ കുത്തി കുറിക്കുമെങ്കിലും കപിലയിലെ നാടകങ്ങളുടെ ഭാഗമായപ്പോഴാണ് എഴുത്തിന്റെ ശരിയായ ഘട്ടത്തിലേക്ക് കടന്നത് അതിന് ശക്തി പകർന്നത് "ശ്രമിക്കു ജീസെ " എന്ന സുജിത് മാഷിന്റെ വാക്കുകളാണ്. പലപ്പോഴായി നാടിനെ കുറിച്ചെഴുതിയ ചെറുകഥകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. അതിന്റെ 80% കഥകളും പൂർത്തിയായതും ആണ് . തിരക്കുകൾ കാരണം ബാക്കി 20% ഇപ്പോഴും അങ്ങനെ നിൽക്കുന്നു. ഒരേ സമയം പല കാര്യങ്ങൾക്ക് ഇറങ്ങി തിരിച്ചാൽ ഇതാണ് ഫലമെന്നുള്ളതാണ് ഇതിന്റെ മറുവശം!
അങ്ങനെ കപിലക്ക് വേണ്ടി എഴുതിയ 5 നാടകങ്ങൾ , കൂട്ടുകാരി സീനയുടെ സ്കൂളിലെ കുട്ടികൾക്ക് അവതരിപ്പിക്കാൻ ആകാശവാണിക്ക് വേണ്ടി എഴുതിയ ജനറേഷൻ ഗ്യാപ് ഇവയെല്ലാം ചേർത്ത് ഒരു പുസ്തകമാക്കാൻ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു.
എഴുത്തിന് കാരണക്കാരയവരുടെ നിര വളരെ വലുതാണ് അതിൽ ഏറ്റവും ആദ്യം അമ്മ തന്നെ ആണ് ,അമ്മ പറഞ്ഞ് കേട്ടിട്ടുള്ള നാട്ടിൻപുറത്തെ കഥകളിലെ ഗുളികനും ഒടിയനുമൊക്കൊ പിന്നീട് വെറും തട്ടിപ്പാണന്ന് ഈ വലിയ പ്രായത്തിൽ അമ്മയോട് തർക്കിക്കുമ്പോഴും എന്നിലെ കുട്ടി അതെല്ലാം മറുവശത്തിരുന്ന് ആസ്വദിക്കുന്നത് എനിക്ക് കാണാം.
അമ്മയെ അച്ചാച്ചൻ വിളിക്കുന്നത് ഡാറ്റാ ബാങ്കെന്നാണ് നാട്ടിലെ ഏതൊരാളിന്റെയും 3 തലമുറ വരെയുള്ള കാര്യങ്ങൾ അമ്മക്ക് കാണാപാഠമായത് കൊണ്ടാണ് അമ്മയെ അങ്ങിനെ വിളിക്കുന്നത്. അങ്ങനെ അമ്മ പറഞ്ഞ് കേട്ടിട്ടുള്ള പല കഥകളും ഞാൻ ചൂണ്ടി എഴുതി വച്ചിട്ടുണ്ടെ! അമ്മ പറഞ്ഞ ആ കഥകളിൽ ജീവിതവും വേദനകളുമുണ്ട് .. ഹൃദയസ്പർശിയുമാണ് കാരണം ഒറ്റക്ക് രണ്ട് മക്കളെ കഷ്ടപ്പെട്ടു വളർത്തിയ ഒരമ്മക്ക് മറ്റുള്ളവരുടെ ജീവിതം നന്നായി മനസിലാക്കി പറയാനും പറ്റും !
ഇത്തരം കഥാകഥനങ്ങൾക്ക് വേദിയാവുന്നത് ഞാൻ കണ്ടിട്ടുള്ളത് കാർത്ത്യേനേടത്തി യുടെ വീട്ടിൽ കൊയ്ത്തെല്ലാം കഴിഞ്ഞ് നെല്ലുകുത്തി അവലെടുക്കുന്ന നേരത്താണ് , രാത്രി വൈകി നെല്ലുകുത്തലിന്റെ താളം കാതോർത്ത് ഉറങ്ങാൻ കിടക്കുന്ന ചേച്ചിയും ഞാനും താളം നിലക്കുമ്പോൾ താനെ കണ്ണു തുറക്കും അപ്പോൾ കേൾക്കുന്നത് ആ നാട്ടിലെ പുതിയ ഏതെങ്കിലും സംഭവ വികാസങ്ങളുടെ കെട്ടഴിക്കൽ ആയിരിക്കും.
അതെങ്ങനെ എന്ന് തോന്നണ്ട, പാടത്ത് ഞാറു നടുന്നതിനിടയിൽ, കൊയ്ത്തിനിടക്ക് , കാപ്പി പറിക്കൽ ,കവാത്ത്, ഇഞ്ചി പണി തുടങ്ങി ഏത് പണികൾക്കിടയിലും ഇത്തരം ഡാറ്റകൾ സമൃദ്ധമായി കൈമാറ്റം ക്ഷമിക്കണം കാത് മാറ്റം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. അമ്മയെ കുറിച്ച് എഴുതാനണങ്കിൽ 5 - 6 എപ്പിസോഡിലൊന്നും തീരില്ല ബാക്കി അടുത്ത പുസ്തകമിറങ്ങുമ്പോഴാകട്ടെ !
അങ്ങനെ നമ്മുടെ ആദ്യ പുസ്തകം 2023 ഏപ്രിൽ 21 ന് പുറത്തിറങ്ങുകയാണ് കുട്ടുകാരെ .. അപ്പോൾ ചിലരെ ഓർമിക്കാതെ പോകുന്നത് ശരിയല്ലല്ലോ?
അമ്മയെ കൂടാതെ, ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥർ, ഒരു ചായ പോലും കുടിക്കാതെ പത്രപാരായണത്തിന് ചെല്ലുമ്പോൾ സ്വീകരിച്ചിരുത്തുന്ന പുതയണ്ണന്റെ ചായക്കട, മാസികകൾ നയാ പൈസ കൊടുക്കാതെ ചൂടോടെ വായിക്കാനായി മാത്രം സോപ്പിട്ട് ചെല്ലുന്ന ഷെരീഫിന്റെ ഉപ്പുപ്പാന്റെ മേപ്പാടിയിലെ പെട്ടിക്കട, ഇതേ കാരണം കൊണ്ട് മാത്രം അന്വേഷിച്ച് ചെന്നിരിക്കുമ്പോൾ ചായയും പലഹാരങ്ങളും തരുന്ന ചേച്ചിയുടെ കൂട്ടുകാരി കൃഷ്ണജയുടെ അമ്മ,
ആദ്യമായി ഒരു നോവലിന്റെ അംശങ്ങൾ കാണിച്ചു തന്ന അച്ചാച്ചന്റെ മരപെട്ടിയിലെ കയ്യെഴുത്ത് പ്രതികൾ , സ്കൂള് വിട്ട് പോരുന്ന എന്റെ കയ്യിൽ പിറ്റേന്ന് എത്തുന്ന വീക്കിലി തന്നയക്കുന്ന പത്രക്കാരൻ ജോണിച്ചേട്ടൻ (രണ്ട് കിലോമീറ്റർ നടപ്പിനിടയിൽ മുഴുവൻ വായിച്ച് തീർക്കും , കഴിയോ സക്കീർ ഭായിക്ക് )
ടോൾസ്റ്റോയിയും ഡിക്കൻസുമൊക്കൊ ഒളിച്ചിരുന്ന മാട്ടൂൽ ഓർഫനേജിലെ ലൈബ്രറി, മാഷമ്മാരുടെ പേരിൽ മാത്രം കിട്ടിയിരുന്ന ലൈബ്രറി സംവിധാനത്തിൽ എന്റെ പേരിൽ കൂടി പുസ്തക ങ്ങളെടുക്കാൻ അനുവദിച്ച മാട്ടൂൽ സ്കൂളിലെ അധ്യാപകർ, അതിൽ യുവജനോത്സവത്തിൽ ആദ്യമായി ഒരു കഥക്ക് സമ്മാനം കിട്ടിയപ്പോൾ മാതൃഭൂമിക്ക് നിർബന്ധിച്ച് അയച്ചു കൊടുത്ത മഹിജ ടീച്ചർ, പഠിപ്പിലൊന്നും വലിയ കാര്യമില്ലന്ന് പറഞ്ഞ് ദിവസവും വാർത്തകളുടെ ലോകവുമായി എത്തുന്ന പ്രിയ കൂട്ടുകാരൻ സിറാജ്
ഞാനും ബിജുവും മത്സരിച്ച് വായിച്ചു തീർത്ത തിലക് ലൈബ്രറിയിലെയും കോതാട് വായനശാലയിലെയും പുസ്തകങ്ങളിലെ അഗതാ ക്രിസ്റ്റിയും കോനൽ ഡോയലും ഹിച്ച് കോക്കും ഞങ്ങളുമായി ചർച്ചക്ക് വന്നതും ഞങ്ങൾ കളിക്കുന്ന ഹോംസ് - വാട്സൺ കളിയും അണ്ടനെ എല്ലാം ...
ആർത്തി പിടിച്ച് കണ്ട് തീർക്കുന്ന സിനിമകളിലെ കഥകളുടെ രണ്ടാം ഭാഗം ചിന്തിക്കലും അതിന്റെ കഥ മാറ്റി പറയലുമൊക്കെ കേൾക്കുന്ന പ്രിയ കൂട്ടുകാർ വരെ ...
കൂട്ടുകാരിൽ ആണും പെണ്ണുമൊക്കെ പെടും കേട്ടോ ആരും പിണങ്ങണ്ടാ.. അങ്ങോട്ട് എഴുതന്നെ .... എന്നൊക്കെ സ്നേഹത്തോടെ പറയുന്ന നിങ്ങളെ എങ്ങിനെ ഒഴിവാക്കും ?
ലിസ്റ്റ് ഇത്തിരി നീണ്ടതാണല്ലെ ? ഇടക്കുള്ള ചിലതെല്ലാം വിട്ടുകളഞ്ഞതാ ... ചുമ്മാ പട്ടാളക്കഥകളെന്ന് പറഞ്ഞ് നിങ്ങൾ കളിയാക്കിയാലോ ? അതിനെ പറ്റിയും വേറെ ചിലതൊക്കൊയും അടുത്ത പുസ്തകമിറങ്ങുമ്പോൾ എഴുതാമെ... വിടില്ല ഞാൻ ...
അപ്പോൾ ശരി ഏപ്രിൽ 21 ന് ചങ്ങമ്പുഴ പാർക്കിൽ രാത്രി ഏഴിന്
" പാതിരാ കുമ്പസാരം " പുസ്തക പ്രകാശനം !
എല്ലാവരും എത്തുമല്ലോ?
സ്നേഹപൂർവം
ജീസ് കൈതാരം