ഓം ശാന്തി ഓശാന

ലില്ലിയുടെ കൈയ്യിൽ നിന്ന് പൊട്ടുന്ന ഗ്ലാസിന്റെ എണ്ണം മൂന്ന് ! പൊട്ടിയ ഗ്ലാസിൻ കഷണങ്ങൾ പെറുക്കിയെടുക്കുന്നിതിനിടയിൽ ലില്ലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു അത് ഗ്ലാസിന്റെ അരികു കൊണ്ട് കൈ മുറിഞ്ഞത് കൊണ്ടായിരുന്നില്ല , ഡേവിസിന്റെ വാക്കുകൾ കേട്ടിട്ടായിരുന്നു.. " ഈ മാസം 3ാമത്തെ ഗ്ലാസാണ് പൊട്ടിക്കുന്നെ , കണ്ടവൻമാരെ ഒക്കെ വിചാരിച്ച് ജോലി ചെയ്താൽ ഇങ്ങനെയിരിക്കും, ഈ മാസം ശമ്പളത്തിൽ നിന്ന് ഞാൻ പൈസ പിടിക്കും ! " ലില്ലി കണ്ണീരോടെ അവിടെ നിന്നിറങ്ങി. ആകെ കിട്ടുന്ന 1000 രൂപയിൽ നിന്ന് പൈസ പിടിക്കുമെന്ന് പറഞ്ഞാൽ ആർക്കാണ് സങ്കടം വരാത്തത് !

 ദിവസവും നാലഞ്ച് കടകളിൽ പോയി അടിച്ച് വാരണം, ചായയുണ്ടാക്കി കൊടുക്കണം , അറിയാതെ പറ്റി പോയതാണ് കടക്കുള്ളിൽ ചെല്ലുമ്പോൾ ഡേവിസിനെ തട്ടാതെയും മുട്ടാതെയും വേണം പണിതീർത്ത് ഇറങ്ങാൻ ഡേവിസാണങ്കിൽ പിറകിൽ വന്ന് മിണ്ടാതെ നിൽക്കും. അടിച്ചു വാരുമ്പോൾ തുറിച്ച് നോക്കി കൊണ്ട് നിൽക്കും. മനപൂർവം വന്ന് ദേഹത്ത് തട്ടും, ഒഴിഞ്ഞ് മാറിയപ്പോഴാണ് ഗ്ലാസ് താഴെ വീണത് തന്റെ വിധി എന്നല്ലാതെ ആരോട് പറയാൻ .

"എടീ മേരിയെ നീ എവിടെ പോയടി കൂ .... മോളെ " എന്റെ വെള്ള ഷർട്ട് എവിടെ ? ഡേവിസ് അലറി മേരി ഓടി കൊണ്ട് വന്ന് ഷർട്ട് എടുത്തു കൊടുത്തു. "ബട്ടൺസ് ഇനി നിന്റെ അപ്പൻ വന്ന് ഇട്ടു തരോ ?" ഡേവിസ് കൈ ഓങ്ങി. മേരി ബട്ടണിട്ട് കൊടുത്തു. കണ്ണാടിയിൽ നോക്കി മീശ ഒന്ന് തടവി ഡേവിസ് ഇറങ്ങി പോയി. 

"അതേയ് ഒരു കാര്യം പറയാനുണ്ടായിരുന്നു ഇന്നലെ ശോശന്ന വന്നിരുന്നു അവളുടെ കെട്ടിയോന് തീരെ വയ്യ "
"അതിന് " ഡേവിസ് തിരിഞ്ഞ് നിന്നു.
" അല്ല നാളെ ചെക്കപ്പിന് കൊണ്ടുപോകാൻ 500 രൂപയുണ്ടങ്കിൽ കൊടുക്കാൻ പറഞ്ഞു. 
ഡേവിസ് ആലോചനയോടെ മീശ തടവി പിന്നെ എന്തോ മനസ്സിൽ ഉറപ്പിച്ച് പറഞ്ഞു. "ഞാൻ പള്ളിയിൽ പോകുന്ന വഴി അവിടെ കൊടുത്തേക്കാം " . ഇല്ലന്ന് മുഖത്തടിച്ച് പറയുന്ന കെട്ടിയോന് എന്ത് പറ്റിയെന്ന് മേരി ആലോചിച്ച് നിൽക്കുന്നതിനിടെ ഡേവിസ് ജീപ്പിന്റെ താക്കോലുമെടുത്ത് പടിയിറങ്ങി പോയി.

ജീപ്പാടിക്കുന്നതിനിടയിൽ ഡേവിസ് ഒരു പാട്ട് മൂളി .. ലില്ലി പോയാൽ ശോശന്ന വരും നോക്കുമ്പോൾ ലില്ലിയെക്കാൾ നല്ലത് ശോശന്ന തന്നെയാണ് ലില്ലിക്ക് കെട്ടിയവൻ ഉണ്ട് ശോശന്നയുടെ കെട്ടിയോൻ മരത്തിൽ നിന്ന് വീണ് കിടപ്പിലായിട്ട് വർഷങ്ങളായി ... എന്തെങ്കിലും സംഭവിച്ചാൽ തന്നെ അവൾക്ക് പരാതിയുണ്ടാവില്ല. ഡേവിസ് ജീപ്പ് ശോശന്നയുടെ വീട്ടിലേക്കുള്ള വഴിക്ക് തിരിച്ചു വിട്ടു.

"മുതലാളിയെന്താ രാവിലെ ? വീട്ടിൽ നിന്ന് ഒതുക്കുകൾ ഇറങ്ങി വന്ന ശോശന്ന ചോദിച്ചു.
" ശോശന്ന പള്ളിയിൽ പോകാൻ ഇറങ്ങിയാതാണോ ?" നീല സാരിയിൽ അവൾ കൂടുതൽ സുന്ദരിയാണല്ലോ എന്ന് ഓർത്ത് ഡേവിസ് മറു ചോദ്യമയച്ചു.
"ഇന്ന് ഓശാനയല്ലേ മുതലാളി " ശോശന്ന വിനയാതീതയായി. 

"എന്നാൽ ശോശന്ന കേറിക്കോ ഞാനും പളളിയിലേക്കാ " ഡേവിസ് വണ്ടി തിരിക്കാൻ ഒരുങ്ങി.
"അല്ല മുതലാളി ഞാൻ നടന്ന് വന്നോളാം " ശോശന്ന വിനയാതീതയായി ... 
"അതെന്നാ ശോശന്നെ ഞാൻ അന്യനാണോ ? " എന്നായി ഡേവിസ്
"എന്നാ പിന്നെ ഇവിടെ വരെ വന്നതല്ലെ മുതലാളി ഇച്ചായനെ കാണുന്നില്ലെ?"
"ഓ അതിപ്പോ എന്നാ കാണാനാ പൈലി കിടപ്പല്ലെ കുർബാനക്ക് നേരവും വൈകി ഡേവിസ് ധൃതി കൂട്ടി.

ഗത്യന്തരമില്ലാതെ ശോശന്ന ജീപ്പിന്റെ മുൻ സീറ്റിൽ കയറാനായി മറുവശത്തേക്ക് നടന്നു ഡേവിസ് മീശ തടവി കൊണ്ട് ശോശന്നയുടെ പിൻ ഭാഗഭംഗി നോക്കിയിരുന്ന് സ്റ്റിയറിംഗിൽ താളമിട്ടു.


ജീപ്പ് ഓടിക്കുന്നതിനിടയിൽ ശോശന്നയെ ഇടം കണ്ണിട്ട് നോക്കി ഡേവിസ് ചോദിച്ചു " നീയിന്നലെ കാശിന് വീട്ടിൽ വന്നെന്ന് മേരി പറഞ്ഞു " 
"ആ ഇച്ചായനെ ചെക്കപ്പിന് കൊണ്ടുപോകണ്ട ഡേറ്റ് നാളെയാ അതാ ഞാൻ വന്നെ കടമായിട്ട് മതി കാശ് കൂട്ടിവച്ചതിൽ ഇത്തിരി കുറവുണ്ട് " ശോശന്ന പ്രതീക്ഷയോടെ ഡേവിസിനെ നോക്കി. 

"കാശ് വേണമെങ്കിൽ ശോശന്ന ക്ക് എന്നോട് ചോദിച്ചാ പോരെ? മേരിയുടെ കൈയ്യിലെവിടുന്നാ കാശ് ?" ഡേവിസ് ഉദാരമതിയായി.
"വല്യ ഉപകാരം മുതലാളി " 
ശോശന്ന നന്ദിയോടെ ഡേവിസിനെ നോക്കി.
വണ്ടി പള്ളിയുടെ താഴെ എത്തിയിരുന്നു. ഡേവിസ് വണ്ടി നിർത്തി പോക്കറ്റിൽ നിന്ന് 500 ന്റെ രണ്ട് നോട്ടെടുത്തു ശോശന്നക്ക് നീട്ടി.
" ദേ ആയിരമുണ്ട് ശോശന്ന വച്ചോ ഇനീം ആവശ്യമുണ്ടേൽ പറഞ്ഞാൽ മതി " പൈസയും വാങ്ങി ഡേവിസിനെ തൊഴുതു പോകാനിറങ്ങിയ ശോശന്നയെ വീണ്ടും ഡേവിസ് വിളിച്ചു " ശോശന്നോ അതേയ് ഇനി കാശ് വേണമെങ്കില് വീട്ടിലും കടയിലും വരണ്ട കേട്ടോ ... ഉച്ച കഴിഞ്ഞ് ഏലമുണക്കണ പൊക പുരയുടെ അവിടെ വന്നാൽ മതി ഞാനവിടെ കാണും " വഷളൻ ചിരിയോടെ ഡേവിസ് പറഞ്ഞു നിർത്തി.
വണ്ടിയിൽ നിന്നിറങ്ങിയ ശോശന്ന തിരിഞ്ഞു നിന്നു ഡേവിസിനെ അടിമുടി ഒന്നു നോക്കി.

" എടോ ഡേവിസ് മുതലാളി തന്റെ പറമ്പിലെ മരത്തീന്ന് വീണിട്ടാ എന്റെ കെട്ടിയോൻ കിടപ്പായത് അന്ന് താൻ 25000 രൂപ തന്ന് തന്റെ ബാധ്യത ഒഴിവാക്കി. ഇപ്പോ ഗതികേട് കൊണ്ടാ ഞാനാ മനുഷ്യന് മരുന്ന് വാങ്ങാൻ കാശിന് ഇരക്കാൻ വന്നത് ! താനാള് വെടക്കാണന്ന് അറിഞ്ഞിട്ടും തന്റെ വണ്ടീൽ കേറിയത് എന്റെ തെറ്റ് "

"ശോശന്നാ ഒന്ന് പതുക്കെ " ഡേവിസ് പതറി ചുറ്റും നോക്കി പള്ളി നട കേറുന്ന ചിലർ തിരിഞ്ഞു നിന്ന് നോക്കുന്നത് കണ്ട് ഡേവിസ് കൈകൂപ്പി.
" ഇന്നാടോ തന്റെ പുണ്യപ്പെട്ട ഉലുവാ ... കൊണ്ടുപോയി നേർച്ചപ്പെട്ടീല് ഇട് " പൈസ ജീപ്പിനകത്തേക്ക് വലിച്ചെറിഞ്ഞ് ശോശന്ന വെട്ടി തിരിഞ്ഞ് നടന്നു പോയി.

കുർബാനക്കിടയിൽ സ്തോത്ര കാഴ്ച്ചാ പാത്രത്തിൽ ഡേവിസിന്റെ 500 ന്റെ നോട്ടുകൾ തമ്മിൽ നോക്കി ഹോസാന പാടി . ശോശന്നയുടെ കണ്ണീരുണങ്ങിയ മുഖത്ത് നോക്കി അവ പാടി "ഉന്നത വീഥിയിൽ ഓസാന ... ദാവീദിൻ സുതനോസാന " ഇതൊന്നും കാണാൻ ദൈവപുത്രന്റെ രൂപത്തിന് കാഴ്ച്ച ഉണ്ടായിരുന്നില്ല .. അവനെ കുരിശ്ശിൽ തറക്കാനായി വിശ്വാസികൾ ചേർന്നു മുഖം മൂടി അണിയിച്ചിരിക്കുകയായിരുന്നു.
ജീസ് കൈതാരം !




Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്