കാർത്തു - 1
ഇതെന്ത് മറിമായമാണ് ? കാർത്തു ആശ്ചര്യപ്പെട്ടു ഇപ്പോ മുന്നിൽ നിന്ന പയ്യ് നിന്ന നിൽപ്പിൽ കാണാനില്ല! ആറാം നമ്പർ കഴിഞ്ഞ് മേലേക്ക് പശുക്കൾ പോവാറില്ല ... "അമ്മണീ ...."കാർത്തു പാറയുടെ മുകളിൽ നിന്ന് ഉറക്കെ വിളിച്ചു അവളുടെ ശബ്ദം പാറകളിൽ തട്ടി തിരിച്ചു വന്നു എന്തെങ്കിലും മറുപടിക്കായ് അവൾ കാതോർത്തു ,ഇല്ല ഒന്നും കേൾക്കാനില്ല. സാധാരണയായി രാവിലെ കുന്ന് കയറ്റി വിടുന്ന പയ്ക്കളെല്ലാം വൈകുന്നേരമാവുമ്പോഴേക്കും കുന്നിറങ്ങി ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ ഉടനെ അനുസരണയോടെ വീട്ടിലേക്ക് നടപ്പു തുടങ്ങും മണിക്കുന്നിന്റെ താഴെ മണ്ണു റോഡിൽ ആളെത്തുമ്പോഴെക്കും പള്ള നിറച്ച് തിന്ന് തലയാട്ടി അമ്മിണി മുന്നിലുണ്ടാവും ... ഇതിപ്പോ സുബ്രമണിക്ക് കാലില് കുറ്റി തട്ടി നടക്കാൻ വയ്യാണ്ടായി ഇരുപ്പായ കൊണ്ടാ അമ്മണിയെ അന്വേഷിച്ച് കാർത്തുവിന് ഇറങ്ങേണ്ടി വന്നത് ...ശങ്കു മൂപ്പന്റെ പോത്തുകുട്ടൻമാരെയെല്ലാം വിത്ത് കാട്ടിലാണ് തീറ്റാൻ വിടുന്നത് സുബ്രമണി ഇല്ലാത്തത് കൊണ്ട് അമ്മ പറഞ്ഞതാ ശങ്കു മൂപ്പന്റെ പോത്തുകളുടെ കൂട്ടത്തിൽ അമ്മണിയെയും വിട്ടാൽ മതിയെന്ന് ..... പോത്തുകൾ ഉപദ്രവിക്കുമെന്ന് പറഞ്ഞ് കാർത്തുവാണ് അമ്മണിയെ രാവിലെ മണിക്കുന്ന് കയ...