മിസ് നന്ദിനി, വയസ്സ് 26

നാടകം :- *മിസ് നന്ദിനി വയസ്സ് 26*
രചന : *ജീസ് കൈതാരം*
കൂളിംഗ് ഗ്ലാസും ജീൻസും ടോപ്പുമിട്ട് ഒരു കൈയ്യിൽ ബാഗും ഭാരമേറിയ വലിയ സ്യൂട്ട് കേസും കൊണ്ട് രംഗത്തേക്ക് വരുന്ന നന്ദിനി
അവിടുത്തെ ബെഞ്ചിൽ ഇരിക്കുന്നു. പിന്നെ സ്യൂട്ട് കേസിനോടായി :-വാ ഇവിടെങ്ങാനും ഇരിക്കാം വണ്ടി വരാൻ ഒരു പാട് നേരമുണ്ട്.
ഇരുന്ന ശേഷം ഒരേമ്പക്കമിടുന്നു.
പിന്നെ പ്രേക്ഷകരോടായി :- എന്തേ ഇത്ര ചിരിക്കാൻ ? നിങ്ങളാരും ഏമ്പക്കമിടാറില്ലെ? ഓ പരസ്യമായി ഏമ്പക്കമിട്ടതു കൊണ്ടാണോ ? വിദേശ രാജ്യങ്ങളിലൊക്കെ ഏമ്പക്കമിടുന്നത് മോശം സംഗതിയാണത്രെ, പക്ഷെ നമ്മുടെ നാട്ടിൽ ശ്വാസം വിടുന്നതു പോലും വാർത്തയാണല്ലോ ? ഉം... മനസ്സിലായി എന്റെ വേഷഭൂഷാദികൾ കണ്ടിട്ടായിരിക്കും ല്ലെ ... ഞാനെന്താ തുണിയുടുത്തിട്ടില്ലെ? ത്രിരിഞ്ഞ് )ദേ നോക്കിയെ എന്റെ ഡ്രസ്സ് കാണാൻ നല്ല ഭംഗിയില്ലെ ? കഴിഞ്ഞാഴ്ച്ച ശീമാട്ടിൽ പോയി തുണി വാങ്ങി പറഞ്ഞു തയ്പ്പിച്ചതാ ..എന്റെ പാകത്തിനുള്ളത് റെഡിമെയ്ഡ് കിട്ടാനില്ലന്നെ... നല്ലതല്ലെ ... നല്ലതല്ലെ ... ങേ ...? ഉം ...... സൗന്ദര്യമുള്ളവരെ കണ്ടാൽ ആളുകൾ നല്ലോണം നോക്കും അതല്ലെ നിങ്ങളിങ്ങനെ തുറിച്ചു നോക്കുന്നത് ... നോക്കിക്കോ ഇടക്ക് അടുത്തിരിക്കുന്ന ഭാര്യയെയും ഒന്ന് നോക്കണെ അല്ലേൽ ആരേലും അടിച്ചോണ്ട് പോവും ... ഹ ഹ ഹ ... (തിരിഞ്ഞ് )തമാശ പറഞ്ഞാൽ ഒന്നു ചിരിച്ചൂടെ ? ങ്ങേ ?
ങാ വന്നല്ലോ വനമാല... (ഫോണെടുക്കുന്നു .) ഫേസ്ബുക്കും ഇൻസ്റ്റയുമൊക്കെ പാലടപ്പത്തു വച്ച പോലെയാ ഇടക്കിടക്ക് നോക്കിയില്ലെങ്കിൽ ഒരു സുഖമുണ്ടാവില്ല ... നോക്കട്ടെ മെസേജ്
ഡേവിഡ് ചിൻ എന്താണ് ഇട്ടേക്കണത് ... ഒരു selfi വിടാമോ ... അതിനെന്താ വിടാമല്ലോ ... gallery/Album / Selfi ... ദാ പിടിച്ചോ...
:- എന്ത് ക്യൂട്ടാ ..ഒരുമ്മ തരാമോ
:- ഒന്നായിട്ടെന്തിനാ
:- ഉമ്മ ... ഉമ്മ ... ഉമ്മ ...
(ബാക്കി രണ്ടെണ്ണം നിന്റെ അമ്മായിക്കും കൊടുത്തോ )
അപ്പം നമ്മൾ പറഞ്ഞു വന്നതെവിടാ ...? ആ ചേട്ടാ ഭാര്യയെ സൂക്ഷിച്ചോ വല്ലവനും അടിച്ചോണ്ട് പോവും ...ന്ന് നിങ്ങളൊക്കൊ ദിവസവും പത്രം വായിക്കണതല്ലെ ? 3 കുട്ടികളുടെ അമ്മ മൂന്നാമതും ഒളിച്ചോടി പോയി , 18കാരി 58 കാരന്റെ കൂടെ പോയി , 13 കാരിയായ സ്ക്കൂൾ വിദ്യാർനിക്ക് 43 കാരനുമായി അവിഹിതം ... പത്രത്തിലെ ആറാം പേജ് ഞങ്ങള് അവിഹിത ക്കാരുടെ സ്വന്തം ...എന്താ പിന്നെയും ചിരി വരുന്നുണ്ടോ ? എന്റെ രൂപം കണ്ടിട്ടാ ? എന്താടോ ഇത്ര ഇളിക്കാൻ എനിക്കെന്താ കുറവ്? പെണ്ണിനുള്ള എല്ലാം എനിക്കുമില്ലെ? അതിന് ചില മാന്യപുരുഷുക്കൾക്ക് പെണ്ണ് തന്നെ വേണമെന്നില്ലല്ലോ? 8 ഉം 80 ഉം ഒരുപോലെ അല്ലെ ... കോലിൽ തുണി ചുറ്റി നടന്ന് പോയാലും കേറി പിടിക്കും ...എന്നിട്ട് ആണത്തത്തെ ചോദ്യം ചെയ്യരുതെന്ന് ഒരു ബോർഡും സോഷ്യൽ മീഡിയ ആങ്ങളമാരുടെ വക ... ഹ....ഹ ഹ... 
ദേ അവിടെ ഒരുത്തൻ കുശു കുശുക്കണ കണ്ടോ ? ഇവക്ക് ഇത് എന്തിന്റെ കേടാ...? ഇല്ല എനിക്കൊരു കേടുമില്ല ...ന്നാ ഞാൻ പോട്ടെ ... ഏയ് ഓട്ടോ ... ങാ ... സ്ളോവാക്കി ഓ എന്നെ കണ്ടിട്ട് അവന്റെ ഓട്ടോയിൽ കേറ്റാൻ പറ്റില്ലെന്ന് തോന്നി കാണും വിട്ട് പോയി ... കൊരങ്ങൻ .... ഊബർ വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ ... ഈ പാതിരാക്ക് ഇനി നമ്മളെങ്ങനെ പോവും ഡ്യൂഡ്?... പാതിരാക്ക് പോയില്ലെങ്കിൽ നേരം വെളുത്തിട്ട് പോവാം ... ഒരു മണി അല്ലെ ആയുള്ളു നമുക്കിങ്ങനെ കൊച്ച് വർത്താനം പറഞ്ഞ് നേരം വെളുപ്പിക്കാന്നെ അല്ലെ ചക്കരെ ? ഞാനെവിടാ പറഞ്ഞ് നിർത്തിയത് ? സോഷ്യൽ മീഡിയ ആങ്ങളമാരുടെ കാര്യം .....അവർക്ക് അവരുടെ വീട്ടിലെ പെണ്ണുങ്ങൾ ഉണ്ടോ , ഉടുത്തോ എന്ന് നോക്കിയില്ലേലും നമ്മൾ പെണ്ണുങ്ങള് ഒരു ഫോട്ടോ ഇട്ടാൽ നെഞ്ചത്ത് തുണി ഇട്ടില്ല, സാരി കുത്തിയത് ഇറങ്ങി പോയി , കാല് പൊക്കിയത് കൂടി പോയി എന്നിങ്ങനെ ഉപദേശങ്ങളുമായി എത്തിക്കോളും ...
ഞാനീ ഉപദേശം ആദ്യമായ് കേട്ടത് വീട്ടിലെ മുത്തശ്ശിടെ വായീന്നാ 10 -13 വയസ്സ് പ്രായത്തില് പറയും വിളക്കുവെയ്ക്കുമ്പോൾ പെൺകുട്ട്യോള് മുടി ചീവാൻ പാടില്ലാ, കാല് ആട്ടരുത്, കാല് കാലിൽ കയറ്റി വയ്ക്കരുത് നന്ദിനി കുട്ടി ... ഓ...നന്ദിനി കുട്ടീന്ന് കേട്ടപ്പോൾ ദേ വീണ്ടും ചിരിക്കണു... അന്ന് ഞാൻ നല്ല ക്യൂട്ട് നന്ദിനി കുട്ടി തന്നെയാടോ വാര്യരെ ... കണ്ണെഴുതി പൊട്ടുതൊട്ട് മുടി പിന്നിയിട്ട് താലവും പിടിച്ച് അമ്പലത്തിൽ ദീപാരാധനക്ക് പോവുമ്പോ ചെക്കൻമാര് വഴിയിലിങ്ങനെ കാത്ത് നിൽക്കാവും ഒരു നോട്ടം കിട്ടാൻ ... ഹോ എനിക്കും അതറിയാം ... ഞാനും ഇടം കണ്ണിട്ട് അവൻമാരെ നോക്കും ... ഞാൻ നോക്കീന്ന് കാണുമ്പോ വഷളൻ മാരുടെ മുഖം നിലാവു കണ്ട കോഴിയെ പോലെയാവും ... ഹി ഹി .... 13 തികഞ്ഞപ്പോഴെ വയസ്സറിയിച്ചു ... വീട്ടിലെല്ലാവർക്കും വല്യ ഉത്സവമായിരുന്നു , സ്നേഹം കൊണ്ട് എന്നെ മൂടി.... മുത്തശ്ശി ടെ ഉപദേശത്തിന് പുറമെ ഉപദേശകരുടെ എണ്ണവും കൂടി ... അത് ചെയ്യരുത്, അങ്ങനെ നടക്കരുത് ..... ഹോ ...ഒരു വർഷം ... പതിനാലാം പിറന്നാളിന്റെ തൊട്ട് മുമ്പ് ... ഒരു ദിവസം തല കറങ്ങി വീണു ... മാസക്കുളി ആയതിന്റെ ക്ഷീണമാണന്നാ എല്ലാരും കരുത്യേ ... അന്ന് വൈകീട്ട് നല്ലോണം പനിച്ചു ... പനി 2 ദിവസം കൊണ്ട് മാറി ...പിന്നെ ഞാനറിയാതെ എന്റെ ശരീരത്തിൽ എന്തൊക്കൊയോ മാറ്റങ്ങള് ... മാസ കുളികളുടെ സമയം തെറ്റി ... ഏതൊക്കൊയോ ഡോക്ടർമാരെ കണ്ട് എന്തെക്കോ യോ മരുന്നുകൾ കഴിച്ചു ... ഫലം ഒന്നും നേരെയായി യില്ല എന്റെ ശരീരം മാത്രം ഞാനറിയാതെ ഇങ്ങനെ വളർന്നു ... സ്കൂളിലും കോളേജിലും ഞാനൊരു കാഴ്ച്ചവസ്തുവായി ... ശരീരത്തിന്റെ ഒപ്പം ബുദ്ധിക്ക് കുഴപ്പമൊന്നും സംഭവിക്കാത്തത് കാരണം ഞാനൊരു ഡിഗ്രിക്കാരിയായി. കോളേജിലെ മലയാളം ക്ലാസിൽ ആരണ്യകാണ്ഡം പഠിപ്പിച്ച സാർ കഥാപാത്രങ്ങളിലൊരാളുടെ വർണന തുടങ്ങിയപ്പോൾ എല്ലാരുടെയും കണ്ണ് എന്റെ നേരെയായ് .. കഥാപാത്രത്തിന്റെ പേര് ശൂർപ്പണക... പിന്നെ പിന്നെ കോളേജിന്റെ ഇടനാഴികളിൽ ഞാൻ നടന്ന് പോവുമ്പോൾ പിള്ളേര് ആ പേര് കുശുകുശുത്തു ... ഞാൻ മൈൻഡ് ചെയ്തില്ല കാരണം എന്റെ മനസ്സിൽ സാറിന്റെ വാക്കുകളായിരുന്നു "എഴുത്തച്ചനും വാൽമീകിയും മനസ്സിൽ കണ്ട് എഴുതിയ ഭീമകാരവും വിരൂപിണിയുമായ ഒരു രാക്ഷസി മാത്രമല്ല അവൾ ... രാമനെ ആരാധിച്ച് സ്വന്തമാക്കാൻ ആഗ്രഹിച്ച നഷ്ട പ്രണയത്തിന്റെ പേരിൽ അപമാനിതയായ ഒരു പാവം സ്ത്രീയായിരുന്നു.... മജ്ജയും മാംസവും മോഹവും കാമവും ഒക്കെ ഉള്ള ഒരു സാധാരണ പെണ്ണ് ...

 ഞാനും ഒരു സാധാരണ ജീവിതമാണ് കൊതിച്ചത് ... എല്ലാവരെയും പോലെ ഒരു ജോലി, കുടുംബ ജീവിതം, കുട്ടികൾ എല്ലാം എന്റെയും സ്വപ്നമായിരുന്നു ... കല്യാണം കഴിപ്പിക്കാൻ പലവിധത്തിലും വീട്ടുകാര് ശ്രമിച്ചു പലരും പെണ്ണ് കാണാൻ വന്ന് പുഛ്ചത്തോടെ തിരിച്ച് പോകാൻ തുടങ്ങിയപ്പോൾ പിന്നെ ഫോട്ടോ അയച്ച് കൊടുക്കലായി വീട്ടുകാർ അവിടെയും തോറ്റപ്പോൾ വീട് വിട്ടിറങ്ങി ഒരു ചെറിയ ജോലിയുള്ളത് കൊണ്ട് പിടിച്ചു നിന്നു...........
പിന്നെ ... ജോലി സ്ഥലത്തും നടക്കുന്ന വഴിയിലും .... ലോകം എന്നെ നോക്കി പരിഹസിക്കാൻ തുടങ്ങിയപ്പോൾ ... ... മല വരുന്നുണ്ട് , ഒടുക്കത്തെ തീറ്റ തിന്നിട്ടാ ,... ശരീരം നോക്കാതെ, ... എന്ത് കോലമാ ... പട്ടിണി കിടന്ന് നോക്കി , പല മരുന്നുകളും കഴിച്ച് നോക്കി അവസാനം ഞാൻ തോറ്റു ... പക്ഷെ അതോടെ ഞാനും ലോകത്തെ പരിഹാസത്തോടെ നോക്കാൻ തുടങ്ങി ... ഹ....ഹ...ഹ.. നല്ല രസം ... ഫേസ്ബുക്കിലും ഇൻസ്റ്റയിലും പുതിയ ഐ ഡി ഉണ്ടാക്കി തമന്നയുടെ ഫോട്ടോ വച്ച് ... ദേ വരുന്നു പറ പറ മെസേജുകൾ ... മെസേജുകളയച്ച് സുഖിക്കുന്നവൻ മാരെ മറുപടി കൊടുത്ത് സുഖിപ്പിച്ചു ... അതിൽ ചിലർക്ക് നല്ല കളർഫുള്ളായ ഫോട്ടം വേണമെന്ന് .... ഏതോ ഊള വെബ് സൈറ്റിലെ ആരുടെയോ ഒക്കെ ഉടൽ അയച്ച് കൊടുത്തപ്പോൾ ചിലർക്ക് നേരിട്ട് കാണണമെന്ന് .... കണ്ടു ഒരോരുത്തരെയായിട്ട് കണ്ടോണ്ടിരിക്കുന്നു ... കണ്ടവൻമാരിൽ ചിലർ കണ്ടം വഴി ഓടി ...പിന്നെ ചിലർക്ക് ..... ചിലർക്ക് ... വേറെ ചിലതൊക്കൊ വേണമെന്ന് ... അങ്ങനെയുള്ള ഒരുത്തനാ ഇതിനകത്ത് ... ചെറുതായി മുറിച്ച് കഷണങ്ങളാക്കി ... ഹ ഹ ഹ ... ഇവന് കണ്ടു മതിയായില്ലന്ന് .... ഹ ...... ഹ...ഹ... കണ്ടു മതിയാകാത്തവൻ കൊണ്ട് മതിയാകും ... വാ... നമുക്ക് കൊച്ചി കായലിന്റെ തീരത്ത് പോയി കാറ്റു കൊള്ളാം ... കായലിലെ മീനുകൾക്ക് വിശക്കുന്നുണ്ടോ എന്ന് നോക്കാം ... വാടാ ... ഇനിയും ആരെങ്കിലുമുണ്ടെങ്കിൽ വാ...
ഞാനിവിടെ ഛേദിക്കപ്പെടാത്ത മൂക്കുമായി കാത്തിരിക്കുന്നു.
മിസ് നന്ദിനി വയസ്സ് 26.... ഹ .....ഹ....ഹ ...
*ജീസ് കൈതാരം*

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്