Posts

Showing posts from 2024

കാർത്തു - 4

Image
" പ്രിയപ്പെട്ട നാട്ടുകാരെ മേപ്പാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ചെമ്പോത്തറ പ്രതിഭ ആർടസ് & സ്പോർട്സ് ക്ളബും പ്രണവം ആർട്സ് & സ്പോർട്സ് ക്ളബും ഏറ്റുമുട്ടുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനൽ മത്സരം കാണുവാൻ എല്ലാ നല്ലവരായ കായികപ്രേമികളെയും മേപ്പാടി ഗവർമെന്റ് ഹൈസ്കൂൾ മൈതാനത്തേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. "  ചെമ്മൺ പാതയിലൂടെ പായുന്ന ജീപ്പിൽ നിന്ന് അനൗൺസ്മെന്റ് ഒഴുകി, പാടത്ത് കള പറിച്ചോണ്ടിരുന്ന പെണ്ണുങ്ങൾ തലയുയർത്തി നോക്കി ശ്രദ്ധിച്ച്  " ഓ ബോളു കളീന്റൊ ണ് " എന്ന് പറഞ്ഞ് വീണ്ടും കണ്ടത്തിലേക്ക് കുനിഞ്ഞു. കനാലിന്റെ കരയിൽ അലക്കി വിരിച്ചിട്ട തുണികൾ കുടഞ്ഞ് കൈതണ്ടയിൽ അടുക്കി എടുത്തോണ്ടിരുന്ന കാർത്തുവും ചെമ്മണ്ണിലൂടെ പൊടി പറത്തി പാഞ്ഞ ജീപ്പിനെ ശ്രദ്ധിച്ചു അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പ്രതിഭ ക്ളബെന്ന് പറഞ്ഞാൽ രവി ക്യാപ്റ്റനായിട്ടുള്ള ടീമാണന്ന് അവൾക്കറിയാം കഴിഞ്ഞ കൊല്ലവും ഫൈനലിൽ കളിച്ചത് അവൾക്ക് ഓർമയുണ്ട്. ഫൈനലിൽ ആരും ഗോളടിച്ചില്ല , രണ്ടു ടീമും തമ്മിൽ അവസാനം പെനാൾട്ടി അടിച്ചപ്പോൾ കോന്ത്...

കാർത്തു -3

Image
" അല്ല ഓളെ കല്യാണമൊക്കൊ നേർത്തെ പറഞ്ഞ് വച്ചേക്കണ് അതിപ്പോ എങ്ങനെയാ മാറ്റാ ?" കുടികളിൽ നിന്ന് കിട്ടിയ കാടിയും കഞ്ഞി വെള്ളവും കൊണ്ട് ഒതുക്ക് കയറുമ്പോൾ അച്ചന്റെ ശബ്ദം കേട്ട് കാർത്തു അകത്തേക്ക് കുനിഞ്ഞ് നോക്കി. പുല്ലുമേഞ്ഞ മേൽക്കൂര ചാറ്റലടി വീഴാതിരിക്കാൻ കോലായിലേക്ക് ഇറക്കി മേഞ്ഞത് കാരണം അകത്തെ മുറിയിലെ കാഴ്ച്ച വ്യക്തമല്ല കാർത്തു വേഗം വീട് ചുറ്റി പിന്നാമ്പുറത്തെത്തി ബക്കറ്റ് കാടി പാത്രത്തിലേക്ക് കമിഴ്ത്തി അടുക്കളയിലേക്ക് കയറിയപ്പോൾ തൊഴുത്തിൽ നിന്ന് അമ്മണി കരഞ്ഞു തിരിഞ്ഞ് അമ്മണിയെ നോക്കി " ഇപ്പോ വരാടി" എന്ന് പറഞ്ഞ് കാർത്തു അടുക്കളയിൽ തീയുന്തി കൊണ്ട് നിൽക്കണ അമ്മയെ തോണ്ടി കൈ മലർത്തി എന്താ എന്ന് ചോദിച്ചു. ലളിത തിരിഞ്ഞ് മിണ്ടല്ലെ എന്ന് ചൂണ്ടുവിരൽ ചുണ്ടത്ത് വച്ച് ആംഗ്യം കാണിച്ചു പിന്നെ തീയൊന്ന് കൂടി തള്ളി വച്ച് കാർത്തുവിന്റെ കയ്യും പിടിച്ച് പിന്നാമ്പുറത്തേക്കിറങ്ങി. തിരിഞ്ഞൊന്ന് അകത്തേക്ക് പാളി നോക്കി ലളിത സ്വകാര്യം പോലെ കാർത്തുവിനോട് പറഞ്ഞു  " നെന്റെ മംഗല കാര്യാണ് പെണ്ണെ "  മംഗലമെന്ന് കേട്ടപ്പോൾ കാർത്തുവിന്റെ മുഖമൊന്ന് ചുവന്നു  "ഓ പെണ്ണിന്റെ വെക്...

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

Image
 ആരാണ് പെണ്ണിന്റെ സ്വാതന്ത്യത്തിന്റെ അതിരുകൾ നിശ്ചയിക്കുന്നത് ? എല്ലാവരും പറയും അത് പണ്ടല്ലെ ഇപ്പോൾ പെണ്ണ് എത്തിചേരാത്ത മേഖലകളില്ല അവർക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ടല്ലോ എന്നക്കൊ. സത്യത്തിൽ സമൂഹം അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്യങ്ങളുടെ വേലിക്കെട്ടുകൾക്ക് പഴയതെന്നോ പുതിയതെന്നോ മാറ്റമില്ല. പെൺകുട്ടി ഒന്ന് ഉറക്കെ സംസാരിച്ചാൽ അവൾ തന്റേടിയായി ഭർത്താവിനെ / കുടുംബത്തെ ഭരിക്കുന്നവൾ ആയി . ലീലാമ്മക്കുമുണ്ടായിരുന്നു സ്വപ്നങ്ങൾ ! കുട്ടികളും കുടുംബവും ആണ് ലോകമെന്ന് എല്ലാവരും ചേർന്ന് നിശ്ചയിച്ചു ലീലാമ്മയുടെ ജീവിത പർവത്തിന്റെ അവസാന ഘട്ടത്തിൽ കൂട്ടായി വന്നതാണ് അഞ്ജു . എന്നാൽ ലീലാമ്മക്ക് പോലും അഞ്ജുവിലെ പെണ്ണിന്റെ മോഹങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒരു പെൺകുട്ടി ജനിച്ചാൽ അവളെ മറ്റൊരാളിന്റെ കൈ പിടിച്ച് കൊടുക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് കരുതുന്ന മാതാപിതാക്കളെ സിനിമയിലല്ലാതെ നിത്യജീവിതത്തിലും നമ്മൾ കണ്ടിട്ടില്ലെ? ഇന്നും ഈ ചിന്താഗതിയാൽ വലിയ മാറ്റമെന്നും അവകാശപ്പെടാൻ നമ്മുടെ പൊതു സമൂഹത്തിന് കഴിഞ്ഞിട്ടില്ല. കുട്ടിയായിരിക്കുമ്പോൾ തുടങ്ങി കേട്ടു വളരുന്ന അരുതുകളിൽ ...

ആൾക്കൂട്ടത്തിൽ തനിയെ

Image
       പാറമേൽ നിന്ന് വിറക് കെട്ട് താഴേക്കിട്ട് ഉരുട്ടിയപ്പോൾ മണിയൻ കൈയ്യടിച്ചു ചിരിച്ചു "ചെക്കാ അറഞ്ഞാളും "  സുശീല കണ്ണുരുട്ടി പിന്നെ മണിയൻ്റെ കൈ പിടിച്ച് അവനെ താഴേക്കിറങ്ങാൻ സഹായിച്ചു. പാറകത്തിൻ്റെ വേരിൽ പിടിച്ച് അമ്മയും മോനും പതുക്കെ നിരങ്ങി  താഴേക്കിറങ്ങി. മണിക്കുന്നിൽ വിറക് പെറുക്കാൻ വന്നതാണ് സുശീലനയും ജാനുവും. കൂടെ പോരണ്ടാന്ന് ആവുന്നത് പറഞ്ഞിട്ടും മണിയൻ കൂട്ടാക്കിയില്ല. ചെക്കന് നെല്ലിക്ക വേണം പോലും...... എട്ടാം നമ്പർ വരെ കേറേണ്ടി വന്നു നെല്ലി പെറുക്കാൻ.  "വഴി നീളെ തിന്നിട്ടിനി തൂറ്റല് പിടിക്കാതിരുന്നാൽ മതിയായിരുന്നു മലദൈവങ്ങളേ "  സുശീല പ്രാർത്ഥിച്ചു.      ജാനുവിൻ്റെ വിറക് കെട്ട് ഇത്തിരി വലുതായത് കൊണ്ട് അവളെ താഴെയിറങ്ങാൻ സഹായിച്ചിട്ടാണ് സുശീല തൻ്റെ വിറക് കെട്ട് എടുത്തത്. ചുള്ളിക്കിടയിൽ തിരുകിയ ഉണങ്ങിയ വണ്ണമുള്ള മുട്ടികൾ അവൾ ഒന്നു കൂടി ഒതുക്കി കെട്ടി വെച്ചു പിന്നെ ആയാസപ്പെട്ട് വിറകു കെട്ട് പാറമേൽ കുന്തിച്ചാരി കുനിഞ്ഞ് അത് തലയിലെടുത്തു.  " നടക്ക് ചെക്കാ." പാറയിൽ നെല്ലിക്ക നിരത്തി വെച്ചെണ്ണുന്ന മണിയന് അവൾ വഴി കാണിച...

കാർത്തു - 2

Image
കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ കിഴക്കൻ പരലുകൾ കൂട്ടമായി വന്ന് നട്ടം തിരിഞ്ഞ് പാഞ്ഞു പോയി വിരലുകൾ കൊണ്ട് കാർത്തു അവയുടെ വലുപ്പം അളന്നു നോക്കി ഏറ്റവും വലുതിന് തന്റെ നടുവിരലിന്റെ അത്രയാണ് നീളം ! ഒരിക്കലും കിഴക്കൻ പരലുകൾ അതിനെക്കാൾ വലുപ്പം വച്ച് കണ്ടിട്ടില്ല ഡാമ് തുറന്നു വിടുമ്പോൾ പോലും ഇവയൊന്നും ആരും പിടിച്ച് കറി വെയ്ക്കാറുമില്ല എന്നിട്ടും ഇവയെന്താ വെലുതാവാത്തത് ... പാലു പാത്രത്തിന്റെ മൂടി ഞരുക്കിയടച്ച് കാലിലെ ചെളി കഴുകി കളഞ്ഞ് കാർത്തു കരക്കു കേറി .... പാവാട കുത്തഴിച്ചിട്ടപ്പോൾ നഗ്നമായ തന്റെ കാലുകളിലേക്ക് അവളൊന്ന് നോക്കി നെടു വീർപ്പിട്ടു ... " നിനക്ക് ഞാൻ പാദസരം വാങ്ങി തരണുണ്ട് "അങ്ങനെ പറഞ്ഞൊരാളിനെ തിരഞ്ഞ് അവളുടെ കണ്ണുകൾ പാടത്തേക്ക് നീണ്ടു ...അതാ അവിടെ ഏരു പൂട്ടാൻ പോത്തിനെയും തെളിച്ച് വയലിലേക്കിറങ്ങണുണ്ട്. കാർത്തു മന്ദസ്മിതത്തോടെ തൂക്കുപാത്രവും വീശി ഡാമിന്റെ കരയിലൂടെ നടന്നു. "രവിയേട്ടാ ..." വരമ്പിൽ നിന്നു കാർത്തു വിളിച്ചു "ഉം ... "രവി തലയുയർത്തി ഒന്നു നോക്കി പോത്തിന്റെ കഴുത്തിൽ നുകം വച്ചുകെട്ടുന്ന ജോലി തുടർന്നു ... ...

കാർത്തു - 1

ഇതെന്ത് മറിമായമാണ് ? കാർത്തു ആശ്ചര്യപ്പെട്ടു ഇപ്പോ മുന്നിൽ നിന്ന പയ്യ് നിന്ന നിൽപ്പിൽ കാണാനില്ല! ആറാം നമ്പർ കഴിഞ്ഞ് മേലേക്ക് പശുക്കൾ പോവാറില്ല ... "അമ്മണീ ...."കാർത്തു പാറയുടെ മുകളിൽ നിന്ന് ഉറക്കെ വിളിച്ചു അവളുടെ ശബ്ദം പാറകളിൽ തട്ടി തിരിച്ചു വന്നു എന്തെങ്കിലും മറുപടിക്കായ് അവൾ കാതോർത്തു ,ഇല്ല ഒന്നും കേൾക്കാനില്ല. സാധാരണയായി രാവിലെ കുന്ന് കയറ്റി വിടുന്ന പയ്ക്കളെല്ലാം വൈകുന്നേരമാവുമ്പോഴേക്കും കുന്നിറങ്ങി ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ ഉടനെ അനുസരണയോടെ വീട്ടിലേക്ക് നടപ്പു തുടങ്ങും മണിക്കുന്നിന്റെ താഴെ മണ്ണു റോഡിൽ ആളെത്തുമ്പോഴെക്കും പള്ള നിറച്ച് തിന്ന് തലയാട്ടി അമ്മിണി മുന്നിലുണ്ടാവും ... ഇതിപ്പോ സുബ്രമണിക്ക് കാലില് കുറ്റി തട്ടി നടക്കാൻ വയ്യാണ്ടായി ഇരുപ്പായ കൊണ്ടാ അമ്മണിയെ അന്വേഷിച്ച് കാർത്തുവിന് ഇറങ്ങേണ്ടി വന്നത് ...ശങ്കു മൂപ്പന്റെ പോത്തുകുട്ടൻമാരെയെല്ലാം വിത്ത് കാട്ടിലാണ് തീറ്റാൻ വിടുന്നത് സുബ്രമണി ഇല്ലാത്തത് കൊണ്ട് അമ്മ പറഞ്ഞതാ ശങ്കു മൂപ്പന്റെ പോത്തുകളുടെ കൂട്ടത്തിൽ അമ്മണിയെയും വിട്ടാൽ മതിയെന്ന് ..... പോത്തുകൾ ഉപദ്രവിക്കുമെന്ന് പറഞ്ഞ് കാർത്തുവാണ് അമ്മണിയെ രാവിലെ മണിക്കുന്ന് കയ...

തേറ്റ

"പൂയ് ..... ആ.... പൂയ് " രാമൻ വിളിച്ചു കൂവി വരമ്പിലൂടെ ഓടി , "പൂയ് .... ഡാമിന്റെ അക്കരെ നിന്ന് കറപ്പൻ മറു കൂക്ക് കൂവി പൊന്നിയും ഭരതനും ചോന്തനും കൃഷ്ണനും അടങ്ങിയ സംഘം വയലിന്റെ ചുറ്റിലും വളഞ്ഞു ...." രാമാ ആടെ നിക്ക് കറപ്പനിങ്ങോട്ടെക്ക് എത്തട്ടെ " പൊന്നി വിളിച്ച് പറഞ്ഞു ...രാമൻ കണ്ടത്തിലേക്ക് ഇറങ്ങി ജാഗരൂകനായി നിലയുറപ്പിച്ചു. ഡാമിന്റെ മുകളിലൂടെ കയ്യിൽ വില്ലുമായി കറപ്പനും അച്ചുതനും ലക്ഷ്മണനും പാഞ്ഞു വന്നു, മൂവരുടെയും തോളത്ത് അമ്പ് നിറച്ച മുളം കുറ്റി തൂങ്ങികിടന്നാടി ....അവർ വയലിലേക്ക് ചാടി വരമ്പിൽ വില്ലു കുലച്ചു നിന്ന കറപ്പന്റെ വശങ്ങളിലായി നിലയുറപ്പിച്ചു. കറപ്പൻ പൊന്നിയെ നോക്കി , അച്ചുതനും ലക്ഷ്മണനും അമ്പെടുത്ത് തൊടുക്കാൻ തയ്യാറായി നിന്നു . "ങ് ... ഗ്രാ...ഹിയ്യാ ....ഹോയ് " പൊന്നി അലറി വിളിച്ചു ഭരതനും ചോന്തനും കൃഷ്ണനും രാമനും ഏറ്റു വിളിച്ചു " ഹിയ്യാ ഹോയ് .... ബ്രൂ ......ങ് ഗ്രാ......" കതിരുകൾക്കിടയിൽ അനക്കമില്ല കറപ്പൻ പിന്നെയും പൊന്നിയെ നോക്കി പൊന്നി നീട്ടിപ്പിടിച്ച മുനയുള്ള മുളകുന്തമൊന്ന് മുറുകെ പിടിച്ച് ഒന്നൂടെ അലറി വിളിച്ചു "ങ്... ഗ്രാ.......

ആറാട്ട്

" ചേട്ടം മൊട്ടാ ...യ്യ് ബരണുണ്ടോ?" രാജന്റെ മോൻ കൃഷ്ണൻ ചോദിച്ചപ്പോൾ വർക്കി മൾബറി മരത്തിൽ നിന്ന് ഊർന്നിറങ്ങി " എങ്ങട്ട് ?" "ആടെ തോട്ടില് ആന വന്നിക്ക്ണ് "കൃഷ്ണൻ തന്റെ ബട്ടൺസില്ലാത്ത ട്രൗസർ മുറുക്കിയുടുത്ത് പുറം കൈ കൊണ്ട് മൂക്കള തുടച്ചു . "ശരിക്കും?" വർക്കി അത്ഭുതം കൂറി " ഉൽസവത്തിന് മ്മള് ഇന്നലെ കണ്ട ആന ...ല്ലെ .. അയിനെ ഈടെ കുളിപ്പിക്കാൻ കൊടന്നതാ" മാരിയമ്മൻ കോവിലിലെ ഉത്സവത്തിന് പോയപ്പോൾ ആനയെ വർക്കിയും കണ്ടതാണ് ആട്ടവിളക്കിന്റെ വെളിച്ചത്തിൽ ചെവി ഒക്കെ ആട്ടി നീളൻ കൊമ്പുളള ഒരു സുന്ദരൻ ആന ! " യ്യ് വരണുണ്ടങ്കി വാ .... ഞാം പോണ് " ഒരു കൈ കൊണ്ട് ട്രൗസർ പിടിച്ച് കൃഷ്ണൻ തിരിഞ്ഞ് ഓടി കഴിഞ്ഞു ... പിന്നാലെ ഓടാൻ മനസ് വെമ്പിയെങ്കിലും വർക്കി തിരികെ നടന്ന് കോലായിലേക്ക് കേറുകയാണ് ചെയ്തത്. എവിടെയെങ്കിലും പോവുമ്പോൾ വാതിലടച്ച് പോയില്ലെങ്കിൽ അമ്മച്ചി വരുമ്പോൾ നല്ലത് കിട്ടും ... വർക്കി ചെന്ന് മുള അലക് കൂട്ടി അടിച്ച ചായ്പ്പിന്റെ വാതിൽ കഷ്ട്ടപ്പെട്ട് നിരക്കി ചേർത്തു വച്ചു ... ഒരു തവണ ചായ്പ്പ് അടക്കാണ്ട് പോയപ്പോൾ പണിയപ്പാടിയിലെ പട്ടി വന്ന് ചോറെല്ലാം തിന്നത...

ഗുളികൻ കാലം

" ഓര്ക്ക് എന്താ പറ്റിയെ ?" ഞാറ് കെട്ടിയ വാഴനാര് ചുറ്റി മുറുക്കി കൊണ്ട് ഉഷ ചോദിച്ചപ്പോൾ കുമ്പളത്തി കണ്ടത്തിൽ നിന്ന് മുഖമുയർത്തി പുറം കൈ കൊണ്ട് മുഖം ചൊറിഞ്ഞ് നിവർന്നു ...  " ഗുളികനടിച്ച് വീഴ്ത്തിയതാ ഇണെ ... ആടെ രാത്രി പോയ്ക്കൂട പോലും , കള്ളും കുടിച്ചുങ്ങാണ്ടും വയി തെറ്റി ആടെ എത്തി .... രാമേട്ടൻ രാവിലെ പാല് കൊടുക്കാനായിട്ട് പുളീന്റെ അതിലെ പോകാൻ നോക്കുമ്പോ മേലെ ആരോ കിടക്ക്ന്ന് ... ചെന്ന് നോക്കുമ്പളല്ലെ തിരിന്ന്ത്... മോന്തിക്ക് ഓല് വരമ്പ് മ്മെ നിന്ന് തോനെ തെറി വിളിച്ചിരിക്കണ്.... നടാടെ ഒന്നും അല്ലല്ലോ ..... കുടീല് പോയിട്ടുണ്ടാകും ന്നാ വിചാരിച്ചിരിക്കാ.... കുമ്പളത്തി പറഞ്ഞു നിർത്തി. " അത് ഗുളികനടിച്ചതൊന്നുമല്ല പെണ്ണെ , ഹാർട്ടറ്റാക്കാ... ചെളിയിലേക്ക് ഞാറ് കെട്ട് വലിച്ചെറിഞ്ഞ് മോളി തന്റെ വിജ്ജാനം വിളമ്പി ... "കള്ളുകുടിച്ച് കഴിയുമ്പോ പ്രഷറ് കൂടും പിന്നെ ഹാർട്ട് ഫെയിലായി പോവും" മോളി കാര്യകാരണങ്ങൾ അടി വരയിട്ട് ഉറപ്പിച്ചു ... ഞാറ് പറിക്കാൻ മറന്ന് വാ പൊളിച്ച് നിൽക്കുന്ന കൂട്ടുകാരികളെ നോക്കി മോളി തുടർന്നു " ഞാം പറഞ്ഞതല്ല ഹെൽത്ത് സെന്ററിലെ സിസ്റ്ററ് പറഞ്ഞതാ ..... എത...

മറുപടി

"ദൈവം സ്നേഹമാണ് " എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ ? ജോലിക്ക് പോകുന്നുണ്ടോ ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും സുഖമല്ലെ ? ഇവിടെ നല്ല മഴയാണ് , അമ്മച്ചി പണിക്ക് പോകുന്നുണ്ട്. ഞാനും ചേച്ചിയും സ്കൂളിൽ പോകുന്നുണ്ട്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട് അവിടെ മഴയുണ്ടോ ? അപ്പച്ചൻ എന്നാണ് ഞങ്ങളെ കാണാൻ വരുന്നത് ? ഇനി എന്താണ് എഴുതേണ്ടത് എന്ന് വർക്കി ആലോചിച്ച് നോക്കി അവന് ഒന്നും ഓർമ കിട്ടിയില്ല .... മണ്ണെണ്ണ വിളക്ക് നീക്കി വച്ച് അവൻ ചേച്ചിയെ നോക്കി അവൾ നല്ല ഉറക്കത്തിലാണ് ... അവൻ വിളക്കും ഇൻലന്റും വച്ചെഴുതാനുള്ള മാസികയും കയ്യിലെടുത്ത് എഴുന്നേറ്റ് പടിയിറങ്ങി വരാന്തയിലെത്തി അവിടെ ചാക്കിൽ റേഷനരി കുടഞ്ഞിട്ട് അൽപ്പാൽപ്പമായി പേറ്റി താവലും കല്ലും വേർതിരിക്കുന്ന അമ്മച്ചിയുടെ മുന്നിലെത്തി " അമ്മാ ഇനി എന്താ എഴുതേണ്ടെ?" " നീ എന്താ എഴുതിയെ?" മോളി അരിയിൽ നിന്ന് കയ്യെടുത്ത് ചോദിച്ചു വർക്കി വിളക്ക് ഉയർത്തി പിടിച്ച് കയ്യിലിരുന്ന കത്ത് വായിച്ച് കേൾപ്പിച്ചു "ഉം ... മതി ....മറുപടി അയക്കാൻ കൂടി എഴുത...