ജീവിതം ... ജീവിച്ചു കാണിക്കുന്നവർ


"അമ്മായി അമ്മനെ ജ്ജ് ഉമ്മയായി കണ്ടോളീ കുട്ട്യേ...അന്റെ നല്ലയ്ന് മേണ്ടി ട്ടാ ഞാള് ഇത് പറയനെ സുമീ ... "

പുതിയ കുടി കഴിഞ്ഞപ്പോ ഉമ്മ പറഞ്ഞു കൊടുത്തതാണ്. അത് അതേ പോലെ അനുസരിക്കാനായി ആദ്യം തന്നെ " ഉമ്മച്ചീ" ന്ന് വിളിച്ചു, വിളി കേട്ടതുമില്ല... തുറിച്ചൊരു നോട്ടം മാത്രം കിട്ടി. പിന്നെ അടുത്ത് വന്ന് "അയ് ഓളൊരു പുന്നാരം കൊടന്നിരിക്കണു...മ്മച്ചിയെക്കൊ അന്റെ വീട്ടില് ഈടെ അമ്മായിന്ന് ന്നെ വിളിച്ചാ മതി!"

രാത്രീല് പുയ്യാപ്ളേ നോട് ഇയിനെ പറ്റി പറയാൻ ചെന്നപ്പോ " യ്യ് ഇവിടെ കേറി കെടക്ക് സുമീ... ആകനെ 15 ദിവസേ ലീവ് ബാക്കിയുള്ളു." പിന്നെ മേലേക്കേറി എന്തെല്ലോ കാട്ടി കൂട്ടുമ്പോൾ പറയാൻ വെച്ചതെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു. യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതനായി നിവരുമ്പോൾ നനഞ്ഞ കണ്ണുകൾ കണ്ട് എന്താണെന്ന് ചോദിക്കുന്നതിന് പകരം പുളിച്ച നാല് തെറി കേട്ട് കിടക്കാനായിരുന്നു തന്റെ വിധി.

"പഠിത്തം കഴിഞ്ഞ് ഒരു ജോലി അത് കഴിഞ്ഞ് കല്യാണം" പ്രീഡിഗ്രി ക്ലാസിന്റെ അവസാന ദിവസം കൂട്ടുകാർക്ക് മുമ്പിൽ പ്രതീക്ഷയുടെ കെട്ടഴിച്ചത് അവൾ ഓർത്തു. പ്രീഡിഗ്രിയുടെ റിസൾട്ട് വരാൻ പോലും കാത്തു നിന്നില്ല ഒരു മാസത്തിനുളളിൽ നിക്കാഹ് നടന്നു. "നിക്കാഹ് കഴിഞ്ഞ് ഓൻ തിരിച്ച് ഗൾഫില് പോകും, അനക്ക് പിന്നെ എത്തറ വേണമെങ്കിലും പഠിക്കാലോ?" ആലോചന കൊടന്ന ചെറിയുപ്പ പറഞ്ഞ വാചകം!

ലീവ് കഴിഞ്ഞ് ഒരോ തവണ പോകുമ്പോഴും സുമി സലാമിനോട് ചോദിക്കും, "ഞാൻ പഠിക്കാൻ പോയ്ക്കോട്ടെ ?"

"നിക്കൊരു പ്രശ്നോല്ല ഇജ്ജ് ഉമ്മാനോട് ചോയ്ക്ക്..." വീണ്ടും വീണ്ടും നാണം കെട്ട് ഉമ്മാനോട് ചോദിക്കും. ടേപ് റിക്കാർഡറിൽ നിന്ന് വരും പോലെ മറുപടി റെഡി.
"മതിലകത്ത് തറവാട്ടില് പെണ്ണുങ്ങള് പഠിച്ച് വേലക്ക് പോകണ്ട ഗതികേടില്ല, യ്യ് മിണ്ടാണ്ട് കുത്തിയിരുന്നോ, അതാ അനക്ക് നല്ലത്" പിന്നെ രണ്ടു ദിവസം താൻ തലയിണ നനച്ച് കിടന്നുറങ്ങിയത് മിച്ചം.

കല്യാണം കഴിഞ്ഞ് ആദ്യത്തെ കൊല്ലം തന്നെ ഇക്കുവുണ്ടായി, അക്കാലമത്രയും ലീവ് കിട്ടാതിരുന്ന പുയ്യാപ്ളക്ക് 3 മാസം കഴിഞ്ഞ് ലീവ് കിട്ടി. കുട്ടിയെ കാണാൻ പോലും നിക്കാതെ തുണി വലിച്ചഴിക്കാനായിരുന്നു ധൃതി. ആക്രമണം കഴിഞ്ഞപ്പോൾ "മോനെ കാണണ്ടെ ?" എന്ന ചോദ്യത്തിന് " "അയിന് ഇപ്പോ മ്മളെ തിരിച്ചറിയാൻ പ്രായം ഒന്നും ആയിട്ടില്യാലോ" ന്ന് പറഞ്ഞ് മലർന്ന് കെടന്ന് ചിരിച്ചു. പകപ്പ് മാറിയപ്പോൾ മനസ്സുകൊണ്ട് ഒരു തീരുമാനമെടുത്തു ഇനി ഇതുപോലെയുള്ള തമാശകൾ കേൾക്കില്ലെന്ന്.

പിന്നീടുള്ള ആക്രമണങ്ങളെ തന്ത്രം കൊണ്ട് നേരിടാൻ പറഞ്ഞത് വല്ലിത്തയാണ്. കുറച്ച് അടിമപ്പണി എടുത്തിട്ടായാലും അക്കാര്യത്തിൽ വിജയിച്ചു. വല്ലിത്ത പറയും പോലെ,
"ഓരിക്ക് എങ്ങനേലും എല്ലാം പെട്ടെന്ന് അവസാനിപ്പിച്ചാൽ മതിന്നെ ഉണ്ടാവൂ, നമ്മളൊന്ന് വിചാരിച്ചാൽ ഓരവിടെ രണ്ടുറക്കം കഴിയും" പിന്നീടുളള ലീവിനൊന്നും സുമി ഗർഭിണിയായില്ല.

ഒരോ തവണ വന്നു പോയി കൃത്യം ഒരു മാസം കഴിയുമ്പോ അമ്മായി ചോദിക്കും,
"അനക്ക് ഇക്കുറിയും വിശേഷമൊന്നും ആയില്ലല്ലോ? ഇനി ഓൻ വരുമ്പോ ഒന്നാശുപത്രിയിൽ പോയ്ക്കാള" സുമി അമ്മായി കാണാതെ ഊറി ചിരിക്കും. പയ്യെ പയ്യെ ഇക്കുവും ലൈബ്രറിയിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളും മാത്രമായി അവളുടെ ലോകം.
പുസ്തകം വായിക്കണമെങ്കിൽ മുറിയിൽ കേറി കതകടക്കണം. കതകടച്ച് കുറച്ച് നേരം കഴിയുമ്പോ തന്നെ അമ്മായി വരും. "ഇയ്യാ കൊട്ടത്തളം തേച്ച് മോറിയോ?" "ആ കുളിപ്പൊര എന്താ നാറ്റം?"
"ഞാൻ തേച്ച് കഴുകീന് അമ്മായി"
"മുറി കേറീ കുത്തീരുന്നാ പൊര വൃത്തിയാകൂല ജ് ന്ന് പോയീ നോക്കി" കൊട്ടത്തളത്തിൽ അവർ മുറുക്കി തുപ്പി വച്ചിട്ടുണ്ടാകും. കുളിമുറിയിൽ മൂത്രമൊഴിച്ച് വെള്ളമൊഴിക്കാതെ പോന്നിട്ടുണ്ടാകും. പിന്നെ പുസ്തകമൊളിപ്പിച്ച് പുറത്തിറങ്ങാതെ നിവൃത്തിയില്ല.

ഇക്കൂന് പത്ത് വയസ്സുളളപ്പോ "ഇങ്ങള് ഈ കാണിക്കണത് ശര്യല്ലന്ന്" ഒന്ന് പറഞ്ഞു പോയി. പിന്നെ അമ്മായിക്ക് എന്നും ദീനമായി. ഭക്ഷണം മുറിൽ കൊണ്ടോയി കൊടുക്കണം. കഴുകലും മുറുക്കലും തുപ്പലും ഒക്കെ മുറിയിൽ തന്നെ. കോളാമ്പി മുന്നില് വച്ച് കൊടുത്താലും നിലത്തെ തുപ്പൂ!

ആദ്യമൊക്കെ നടുവേദന ഉണ്ടന്നാണ് കരുതിയത്. ഒരു ദിവസം ബാങ്കില് പൈസ എടുത്ത് തിരിച്ച് വന്നപ്പോൾ മുറ്റത്ത് വല്ലിക്കയുടെ കാറ് കണ്ട് കേറി ചെന്നപ്പോൾ നടുവേദനയും ക്ഷീണവുമുളള അമ്മായി അടുക്കളയിൽ ചായ വെയ്ക്കുന്നു. സുമിയെ കണ്ടപ്പോ നടുവിന് കൈയും കൊടുത്ത് മുടന്തി മുടന്തി മോളിലേക്ക് പോയി.



വല്ലിക്ക പോയി കുറച്ച് കഴിഞ്ഞ് അമ്മായിക്ക് ഇപ്പോ നല്ല കുറവുണ്ടോ എന്ന് ചോദിച്ച് ചെന്ന സുമിക്ക് മറുപടി കിട്ടിയത് പിറ്റെ ദിവസം രാവിലെ, മൂത്രമൊഴിക്കാൻ വച്ച ബക്കറ്റ് തട്ടി മറിച്ചിരിക്കുണു. മുറിയിലാകെ മൂത്രത്തിന്റെ മണം. ഭിത്തിയിലാകട്ടെ മുറുക്കി തുപ്പിയതും. എല്ലാം തുടച്ച് വൃത്തിയാക്കി പോരുമ്പോ വെല്ലുവിളി കിട്ടി "അനക്ക് പറ്റൂലങ്കി പറഞ്ഞോ ഇയ്യ്....ന്നെ നോക്കാൻ എന്റെ മരുമക്കള് വേറെണ്ടടി!" എന്നിട്ടാരും ഇങ്ങോട്ട് കേറാറില്ലന്ന് ചോദിക്കാൻ തോന്നിയെങ്കിലും സുമി വിഴുങ്ങി.

അന്ന് വൈന്നേരം വല്ലിത്തായെ വിളിച്ച് നെടു വീർപ്പിട്ട സുമിയോട് "ഇയ്യിത്തിരി സ്നേഹമായിട്ട് തന്നെ നിക്കടി മൂപ്പത്തിനെ താഴെ ഇറക്കാൻ പറ്റോന്ന് നമുക്ക് നോക്കാന്നെ" സുമിക്കൊന്നും മനസ്സിലായില്ല. വല്ലിത്ത തുടർന്നു. "നീ ഇപ്പോ പഠിക്കാൻ പോവാണന്ന് അങ്ങട് പറയ്. സലാം സമ്മയിച്ചുന്ന് നൊണ പറ. അത് കേൾക്കുമ്പോ ഓര് കട്ടില്മേന്ന് ഇറങ്ങി ഓടും."

പിറ്റേന്ന് മുതൽ തഞ്ചത്തിൽ നിന്ന സുമി പഠിക്കാൻ പോണന്ന് പറയുക മാത്രമല്ല ഒരു കോളേജിൽ പോയി ഡിഗ്രിക്ക് അഡ്മിഷനുമെടുത്തു. ആഴ്ച്ചയിൽ 3 ദിവസം ക്ലാസ്.

അമ്മായി കട്ടിലുമേന്ന് ഇറങ്ങി പൊരക്ക് ചുറ്റും ഓട്ടമായി. സുമിയില്ലാത്തപ്പോൾ മക്കളെ വിളിക്കാൻ വയർ ഊരിയിട്ട ഫോണെടുത്ത് പല തവണ കുത്തിയിട്ടും കിട്ടാഞ്ഞ് അവർ ദേഷ്യം കൊണ്ട് തലമുടി വലിച്ച് പറിച്ചും മുറിക്കകത്തും വരാന്തയിലും അടുക്കളയിലും ഒക്കെ തുപ്പി നിറച്ചും പ്രതികാരം ചെയ്തു.

ഒരു ദിവസം തുപ്പൽ തുടച്ചു കൊണ്ടിരുന്ന ബക്കറ്റും വെള്ളവും തട്ടി തെറിപ്പിച്ച് മുന്നോട്ട് നീങ്ങിയ അവർ ആ വെള്ളത്തിൽ ചവുട്ടി മലർന്ന് വീണു. അട്ടഹസിച്ചും തെറി വിളിച്ചും മതിലകത്തെ രാഞ്ജിയായി വാണ അവർ പിന്നെ മിണ്ടിയിട്ടില്ല.

സുമി ജീവച്ഛവമായ അമ്മായിഅമ്മയെ നല്ലപോലെ നോക്കി, ക്ലാസിൽ പോകുമ്പോൾ നോക്കാനായി ഹോം നേഴ്സിനെ ഏർപ്പാടാക്കി, അങ്ങനെ പഠിച്ച്...ഡിഗ്രി പാസായി. "ഉമ്മയെ നോക്കാൻ ആളു വേണം, നീ പഠിത്തം നിറുത്തിക്കോ" എന്ന് പറഞ്ഞ സലാമിനോട് "എന്റെ ബാപ്പ തന്ന പൊന്നെടുത്ത് വിറ്റിട്ട് ഞാൻ ആളെ നിർത്തിക്കോളാം എനിക്ക് ഇനിയും പഠിക്കണ" മെന്ന് മറുപടി കൊടുത്തു.

സുമി പിന്നെയും പഠിച്ചു ടീച്ചറായി. ഒന്നും തിരിച്ചറിയാതെ, അതോ അറിഞ്ഞിട്ടും ഒന്നും പറയാനാകാതെ അമ്മായിഅമ്മ മരിച്ചു. സുമി ഒരു സ്കൂളിന്റെ പ്രിൻസിപ്പലാണിന്ന്. സലാമിന് ഇപ്പോൾ അവളെ മനസ്സിലാകുന്നുണ്ട്. വൈകിയെങ്കിലും തന്നെ തിരിച്ചറിഞ്ഞ അവന് അവളൊരു സമ്മാനം നൽകി ഹാദിയ എന്ന കൊച്ച് സുന്ദരിയെ.
"ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമോ എന്നെനിക്ക് സംശയമുണ്ട് കാരണം നിങ്ങളിന്ന് ജീവിക്കുന്ന ലോകവും അന്നത്തെ മുസ്ലീം പെൺകുട്ടികളുടെ ലോകവും രണ്ടാണ്. ഇന്ന് നിങ്ങൾക്ക് എല്ലാമുണ്ട്. എല്ലാവർക്കും ഇഷ്ടം പോലെ പഠിക്കാൻ സാധിക്കുന്നു, ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ സാധിക്കുന്നു...എന്നാൽ അന്ന് അതൊക്കൊ നൂറിൽ 5 പേർക്ക് മാത്രമെ സാധിക്കുകയുള്ളു. ഈ കഥ കൃത്യമായി തെറ്റാതെ പറയാൻ കാരണം ഇതിനെല്ലാം സാക്ഷി ഞാനാണ്. എനിക്കല്ലാതെ ഇതൊന്നും വിളിച്ചു പറയാൻ സാധിക്കില്ല. നിങ്ങൾ പെൺകുട്ടികൾ പഠിക്കുന്ന ഈ കോളേജിൽ ഇതിനെക്കാൾ വലിയ ഉദാഹരണം പറയാനില്ല. കാരണം ഇതെന്റെ ഉമ്മയുടെ കഥയാണ്. ഞാനാണ് ഉമ്മയുടെ ഇക്കു എന്ന ഇംതിയാസ് സലാം, സമൂഹത്തിൽ മാറ്റങ്ങൾ വരാനാണ് എല്ലാരും ആഗ്രഹിക്കേണ്ടത്. ഞാനും അതിനാഗ്രഹിച്ചു പഠിച്ചു. കളക്ടറായി. ഉമ്മയാണെന്റെ ശക്തി, പ്രചോദനം... എല്ലാം." ഇംതിയാസ് പറഞ്ഞു നിർത്തി. നിറഞ്ഞ കയ്യടികൾക്കു നടുവിലൂടെ നടക്കുമ്പോൾ ഇംതിയാസിന്റെ കണ്ണുകളിൽ നിറഞ്ഞത് സന്തോഷമായിരുന്നു.

*ജീസ് കൈതാരം*

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്