കേൾക്കാത്തവൾ
"ഈ കൊച്ചിനെന്താ ചെവിട് കേട്ടു കൂടെ?" വണ്ടിയുടെ മുന്നിൽ നിന്ന് മീനയെ വലിച്ച് മാറ്റി ബിന്ദു ടീച്ചർ അലറി, ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ആ കാർ അവളെ ഇടിച്ചു തെറുപ്പിച്ചേനെ ! മീന പേടിച്ച് വിറച്ച് ടീച്ചറുടെ കരവലയത്തിൽ ഒതുങ്ങി പോയിരുന്നു. "ടീച്ചറെ " ... നസീമ എവിടുന്നോ ഓടി പാഞ്ഞു വന്നു. മീനയെ അടർത്തി മാറ്റി വഴക്കു പറയാൻ ഒരുങ്ങുമ്പോഴെക്കും നസീമ ചാടി കേറി പറഞ്ഞു "ടീച്ചറെ ഓൾക്ക് ചെവീം കേക്കൂല , സംസാരിക്കൂംല്ല. " ടീ അന്നോട് പറഞ്ഞതല്ലെ ഈട നിക്കാൻ , ഞാൻ വന്നിട്ട് ക്രോസ് ചെയ്യാമെന്ന് " നസീമ മീനയെ നോക്കി ആംഗ്യം കാട്ടി. മീന തല കുനിച്ച് തെറ്റ് സമ്മതിച്ചു.
കോളേജിൽ പുതുതായി വന്നതാണ് ബിന്ദു ടീച്ചർ അതാണ് മീനയെ പരിചയമില്ലാതെ പോയത്. മൂന്നു വർഷവും യൂണിവേഴ്സിറ്റി കലോൽസവങ്ങളിൽ രചനാ മത്സരങ്ങളിൽ തിളങ്ങി നിൽക്കുന്ന മീനയെ അറിയാത്തതായി ചിലപ്പോൾ ബിന്ദു ടീച്ചർ മാത്രമെ കാണൂ !
"ഈ കുട്ടിക്കൊരു ഹിയറിംഗ് എയ്ഡ് വാങ്ങി വച്ചൂടെ ?" ബിന്ദു ടീച്ചർ പിന്നെയും ചോദിക്കയാണ്. "അത് പിന്നെ ടീച്ചറെ ഓൾക്ക് അയിനുള്ള പൈസ ഒന്നും ഇല്ല , ഓള് പഠിക്കണത് തന്നെ സ്കോളർഷിപ്പ് കിട്ടീട്ടാ "നസീമ മീനയുടെ ദേഹത്തെ പൊടി തട്ടി കളഞ്ഞ് കൊണ്ട് ടീച്ചറോട് പറഞ്ഞു.
ബിന്ദു ടീച്ചറുടെ മുഖം വല്ലാതെയായി പേടിച്ചരണ്ട് നിൽക്കുന്ന മീനയുടെ തോളത്തൊന്ന് അമർത്തി കൊണ്ട് ടീച്ചർ പതുക്കെ നടന്ന് പോയി. ബിന്ദു ടീച്ചറുടെ ചോദ്യവും നസീമയുടെ മറുപടിയുടെയും ചുണ്ടനക്കം ശ്രദ്ധിച്ച് നിന്നിരുന്ന മീനക്കും കാര്യം മനസ്സിലായി അവൾ നിസ്സഹായതയോടെ നസീമയെ നോക്കി പുഞ്ചിരിച്ചു നസീമയാകട്ടെ അവളെ തന്നോട് കൂടുതൽ ചേർത്തുപിടിച്ച് റോഡ് ക്രോസ് ചെയ്തു നടന്നു.
കോളേജ് ലൈബ്രറിയുടെ മുന്നിലെ മരച്ചോട്ടിലെ സിമന്റ് ബെഞ്ചിലിരുന്ന് നോട്സ് എഴുതിയെടുത്തു കൊണ്ടിരുന്ന നസീമ ഒരു കയ്യടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കി ,ബിന്ദു ടീച്ചറാണ് നസീമ ബുക്ക് മടക്കി വച്ച് വേഗം ടീച്ചറുടെ അടുത്തേക്ക് ചെന്നു. "എവിടെ നിന്റെ കൂട്ടുകാരി?" "ആര് മീനയോ ഓള് ലൈബ്രറില് എന്തോ വരച്ചോണ്ട് ഇരിക്കാണ് , എന്താ ടീച്ചറെ? നസീമ ടീച്ചറെ നോക്കി.
"അവൾക്ക് ഒരു സർപ്രൈസ് ഉണ്ട് " ടീച്ചർ ഗൂഡ മന്ദഹാസത്തോടെ നസീമയുടെ കൈയ്യിൽ പിടിച്ചു ടീച്ചർ പറഞ്ഞു. ഒന്നും മനസ്സിലാവാതെ നിൽക്കുന്ന നസീമയോട് ടീച്ചർ വീണ്ടും പറഞ്ഞു " അതേയ് നിന്റെ കൂട്ടുകാരിക്ക് ചെവി കേൾക്കാനുള്ള വഴി തെളിഞ്ഞിട്ടുണ്ട് , നഗരത്തിലെ പ്രമുഖ ഇയർ ക്ളിനിക്കിലെ ഡോക്ടറോട് ഞാൻ സംസാരിച്ചു , അവളെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവർ അവൾക്ക് ഹിയറിംഗ് എയ്ഡ് എക്യൂപ്മെന്റ് ഫ്രീയായി നൽകാമെന്ന് പറഞ്ഞിട്ടുണ്ട്" .
"ടീച്ചറ് പറഞ്ഞത് നേരാ..." നസീമയുടെ മുഖം വിടർന്നു
"ഉം ... നേര് " ടീച്ചർ പുഞ്ചിരിച്ചു. അവൾ ടീച്ചറെ കെട്ടിപിടിച്ചു പിന്നെ പിടി വിട്ട് അവൾ തിരിഞ്ഞ് ഓടി , "ഞാനിത് ഓളോട് പറയട്ടെ ന്റെ റബ്ബേ നീയെന്റെ പ്രാർത്ഥന കേട്ടു " ഓടുന്നതിനിടയിൽ അവൾ എതിരെ വന്ന പ്യൂൺ മണിയുമായി കൂട്ടിയിടിച്ചു എങ്കിലും വിഴാതെ ബാലൻസ് ചെയ്ത് കിതച്ചു "സോറി ട്ടാ ....." നസീമ പിന്നെയും ഓടുന്നതിനിടയിൽ ടീച്ചർ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു " അവളോട് ശനിയാഴ്ച്ച ക്ളിനിക്കിൽ ടെസ്റ്റിന് പോകണമെന്ന് പറയണം "
"ങാ പറയാം ... " നസീമ തിരിഞ്ഞു നോക്കാതെ ഓടി -
"നീയൊന്ന് ക്ഷമിക്കടി ടീച്ചർ വരട്ടെ " മീന ആംഗ്യം കാട്ടി നസീമ കുറെ നേരമായി ഫോണിലും റോഡിലും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് തുടങ്ങിയിട്ട്. ഇന്നാണ് ടീച്ചർ ഹിയറിംഗ് എയ്ഡ് കൊണ്ടുവരാമെന്ന് പറഞ്ഞത് മീനക്ക് കേൾവി കിട്ടുന്നതിൽ ഏറ്റവും സന്തോഷം നസീമക്കാണ് കാരണം ഇനി വാതോരാതെ താൻ പറയുന്നതെല്ലാം തന്റെ മീന കേൾക്കുമല്ലോ? നടപ്പ് നിർത്തി നസീമ ആഹ്ളാദത്തോടെ റോഡിലേക്ക് കൈ ചൂണ്ടി ദാ വരുന്നു ബിന്ദു ടീച്ചർ ... "നീ ഇവിടെ നിക്ക് " എന്ന് പറഞ്ഞ് നസീമ റോഡ് ക്രോസ് ചെയ്ത് ടീച്ചറുടെ പക്കലേക്ക് ഓടി
"ന്താ ടീച്ചറെ വൈകിയെ?" നസീമ ടീച്ചറുടെ കൈയ്യിൽ പിടിച്ചു " എന്ത് ട്രാഫിക്കാ എന്റെ കൊച്ചെ ? ഇങ്ങോട്ട് ഓടി എത്തണ്ടെ ?" ടീച്ചറുടെ കൈയ്യും പിടിച്ച് നസീമ വേഗത്തിൽ നടക്കുന്നതിനിടയിൽ ഒരു കാറിന്റെ നിറുത്താതെ ഉള്ള ഹോണടി കേട്ടു .. റോഡ് വഴി വന്ന കാർ മീഡിയനിലിടിച്ച് നിരങ്ങി മീന നിൽക്കുന്ന ദിശയിലേക്ക് പാഞ്ഞ് കേറുന്നത് കണ്ട് നസീമ അലറി വിളിച്ചു , പിൻ തിരിഞ്ഞു നിൽക്കുന്ന മീന പക്ഷെ ഒന്നും അറിഞ്ഞില്ല.
ആൾകൂട്ടത്തെ വകഞ്ഞു മാറ്റി ടീച്ചറും നസീമയും മീന കിടക്കുന്നിടത്തേക്ക് എത്തി , രക്തകളത്തിന് നടുവിലെ ദേവീ വിഗ്രഹം പോലെ മീന . മുള ചീന്തുന്ന പോലെ നസീമ കരഞ്ഞു അനക്കമറ്റ മീനയുടെ ശരീരം അവൾ കോരിയെടുത്തു മടിയിൽ കിടത്തി. കാറിൽ നിന്നിറങ്ങിയ ചെറുപ്പക്കാരെ ഓടി കൂടിയവർ കൈകാര്യം ചെയ്യുന്നതിനിടയിൽ വിളിച്ച് പറയുന്നത് കേട്ടു , " ഹെഡ് ഫോണും ചെവിയിൽ തിരുകി പാട്ടും വെച്ച് നീയൊക്കൊ ഒടുക്കത്തെ സ്പീഡിൽ ആർക്ക് വായുഗുളിക വാങ്ങിക്കാൻ പോവാടാ"
മടിയിൽ ചേതനയറ്റ് കിടക്കുന്ന മീനയുടെ മുടി നസീമ വകഞ്ഞു മാറ്റി, ടീച്ചർ കൈയ്യിലിരുന്ന ഹിയറിംഗ് എയ്ഡ് നസീമക്ക് കൊടുത്തു അത് ശരിയായി ചെവിയിൽ തിരുകി നസീമ മീനയുടെ നെറ്റിയിൽ ഉമ്മ വെച്ച് വിളിച്ചു " മീനാ ...ന്റെ മീനൂട്ടി ... മീന വിളി കേട്ടിട്ടാണോ എന്നറിയില്ല അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം നിറഞ്ഞു നിന്നിരുന്നു. ഇനിയും കേൾക്കാനാകാത്ത ഒരു പാട് ശബ്ദങ്ങൾ ചുറ്റിലും അവളെ വലം വച്ച് ഒഴുകുവാൻ തുടങ്ങിയിരുന്നു.
ജീസ് കൈതാരം