കല്ലു മുട്ടായി
"അടങ്ങി നിക്കടി അവിടെ നിനക്കെന്താ ഒരു ചാട്ടം " ?. രാവിലെ അമ്മച്ചി അമ്മിണി ആടിനെ ശ്വാസിക്കുന്നത് കേട്ട് കൊണ്ടാണ് വർക്കി കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നത് .
പണ്ട് ബീരാൻ കുട്ടിയാക്കാന്റെ പീടികയായിരുന്ന പുല്ലുമേഞ്ഞ ആ വീടിന്റെ കോലായിന്റെ ഓരത്ത് അമ്മിണി ആടിനെ കറന്നു കൊണ്ട് ഇരിക്കുന്ന അമ്മയെ അവൻ പുറകിൽ നിന്ന് കെട്ടിപിടിച്ചു .
"ടാ പാലുമറിഞ്ഞു പോകും പോയി ഗ്ലാസ് എടുത്തോണ്ട് വാ" അവൻ അമ്മയെ വിട്ട് അടുക്കളയിൽ ചെന്ന് തന്റെ കുഞ്ഞി സ്റ്റീൽ ഗ്ലാസ് എടുത്തു , പോയ പോക്കിൽ തീയുന്തി കൊണ്ട് ഇരിക്കുന്ന ചേച്ചിപ്പെണ്ണിനെ ഒന്ന് തോണ്ടാനും മറന്നില്ല !
മൊന്തയിൽ നിന്ന് അരിച്ചെടുത്ത ചൂടു പാൽ തന്റെ കുഞ്ഞി ഗ്ലാസിൽ വാങ്ങി വർക്കി അതുമായി പുറത്തേക്കിറങ്ങി പുല്ലിൽ നിന്ന് വീണ മഞ്ഞു വെള്ളം അവനെ ചെറുതായൊന്നു കുളിർപ്പിച്ചു. പാടത്ത് കോടയിറങ്ങിയ പുകപടലങ്ങൾ അങ്ങിങ്ങായി തങ്ങി നിൽക്കുന്നു. തൊപ്പിയും തട്ടവും ഇട്ടു കുട്ടികൾ ഒറ്റയും തെറ്റയുമായി മദ്രസയിലേക്ക് പോകുന്നുണ്ട്. അബ്ദുറഹിമാൻ കാക്ക വയലിൽ വെള്ളം തിരിച്ചു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. അവൻ വേലിക്കരികിലെ മൾബറി മരത്തിൽ ചെന്നു നോക്കി , അങ്ങിങ്ങ് നല്ല തുടുത്ത മൾബറി പഴങ്ങൾ കണ്ട് അവൻ ഗ്ലാസിലെ പാൽ കുടിച്ച് തീർത്ത് കോലായിൽ ഗ്ലാസ് കൊണ്ട് വെച്ച ശേഷം തിരിച്ച് മൾബറി പറിക്കാൻ ഓടി ,
" വർഗീസെ പോയി പല്ല് തേച്ച് മോറ് കഴുകടാ"
"ദാ വരുന്നു " അമ്മച്ചിക്ക് മറുപടി കൊടുത്ത് അവൻ മൾബറിയുടെ ചില്ലകൾ എത്തിപ്പിടിച്ച് പഴുത്ത മൾബറികൾ ഒരോന്നായി പറിച്ചെടുത്തു ട്രൗസറിന്റെ പോക്കറ്റിലിട്ടു. അപ്പോഴതാ വേലിക്കപ്പുറത്ത് നിന്ന് ഒരു ശബ്ദം "ചേട്ട മൊട്ട മൾബറി തോനെ ഉണ്ടോ ? വർക്കി ശബ്ദം കേട്ടിടത്തേക്ക് വേലിക്കലെ കരിമ്പിന്റെ തണ്ട് മാറ്റി നോക്കി മേലത്തെ വയലിൽ പണിയ ചെക്കൻ മാർ നിരന്ന് തൂറാനിരിക്കുന്നു രാജന്റെ മോൻ കൃഷ്ണനാണ് ചോദ്യകർത്താവ് , രാജൻ അക്കരെ വീട്ടിലെ സ്ഥിരം പണിക്കാരനാണ്, രാജന്റെ അച്ചൻ ചണ്ണനും അവിടെ പണിക്ക് വരാറുണ്ട് ചണ്ണന്റെ അമ്മ മഞ്ഞള മുരാത്തിയാണ് അക്കരെ വീട്ടിലെ കുട്ടികളെ കുളിപ്പിക്കുന്നതും നോക്കുന്നതും. വലിയ തോട കൊണ്ടുള്ള കമ്മലിട്ട മുരാത്തിക്ക് എല്ലാ കുട്ടികളെയും വലിയ കാര്യമാണ്. കൃഷ്ണൻ വർക്കിയെ നോക്കി വെളുക്കെ ചിരിച്ചു. ചപ്രതലമുടിയും പതിഞ്ഞ മൂക്കും വട്ടമുഖവുമുള്ള മറ്റ് പണിയ പിള്ളേരെക്കാൾ എന്തോ ഒരു ഭംഗി കൃഷ്ണനുണ്ടന്ന് വർക്കിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവന്റെ ആ ഇരിപ്പും ചോദ്യവും വർക്കിക്ക് തീരെ പിടിച്ചില്ല ! " മ് മ് ഹും "എന്ന് മൂളി തിരിഞ്ഞു നടന്നു. പോക്കറ്റിൽ നിന്ന് മൾബറി എടുത്ത് കോലായി മേലെ മൺ തിണ്ടിൽ വച്ച് , പാളയിൽ നിന്ന് ഉമിക്കരി എടുത്ത് വായിൽ തിരുകി.
വയൽ വരമ്പിൽ വീണു കിടക്കുന്ന നെൽക്കതിരുകൾ ചവിട്ടാതെ വർക്കിയും ലാലിയും മുന്നാട്ട് നടന്നു. നടക്കുന്നിതിനടക്ക് തന്റെ കാലുകൾ മഞ്ഞു വെള്ളം കൊണ്ട് നനക്കുന്ന നെൽച്ചെടിയോട് അവന് ഒട്ടും ദേഷ്യമില്ല.കാരണം ഒരിക്കൽ വരമ്പത്ത് കൂടി നെൽക്കതിരുകൾ തട്ടി തെറിപ്പിച്ച് ഓടിയ അവനോട് അമ്മ പറഞ്ഞിട്ടുണ്ട് "അന്നമാണ് ചെക്കാ നോക്കി നടക്ക് " എന്ന് . ഇനിയും കുറച്ച് നാളുകൾ കഴിഞ്ഞ് നെല്ല് കൊയ്യും പിന്നെ ഈ വരമ്പിലൂടെ ചുറ്റി ബുദ്ധിമുട്ടി നടക്കണ്ട . നടുവിലൂടെ ഓടാം. കൊയ്ത്ത് കഴിഞ്ഞ് കുറെ ദിവസം അക്കര വീട്ടിലെ കളത്തിൽ പോത്തുകളെ കെട്ടി 'മെതിക്കൽ ' ഉണ്ടാവും . ആ ദിവസങ്ങളിൽ അവന് വലിയ സന്തോഷമാണ് മെതിച്ചു തീർന്ന വൈയ്ക്കോലിൽ തലകുത്തി മറിയാം, ചാടാം, ഇടക്ക് കപ്പയും കാപ്പിയും ചിലപ്പോൾ കൊഴുക്കട്ടയും കിട്ടും. രാത്രിയിലാണ് മെതിക്കൽ ഉണ്ടാവുക ഒരു ദിവസം രാത്രി വയ്ക്കോൽ കൂനയുടെ മുകളിൽ കിടന്ന് ഉറങ്ങി പോയതും അവന് ഓർമ വന്നു. മേമമാർ ആരോ കണ്ടതുകൊണ്ട് എടുത്ത് അകത്ത് കൊണ്ട് പോയി കിടത്തിയത് രാവിലെ വെല്യമ്മച്ചി പറഞ്ഞു.
നടക്കുന്നതിനിടയിൽ പെട്ടൊന്ന് ഒരു തവള അവനെ കവച്ച് വട്ടം ചാടി . അത് അവനെ ചെറുതായൊന്ന് പേടിപ്പിച്ചു. അവൻ അവിടെ നിന്ന് തവള വന്ന വഴി നോക്കി ഭാഗ്യം പാമ്പില്ല ! തവള വരുമ്പോ പാമ്പുമുണ്ടാകുമെന്ന് അവൻ പറഞ്ഞ് കേട്ടിട്ടുണ്ട് ,ആശ്വാസത്തോടെ മുന്നോട്ട് നടക്കുന്നത് തുടർന്നു. പാമ്പിനെ അവന് വലിയ പേടിയാണ് കുറച്ച് നാള് മുമ്പ് വെല്യപ്പച്ചൻ ഒരു പണി പറ്റിച്ചതിൽ പിന്നെയാണ് ഈ പേടി ! ഒരു ശനിയാഴ്ച! എല്ലാരും അക്കരെ വീട്ടിലാണ് ഉറങ്ങിയത് ജെയ്സനും ലൗലിയും ഷില്ലിയും ചേച്ചിയും ഷെജിയും ഉണ്ടായിരുന്നു. നല്ല മഴക്കാലം ! മുമ്പിലെ ഡാമിൽ വെള്ളം നിറഞ്ഞതിനാൽ തുറന്ന് വിട്ടിരിക്കുകയാണ് കലങ്ങി മറിഞ്ഞു പായുന്ന വെള്ളപാച്ചിൽ അക്കരെ വീട്ടിലെ വരാന്തയിൽ നിന്നാൽ കാണാം , രാവിലെ എല്ലാരും തിമിർത്ത് കളിക്കുന്നതിനിടയിൽ രാവിലെ ജോണേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോയ വെല്യപ്പച്ചൻ കേറി വന്നു, എല്ലാവരുടെയും ശ്രദ്ധ വെല്യപ്പച്ചന്റെ കയ്യിലെ പൊതിയിലായി , പിള്ളേർ വീട്ടിലുണ്ടങ്കിൽ വെല്യപ്പച്ചൻ ചായ കുടിക്കാൻ പോയാൽ എന്തേലും കടി വാങ്ങി കൊണ്ടുവരും ! "ആർക്കൊക്കെയാ പാപ്പം വേണ്ടെ " എല്ലാരും കൈ നീട്ടി വട്ടം കൂടി ! തോർത്തു മുണ്ടിൽ ഒളിപ്പിച്ച പൊതി നീർത്തി വെല്യപ്പച്ചൻ താഴേക്കിട്ടു. "അയ്യോ പാമ്പ് " എന്താണന്ന് മനസ്സിലായപ്പോഴേക്കും എല്ലാരും അലറികൊണ്ട് നാലുപാടും പാഞ്ഞു കഴിഞ്ഞിരുന്നു. പാമ്പും ജീവനും കൊണ്ട് രക്ഷപ്പെട്ടു. വെല്യപ്പച്ചൻ മാത്രം കുലുങ്ങി ചിരിച്ചു കൊണ്ട് അങ്ങനെ നിന്നു. ചായപ്പീടികയിൽ ചെന്നപ്പോൾ കടിയൊന്നും കിട്ടാതെ വന്നപ്പോൾ വഴിക്ക് കണ്ട നീർക്കോലിയെ തോർത്ത് മുണ്ടിട്ട് പിടിച്ചു കൊണ്ടുവന്നതാ കക്ഷി !
പിന്നീട് ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ലങ്കിലും എപ്പോഴും കടി വാങ്ങിക്കുന്ന കാര്യം പറയുമ്പോൾ വെല്യപ്പച്ചനോട് "പാമ്പിനെ കൊണ്ടരാൻ " അല്ലെ എന്ന് ചോദിക്കുമായിരുന്നു. വെല്യപ്പച്ചന് ഇടത്തെ കയ്യിൽ മൂന്ന് വിരൽ മാത്രമെ ഉണ്ടായിരുന്നുള്ളു പണ്ട് പന്നി പടക്കം കയ്യിലിരുന്ന് പൊട്ടിയാണത്രെ അങ്ങനെ ആയത് ! "പടക്കം പൊട്ടി ചേട്ടൻ എന്ന് ആൾക്കാർ സ്നേഹപൂർവം പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് !
ഇൻറർവെല്ലിന് ബെല്ലടിച്ചപ്പോൾ വർക്കിയും ഷാജിയും കൂടി ഗ്രൗണ്ടിൽ കളിക്കാനിറങ്ങി. കല്ലുകൾ മേലെക്കിട്ട് പിടിക്കുന്ന കളി ആദ്യമാദ്യം കല്ല് കയ്യിൽ പിടിച്ച് തുടങ്ങിയ കളി പിന്നെ കുഞ്ഞികല്ലുകൾ മുകളിൽ നിന്ന് എറിഞ്ഞ് വായിൽ പിടിക്കലായി ഒന്നു രണ്ടു തവണ പരാജയപ്പെടുകയും തലയിൽ കല്ലു വീഴുകയും ചെയ്ത കളി മതിയായി വർക്കി നിർത്തിയതാണ് അപ്പോഴാണ് ഷാജി കൃത്യമായി കല്ലു വായിൽ പിടിച്ച് കാണിച്ചത് , എന്നാൽ ഒരിക്കൽ കൂടി ചെയ്ത നോക്കാം എന്ന് കരുതി നല്ല ഉരുണ്ട ചെറിയ കല്ല് മോളിലേക്കിട്ടു ! ദേ കൃത്യം വായിൽ വീണിരിക്കുന്നു. ഷാജിക്ക് കാണിച്ച് കൊടുക്കാനായി വായ് തുറന്ന് പിടിച്ച വർക്കിയോട് ഷാജി പറഞ്ഞു. " പോടാ അത് താഴെ പോയിട്ടിണ്ടാകും നീ വെറുതെ പറയാ " "ഇല്ലടാ സത്യം " എന്ന് പറഞ്ഞ് നാവു കൊണ്ട് തപ്പി നോക്കിയ വർക്കിക്ക് നിരാശയായിരുന്നു. ഫലം .കല്ലു കാണാനില്ല ! "എന്നാ നീ വിയുങ്ങിട്ടുണ്ടാകും" ! എന്നായി ഷാജി, അവന് പേടിയായി "കല്ലു വിഴുങ്ങിയാൽ മരിച്ചു പോകോ ഷാജി ?"
"ആ എനിക്കറിയില്ല " അപ്പോഴെക്കും ബെല്ലടിച്ചു , ഷാജി അവനെ വിട്ടു രണ്ട് ബി യുടെ നേർക്ക് ഓടി .
എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു ഗ്രൗണ്ടിൽ നിന്ന് കരയാൻ ആരംഭിച്ച വർക്കിയെ സിസ്റ്റർ ഗ്രാസില്ല ഓഫീസ് റൂമിന്റെ വാതിൽക്കൽ നിന്ന് കയ്യാട്ടി വിളിച്ചു. സിസ്റ്ററിനെ കണ്ട് തിരിഞ്ഞ് ക്ലാസിലേക്ക് ഓടാൻ നോക്കിയ അവൻ പതുക്കെ ആ ശ്രമം ഉപേക്ഷിച്ച് സിസ്റ്ററിന്റെ അടുത്തെത്തി ഏങ്ങി ഏങ്ങി കരഞ്ഞു. സിസ്റ്ററിന്റെ ചോദ്യങ്ങൾക്ക് മറുപടികൾക്കിടയിൽ അവൻ ഷാജിയെ കുറ്റപ്പെടുത്താനും മറന്നില്ല "അവൻ പറഞ്ഞിട്ടാ ഞാൻ അങ്ങനെ ചെയ്തെ "
സാരമില്ല പോട്ടെ നമുക്ക് ആശുപത്രിയിൽ പോണേന്ന് നോക്കാം . ഓഫീസ് റൂമിലെ കസേരയിൽ കൊണ്ടിരുത്തിയ വർക്കിയുടെ വായ സിസ്റ്റർ നല്ലപോലെ പരിശോധിച്ചു . കല്ലൊന്നും കാണാത്തത് കൊണ്ട് കുടിക്കാൻ വെള്ളം കൊടുത്തു. "എന്തേലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ " എന്ന ചോദ്യത്തിന് " ഇല്ല സിസ്റ്ററെ കല്ലു വിയുങ്ങിയാൽ ഞാൻ മരിച്ച് പോകോ " എന്ന് പറഞ്ഞ് വർക്കി വീണ്ടും കരഞ്ഞു. സിസ്റ്റർ ഓഫീസ് റൂമിന്റെ മേശ തുറന്ന് "പാരീസ് മുട്ടായി നാലെണ്ണമെടുത്ത് കയ്യിൽ പിടിച്ച് പറഞ്ഞു നീ കരയാണ്ടിരുന്നാൽ മുട്ടായി തരാം. മുട്ടായി കണ്ടതും അവന്റെ കരച്ചിൽ സ്വിച്ചിട്ടത് പോലെ നിന്നു. പെട്ടെന്ന് സിസ്റ്ററിന്റെ മേശമേലെ ഫോണടിച്ചു. ഫോണിലെ വിവരങ്ങൾ കേട്ടിട്ടാകാം സിസ്റ്റർ നെറ്റിയിൽ കുരിശു വരക്കുന്നതു കണ്ടു. ഫോൺ വെച്ച് സ്റ്റാഫ് റൂമിൽ പോയി എന്തൊക്കൊയോ പറഞ്ഞ് തിരിച്ചു വന്ന സിസ്റ്ററിന്റെ മുഖത്ത് സങ്കടമായിരുന്നു.
എന്താണന്ന് മനസ്സിലാവാതെ നിന്ന വർക്കിയോട് "മോൻ ക്ലാസിൽ പൊയ്ക്കോ കല്ല് വയറ്റിലുണ്ടങ്കിൽ രാവിലെ കക്കൂസിൽ പോകുമ്പോ നോക്കണം ട്ടോ " എന്നു പറഞ്ഞ് യാത്രയാക്കി.
2 Bയുടെ വാതുൽക്കൽ നിന്ന വർക്കിയെ ത്രേസ്യ ടീച്ചർ അകത്തേക്ക് വിളിച്ചു. എന്താ എവിടെ പോയി എന്ന് ടീച്ചർ ചോദിക്കുന്നതിന് മുമ്പ് ഷാജിയുടെ ഒച്ച വന്നു. "ഓൻ കല്ലു വിയുങ്ങി ടീച്ചറെ " കുട്ടികളെല്ലാം അവനെ അത്ഭുതത്തോടെയും ആകാംക്ഷയോടും നോക്കി ! ടീച്ചർ അവനോട് എന്തോ ചോദിക്കുന്നതിനിടയിൽ നോട്ടീസുമായി അടുത്ത ക്ലാസിലെ ടീച്ചർ വന്നു. നോട്ടീസ് വാങ്ങി വായിച്ച ടീച്ചർ ഒരു നിമിഷം "ഈശോയെ " എന്നു വിളിക്കുന്നത് കേട്ടു. ഒപ്പിട്ട് നോട്ടീസ് തിരികെ കൊടുത്ത് വർക്കിയോട് അവിടെ പോയിരിക്കാൻ പറഞ്ഞ ടീച്ചർ കണ്ണട നേരെയാക്കി "എല്ലാവരും നിശബ്ദരായിരിക്ക് " ക്ലാസ് പതിയെ നിശബ്ദമായി.
"കുട്ടികളെ ഒരു ദുഃഖ വാർത്തയുണ്ട് നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചു. ഇപ്പോൾ സ്കൂൾ വിടും ആരും കൂട്ടം തെറ്റി ഒറ്റക്ക് പോകരുത് രാവിലെ വന്നവരുടെ കൂടെ തന്നെ വീട്ടിലെത്തണം " ! ടീച്ചർ പറഞ്ഞു നിർത്തിയതും എല്ലാരും ബാഗും ചോറ്റുപാത്രങ്ങളും എടുക്കുന്ന ശബ്ദമായി ക്ലാസിൽ , കൂട്ട മണി മുഴങ്ങി കുട്ടികൾ പുറത്തേക്ക് ഒഴുകി. ഒന്നും മനസ്സിലാവാതെ നിന്ന വർക്കി പുറത്തേക്ക് പോകാതെ നിന്നു . ടീച്ചർ അവനെ അടുത്ത് വിളിച്ച് ആശ്വസിപ്പിച്ചു " നിനക്ക് കുഴപ്പമൊന്നുമില്ലല്ലോകല്ലു രാവിലെ തൂറാൻ പോകുമ്പോ നോക്കണം ട്ടോ " ആശങ്കയോടെ തലയാട്ടിയെങ്കിലും വർക്കി പതുക്കെ സഞ്ചിയുമായി കുട്ടി കൂട്ടത്തിലൊരാളായി പുറത്തേക്ക് നീങ്ങി അവന്റെ വായിലെ പാരീസ് മിഠായി അലിഞ്ഞു തീരാറായിരുന്നു. !