വെള്ളത്തണ്ട്

🥰ഓർമക്കൂട്🥰
              2
നീല ജീപ്പിന്റെ മുൻ സീറ്റിൽ നിന്ന് ചാടിയിറങ്ങുന്ന തൊപ്പിയൊക്കെ വച്ച പോലീസുകാരൻ . ഒരു വീടിന്റെ മുൻപിലെത്തി പറയുന്നു, ഇറങ്ങി വാടാ കേറടാ വണ്ടിയിൽ !.........

ടിം.!
സ്ളേറ്റ് പിന്നെയും താഴെ വീണപ്പോൾ ജോസഫ് സലാമിനെ തോണ്ടി !ഷോജി സിസ്റ്ററിന്റെ ആമയുടെയും മുയലിന്റെയും കഥ ശ്രദ്ധയോടെ കേട്ടിരുന്ന സലാം ചോദ്യഭാവത്തിൽ ജോസഫിനെ നോക്കി , ഉറക്കം തൂങ്ങുന്ന വർക്കിയെ സലാമിനെ കാണിച്ച് ജോസഫ് വാ പൊത്തി ചിരിച്ചു. സലാം നാസറിനെ തോണ്ടി ഈ കാഴ്ച്ച കാണിച്ചു കൊടുത്തു. ചിരി ബഞ്ചിലാകെ പടർന്നു. പിന്നെ ക്ലാസു മൊത്തവും ചിരിയായി സിസ്റ്റർ അടുത്തു വന്ന് നിന്നിട്ടും വർക്കി മാത്രം ഇതൊന്നു മറിഞ്ഞില്ല !
 സിസ്റ്റർ അവനെ കുലുക്കി വിളിച്ചു അവൻ കണ്ണു തുറന്ന് എന്താ എന്ന ഭാവത്തിൽ പകച്ചു നോക്കി ! ആർത്ത് ചിരിക്കുന്ന കുട്ടികളെ നോക്കി സിസ്റ്റർ ഉറക്കെ "സൈലൻസ് ! "എന്ന് പറയും കയും ഒപ്പം ചൂണ്ടുവിരൽ ചുണ്ടത്ത് വച്ചു കാണിച്ചു. പതുക്കെ പതുക്കെ ക്ലാസ് നിശബ്ദമായി ചിലർ സ്റ്റിസ്റ്ററിനെ അനുകരിച്ച് ചൂണ്ടുവിരൽ ചുണ്ടത്ത് വച്ചിരുപ്പായി. 

താഴെ കിടന്ന സ്ളേറ്റ് സിസ്റ്റർ എടുത്ത് വർക്കിയുടെ കയ്യിൽ കൊടുത്തു . അപ്പോഴാണ് അത് തന്റെ കയ്യില് അത് ഇല്ലന്ന് അവന് മനസ്സിലായത് !
"എന്താ വർഗീസെ ? ക്ലാസിലിരുന്ന് ഉറങ്ങാണോ ? ആട്ടെ എന്ത് സ്വപ്നമാ കണ്ടത് ? കണ്ട സ്വപ്നത്തെ കുറിച്ചോർത്തപ്പോൾ വർക്കിക്ക് പുഞ്ചിരി വന്നു. പിന്നെ നാണത്തോടെ തല കുമ്പിട്ട് നിൽപ്പായി.
"ഉം കൈ കെട്ടി അവിടെ നിൽക്ക് ഉറക്കം പോട്ടെ " സിസ്റ്റർ വീണ്ടും പഴയ സ്ഥാനത്ത് ചെന്ന് നിന്ന് "അപ്പോൾ നമ്മുടെ കഥയിലെ മുയൽ ഉറങ്ങി പോയി "ല്ലെ ഇതു പറഞ്ഞതും കുട്ടികൾ വീണ്ടും ഉച്ചത്തിൽ വർക്കിയെ നോക്കി ചിരിച്ചു. സിസ്റ്റർ ശ് .... ശ് ... എന്ന് ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിച്ചു. കുട്ടികൾ ചിരി നിർത്തി സിസ്റ്റർ വീണ്ടും കഥ തുടർന്നു. 

വർക്കിയാകട്ടെ സ്വപ്നത്തിനെ പറ്റി ആലോചിച്ച് നോക്കുകയായിരുന്നു. താൻ ആരെയാണ് ബലമായി ജീപ്പിൽ കയറ്റി കൊണ്ട് പോയത് ? അപ്പോഴെക്കും കേട്ട ബെല്ലടി അവന്റെ ചിന്തകൾ കീറി മുറിച്ചു. എല്ലാരും വരിയായി നിൽക്ക് സിസ്റ്ററിന്റെ ശബ്ദം അവനെ സ്ളേറ്റും പുസ്തവും ബഞ്ചിൽ വച്ച് മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചു . ക്ലാസിന്റെ മൂലയിലായി നിരത്തി വച്ചിരുന്ന പാത്രങ്ങളിൽ തന്റെ പാത്രവുമെടുത്ത് അവൻ വരിയിൽ പോയി നിന്നു.
കുട്ടികളിൽ മുഴുവൻ പേരും ഇല്ല വരിയിൽ ചിലർ ചോറു കൊണ്ടുവരും ! ജോയിയും റാസിക്കും അനീഷും ബബിതയും എല്ലാം ചോറു കൊണ്ടുവരുന്നവരാണ്. അവർ ചോറു പൊതിയുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങി. വർക്കിയും ജോസഫും തങ്ങൾക്കുള്ള ഉപ്പ്മാവ് വാങ്ങി  ജോയിയുടെ പിന്നാലെ ചെന്നു.

 സിസ്റ്റർ പറഞ്ഞിരിക്കുന്നത് താഴെക്ക് ആരും പോകരുതെന്നാ അവിടെ പുതിയ സ്കൂളിന്റെ പണി നടക്കുകയാ, അയിന്റെ പണി കഴിയുമ്പോ നമ്മൾക്ക് അങ്ങോട്ട് മാറും പോലും . നല്ല ഭംഗിയുള്ള മഞ്ഞ പെയിന്റടിച്ച് തുടങ്ങിയിട്ടുണ്ട് മിറ്റത്തിന്റെ മൂലക്കുള്ള പുൽതകിടിയിൽ ചെന്നിരിക്കുമ്പോൾ വർക്കി അങ്ങോട്ട് എത്തിച്ചു നോക്കി. അവരെല്ലാം വട്ടത്തിൽ ഇരുന്നു പൊതിയഴിച്ച് ചോറു തിന്നു തുടങ്ങി. ജോയിക്കെന്നും മുട്ട വറുത്തത് ഉണ്ടാകും അവന് തോന്നിയാൽ അവൻ എല്ലാരി ക്കും വളരെ സൂക്ഷിച്ച് കുറച്ച് ചീന്തി കൊടുക്കും ! "എന്റെ വീട്ടിലെ കോഴി ഇട്ടതാ " എന്ന് ഗമയും പറയും . ജോയിക്കും റാസിക്കിനും അനീഷിനുമൊക്കൊ നീണ്ട വള്ളിയുള്ള വാട്ടർ ബോട്ടിലുണ്ട്. നടുക്ക് കുഴലുള്ള വാട്ടർ ബോട്ടിൽ . അതിൽ നിന്ന് വലിച്ചു കുടിക്കണത് നല്ല രസമാണ് പോലും ! കമ്പ പൊടിയുടെ ഉപ്പ്മാവ് തൊണ്ടയിൽ കുടുങ്ങി വർക്കി ചുമച്ചു. വെള്ളത്തിനായി ചുറ്റും നോക്കിയ വർക്കിയുടെ
 നേരെ  ജോയി വാട്ടർ ബോട്ടില് നീട്ടി "ന്നാടാ കുടിച്ചോ എന്റെ വീട്ടിലെ കിണറ്റിലെ വെള്ളാ " പമ്പടിച്ച് ടാങ്കില് കേറ്റണ താ നല്ല മധുരാ " വെപ്രാളത്തോടെ വെള്ളം വാങ്ങി വായിലേക്ക് കമിഴ്ത്തി .

ഭക്ഷണം കഴിച്ച് കൈ കഴുകാനായി അവർ പൈപ്പിന്റെ അവിടേക്ക് ചെന്നപ്പോൾ അവിടെ ആകെ ബഹളമയം. ഇടക്കിടക്ക് പറക്കുന്ന ചോറ്റുപാത്രങ്ങളും നിലവിളികളും നൂലുപോലെ വരുന്ന വെള്ളത്തിനായി എനിക്കാദ്യം എന്ന് ഇടിയുണ്ടാക്കുമ്പോൾ സംഭവിക്കുന്നതാണ് പാത്രങ്ങളുടെ പറക്കലും കരച്ചിലും ! റാസി തിരക്കിനിടയിൽ കൂടി നൂണ്ട് കുറച്ച് വെള്ളവുമായി വന്നു. എപ്പോഴും റാസിയാണ് വെള്ളമെടുക്കാൻ മിടുക്കൻ ! അതുകൊണ്ട് ജോസഫും അനീഷും കൈ കഴുകി. ജോയി വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ അൽപ്പമെടുത്ത് കൈ കഴുകി വായും കുലുക്കുഴിഞ്ഞു വർക്കി കൈ നീട്ടിയതും എനിക്ക് കുറച്ച് കഴിഞ്ഞ് കുടിക്കാനുള്ള താ എന്ന് പറഞ്ഞ് അവൻ വാട്ടർ ബോട്ടില് അടച്ചു കളഞ്ഞു. വർക്കി ഒന്നും മിണ്ടാതെ കടലാസ് പൂവുകൾ ചാഞ്ഞു കിടക്കുന്ന വഴിയുടെ അരികിലെ ഒരു വട്ടയില പറിച്ചെടുത്ത് കൈ അമർത്തി തുടച്ചു. വേറെ ഒരെണ്ണം പറിച്ച് പാത്രവും ! വട്ടയില നിറയെ ഉണ്ട് അവിടെ ,
പാത്രം കൊണ്ടു വരാത്ത ദിവസങ്ങളിൽ കുമ്പിള് കുത്തി ഉപ്പ്മാവ് വാങ്ങിക്കുന്നതും ഇതിലാണ്.

 താഴെ അത്തിമരത്തിന്റെ കായ് പറിക്കാനായി ചില മുതിർന്ന കുട്ടികൾ എറിയുന്നത് കണ്ടു. ചില പെൺകുട്ടികൾ മണ്ണിട്ട വഴിയുടെ ഓരം ചേർന്ന് പാവാട വട്ടത്തിൽ പിടിച്ച് കൊണ്ട് മറച്ച് ഒന്നിന് പോകുന്നു. അവൻ തിരികെ ക്ലാസ് മുറിയിലെത്തി ,ജോയിയും റാസിയും മുത്തുകളുള്ള സ്ളേറ്റിൽ കറക്കി കളിക്കുന്നുണ്ടായിരുന്നു. ഇനി ജോയിയോടു മിണ്ടൂലന്ന് ഉറപ്പിച്ച് ജ
വർക്കി ബഞ്ചിൽ പോയി ഇരുന്നു. 

അൽപ്പം കഴിഞ്ഞ് ജോയി വന്ന് അവന്റെ അടുത്തിരുന്നു. "എടാ നിനക്ക് വെള്ളതണ്ട് വേണോ ?" ജോയി എന്നും സ്ളേറ്റ് മായിക്കാൻ വെള്ളത്തണ്ട് കൊണ്ടുവരും ഇടക്ക് തരാറുമുണ്ട് ! ഇന്നാടാ ഒരെണ്ണം നീട്ടി  ജോയി പിന്നെയും പറഞ്ഞു "ഇന്നാ " അറിയാതെ വർക്കിയുടെ കൈ വെള്ളത്തണ്ടിലേക്ക് നീണ്ടു. ഒരു ചിരിയോടെ വെള്ളത്തണ്ട് കൊടുത്തിട്ട് ജോയി കാതിൽ സ്വകാര്യം പറഞ്ഞു. "വീട്ടിലെ കിണറിന്റെ ചുറ്റിലും നിറയെ വെള്ളത്തണ്ടുണ്ട് നിനക്കിനിയും കൊണ്ടു തരാട്ടോ" നീ ഇത് വായിലിട്ട് നോക്കിയിട്ടുണ്ടോ നല്ല മധുരാ " കിണറ്റിലെ വെള്ളത്തിന്റെ പോലെ " .
 വിശ്വാസം വരാതെ ജോയിയെ നോക്കിയ അവനെ ജോയി നിർബന്ധിച്ചു " നീ തിന്നു നോക്കടാ " വർക്കി വെള്ളതണ്ട് വായിലിട്ട് ഒന്ന് കടിച്ചു വെള്ളം വന്നു പക്ഷെ മധുരമില്ല ! 

"എന്താടാ മധുരമില്ലല്ലെ നേരിയ ഉപ്പ് ഇല്ലെ അതെന്താ ന്ന് അറിയോ ? ഇല്ലന്ന് വർക്കി ചുമൽ വെട്ടിച്ചു. "അതെ യ് ഞാനെ രാവിലെ എണീറ്റ് മൂത്രം മുള്ളണത് കിണറ്റിലേക്കാ ആ വെള്ളാ നീ ഇന്ന് കുടിച്ചെ " എനിക്ക് പാവം തോന്നിട്ടാ ഞാൻ പിന്നെം വെള്ളം തരാഞ്ഞെ ...."
ഇതും പറഞ്ഞ് ജോയി എണീറ്റ് ഓടി   "വെള്ളത്തണ്ടിന് ഉപ്പ് വരാൻ ഞാനാ കാരണം " . ഓടുന്നതിനിടയിൽ വീണ്ടും അവൻ വിളിച്ചു പറഞ്ഞു.

 " ടാ ജോയി അവിടെ നിക്കാൻ "
വെളിവ് കെട്ട് നിന്ന വർക്കി ജോയിയുടെ പുറകെ പാഞ്ഞു.......
                 തുടരും ......

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്