നാടകം :- സ്വർഗത്തിലേക്കുള്ള വഴി
*സ്വർഗത്തിലേക്കുള്ള വഴി*
കഥാപാത്രങ്ങൾ :- കൊച്ചാപ്പു, ഫാദർ വട്ടത്തറ
കൊച്ചാ :-ഹലോ ആരെയും കാണുന്നില്ലല്ലോ ഒന്ന് വഴി ചോദിക്കാൻ ? ഈ ആൾക്കാരൊക്കൊ എവിടെ പോയി? വന്ന് വന്ന് കൊറോണ കാരണം ആരും പുറത്തിറങ്ങാതെയായി എന്താ ചെയ്യാ ?
(സൈഡിലൂടെ നടന്ന് പോകുന്ന ളോഹ ധരിച്ച ആളിനെ കണ്ട് ) ഹലോ ചേട്ടാ ഒന്ന് നിക്കണെ... (അയാൾ തിരിഞ്ഞ് നിൽക്കുന്നു )
കൊച്ചാ :- അല്ലാ ഇത് ചേട്ടനല്ലല്ലോ അച്ചനല്ലേ പള്ളീലച്ചൻ .. തേടിയ വള്ളി കാലിൽ ചുറ്റി ...
ഫാദർ വട്ടത്തറ :- ഉം... എന്നാ കാര്യം ? എനിക്ക് പോയിട്ട് ധൃതിയുണ്ട് കൊച്ചാപ്പു :- എനിക്ക് പോയിട്ട് ധൃതിയില്ല ന്നാലും പോണ്ട വഴി അറിയണമല്ലോ
വട്ടത്തറ :- ഇയാളീ കൊച്ച് വെളുപ്പാൻ കാലത്ത് എങ്ങോട്ട് പോണ് ?
കൊച്ചാപ്പു :- ഞാൻ സ്വർഗ്ഗത്തിലേക്ക് ... പോവാൻ എറങ്ങിയതാ
വട്ടത്തറ :- ഇയാൾക്കെന്താ വട്ടുണ്ടോ ? ഒന്ന് പോയെ മനുഷ്യനെ മിനക്കെടുത്താൻ
കൊച്ചാ :- ഞാൻ ശരിക്കും പറഞ്ഞതാ അച്ചോ എനിക്ക് സ്വർഗ്ഗത്തിലേക്കാ പോണ്ടത് ...
വട്ടത്തറ :- ഇയാളെന്താ ഈ പറയുന്നെ ?
കൊച്ചാ :- അച്ചനല്ലേ പള്ളിലും ധ്യാനത്തിനുമൊക്കെ സ്വർഗ്ഗ രാജ്യത്തിലേക്കു പ്രവേശിക്കാൻ നിങ്ങൾ പ്രയത്നിക്കുവിൻ എന്ന് പ്രസംഗിച്ചത് ?
വട്ടത്തറ :- അതിന്....?
കൊച്ചാ :- എനിക്കും പ്രവേശിക്കണം അച്ചോ സ്വർഗ്ഗ രാജ്യത്തിലേക്ക്
വട്ടത്ത:- അത് ...... അത് പിന്നെ മരിച്ചവർക്കല്ലെ സ്വർഗ്ഗ രാജ്യത്തിലൊക്കെ പ്രവേശിക്കാൻ പറ്റൂ ...
കൊച്ചാ :- ദേ കിടക്കണു .. അച്ചൻ എത് നാട്ടുകാരനാ. അച്ചോ ഞാൻ മരിച്ചു ... ഇന്നലെ രാത്രി 9 മണിക്ക് ... പള്ളീല് മണി അടിച്ചതും മരിച്ചറിയിപ്പ് വന്നതും അച്ചൻ അറിഞ്ഞില്ലെ ?
വട്ടത്തറ :- ഇല്ല ഞാൻ ഇന്നലെ താറാവു കറിയും 3 ചപ്പാത്തിയും തിന്ന് നേരത്തെ കിടന്നതാ... ആരും വിളിച്ചുമില്ല ... അല്ലാ മരിച്ചിട്ട് താനെന്താ ഇവിടെ ?
കൊച്ചാ :- ഈയാള് അച്ചനാണന്ന് പറഞ്ഞിട്ട് ഒരു കോപ്പും അറിയില്ല ...എന്റെ സംസ്കാരം വൈകീട്ട് 4 നാ അപ്പോ അച്ചൻ വന്ന് ഒപ്പിസ് ചൊല്ലാതെ എനിക്ക് ആത്മശാന്തി കിട്ടോ ? നമ്മള് വൈകീട്ട് നാല് വരെ ഇവിടൊക്കെ തന്നെ കാണും
വട്ടത്തറ :- അത് നേരാണല്ലോ ? അല്ല ശവടക്കിന് തന്റെ മക്കളൊക്കൊ വരോ ?
കൊച്ചാ :- ഏയ് ആരു വരാൻ? ഇവന്റ് കാര് എല്ലാരെയും വിളിച്ചു പറഞ്ഞു ആരും വരണ്ട ,എല്ലാർക്കും ശവടക്കിന്റെ വീഡിയോ പിടിച്ച് CD അയച്ചു തരാന്ന് ... വിമാന ടിക്കറ്റിന്റെ പകുതി അവൾക്ക് കൊടുത്താൽ മതീന്ന്
വട്ടത്ത:- അപ്പോ പിന്നെ ആരെ കാണിക്കാനാടോ 4 മണി വരെ ശവം വച്ചോണ്ടിരിക്കണത്
കൊച്ചാ :- അത് പിന്നെ നമ്മള് ക്രിസ്ത്യാനികളുടെ ഒരു ആചാരമല്ലേ അച്ചോ ശവമടക്കിന് ചുറ്റിനും കൂടിയിരിക്കുന്നവരെ വെറുപ്പിച്ച് ബോറടിപ്പിച്ച് കൊല്ലുക എന്നത് .
വട്ടത്തറ :- ഓ ശരി, ശരി ന്നാ പിന്നെ ഞാൻ മേടയിലേക്ക് ചെല്ലട്ടെ തന്റെ ഒപ്പീസിനുള്ള പരിപാടി നോക്കണം
കൊച്ചാപ്പു :-അതെന്നാ പരിപാടിയാ അച്ചോ ഞാനൊരു കാര്യം ചോദിച്ചിട്ട് പറയാതെ പോവാണോ ?
വട്ടത്തറ :- എന്റെ പൊന്നു കൊച്ചാപ്പു ഉള്ള കള്ളു മുഴുവൻ വലിച്ച് കേറ്റീട്ട് ... മനുഷ്യനെ മെനക്കെടുത്താതെ പോ ... കാലത്തു തന്നെ ഒരോ മാരണങ്ങള്
കൊച്ചാപ്പു :- അച്ചനായാൽ വാക്കിന് വെല വേണം , വെല
വട്ടത്തറ :- ഞാൻ എന്ത് വാക്ക് തന്നെ ന്നാണ് താൻ പറയണത്
കൊച്ചാപ്പു :- അച്ചനല്ലെ പറഞ്ഞത് ദൈവമക്കളായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ നിങ്ങളെ സ്വർഗ രാജ്യത്തിൽ പ്രവേശിപ്പിക്കാൻ ഞാൻ സഹായിക്കാം എന്ന്
വട്ടത്തറ :- അതിന്
കൊച്ചാപ്പു:-
എന്നിട്ട് പിന്നെ വാക്ക് മാറരുത്
ദേ അങ്ങയുടെ ദൈവരാജ്യത്തിലെ കുഞ്ഞാട് വന്നിരിക്കുന്നു എനിക്കിനി സ്വർഗ്ഗ രാജ്യത്ത് പോണം ...
അച്ചൻ വഴി പറ
വട്ടത്തറ :- ഉം സമ്മതിച്ചു അതിന് കൊച്ചാപ്പു പള്ളിയിൽ പോലും വരാറില്ല , പള്ളിയിലേക്ക് പിരിവു തരാറില്ല പിന്നെങ്ങനാ,.?
കൊച്ചാപ്പു :- ഏത് ബൈബിളിലാ അച്ചോ പള്ളിയിൽ പോവുന്നവരും പിരിവ് കൊടുക്കുന്ന വർക്കും ഉള്ളതാണ് സ്വർഗ രാജ്യമെന്ന് ...?
വട്ടത്തറ :- അങ്ങനെയൊന്നും പറഞ്ഞിട്ടില്ല ന്നാലും ദൈവ വിശ്വാസമൊക്കെ വേണ്ടെ?
കൊച്ചാപ്പു :- എനിക്ക് വിശ്വാസമില്ലന്ന് ആരു പറഞ്ഞു ? എന്റെ ഒരു വിശ്വാസമനുസരിച്ച് വിശക്കണവന് ഭക്ഷണം കൊടുക്കുന്നവനും ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നവനും സ്വർഗ്ഗ രാജ്യത്ത് പ്രവേശിക്കും എന്നാണ്, ഞാൻ ഇത് രണ്ടും ചെയ്യാറുണ്ട്
വട്ടത്തറ :- ഉവ്വ ഉവ്വ ... താൻ മക്കള യക്കണ കാശിന് നാട് മുഴുവൻ നടന്ന് കള്ളുകുടിച്ച് തേരാ പാര നടക്കുവല്ലെ ?
കൊച്ചാപ്പു :- അച്ചോ എനിക്ക് ആൺ മക്കള് നാലാ , നാല് പേരും എല്ലാ മാസവും കാശയക്കും രണ്ടു പേരുടെ കാശിന് ഞാൻ കുടിക്കും രണ്ട് പേരുടെ കാശ് ഞാൻ ബാങ്കിലിടും
വട്ടത്തറ :- തന്റെ ഈ സ്വഭാവം കൊണ്ടാ മക്കളാരും ഇവിടെ വന്ന് നിക്കാത്തത്
കൊച്ചാപ്പു :- അത് അതൊന്നുമല്ല കാര്യം അച്ചാ ഈ നാട്ടില് എന്നാ ഉണ്ട് ? നല്ല റോഡുണ്ടോ ? പുറത്തിറങ്ങിയാൽ റോട്ടിൽ നിറയെ പട്ടികള്, സമാധാനമായി നാല് ദിവസം ജോലി ചെയ്യാൻ പറ്റോ ? എന്റെ മാത്രം കാര്യമല്ല എല്ലാ വീട്ടിലെയും മക്കള് എവിടെയാ ? പുറത്താ ആണാണെങ്കിൽ പുറത്ത് നഴ്സിനെ കെട്ടി അവിടെ താമസം, പെണ്ണാണെങ്കിൽ നഴ്സായി കെട്ടിയവനെയും പൊറുപ്പിച്ച് അവന്റെ കൂടെ പുറത്ത് ...
വട്ടത്തറ :- ന്നാലും നമ്മുടെ നാടിന്റെ ഐശ്വര്യവും സമാധാനവും പച്ചപ്പും ഹരിതാഭയും ...
കൊച്ചാപ്പു :- തേങ്ങാക്കൊല ....
വട്ടത്തറ :- എന്തോന്ന് ?
കൊച്ചാപ്പു :- തേങ്ങാ കൊല പോലും ഇല്ലന്നാ പറഞ്ഞത് , ഉപ്പ് തൊട്ട് കർപ്പൂരം വരെ പുറത്തൂന്ന് വാങ്ങണം , മനസമാധാനമാണെങ്കിൽ തീരെ ഇല്ല ആരിക്കും തമ്മിൽ മിണ്ടാൻ നേരമില്ല എല്ലാരുടെയും ചെവിട്ടില് കുന്ത്രാണ്ടവും തിരുകി കുമ്പിട്ടിരിപ്പല്ലെ?
വട്ടത്തറ :- അത് പിന്നെ ലോകം വളരുമ്പോ ഇങ്ങനെയൊക്കൊ ഉണ്ടാവും ...
കൊച്ചാപ്പു :- കൊറോണ വന്നപ്പോ അച്ചനും പറഞ്ഞില്ലെ ഫോണില് കുർബാന കണ്ടാൽ മതിയെന്ന്, കൊറോണ കൊറോണയുടെ പാട്ടിന് പോയി ആൾക്കാരിപ്പോഴും അവിടന്ന് തല പൊക്കിയിട്ടില്ല
വട്ടത്തറ :- നേരാ പള്ളിയിലൊന്നും പഴയ പോലെ ആളില്ല ....പിരിവും കുറവാ...
കൊച്ചാപ്പു :- കുറയും അച്ചോ ന്റെ മൂത്തവൻ പറയണ കേട്ടു അവിടെയൊന്നും പള്ളിയില് ആളില്ലാണ്ട് പള്ളി വാടകക്ക് കൊടുത്തെന്ന്
വട്ടത്തറ :- അത് അവിടുത്തെ കാര്യം ഞാൻ പോട്ടെ കൊച്ചാപ്പു... പോയിട്ട് ഒത്തിരി ജോലിയുള്ളതാ
കൊച്ചാപ്പു :- അച്ചന് പോയിട്ട് എന്താ ഇത്ര അത്യാവശ്യം ? എന്റെ ശവമടക്ക് വൈകീട്ടല്ലെ
വട്ടത്തറ :- അത് പിന്നെ പള്ളിയിലെയും സ്കൂളിന്റെയും ആശുപത്രിയുടെയും കണക്കൊക്കൊ ഒന്ന് നോക്കണം
കൊച്ചാപ്പു :- പള്ളിയുണ്ട് സ്കൂളുണ്ട് , കോളേജുണ്ട് , ആശുത്രിയുണ്ട് അവിടെയൊക്കൊ ഈ ദൈവമക്കൾക്ക് പ്രവേശനമുണ്ട് കയ്യില് കാശ് ഉള്ളവർക്ക് മാത്രം ല്ലെ അച്ചോ
വട്ടത്തറ :- അത് പിന്നെ ഒരോ സ്ഥാപനങ്ങളാവുമ്പോ ഒരോ നിയമങ്ങള് അല്ലെ കൊച്ചാപ്പു...
കൊച്ചാപ്പു :- നിയമങ്ങളൊക്കൊ കാശിന് അനുസരിച്ചല്ലെ അച്ചോ ?
വട്ടത്തറ :- അങ്ങനെയൊന്നുമല്ല കൊച്ചാപ്പു
കൊച്ചാ :- അങ്ങനെ തന്നെ ആണ് അച്ചോ... ഇവിടെ എല്ലാ ആഴ്ച്ചയും പള്ളീലും വന്ന് വേദശവും പഠിച്ച് കല്യാണം കഴിക്കാൻ നമസ്കാരവും പഠിച്ച് കേൾപ്പിച്ചാലെ അച്ചൻ ചീട്ട് കൊടുക്കൂ ല്ലെ ? ന്നാൽ 25000 രൂപ അരമനയിൽ കെട്ടിവച്ച് കുരിശു വരച്ച് കാണിച്ചാൽ ആരെ വേണമെങ്കിലും മാമോദീസയും മുക്കും കെട്ടിച്ചും കൊടുക്കും ...ല്ലെ
വട്ടത്തറ :- അത് വിദേശത്ത് നിന്ന് വരുന്ന സമയമില്ലാത്തവരാകുമ്പോ ചില വിട്ടുവീഴ്ചയൊക്കെ വേണ്ടതല്ലെ ?
കൊച്ചാപ്പു :- കാശാണ് വലുത് അച്ചോ കാശുണ്ടങ്കിൽ നിയമം നമുക്കുണ്ടാക്കാം , ഇപ്പോ തന്നെ അച്ചൻ സ്വർഗ രാജ്യത്തിലേക്കുള്ള വഴി ചോയ്ച്ചപ്പോ പള്ളി പിരിവ് കൊടുത്തോ എന്ന് ചോദിച്ചില്ലെ?
വട്ടത്തറ :- കൊച്ചാപ്പു പള്ളിയിലും വരാതെ കുടിച്ച് കൂത്താടി നടക്കുന്നത് കൊണ്ടല്ലെ ... ?
കൊച്ചാപ്പു :- അൽപ്പം മദ്യം ബുദ്ധിയെ ഉണർത്തും എന്നല്ലെ ബൈബിളിൽ പറഞ്ഞിരിക്കുന്നത്
വട്ടത്തറ :- വീഞ്ഞു കുടിച്ച് ഉന്മത്തനാകരുത് എന്നും പറഞ്ഞിട്ടുണ്ട്
കൊച്ചാപ്പു :- ഇല്ല ഞാൻ ഉന്മത്തനല്ല അച്ചൻ കം റ്റു ദ പോയന്റ് , എനിക്ക് സ്വർഗ രാജ്യത്ത് പോണം വഴി പറഞ്ഞു താ
വട്ടത്തറ :- ഇതിപ്പോ വല്യ കുരിശായല്ലോ കർത്താവെ
കൊച്ചാപ്പു :- നീ നിന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക എന്നല്ലെ കർത്താവ് പറഞ്ഞിരിക്കുന്നത്
വട്ടത്തറ :- ഹോ....സ്വർഗ്ഗ രാജ്യത്തിൽ പോണമെങ്കിൽ നന്മ ചെയ്യണം കൊച്ചാപ്പു
കൊച്ചാപ്പു :- എന്റെ സ്വത്തിന്റെയും ബാങ്കിലെ കാശിന്റെയും പാതി എന്നെ പോലെ നോക്കാൻ ആരോരുമില്ലാത്തവർക്കായി എഴുതി വച്ചിട്ടുണ്ട് ...
വട്ടത്തറ :- അതിന് മക്കള് സമ്മതിക്കോ
കൊച്ചാപ്പു :- അതിന് ആർക്ക് വേണം സമ്മതം അല്ലെങ്കിൽ തന്നെ ആര് ചോദിക്കാൻ വരും?
വട്ടത്തറ :- അപ്പോൾ ബാക്കി പാതി ?
കൊച്ചാപ്പു :- ങ്... ഹും ...അതും ആർക്കെങ്കിലും കൊടുക്കണം
വട്ടത്തറ :-5 ഏക്കർ സ്ഥലവും വീടും എന്ന് പറയുമ്പോ അതിന്റെ പകുതി .... രണ്ട് രണ്ടര കോടി വരും ... ന്നാ പിന്നെ അത് പള്ളിക്ക് കൊടുത്തൂടെ ...?
കൊച്ചാപ്പു :- എന്നാത്തിനാ ഞാനൊന്നും കൊടുക്കില്ല , പള്ളിക്കാർക്ക് തിന്ന് സുഖിക്കാനല്ലെ ?
വട്ടത്തറ :- കൊച്ചാപ്പു ദൈവത്തിന്റെ കുഞ്ഞാടല്ലെ ? നന്മ ചെയ്യാനായിട്ട് ദൈവമായിട്ട് അവസരം തരുന്നതാ... അത് പള്ളിക്ക് എഴുതി വയ്ക്ക് ...
കൊച്ചാപ്പു :- പള്ളിക്ക് എഴുതി വച്ചാൽ എനിക്കെന്നാ കിട്ടും ?
വട്ടത്തറ :- അതിപ്പോ ആ ... ഞാൻ സ്വർഗത്തിലേക്കുള്ള വഴി പറഞ്ഞു തരാം ...
കൊച്ചാപ്പു :- ഉം ശരി എഴുതി വയ്ക്കാം ... വഴി പറഞ്ഞു തരണം ...ന്നിട്ട് വേണം എനിക്ക് ഏദൻ തോട്ടത്തിലൊന്ന് കറങ്ങാൻ
വട്ടത്തറ :- വഴിയൊക്കൊ പറഞ്ഞു തരാം പക്ഷെ പള്ളിക്കെഴുതുമ്പോ എന്റെ പേരു കൂടി ചേർത്തെഴുതണം
കൊച്ചാപ്പു :- അതെന്നാത്തിനാ?
വട്ടത്തറ :- ക്രയവിക്രയങ്ങൾ ചെയ്യാൻ എന്നെ ചുമതലപ്പെടുത്തിയാൽ മതി
കൊച്ചാപ്പു :- ഓ മനസ്സിലായി അച്ചന് കയ്യിട്ട് ക്രയവിക്രയങ്ങൾ ചെയ്യണം എന്നാലെ റിട്ടയറായി ഇരിക്കുമ്പോ സ്വന്തമായി വല്ലതുമൊക്കൊ ഉണ്ടാവൂ ...ല്ലെ ശരി സമ്മതിച്ചു.
വട്ടത്തറ :- ആരോടും പറയരുത് ട്ടോ ...
കൊച്ചാപ്പു :- അച്ചൻ വഴി പറഞ്ഞു താ ഇരുട്ടുന്നതിന് മുൻപ് എനിക്ക് അങ്ങെത്തണം ...
വട്ടത്തറ :- സ്വർഗത്തിലേക്കുളള വഴി ഇടുങ്ങിയതും പാതയിൽ കല്ലും മുള്ളും നിറഞ്ഞതാണന്ന് അറിയിച്ച കർത്താവെ അങ്ങയുടെ പ്രിയ ദാസൻ കൊച്ചാപ്പുവിന് അവിടേക്കുള്ള വഴി കാണിച്ചു കൊടുക്കേണമെ...
കൊച്ചാപ്പു മുട്ടുകുത്തി പ്രാർത്ഥിക്കൂ... വഴി ഇപ്പോൾ തെളിഞ്ഞു കിട്ടും
മൈക്ക് അനൗൺസ്മെന്റ് :-
( "നമ്മുടെ ഇടവക വികാരിയും ത്യാഗോജ്ജല ജീവിതത്തിന്റെ ഉത്തമ ഉദാഹരണവുമായ ഫാദർ തോമസ് വട്ടത്തറ ഇന്നലെ രാത്രി ഹൃദയ സ്തംഭനം മൂലം കർത്താവിൽ നിദ്ര പ്രാപിച്ച വിവരം എല്ലാവരെയും വ്യസന സമേതം അറിയിക്കുന്നു. പരേതന്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് നാലിന് ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും )