റസ്ക്
നായര് പൈസ എണ്ണി തിട്ടപ്പെടുത്തി ... കണക്ക് ബുക്കിൽ ക്രമമായി എഴുതി ... സപ്ളെ ഓഫീസിൽ കൊണ്ടു പോവാനുള്ള പൈസ റബർ ബാന്റിട്ട് വൃത്തിയായി കടലാസിൽ പൊതിയാൻ തുടങ്ങി.
"ഇങ്ങള് കഞ്ഞി ക്കുള്ള അരി തരി ചേട്ടാ ... പൈസ ഞമ്മള് കൂലി കിട്ടുമ്പം തരാം " തോലൻ വെറ്റിലക്കറ പിടിച്ച പല്ലു കാട്ടി വെളുക്കെ ചിരിച്ചു തല ചൊറിഞ്ഞു.
"അയിന് അന്റെ കാർഡ് ഏടത്തു തോലാ ? നായര് മുഖമുയർത്തി കണ്ണട നേരെയാക്കി. പൈസ പൊതി മേശയുടെ വലിപ്പിലേക്ക് വച്ചു.
"കുടീല് വച്ച് പോന്നതാണെ ഇപ്പോ പോയി ബരാൻ നേരം കിട്ടൂല ...ഞാൻ നാളെ കൊടന്ന് കാട്ടാം അപ്പോ ഇങ്ങള് കുറിച്ചോളി ... "
നായര് മുറുക്കാൻ ചവച്ച് തുപ്പി ചിറി തുടച്ചു.
നീ എന്നെ സുയിപ്പാക്കാണ്ട് പോട് തോലാ... ഇക്കറിയാം നീയത് ചേട്ടന്റാട വച്ചിട്ട് മങ്കുറുഞ്ഞി അടിച്ചിട്ടുണ്ടാവുന്ന് ... ഞാനോ ആടെ പോയിട്ട് തോനെ ദിവസായിരിക്കിണ് ... ഇങ്ങള് അരി തരീന്ന് ... ചെന്നിട്ട് വേണം കഞ്ഞി ബെക്കാൻ ... തോലൻ കേണു.
മ് ... ഞാനരി തരാം ന്നാല് അടുത്താഴ്ച്ച തൊടീല് ചോല വെട്ടാൻ വരോ ..നീയ് ... നായര് നിബന്ധന വച്ചു.
ശനിയാഴ്ച്ച കൊണ്ട് അമ്പർലേത്തെ പണി കയിയും ... തിങ്കളായ്ച്ച ഞാനാടക്ക് ബരാം ... "തോലൻ ഉറപ്പിച്ചു.
മ് ... എന്നെ മക്കാറാക്കിയാല് നീ കഞ്ഞീന്റെ വെള്ളം കുടിച്ച് കിടക്കൂല ... സഞ്ചി ഏടത്തു ?
സഞ്ചി എടുത്തിക്കില്ല ഇങ്ങള് ഈ തോർത്തിൽ ചൊരിഞ്ഞോളി ... തോലൻ തലയിൽ നിന്ന് തോർത്തഴിച്ച് കുടഞ്ഞു ... ചകിരിനാരു ചുരുട്ടിയ പോലത്തെ തോലന്റെ മുടി ദീർഘ നിശ്വാസം വിട്ടു. നായർ തിരിഞ്ഞ് പാട്ട എടുത്ത് അരി അളന്നു. തോലന്റെ കണ്ണുകൾ മേശയിലേക്ക് നീണ്ടു ... കടലാസ് പൊതിഞ്ഞ കുപ്പായമിട്ട നോട്ടുകെട്ടുകൾ അവനെ നോക്കി ചിരിച്ചു ... ഈ യെന്താ അന്തിച്ച് നിക്കണെ തോലാ തോർത്ത് കാട്ടാ .... ഞെട്ടിയുണർന്ന തോലൻ തോർത്തിന്റെ രണ്ടറ്റവും വിടർത്തി പിടിച്ചു. നീയെതെ വിടാടാ കുതിരേ ? അരി ചൊരിഞ്ഞ് കഴിഞ്ഞ നായരുടെ ആക്രോശം തോലനെ വീണ്ടും ഞെട്ടിച്ചു. അവൻ തോർത്തിന്റെ നാലറ്റവും കൂട്ടി കെട്ടി പോവാനായി തിരിഞ്ഞു ...
"തിങ്കളാഴ്ച്ചത്തെ കാര്യം മറക്കണ്ട അന്റെ ഓളെയും കൂട്ടിക്കോ നാല് ദിവസത്തെ പണി ണ്ടാവും ... തോലൻ തിരിഞ്ഞു നോക്കാതെ മൂളി കൊണ്ട് പടിയിറങ്ങി. അവന്റെ മുന്നിൽ ഇരുട്ട് പരന്ന് തുടങ്ങിയിരുന്നെങ്കിലും കണ്ണുകളിലെ തിളക്കം മിന്നി കൊണ്ടിരുന്നു.
നായര് തുറന്നു വച്ച ചാക്കുകളുടെ മേലേക്ക് കാലി ചാക്കുകൾ കുടഞ്ഞിട്ടു. നില മടിച്ച് വാരി അരിയും ഗോതമ്പും സഞ്ചിയിലാക്കി ഓടാമ്പലും താഴുമെടുത്ത് പുറത്ത് വച്ച് ലൈറ്റണക്കാനായി തിരിച്ചു കയറിയപ്പോഴാണ് മൂസ വന്നു കയറിയത് ... "അല്ല അയ്യപ്പേട്ടാ ഇങ്ങള് പീട്യ പൂട്ടിട്ടില്ലെ നേരം മ്മിണി ആയല്ലോ ?" പൂട്ടാൻ പോവാ മൂസാ ഇജ്ജ് ഇപ്പോ ഏടന്നാ വരണത് ? ഞമ്മള് പയ്ങ്ങാ കൊടുത്തിട്ട് ബരാണ് ... പൈശ കിട്ടാൻ ബൈകി ... ഇന്നാ ഇങ്ങള് പൂട്ടിക്കോളി കുറുക്ക് ബരെക്കും മ്മക്ക് വെട്ടം കണ്ടു പോവാ ലോ ... മൂസ ഉമ്മറത്ത് കയ്യിലെ ചാക്ക് കെട്ട് നിലത്ത് വച്ച് അവിടെ കുന്തിച്ചിരുന്നു ഒരു ബീഡി കത്തിച്ചു. നായര് പലകകൾ ഒരോന്നായി പീടികേന്റെ മോന്തായത്തിൽ തിരുകി കയറ്റാൻ തുടങ്ങി ... അവസാനത്തെ പലക ഇടുന്നതിന് മുമ്പ് അരിസഞ്ചിയെടുത്ത് പുറത്തു വച്ചു കടലാസു പൊതിയെടുത്ത് അരത്തിണ്ണയിൽ വച്ചു ... മൂസ ബീഡി ആഞ്ഞു വലിച്ച് വളയങ്ങളായി പുക വിട്ട് രസിച്ചു ... പുറത്തു വച്ച സഞ്ചി ഒന്നുകൂടി എടുത്തു നോക്കിയ അയ്യപ്പൻനായര് ഇതിപ്പോ തൂക്കി പിടിച്ച് നടന്നാൽ മുതലാവൂല എന്ന് പറഞ്ഞ് തിരിഞ്ഞ് പലകകൾക്കിടയിലൂടെ മേശയുടെ അടിയിലേക്ക് തിരികെ വച്ചു. അവസാനത്തെ പല കയിട്ട് ഓടമ്പലിടാൻ വിഷമിച്ച നായരെ മൂസ വന്നു സഹായിച്ചു കൊണ്ട് ചോദിച്ചു ...അല്ല ഇങ്ങള് പുറത്തെ ലൈറ്റ് ഓഫാക്കണില്ലെ അയ്യപ്പേട്ടാ ? അത് ആടെ കിടക്കട്ടെ മൂസാ ... ഒന്നുല്ലങ്കല് വഴി കൂടി പോണവരെങ്കിലും വെട്ടം കണ്ട് നടക്കട്ടെ ... താഴു പിടിച്ച് വലിച്ച് ബലം ഉറപ്പാക്കിയ ശേഷം നായര് പുറത്തേക്കിറങ്ങി ... എവിടുന്നോ പൊട്ടിവീണതുപോലെ ഒരാളതാ ഇരുട്ടത്ത് ... നായര് ടോർച്ചു തെളിച്ച് ചോദിച്ചു ആരാണ്ട്രത് ഇരുട്ടത്ത് നിക്കണത് ... "ഞാനാ നായരെ ... ആടിയാടി ജോണി മുന്നിലേക്ക് വന്നു ...എന്താ ജോണി നല്ല ഉസാറിലാണല്ലോ.... അല്ല നായരെ ന്റെ മോള് അബ്ദുള്ളാന്റെ ആശൂത്രി ലാ ....ന്നിട്ടാ നീയ് ഈ കോലത്തില് നിക്കണത് ... നായര് പരിഹസിച്ചു.... മഞ്ഞപിത്താ... കിഴാനെല്ലി പാലില് അരച്ച് കൊടുത്തിരുന്നു ഞാം വീട്ടി ചെന്നപ്പോ ബോധം പോയി ... ഇനി പ്പോ ചേലോട് കൊണ്ടോ ണന്നാ അബ്ദുള്ള ഡോക്ടറ് പറയണെ... അയിന് ... നായര് ചോദ്യഭാവത്തിൽ നോക്കി ...അല്ല ഇങ്ങള് 10-300 ഉറുപ്പിക ഇണ്ടെങ്കിൽ തരീം കുട്ടീനെ ഒരു വണ്ടി വിളിച്ച് കൊണ്ടോകട്ടെ ...ഞാം നാളെ കൊടന്ന് തരാം .... ജോണി വാ തുറന്നപ്പോൾ റാക്കിന്റെ മണം ഒഴുകി വന്നു...." ആ ആ ഇതാപ്പോ നന്നായെ ...ന്റെ കയ്യിലേടന്നാ പൈസ ജോണ്യെ ... ഉള്ള പൈസ നുള്ളി പെറുക്ക്യാ ഞാം നാളെ സപ്ലെ ആപ്പീസില് പോണെ .. നായര് തിരിഞ്ഞ് അര തിണ്ണയിലുരുന്ന കടലാസ് പൊതിയെടുത്ത് മടിയിൽ തിരുകി ജോണിയെ കടന്ന് മുന്നോട്ട് നടന്നു. അല്ല നായരെ ഞാം രാവിലത്തേക്ക് .....എന്തോ പറയാനാഞ്ഞ ജോണിയെ തിരിഞ്ഞു നോക്കാതെ നായര് മുന്നോട്ട് ടോർച്ച് തെളിച്ചു ... ജോണിയെ ഒന്ന് നോക്കി തലയാട്ടി മൂസയും നായർ തെളിച്ച വഴിയെ വച്ചു പിടിച്ചു.
അല്ല മൂസ ഓൻ നേര് പറഞ്ഞതായിരിക്കോ കുട്ടി ശരിക്കും ആസ്പത്രീലുണ്ടോ ? ഏടന്ന് അയ്യപ്പേട്ടാ ആ പെണ്ണ് കഷ്ടപ്പെട്ട് ചായ പാരണ പൈസ കൂടി ആ അറാം പെറന്നോൻ എടുത്ത് കള്ളുമോന്തും ...പോരാത്തതിന് വാറ്റും ... ഇന്നാള് എക്സൈസ് കാര് കൊണ്ടോയിട്ട് മ്മളെ അപ്പു നായര് പറഞ്ഞിട്ടാ വിട്ടത് ... അതെന്താ സഖാവ് ഹംസാക്ക എടപെട്ടില്ലെ?... മൂപ്പര് ഈ കള്ളു കേസ് പറഞ്ഞ് മടുത്തിരിക്കണു... ഉം ......ന്തായാലും രാവിലെ ഞാൻ ഒന്ന് അബ്ദുള്ളാ ന്റെ ആടെ വരെ ചെന്നോക്കാം ..ന്റെ രാധ മണിക്ക് രണ്ടീസായിട്ട് പനി അങ്ങട്ട് മാറണില്ല ... ഓളെ ഒന്ന് കാണിക്കോം ചെയ്യാലൊ?...ന്നാ പിന്നെ ഞാനിതിലെ പിരിയാണ് അയ്യപ്പേട്ടാ ... കുറുക്കിന്റെ വഴിയിലേക്ക് തിരിഞ്ഞ നായരെ തനിച്ചാക്കി മൂസ യാത്ര പറഞ്ഞു ... അല്ല മൂസെ ഇയ്യ് ഈ ഇരുട്ടത്ത് എങ്ങനാ പോണെ ... നായര് ടോർച്ചടിച്ചു കാണിച്ചു കൊടുത്ത് ചോദിച്ചു ... കർപ്പൂരക്കാടിന്റെ താഴെ കുഴിയിലാണ് മൂസയുടെ കുടി .. നിലാവെട്ടം ഇണ്ട്ന്ന് ഇങ്ങള് പോയ്ക്കോളി മൂസ ബീഡി ആഞ്ഞ് വലിച്ച് മുന്നോട്ട് നടന്നു. ഒഴിഞ്ഞ ചാക്കിൻ കെട്ടും തലയിൽ വച്ച് കൈയും വീശി ഒരു മന്ത്രവാദിയെ പോലെ മൂസ ഇറക്കമിറങ്ങി അപ്രത്യക്ഷനായി...
കുറുക്കിറങ്ങി ഡാമിന്റെ അരികിലൂടെ പുതിയ പാലത്തിലേക്ക് കയറിയ നായർക്ക് ആരോ പുറകിൽ നടക്കുന്നത് പോലെ തോന്നി ... തിരിഞ്ഞ് ടോർച്ചടിച്ച് നോക്കിയെങ്കിലും ആരെയും കണ്ടില്ല ... നടന്ന് പാലത്തിന്റെ നടുക്കെത്തിയ നായർ പെട്ടെന്ന് പിറകിൽ നിന്ന് അടി കൊണ്ട് താഴേക്ക് പോയി ...നായരുടെ ടോർച്ച് തെറിച്ചു പോയി ചിമ്മി ചിമ്മി കണ്ണും തുറിച്ച് ആടി ആടി വെളിച്ചം കാണിച്ചു ..... തുറന്നിട്ടിരിക്കുന്ന ഡാമിന്റെ തറയിൽ നായര് കിടന്നു ... കുറച്ചകലെ കടലാസ് പൊതി നഗ്നയാക്കപ്പെട്ടിരിക്കുന്നു ... പിച്ചി ചീന്തിയ കടലാസു പൊതിയിൽ നിന്നും രാധമണിക്കുള്ള റസ്കിൻ കഷണങ്ങൾ ഒഴുകി നീങ്ങി പരൽമീനുകൾ കൊത്തി തിന്നുകൊണ്ടിരിക്കുകയായിരുന്നു...
* * * * * * * * * * *
പത്തായത്തിൽ ചാരി ഇരുട്ടിലേക്ക് നോക്കി രാധാമണി ഇരുന്നു , പൊള്ളുന്ന പനിക്കൊപ്പം ഒഴുകിയ കണ്ണീരിന്റെ ചൂട് അവളറിഞ്ഞില്ല ... ഇരുട്ട് കടന്ന് ഒരു കൂനിക്കൂടിയ രൂപം അവളുടെ അരികിലേക്ക് എത്തി ... അമ്മമ്മയാണ് .. "ന്നാലും ന്റെ കുട്ടിക്കിനി ആരുണ്ട് ദൈവങ്ങളെ ... " അവർ വിലപിച്ച് അവളെ തലോടി കൂനിക്കൂടി അവളുടെ അടുത്തിരുന്നു ... പത്തായത്തിന്റെ അരികിൽ നിന്ന് കല്ല് നിരക്കി വച്ച് അരയിൽ നിന്ന് വെറ്റിലയും പാക്കും അതിലിട്ട് ഇടിക്കാൻ തുടങ്ങി ... ഇടിച്ചു കഴിഞ്ഞ മുറുക്കാൻ തൂത്ത് വായിലിട്ട് ഒരു നുള്ള് ചുണ്ണാമ്പു കൂടി നാവിൽ തേച്ച് പുകയില കീറ് എടുത്ത് കൂടെ ചവച്ച് ഒന്ന് തൊണ്ടയനക്കി ചോദിച്ചു. "നീ വല്ല വെള്ളോം കുടിച്ചോ പെണ്ണെ ?" രാധമണി ഒന്നും മിണ്ടിയില്ല ... "ആ ഓല ഏടത്തു .... വലിച്ചു പൊക്കി കെട്ടാ ..." പുറത്ത് ആരുടെയൊക്കൊയോ ശബ്ദം ഉയർന്നു കേട്ടു ... മുറ്റത്ത് പന്തലിടുകയാണ്.... ഇതിന് മുമ്പ് പന്തലിട്ടത് അച്ചൻ മലക്ക് പോകുന്നതിന്റെ കെട്ടു നിറക്കാണ് ... 10 ദിവസം ഭജനയും ഉണ്ടായിരുന്നു ... കുത്തിയ നെല്ലിന്റെ അവലും ശരക്കരയും പഴവും ദിവസവും ഉണ്ടായിരുന്നു അവസാന ദിവസം പായസവും ... മലക്ക് പോയി വന്നിട്ടെ പന്തലഴിക്കൂ ... മലക്ക് പോകുമ്പോൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അഛന്റെ കണ്ണുകൾ നിറയും ...രാധാമണിക്ക് ഓർത്തപ്പോൾ പിന്നെയും കരച്ചിൽ വന്നു. നിറഞ്ഞ കണ്ണുകളോടെ അവൾ അമ്മമ്മയെ നോക്കി ..വൃദ്ധ വായിലെ മുറുക്കാൻ ചവക്കാൻ മറന്ന് എന്തോ ആലോച്ചിരിക്കുകയായിരുന്നു , അവരുടെ ചിറിയിൽ നിന്ന് തുപ്പൽ പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു.
"അമ്മമ്മേ".... രാധമണി വിളിച്ചു അവർ ചിന്തയിൽ നിന്നുണർന്ന് ചിറി തുടച്ചു അവളെ നോക്കി ...ന്റെ അച്ഛനെന്താ പറ്റ്യേ? "അതിപ്പോ ഞാനെന്താ പറയാ... മോളെ ... ആളുകള് പലതാണെ പറയണെ... "ചിലോര് പറയണ് ഡാമിന്റെ ആടെന്ന് ഗുളികൻ സിദ്ധി കൂടി അടിച്ച് വീഴ്ത്തിയതാന്ന് ... വേറെ ചിലര് പറയണത് ഓന്റെ കയ്യില് ഇമ്പടി പൈസ ഇണ്ടായിട്ട് അതെടുക്കാൻ വേണ്ടി അടിച്ച് വീഴ്ത്തിയതാന്ന് ... ന്തായാലും പോയപ്പോ എന്റെ കുട്ടിക്ക് പോയില്ലെ ... പോലീസൊക്കൊ വന്നിരിക്കണു... നായയൊക്കൊ ഉണ്ടെന്നാ കേട്ടത് .....ന്താ പറയാ..." അവർ നെടുവീർപ്പിട്ടു ... അവർ പിന്നെയും എന്തൊക്കൊയോ പതം പറഞ്ഞു കൊണ്ടിരുന്നു ... രാധമണി ഒന്നും കേട്ടില്ല ... നെലവിളക്കെവിടാ ഇരിക്കണത് കുട്ടീ അറിയോ ? ഉച്ചത്തിൽ ചോദിച്ചു കൊണ്ട് കോമളേച്ചി കടന്നു വന്നു ... "പൂജാ മുറിലാവും ല്ലെ ... " ന്ന് തന്നതാനെ മറുപടിയും പറഞ്ഞ് അവർ പോയി ...അമ്മയുടെ അകന്ന ബന്ധുവും കൂട്ടുകാരിയുമാണ് ... അവരെ താമരശ്ശേരി ക്ക് കല്യാണം ചെയ്ത് കൊടുത്തെങ്കിലും അനന്തൻ നായരുടെ ഡ്രൈവറായ രാഘവേട്ടന് പണി ഇവിടെ തന്നെ ആയതിനാൽ നായരുടെ തന്നെ ഉടമസ്ഥതയിലുള്ള പഴയ പീടിക കെട്ടിടത്തിലാണ് താമസം. അമ്മ മരിച്ചെങ്കിലും ഇടക്കിടക്ക് തന്റെ വിശേഷങ്ങൾ തിരക്കാൻ വരും .... വന്നു പോകുമ്പോൾ അവസാനം പറയുന്ന കാര്യത്തിലാണ് അവരോട് ദേഷ്യം തോന്നാറ് ... "നീയ് ന്നെ അമ്മായിന്ന് വിളിക്കണം ട്ടോ ...ന്റെ രവിയെ കൊണ്ട് ഞാൻ നിന്നെ കെട്ടിക്കും ന്നാലെ ന്റെ ലീലക്ക് സമാധാ നാവു ...." മൂന്നാൺ മക്കളാണ് കോമളേച്ചിക്ക് ... മൂത്തതാണ് രവി ... പത്തിൽ തോറ്റ് വർക് ഷോപ്പിലെ പണിക്ക് പോകുന്ന തടിച്ച രവിയെ കാണുമ്പോഴെ രാധാമണിക്ക് ഓക്കാനം വരും ... തലയിൽ നിറച്ച് എണ്ണയും മുടിയിൽ കുരുവിക്കൂടും ....പിന്നെ കാണുമ്പോഴുള്ള വഷളൻ ചിരിയും നോട്ടവും ...
"അമ്മമ്മെ അച്ചനെ കൊണ്ടരണുണ്ട് " ഉണ്ണിയാണ് ... അമ്മമ്മയുടെ കൂടെ വന്നതാണ് ... രാധ മുഖം തിരിച്ച് അവനെ നോക്കി ... അവന്റെ മുഖത്ത് നിസംഗത മാത്രം ! ഏതോ ഒരു അകന്ന ബന്ധുവിന്റെ മരണ വീട്ടിൽ വന്ന പോലെ ... അവൾ ഏട്ടാ എന്ന് വിളിച്ച് കരഞ്ഞെങ്കിലും ഉണ്ണി തിരിഞ്ഞ് പുറത്തേക്ക് പോയി ... അമ്മമ്മ കൂനി കൂടി എഴുന്നേറ്റു ....അവന്റെ കുറ്റല്ല കുട്ടീ ... അച്ചനാണന്ന് പറഞ്ഞാ മത്യോ ... സ്നേകം ഉണ്ടാവണ്ടെ .... അതെങ്ങിനാ നേരാവണ്ണം നോക്കീട്ടുണ്ടോ അവനെ ? കുട്ടി ബരാ ... അവളെ കടന്ന് അവർ ഉമ്മറത്തേക്ക് നീങ്ങി.
ഉമ്മറത്ത് കത്തിച്ചു വച്ച നിലവിളക്കിന്റെ മുമ്പിൽ തുന്നി കെട്ടിയ അയ്യപ്പൻ നായർ വെള്ള പുതച്ച് കിടക്കുന്നു. സമ്പ്രാണിയുടെയും കത്തിയ എണ്ണയുടെയും ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു ... പതിഞ്ഞ ശബ്ദത്തിൽ ആരോ രാമായണം വായിക്കുന്നുണ്ട് ...നാട്ടാര് മുഴുവനും അവിടെയുണ്ട് ...ന്നാലും "മൂപ്പർക്കീ ഗതി വന്നല്ലോ ..." ഓര് നല്ലോരായിരുന്നു ..., ന്നാലും ആരായിരിക്കും ഈ ചെയ്ത്ത് ചെയ്തെ?... പോലീസ് വന്നിര്ക്കണ്... ആൾക്കൂട്ടം ആവർത്തിച്ച് പതം പറഞ്ഞു കൊണ്ടിരുന്നു.
കനം തൂങ്ങിയ കണ്ണുകൾ കൂടെ കൂടെ തിരുമ്മി കൊണ്ട് ജോണി തെങ്ങിൽ ചാരി നിന്നു. ഒഴിയാബാധ പോലെ ഉള്ള ചാക്ക് കെട്ട് ചാമ്പയുടെ ചുവട്ടിൽ നിക്ഷേപിച്ച് മൂസ മുകളിലിരുന്നു.തോലനും കറുപ്പിയും വെളുക്കനും വെള്ളിയും വെള്ളച്ചിയും തെങ്ങിന്റെ ചോട്ടില് കുന്തിച്ചിരുന്ന് മുറുക്കാൻ ചവച്ച് കൊണ്ടിരുന്നു .... മൂപ്പര് ഇന്നലേം കൂടി അരി തന്നിന് ... തോലൻ വിലപിച്ചു. വിലാപത്തിന്റെ ഒപ്പം ഒലിച്ചിറങ്ങിയ തുപ്പൽ തോലൻ കൊണ്ട് വടിച്ചെറിഞ്ഞു കൈ തലയിൽ തൂത്തു. ജലാംശം കണ്ട തോലന്റെ ചകിരിനാര് നാണിച്ച് തല താഴ്ത്തി.
തൊടിയുടെ തെക്ക് ഭാഗത്തായി അയ്യപ്പൻ നായർക്ക് ചിതയൊരുങ്ങി ... "ഇനി ആരെങ്കിലും വരാനുണ്ടോ ? രാഘവൻ ഡ്രൈവറ് വിളിച്ചു ചോദിച്ചു ... താമരശ്ശേരി ക്കാരെക്കൊ വന്നു ലോ ....? ന്നാ പിന്നെ എടുക്കാലോ..." ചോദ്യകർത്താവ് തന്നെ മറുപടിയും പറഞ്ഞതിനാൽ ആരും ഒന്നും മിണ്ടിയില്ല. ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് ഒരു മർമ്മരം ഉയർന്നു മുറ്റത്ത് തിങ്ങിക്കൂടിയ ആളുകൾ നാല് വശത്തേക്കും ചിതറി മാറി.. "പോലീസ് ... പോലീസ് ...." മൺപടവു കടന്ന് മുന്നിൽ പോലീസ് നായയും പിന്നാലെ പോലീസുകാരും കടന്നുവന്നു .... നാലു വശത്തേക്കും ചിതറിയ ആൾക്കാരുടെ മുഖത്ത് പേടി നിറഞ്ഞു . തോലനും കൂട്ടരും കുന്തക്കാല് വിട്ട് മൺതിട്ടക്ക് മുകളിലായി നിൽപ്പ് ! മുന്നോട്ടോടിയ പോലീസ് നായ വളപ്പിന് ചുറ്റും പരക്കം പാഞ്ഞു ആൾക്കൂട്ടം പകച്ച് നാല് വഴിക്കും തിരിഞ്ഞു. ജോണി ഇതൊന്നും തന്നെ ബാധിക്കില്ലന്ന മട്ടിൽ നിന്നു. പോലീസ് നായ മണം പിടിച്ച് തെങ്ങിന് ചോട്ടിൽ ഇനിയെന്ത് വേണമെന്ന മട്ടിൽ വന്ന് നിന്നു , പുറകിലായ് ഓടി വന്ന പോലീസുകാരൻ കൈയ്യിലെ ചാക്ക് നായയെ വീണ്ടും മണപ്പിച്ചു .... ചാക്ക് കണ്ടതോടെ മൂസ പകച്ചു പുറകിലേക്ക് ചാടി ... മൂസയുടെ മുന്നിലെ ചാക്ക് കെട്ട് അനാഥമായി കിടന്നു , നായ ചാക്ക് കെട്ടിനെ വലം വച്ച് ഒന്നു കുരച്ചു എല്ലാ കണ്ണുകളും മൂസയിലേക്കായി ... മൂസ തിരിഞ്ഞ് ഓടാനായി വഴി അന്വേഷിച്ചു .... മൂസയുടെ കണ്ണിൽ ഇരുട്ട് കയറി മൂസ മറിഞ്ഞ് ചാക്കിൻ കെട്ടിലേക്ക് വീണു.
കൈയ്യാമം വച്ച മൂസയെയും കൂട്ടി പോലീസുകാർ പടിയിറങ്ങി പിന്നിൽ അയ്യപ്പൻ നായരുടെ ചിത പൊട്ടിയെരിഞ്ഞു ..... കല്ലായി തോടിന്റെ മുകളിലെത്തി പാലം കടക്കുമ്പോൾ മൂസ പൊട്ടിക്കരഞ്ഞു. തോടിന്റെ അക്കരെയായി നിന്നിരുന്ന സഖാവ് ഹംസയെ നോക്കി വിലപിച്ചു ... " ഞാൻ കൊല്ലാനൊന്നും ചെയ്തില്ല ... നായര് കാല് തെറ്റി ബീണതാ... ഹംസാക്കാ " ന്നെ കൊണ്ടോകല്ലെന്ന് പറയീ ഹംസാക്കാ....." സഖാവിനെ കടന്ന് വന്ന ഇൻസ്പെക്ടര് ഒന്ന് നിന്നു .... നായര് പൈസയെടുത്ത് പീടികേല് തിരിച്ച് വച്ചത് മൂസ കണ്ടില്ല.. ഓന് കിട്ടിയത് റസ്കിന്റെ പൊതിയാ...ഹംസ ഒന്നും മിണ്ടിയില്ല ..... ഇൻസ്പെക്ടറും സംഘവും മൂസയെയും കൊണ്ടുപോയി ... പിറകിൽ കുന്നിൽ മുകളിൽ നായരുടെ ചിതയുടെ ചുരുളുകൾ വലയം പ്രാപിച്ചു ..... മണിക്കുന്നിവിടെ യിവിടെയായി കാർമേഘങ്ങൾ ആകാശം ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു... ..
*ജീസ് കൈതാരം*