ബലിക്കല്ല്

ഇങ്ങള് കണ്ടീനാ .... വേലായുധേട്ടാ ? കിതച്ചു കൊണ്ട് പളനി ചോദിച്ചു ... കനാലിന്റെ ഓരത്ത് നിന്ന് വേലി പത്തലിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്ന വേലായുധൻ തല ഉയർത്തി നോക്കി ... ഞാം .....ഞങ്ന്ന് ..... പിറുപിറുത്തു കൊണ്ട് വേലായുധൻ പളനിക്ക് നേരെ കൈ നീട്ടി പളനി വേഗം വേലായുധനെ ബദ്ധപ്പെട്ട് കനാലിൽ നിന്ന് വലിച്ച് കയറ്റി. കനാൽ വരമ്പിൽ നിന്ന് വേലായുധൻ ഒന്നാടി... അപ്പോഴെക്കും ഉടുത്ത മുണ്ട് താഴെ കനാലിലേക്ക് പോയി ... മുണ്ട് പിടിക്കാൻ പോയ വേലായുധൻ നില തെറ്റി കനാലിലേക്ക് മറിഞ്ഞു വീണു. വീണ്ടും വലിച്ച് കയറ്റണോ എന്നാലോചിച്ച് പളനി ഒരു നിമിഷം അവിടെ ശങ്കിച്ച് നിന്നു . വീണിടത്ത് നിന്ന് വേലായുധൻ "എന്നെ ഓരിക്ക് ശരിക്കറിയില്ല ഞാം പറയാം ..... എ കെ ആന്റണിയും കരുണാകരനും അല്ല കാര്യങ്ങൾ തീരുമാനമാക്കണത് " ഞാം പറയും ഒരു മൈ # * # *....." വേലായുധനെ ഒരു ചുക്കും ചെയ്യില്ല

" ഇങ്ങളവിടെ കിടക്ക് തരിപ്പ് മാറട്ടെ ഞാം പോയി പോത്തിനെ നോക്കട്ടെ " പളനി തിരിഞ്ഞ് കനാൽ കടന്ന് കയറ്റം കയറി റോഡിലെത്തി ... റോഡരികിൽ പാളിക്കല്ലുകൾ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്നു. 'റോഡു പണി ഉസാറാവും " പളനി മനസ്സിൽ പറഞ്ഞു കൊണ്ട് കാലുകൾ ഏന്തി വലിച്ച് നടന്നു . കാല് വിണ്ടു പൊട്ടിയതിന്റെ ആണ് ഈ ഏന്തല് .... കഴിഞ്ഞ കൊല്ലം പുരട്ടിയ പന്നീന്റെ നെയ്യ് പുര കെട്ടി മേഞ്ഞപ്പോൾ കാണാതായി , അല്ലെങ്കിൽ ഇത്രേം വേദന തിന്നണ്ടായിരുന്നു. കല്ല് ഇറക്കി മടങ്ങുന്ന ട്രാക്ടർ പൊടി പരത്തി കടന്ന് പോയപ്പോൾ പളനി തലേക്കെട്ടഴിച്ച് മൂക്ക് പൊത്തി ഒന്ന് നിന്നു. കഴുത്തിലെ വിയർത്തൊഴുകിയ ചാലുകൾക്ക് ചെമ്മണ്ണിന്റെ നിറം പടർന്നു തുടങ്ങി. കരിമ്പൻ കയറി തുടങ്ങിയ തോർത്തു കൊണ്ട് കഴുത്തും മുഖവും അമർത്തി തുടച്ചു. തോർത്തിനും റോഡിനും ഒരേ നിറമായത് പളനി കണ്ടില്ല ... ചുറ്റും നോക്കി "എന്നാലും എന്റെ ദൈവങ്ങളെ ഈ പോത്ത് ഇത് എങ്ങോട്ട് പോയി ? " പളനി വിലപിച്ചു. 
നടാടെ ആണ് ഈ സംഭവം എത്ര കാലികളെ നോക്കിയിരിക്കുന്നു. ഇതിപ്പോ മുസ്ല്യാരുടെ മോളുടെ നിക്കാഹിന് കൊണ്ട് വന്ന നല്ല ഉശിരൻ പോത്ത്, കണ്ടാൽ തന്നെ ആരും നോക്കി നിന്ന് പോകും... ഇന്നലെ വരെ നല്ല സാധു ..... ബ ബ് ... ബ് ങ് .... ബ്ര എന്ന് ഒച്ചപോലും എടുക്കേണ്ടി വന്നിട്ടില്ല ... എന്നാലും ഈ കുരിപ്പ് ഇത് എങ്ങോട്ട് പോയി ?
ദൂരെ
മൊട്ടങ്കര ചേട്ടന്റെ തൊടിയിൽ ഉച്ചത്തിൽ ആരെയോ ചീത്തവിളിക്കണ കേട്ട പളനി തോർത്ത് തലയിൽ കെട്ടി "ന്റെ പോത്തായിരിക്കണെ " ദൈവങ്ങളെ എന്ന് പിറുപിറുത്ത് അങ്ങോട്ട് ഓടി ...
"അന്റെ ബാപ്പ പൊലയാടിച്ചി... " ആസിയ ആക്രോശിച്ചു.
"അന്റെ ബാപ്പ പൊലയാടിച്ചി... " സഫിയയും അലറി ... ആസിയ പൊളിക്കാൻ വാരിയിട്ട അടക്കയിൽ നിന്ന് സഫിയ വാരി എടുത്തു പോലും ... അതാണ് കച്ചറക്ക് കാരണം ...
ഓടിയെത്തിയ പളനി ആര് ആരെയാണ് തെറി വിളിക്കുന്നത് എന്ന് നോക്കി .. രണ്ട് പേരും കാദറ് കാക്കയുടെ മക്കള് ... പളനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല ...അവിടെ കൊട്ടയിൽ അടക്കയുമായി വന്ന ഭരതനോട് ... "ഇയ്യെന്റെ പോത്തിനെ കണ്ടിനാ ഭരതാ ..." "പോത്തിനെ ഇയ്യ് ഈടെ തൊടില് തെരഞ്ഞിട്ട് കാര്യല്ല പളനി ... ആ ചായ ത്തോട്ടത്തിന്റെ ആടെ പോയി നോക്കീ..
കമ്യൂണിസ്റ്റ് പച്ചില കാട് വകഞ്ഞ് പളനി തിരിയെ വയലിലേക്ക് ചാടി... വിണ്ടുകീറിയ കാല് തൊങ്ങി നടക്കുന്നതിന്റെ ഇടയിൽ ... "പോത്തിനെ കിട്ട്യാലെ മംഗലം നടക്കു.. മുസ്ല്യാർക്ക് ഒടി വയ്ക്കാനറിയാം ... പോത്തിനെ കണ്ടുപിടിക്കണം ... നിക്കാഹ് നടക്കണം ... ഈ പളനിക്കൊരു ചീത്തപ്പേര് വരരുത് ..പളനി ഉരുവിട്ടു കൊണ്ട് റോഡുമ്മലേക്ക് കേറി ...
രാഘവന്റെ ട്രാക്ടർ കല്ലും കയറ്റി വീണ്ടും വന്നു ....പളനി റോഡിന്റെ ഓരത്ത് ഒതുങ്ങിയെങ്കിലും പളനിയെ പൊടി മണ്ണിൽ മേൽ കഴുകിച്ച് ട്രാക്ടർ ഹെൽത്ത് സെന്ററിന്റെ അവിടെ എത്തിയപ്പോൾ നിന്നു .അരയിൽ പച്ച ബെൽറ്റും കയ്യിൽ കാലൻ കുടയുമായി മുസ്ല്യാർ ഇറങ്ങി ... പിന്നാലെ ബീടരും .. ട്രാക്ടർ വീണ്ടും ഊർധ ശ്വാസം വലിച്ച് മുന്നോട്ട് നീങ്ങി ... പൊരി വെയിലിൽ നിറം പകർന്നുകൊണ്ട് പൊടി പടലങ്ങളും....

 ബീടരുടെ കാതിലെ ഞാത്ത് കാണാൻ നല്ല ചേലാണ് ... നടക്കുമ്പോഴും സംസാരിക്കുമ്പോഴും ഇങ്ങനെ ആടി കൊണ്ടിരിക്കും. മുസ്ല്യാരും ബീടരും നല്ലപോലെ മുറുക്കും ... മുസ്ല്യാരുടെ ഉമ്മറത്തെ കോലായിയുടെ ചുറ്റിലും പകലന്തിയോളം മുറുക്കാൻ വ്യത്യസ്ത ചിത്രങ്ങൾ വരച്ചു വച്ചിരിരിക്കുന്നത് കാണാം .. ചെരുപ്പില്ലാതെ പോയാൽ തുപ്പൽ ചവിട്ടാതെ നടക്കുന്നത് ഒരു കടമ്പ തന്നെയാണ്.
മുസ്ല്യാരെ കണ്ട് പളനി പരുങ്ങി.
"അല്ല പളനി ഈ യെന്താ ഈ ടെ ചുറ്റിത്തിരിഞ്ഞ് കളിക്കണത് ... പോത്ത് ഏടത്തു ?
പറഞ്ഞാലും ഇല്ലെങ്കിലും മുസ്ല്യാർ അറിയും പിഞ്ഞാണത്തിലെ വെള്ളം നോക്കി ലക്ഷണം പറയണ ആളാ ... ജിന്നുകളും മലക്കുകളും എല്ലാം വിളിപ്പുറത്തുള്ള ആള് .. മൂപ്പരുടെ ഏലസും മന്ത്രങ്ങള് കരിയിൽ വരച്ച കോയിന്റെ മുട്ടയും നാട്ടുകാർക്ക് മുഴുവൻ വിശ്വാസാ ... മേലത്തെ രാധാമണിക്ക് ബാധ കേറിയത് ഒഴിപ്പിച്ചത് ഒറ്റ രാത്രി കൊണ്ടാ ... പളനി യുടെ മണ്ടയിൽ ചിന്തകൾ മണ്ടിയോടി.. :
" ....ഈ യെന്താ കുന്തം ബിയുങ്ങിയ പോലെ നിക്കണ ഹമുക്കെ?"
മുസ്ല്യാർ ആക്രോശിച്ച കേട്ട് പളനി വിക്കി വിക്കി കാര്യം പറഞ്ഞു.
"അയിന് ഇയ്യ് നായ് മണ്ടണ പോലെ മണ്ടിയിട്ട് കാര്യണ്ടോ ?"
ബീടര് കുലുങ്ങി ചിരിച്ച് നീട്ടി തുപ്പി... "നാടായ നാടൊക്കൊ ... നാട്ടാരായ നാട്ടാർക്കൊക്കൊ മന്ത്രം ചൊല്ലി കൊടുക്കണതും ... കാണാണ്ട് പോയ കണ്ടുപിടിച്ച് കൊടുക്കണതും ആരാ ?..." ഈ നിക്കണ മുസ്ല്യാര് ... കുന്നത്തെ തൊട്ടാവാടി തിന്നാൻ തലയുയർത്തി പിടിച്ച് നിക്കണ മുട്ടനാടിനെ കണക്കെ നിൽപ്പായ മുസ്ല്യാരെ നോക്കി ബീടര് തുടർന്നു.
"ഇങ്ങളങ്ങോട്ട് നോക്കി പറഞ്ഞ് കൊടുക്കീന്ന് ... പോത്തും കുട്ടി ഏടേക്കാ പോയിരിക്കണതെന്ന് ... "
അതിപ്പോ പിഞ്ഞാണീം തകിടും പൊരേലായി പോയല്ലോ ബീഫാത്തു ... മുസ്ല്യാര് നിസ്സഹായനായി ...
ഇങ്ങള് ദിക്കെങ്കിലും ഒന്ന് പറഞ്ഞ് തരീം മുസ്ല്യാരെ ... ഇന്നെങ്കിലും അയിനെ കിട്ടിട്ടില്ലെങ്കില് ഞാനാകെ സുയിപ്പാവും ... പളനി കേണു..
"ഇയ്യ് സുയിപ്പാവണ താണോ പഹയാ കാരിയം ? നിക്കാഹിന് അറക്കാൻ ഞാൻ ഏടെ പോവും? മുസ്ല്യാർ ആലോചനയിലാണ്ടു.
ഉം....... ഞാം നോക്കീട്ട് ഒരു വഴിണ്ട് ... ബരീ ... മുസ്ല്യാർ കനാലിന്റെ കരയിലേക്ക് നടപ്പായി ... പളനി പിന്നാലെയും ഏറ്റവും പുറകിലായി ബീടരും ..

 കനാലിന്റെ കരയിൽ പാറകത്തിന്റെ ചോട്ടിലെത്തി മുസ്ല്യാർ 3 ഇല പ്പൊട്ടിച്ചു ... കാലൻകുട കൊണ്ട് ഒരു കുഴി കുത്തി ... കുഴിയിൽ കനാലിൽ നിന്ന് വെള്ളം കോരിയൊഴിക്കാൻ പറഞ്ഞു :പളനി കുമ്പിളിൽ വെള്ളം കോരി നിറച്ചു. പാറകത്തിന്റെ ഇലയിൽ നിന്ന് തണ്ട് മാത്രം അടർത്തിയെടുത്ത് 3 ആയി വെള്ളത്തിൽ നിക്ഷേപിച്ചു ... ശേഷം മടിയിൽ നിന്ന് മുറുക്കാൻ എടുത്ത് ഗംഭീരമായി മുറുക്കി പിന്നെ കിഴക്കോട്ട് തിരിഞ്ഞ് എന്തക്കൊയോ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി ബീടരും കണ്ണുകളടച്ച് തലയാട്ടി കൊണ്ടിരുന്നു. പളനിയാകട്ടെ ബീടരുടെ തലയാട്ടലിൽ ഇളകുന്ന ഞാത്തിന്റെ ഭംഗി നോക്കി കൊണ്ട് നിൽപ്പായി ... മുറുക്കാൻ വായിൽ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകാൻ തുടങ്ങിയപ്പോൾ മുസ്ല്യാർ മന്ത്രങ്ങൾ നിർത്തി തുപ്പലൊതുക്കാനുളള ശ്രമമായി ... പളനി യോട് കുറഞ്ഞ് പോയ വെള്ളം നിറക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു ... വെള്ളം നിറഞ്ഞ കുഴിയുടെ അടുത്ത് വന്ന് കാലുകൾ അകത്തി പിടിച്ച് കുഴിയിലേക്ക് തുപ്പി... എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഏന്തി കുഴിയുടെ അരികിലിരുന്ന പളനിയുടെ മുഖത്തേക്കും തുപ്പൽ തെറിച്ചു. തോർത്ത് കൊണ്ട് മുഖം തുടച്ച് കുഴിയിലേക്ക് നോക്കിയിരുന്ന പളനിയെ തള്ളി മാറ്റി ഹാജ്യാർ അലറി .... ദാ നോക്കിക്കോളി .. മുറുക്കാൻ വീഴാത്ത തണ്ട് കണ്ടാ .... തെക്കോട്ടാണ് പോത്ത് മണ്ടിയിരിക്കണത് ... ഇയ്യ് അത്തിമട്ടത്തേക്ക് പോയ്ക്കോളി ... മുസ്ല്യാർ കുന്നത്തേക്ക് വിരൽ ചൂണ്ടി... മുസ്ല്യാരെയും
തലയാട്ടൽ വേഗത്തിലായ ബീടരെയും ഒന്ന് നോക്കി പളനി ഡാമിന്റെ മുകളിലൂടെ അക്കരക്ക് ഓടി ... ഓട്ടത്തിനിടക്ക് അവന്റെ തോർത്ത് കണ്ടത്തിൽ വീണു വെള്ളം കണ്ട് ആർത്തിയോടെ മുങ്ങാംകുഴിയിട്ടു.

അത്തി മട്ട കയറ്റം പളനി ഉരഞ്ഞു പൊട്ടിയ കാലുകളും ഏന്തി ഏന്തി കയറി ... ... അത്തിമര കൂട്ടത്തിന്റെ ഇടക്ക് അവന്റെ കണ്ണുകൾ പോത്തിനെ തിരഞ്ഞു ... വരണ്ട ചുണ്ടുകൾ കൊണ്ട് അവൻ വിളിച്ചു ബ്ര.... ബാ... ബ... പാറകളും അവന്റെ കൂടെ വിളിച്ചു ...ബ്ര.. ബാ... ബ... പണിയൻമാരുടെ ഗുരുതിത്തറയിൽ അവൻ ക്ഷീണിതനായി ഇരുന്നു ... കല്ലിന്റെ താഴെ തലേന്ന് നടത്തിയ ഗുരുതിയുടെ ചോര ചാലുകളിൽ ഉറുമ്പരിക്കുന്നത് കണ്ട് പളനി കാലുകൾ പിന്നോട്ട് വലിച്ചു ...അവന് ഭയം തോന്നി ... പട്ടാപകല് പോലും മനുഷ്യര് വരാത്ത ഈടേക്ക് പോത്ത് എന്തിനാണാവോ വന്നത് ? എന്നിട്ട് പോത്ത് ഏടത്തു ? മുസ്ല്യാര് ചൂണ്ടികാട്ടി പറഞ്ഞതല്ലെ ? പളനി ചുറ്റും ഉഴറി നോക്കി ... നോക്കുമ്പോഴെല്ലാം കണ്ണുകളിൽ ഇരുട്ട് കൂടി വന്നു.... ഉന്തി നിൽക്കുന്ന പാറയുടെ മുകളിൽ നിന്ന് പോത്തിന്റെ അമറൽ പളനി കേട്ടു ...പളനി ഓടി പാറയിലേക്ക് വലിഞ്ഞ് കയറാൻ തുടങ്ങി ...ന്റെ പോത്ത് ...ന്റെ പോത്ത് ..പളനിയുടെ കൈ കുഴഞ്ഞു ...പളനി ഏന്തി വിളിച്ചു ... ബ്ര... ബ... ബാ... പാറ കൂട്ടം ഏറ്റുപാടി ബ്ര... ബ... ബാ... പളനിയുടെ പോത്ത് പാറയുടെ മുകളിൽ നിന്ന് പാഞ്ഞു വന്നു ... പളനിക്ക് മാറാൻ സമയം കിട്ടിയില്ല ...പളനി മലർന്നടിച്ച് ... ഗുരുതിത്തറയിലേക്ക് ... ബലിക്കല്ലിൽ പുതിയ ചോര ചാലുകൾക്കിടയിൽ ഉറുമ്പുകൾ അരിച്ചു നടന്നു ...പളനിയുടെ ഉന്തിയ കണ്ണുകൾ പോത്തിനെ ... അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.....*

*ജീസ് കൈതാരം*

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്