മുക്കുപണ്ടം (കഥാസാരം )
അനൂപ് ഒരു സ്വർണ പണിക്കാരനാണ് .നഗരത്തിലെ പ്രമുഖ ജ്വല്ലറിയിേലേക്ക് ഓർഡർ അനുസരിച്ച് സ്വന്തം വീട്ടിൽ നിന്നും ആഭരണങ്ങൾ പണിഞ്ഞു കൊടുക്കും. അപ്പൻ ജോണിയും അമ്മ അന്നമ്മയും സഹോദരി ലീനയും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം . കൽപ്പണിക്കാരനായ അച്ചനെങ്കിലും മുഴുവനായി പണി പൂർത്തിയാകാത്ത വീട് അയാളുടെ പിടിപ്പില്ലായ്മയാണെന്ന് ഭാര്യ അന്നമ്മ പറയും. വീടു പണിയാനായി എപ്പോഴെങ്കിലും അനൂപ് തയ്യാറെടുക്കുമ്പോൾ സഹോദരി ലീന വന്ന് എന്തെങ്കിലും ഉഡായിപ്പ് പറഞ്ഞ് ആ കാശ് വാങ്ങി കൊണ്ടുപോവും. ആഴ്ച്ചയിലൊരിക്കൽ അപ്പനും മോനും കൂടി കമ്പനി കൂടും പിന്നെ പാട്ടും കൂത്തും ആകെ ബഹളമാണെന്നാണ് അന്നമ്മയുടെ പരാതി. അനൂപിന്റെ കല്യാണ ആലോചനകൾ കൊണ്ടു പിടിച്ച് നടക്കുന്നുണ്ടങ്കിലും വീടു പണിതീർന്നിട്ട് മതിയെന്നാണ് അനൂപിന്റെ തീരുമാനം. എന്നിരുന്നാലും പ്രേമിച്ച് കല്യാണം കഴിക്കണമെന്നതാണ് അവന്റെ സ്വപ്നം . അതിനായി അവൻ ചില ശ്രമങ്ങൾ നടത്തുന്നുണ്ടങ്കിലും അവന്റെ
അപകർഷതാബോധം കാരണം ഒന്നും വിജയിക്കുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം നഗരത്തിലേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് അവൻ അതി സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായ അവളെ സ്വന്തമാക്കാൻ അവന് ആഗ്രഹം തോന്നി. എന്നാൽ അവന് ഒന്നും പറയാൻ സാധിക്കുന്നില്ല. സ്വർണാഭാരണങ്ങളുമായി ജ്വല്ലറിയിലെത്തിയ അനൂപ് അവിടെ വച്ച് അവളെ വീണ്ടും കാണുന്നു. ആ ജ്വല്ലറിയിൽ പുതിയതായി ജോലിക്ക് കയറാൻ വന്നതാണ് അവൾ . പേര് ടീന . ഒറ്റനോട്ടത്തിൽ മനസ്സു കീഴടക്കിയ സുന്ദരി അവിടെ ജോലിക്ക് കയറിയത് ഒരു നിമിത്തമായി അവന് തോന്നി. അവളെ ഒരു നോക്കു കാണാൻ, ഒന്നു മിണ്ടാൻ അവൻ കാരണങ്ങളുണ്ടാക്കി വീണ്ടും വീണ്ടും ജ്വല്ലറിയിൽ പോകുന്നത് പതിവായി.
ആദ്യമൊന്നും അവനെ ശ്രദ്ധിക്കാതിരുന്ന ടീന പെട്ടെന്നൊരു നാൾ അവനുമായി അടുത്തിട പഴകാൻ തുടങ്ങുന്നു. പതുക്കെ അവർ പ്രണയത്തിലാവുന്നു. ദിവസങ്ങൾക്ക് ശേഷം ടീന അനൂപിനോട് തന്റെ വീട്ടിൽ കല്യാണമാലോചിച്ച് തുടങ്ങിയെന്നും എത്രയും വേഗം എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകണമെന്നും പറയുന്നു. വീട്ടിൽ വന്ന് കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് പറയുന്ന അവനെ അവൾ വിലക്കുന്നു. ഒരിക്കലും പ്രശസ്തരായ
തന്റെ വീട്ടുകാർ സമ്മതിക്കില്ലെന്നും അനൂപിനെ കൊല്ലാൻ വരെ മടിക്കില്ലെന്നും പറയുന്നു. നേരത്തെ തന്റെ സഹോദരിക്ക് സമാനമായ അനുഭവമുണ്ടായതും ആ ചെറുപ്പക്കാരന്റെ കാൽ നഷ്ടമായതും അവൾ വിവരിക്കുന്നു. വീട്ടിൽ സംസാരിച്ച് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് പിരിയുന്ന അന്ന് രാത്രി അനൂപിന്റെ വീട്ടിലേക്ക് ടീന ബാഗുമായി വരുന്നു. സ്തബ്ധരായ അനൂപിന്റെ വീട്ടുകാരോട് ഞാൻ ഇവിടെ നിന്ന് ഇനി പോകില്ല എന്ന് ടീന പറയുന്നു.
വീട്ടുകാരുടെ മുമ്പിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആദ്യം എതിർക്കുന്ന അവർ അനൂപിന്റെ നിർബന്ധത്തിന് വഴങ്ങി ടീനയെ അവിടെ താമസിപ്പിക്കാനും എത്രയും പെട്ടെന്ന് വിവാഹം നടത്താനും തീരുമാനമെടുക്കുന്നു.