അന്ന് ആ വാകമരത്തണലിൽ
സൂര്യരശ്മികൾ സ്വർണ നിറം വീശീയ ആ പ്രഭാതത്തിൽ അന്ന് ആ വാകമരചുവട്ടിലെ സിമൻ്റ് ബഞ്ചിൽ അവർ ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു. അന്ന് അവരുടെ മൂന്നാം വിവാഹ വാർഷികമായിരുന്നു.അങ്ങനെ കണ്ണുകൾ കൊരുത്ത് നോക്കിയിരിക്കെ അവൾക്ക് ലേശം നാണം തോന്നി അവൾ പതുക്കെ ലജ്ജാ വിവശയായി മുഖം താഴ്ത്തി അവൻ്റെ ചുണ്ടിൽ അവളുടെ നാണം കണ്ട കുസൃതി ചിരിയുണ്ടായിരുന്നു. അവളെ ആദ്യമായി കണ്ട ആ കോളേജിൻ്റെ ലൈബ്രറിയുടെ മഞ്ഞ വാക ചുവട് അവന് ഓർമ വന്നു.അവിടെ സിമൻ്റ് ബഞ്ചുകൾ ഉണ്ടായിരുന്നില്ല കൂട്ടുകാരൊത്ത് സൊറ പറഞ്ഞു വാകമരത്തിൽ ചാരി നിൽക്കുകയായിരുന്ന അവൻ്റെ മുന്നിലേക്ക് പട്ടു ദാവണിയുടുത്ത് അവൾ കടന്നു വന്നപ്പോൾ പറഞ്ഞു കൊണ്ടിരുന്നതെല്ലാം മറന്ന് അവളെ നോക്കി നിന്നതും പിന്തുടരുന്ന കണ്ണുകളെ അവൾ ഇടക്കെപ്പോഴോ ഇടം കണ്ണാൽ കണ്ടു പിടിച്ചതും ,കണ്ണുകൾ തമ്മിലുള്ള ഒളിച്ചുകളി മതിയാക്കി നേരിൽ പറയാൻ വെമ്പൽ കൊണ്ട് മുന്നിൽ ചെന്ന് നിന്നതും ,ഒന്നും പറയാനില്ലാതെ കണ്ണുകളിൽ നോക്കിയങ്ങനെ നിൽക്കവെ പ്രിൻസിപ്പാളച്ചൻ കയ്യോടെ പിടികൂടിയതും അവനോർമ്മ വന്നു. അവളുടെ മനസ്സും അവനൊപ്പം സഞ്ചരിക്കുകയായിരുന്നു. അവളും അവനോടൊപ്പം ചേർന്ന് പുഞ്ചിരിച്ചു അവൻ ചോദിച്ചു എന്താ ചിരിക്കുന്നത് എന്താണെന്ന് അറിയില്ലെ?അവൻ മറുപടി നൽകി അവൾക്ക് പിന്നെയും നാണം വന്നു. പരസ്പരം മനസ്സിലാക്കുന്നവരുടെ മനസ്സുകൾ മനസ്സിലാക്കാൻ ഒരു നോട്ടം മതിയെന്ന് പറയുന്നത് എത്ര ശരിയാണ് അവളുടെ കണ്ണുകൾ അവനെ മതിവരാതെ വീണ്ടും നോക്കി അവളിത്രെ സൂക്ഷ്മതയോടെ നോക്കുന്നത് കണ്ട് അവൻ തൻ്റെ തലയിലെ തൊപ്പി എടുത്തു മാറ്റി അവൾക്ക് അവൻ്റെ തല കണ്ട് സങ്കടം വന്നു! അവളുടെ മുഖത്തെ ഭാവം കണ്ട് അവൻ കൃതിമമായി പൊട്ടി ചിരിച്ചു പിന്നെ പറഞ്ഞു "ദേ രണ്ടു മാസം കൊണ്ട് മുടി വന്നോളും വെറുതെ നല്ല ദിവസമായിട്ട് ചളമാക്കല്ലെ !" പിന്നെ ഒരു ഗുണ്ടയെ പോലെയുണ്ട് ! എന്തു നല്ല മുടിയായിരുന്നു. മുടിയൊക്കൊ വന്നോളും വന്നേ താനെണീറ്റെ! അവൻ അവളെ എഴുന്നേൽപ്പിച്ചു പിന്നെ വാകയുടെ ചുവട്ടിൽ നിന്ന് പതുക്കെ നടന്ന് വരാന്തയിലേക്ക് കയറി! അവളുടെ തലയിൽ പറ്റി പിടിച്ച പൂക്കൾ അവൻ തട്ടികളഞ്ഞു. എതിരെ വന്ന നഴ്സ് അവരോട് ദേഷ്യപ്പെട്ടുപറഞ്ഞു നിങ്ങൾ ഇത് എവിടെ നടക്കുകയാണ്? 9 മണിക്ക് കീമോ സ്റ്റാർട്ട് ചെയ്യുവാനുള്ളതല്ലെ പോയി റൂമിൽ ഇരിക്ക് മണി 8 കഴിഞ്ഞു. ഒന്നു മന്ദഹസിച്ച് തോളോട് തോൾ ചേർന്ന് അവർ ഇരുവരും വരാന്തയിലൂടെ റൂമിനെ ലക്ഷ്യമാക്കി നടന്നു ! അവരുടെ പോക്കു കണ്ട നഴ്സ് പിറുപിറുത്തു. "പിന്നെ ഭാര്യക്ക് രോഗം വന്നാൽ ഭർത്താവല്ലെ മുടി മൊട്ടയടിച്ച് നടക്കുന്നത് ഒരോരോ ന്യൂ ജൻ പരിഷ്കാരങ്ങള് "