ചായ പയറ്റ്

ചായപ്പയറ്റ്

കടം കയറി മുടിഞ്ഞ ഇന്ത്യക്കും കേരളത്തിലെ ദാരിദ്യം മാറ്റാനും ഒരു നിക്ഷേപ സമാഹരണം നടത്തിയാലോ? പണ്ട് മലബാറിൽ നിലവിലുണ്ടായിരുന്ന രീതിയാണ് "ചായപ്പയറ്റ് "അതൊരു പരസ്പര സഹായ രീതിയായിരുന്നു. അല്ലാതെ ഇപ്പോൾ നടക്കുന്ന കഴുക്കോൽ ഊരി വിൽക്കലല്ല കേട്ടോ! രാവിലെ ഇത് എഴുതിവിട്ടപ്പോൾ ചില ആൾക്കാർ ചോദിച്ചു എന്താ ഈ ചായ പയറ്റ്?
വർഷങ്ങൾക്ക് മുമ്പെ മലബാറിലെ ഏതാണ്ട് എല്ലാ ഗ്രാമപ്രദേശങ്ങളിലും നിലനിന്നിരുന്ന ഒരു പരസ്പര സഹായഹസ്തമാണ് "ചായപ്പയറ്റ് "ഒരു പ്രദേശത്തെ ഏതെങ്കിലും ഒരാൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാവുമ്പോൾ അയാൾ സ്വന്തം വീട്ടിൽ തന്നെയോ അല്ലെങ്കിൽ ഏതെങ്കിലും ചായക്കടയിലോ ഒരു ചായപ്പയറ്റ് സംഘടിപ്പിക്കുന്നു. ഇതിൻ്റെ കൂടെ ചായകൊടുക്കുന്നതു കൊണ്ടും സ്വന്തം നില നിൽപ്പിനായി ആണ് ഇത് നടത്തുന്നത് ("പയറ്റുന്നത് ) കൊണ്ടുമാവണം ഈ പേര് വന്നത്! മുഖ്യമായ ശത്രുക്കളല്ലാത്ത (അന്നത്തെ കാലത്ത് ശത്രുക്കളും കുറവായിരുന്നല്ലോ ) നാട്ടിലെ പരിചയക്കാരായ എല്ലാ ആളുകളെയും നടത്തുന്ന ആൾ നേരിട്ട് ക്ഷണിക്കുന്നു. ചിലയിടങ്ങളിൽ പൊതുവായ സ്ഥലത്ത് കാര്യ വിവരങ്ങൾ ഉൾകൊള്ളിച്ച് നോട്ടീസുമിടുന്നു. അതിൻ്റെ ഉള്ളടക്കം ഇങ്ങനെ ആയിരിക്കും
ഇന്ന വീട്ടിൽ ഇന്ന ആളുടെ മകൻ ഇന്ന ആൾ പുരമേയുന്നതിന് / മകളുടെ കല്യാണം / കൃഷി ആവശ്യത്തിന് /അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിലേക്കായി സാമ്പത്തിക സഹായത്തിനായി ഇന്ന ദിവസം രാവിലെ / ഉച്ചക്ക് ഇത്ര മണി മുതൽ ഇത്ര മണി വരെ ചായ പയറ്റ് സംഘടിപ്പിക്കുന്നു 'എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇനി കാര്യപരിപാടികൾ എന്തൊക്കൊയാണെന്ന് നോക്കാം നാട്ടുകാർ ഒരോരുത്തരായി ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് വരുന്നു.അവിടെ ചായയും ചെറിയ എന്തെങ്കിലും കടിയോ (മിക്സചർ/ ബിസ്ക്കറ്റ് ) തയ്യാറായിരിക്കും. അതും കഴിച്ച് കയ്യിൽ കരുതുന്ന സംഭാവനകൾ എത്ര ചെറുതാണെങ്കിലും വലുതാണങ്കിലും അവിടെ എൽപ്പിക്കുന്നു. ഇതെല്ലാം കളക്ട് ചെയ്യാൻ മേശയും കസേരയുമായി സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടാവും! തരുന്ന തുക കൃത്യമായി എഴുതി വയ്ക്കുന്നു. നിശ്ചിത സമയം കഴിയുമ്പോൾ കണക്കും തുകയും മേൽപ്പടിയാനെ ഏൽപ്പിച്ച് സുഹൃത്തുക്കളും മടങ്ങുന്നു. ഈ കണക്ക് സൂക്ഷിച്ച് വച്ച് പിന്നീട് പയറ്റുകൾ ഉണ്ടാവുമ്പോൾ പരസ്പരം തുകയോ കൂടുതലോ കൈമാറുന്നു. ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പലരെയും കടക്കെണിയിൽ നിന്നും ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയ കഥ എനിക്കറിയാം.
ഇന്ന് ചായപയറ്റുകൾ കാണാനില്ല പകരം ബാങ്കുകളിൽ പോയി എല്ലാരും കടമെടുക്കുന്നു. ശേഷം നടക്കുന്നത് എല്ലാരും കാണുന്നുണ്ടല്ലോ? പഴമയിലെ നന്മയുടെയും പരസ്പര വിശ്വാസത്തിൻ്റെയും രൂപമായിരുന്നു "ചായപ്പയറ്റ് " സൗകര്യങ്ങൾ കൂടിയപ്പോൾ സൗകര്യപൂർവ്വം മറന്നുകളഞ്ഞ നാട്ടിൻ പുറത്തിൻ്റെ നന്മ ഇനിയും തിരിച്ചു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പഴഞ്ചൻ എന്ന് മുദ്രകുത്തുന്നതിന് മുമ്പ് ഒന്ന് പയറ്റി നോക്കുന്നതിൽ എന്താ തെറ്റ്?

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്