12 B യിലെ വേലക്കാരി

12 B യിലെ വേലക്കാരി
രചന : ജീസ് കൈതാരം
കഥാപാത്രങ്ങൾ
1. നാരായണ മേനോൻ
2. രവി
3. ജോസഫ്
4. സരസ്വതി അഥവാ ലൈല
5. സുമേഷ്
രംഗം 1
സ്വീകരണമുറി ,ഒരു മേശ കസേരകൾ, മേശമേൽ ഫ്ലവർ വേസ്, ചുവരിൽ കലണ്ടർ, ദൈവങ്ങളുടെ ചിത്രങ്ങൾ
സമയം സന്ധ്യ കഴിഞ്ഞ നേരം വെളിച്ചം വരുമ്പോൾ നാരായണമേനോൻ നെറ്റിയിൽ ഭസ്മക്കുറി യുമായി ദീപം തെളിച്ചു വരുന്നു ദീപം ദീപം ദീപം, വന്ന് നടുവിലായി വന്ന  ഇരിക്കുന്നു. നാമം ജപിക്കുന്നു ഇടയ്ക്ക് ഫോണെടുത്ത് മെസ്സേജുകൾ നോക്കുന്നു മറുപടി അയക്കുന്നു  അതിനിടയിൽ വാതിലിൽ ആ വാതിലിൽ നോക്കി " ഇവന്മാരെ കാണുന്നില്ലല്ലോ " വയർ തടവുന്നു "വിശന്നിട്ട് ആണെങ്കിൽ വയ്യ " ഇത് രണ്ടു മൂന്നു തവണ ആവർത്തിക്കുന്നു തവണ ആവർത്തിക്കുന്നു മൂന്നു തവണ ആവർത്തിക്കുന്നു തവണ ആവർത്തിക്കുന്നു മെസ്സേജ് അയക്കുന്നു.
ചിരിക്കുന്നു ആവർത്തനം .
വാതിൽ കടന്ന് രവിവരുന്നു ,ബാഗ് കയ്യിലുണ്ട് പാൻ്റും ഷർട്ടും വേഷം ഇൻ ചെയ്തിട്ടുണ്ട്
രവിയെ കണ്ട് ചാടിയെണീറ്റ്
നാരയണ മേനോൻ: "എവിടെ? നീ വാങ്ങിച്ചില്ലെ?"
രവി ( അലസമായി ബാഗ് മേശ പുറത്ത് ഇട്ട് ): "എന്ത് "
നാ. മേ: "ഭക്ഷണം "
രവി :"ഓ അതോ അതിന്ന് ജോസഫല്ലെ വാങ്ങിക്കാമെന്ന് പറഞ്ഞത് അയാൾ വരാൻ ആവുന്നതല്ലെ ഉള്ളൂ
നാ മേ :മനുഷ്യനിവിടെ വിശന്നിട്ട് വയ്യ ഇവനൊക്കൊ നേരത്തെ വന്നാൽ എന്താ?
രവി :സമയം 7 ആകുന്നല്ലെ ഉള്ളു അയാൾ മരുന്നു വാങ്ങിക്കാൻ പോയി കാണും
നാ. മേ :ഉച്ചക്ക് "ഗിഗി " ഫുഡ് ഓർഡർ ചെയ്ത താ     ആകെ ഇത്തിരിയെ ഉണ്ടായുള്ളു രണ്ട് ഏമ്പക്കം വിട്ടപ്പോ അത് തീർന്നു.
രവി :ചുമ്മാ ഇരിക്കുമ്പോൾ വിശപ്പ് കൂടും അതാ
നാ മേ :അതെ ഞാനിവിടെ ചുമ്മാ യിരുപ്പാ, റിട്ടയർമെൻ്റ് കഴിഞ്ഞാ എല്ലാവരും ചുമ്മാ ഇരിക്കും, ഒറ്റക്കാവണ്ടല്ലോ എന്ന് കരുതി നിങ്ങൾ 2 പേരെ കൂടെ താമസിപ്പിക്കുന്നു. പേയിംഗ് ഗസ്റ്റാവുമ്പോ മിണ്ടിംപറഞ്ഞും ഇരിക്കാമല്ലോ എന്ന് കരുതി അതിനിത്രയും പുച്ഛം വേണ്ട വലിയ വാടകയൊന്നും ഞാൻ മേടിക്കുന്നുണ്ടോ?ആട്ടെ ചേർത്തലയിൽ വീടുള്ള താനെന്തിനാ വീട്ടിൽ പോവാതെ ഇവിടെ കൂടുന്നത്?
രവി :അത് പിന്നെ കല്യാണം കഴിക്കാത്ത നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല
നാ. മേ: എനിക്കറിയാടാ എല്ലാം എനിക്കറിയാം ഉയർന്ന ഉദ്യോഗമുള്ള ഭാര്യയുടെ പീഡനം, രാത്രി വൈകിയും ഉള്ള ഫോണിലെ സംസാരം, ചാറ്റിങ്ങ് നിൻ്റെ ചുറ്റി കളികൾ എല്ലാം എനിക്കറിയാം മോനെ
രവി: ദേ കാർന്നോരെ വെറുതെ അതും ഇതും പറയരുത് സമാധാനമായി കുടുംബ ജീവിതം നയിക്കുന്നവനാ ഞാൻ
നാ. മേ: സമാധാനം എന്നിട്ടാണോ കഴിഞ്ഞ മാസം തലയിൽ നാലു കുത്തികെട്ടുമായി വന്നത്
രവി :അത് പിന്നെ കട്ടില പടിയിൽ തലയിടിച്ചതല്ലെ?
നാ .മേ': അതെന്താടോ തൻ്റെ വീട്ടിലെ കട്ടില പടി കറി കയിലിൻ്റെ ആകൃതിയിലാണോ "റ " ആകൃതിയിലായിരുന്നു മുറിവ്
രവി :അതൊക്കെ അങ്ങനെ ഉണ്ടാവും ചട്ടീം കലമാവുമ്പോ തട്ടീം മുട്ടീം ഇരിക്കും
നാ. മേ: ഉവ്വ ഉവ്വ് ഈ ചട്ടി പൊട്ടാതൊ നോക്കിയാൽ മതി
രവി: അതിനിപ്പോ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ
നാ' മേ: അതിന് നീ ഇപ്പോ വീട്ടിൽ പോവാറുമില്ലല്ലോ
രവി: നിർത്ത് ഒരു കല്യാണം കഴിക്കുന്നതിന് കുറച്ചൊക്കൊ ധൈര്യം വേണം ,അതെങ്ങനാ അത് നിങ്ങൾക്കില്ലല്ലോ അതല്ലെ ഒറ്റത്തടിയായി ഇങ്ങനെ ജീവിക്കുന്നത്
നാ മേ :മോനെ രവി എനിക്കിത്തിരി ധൈര്യം കുറവാ., ഞാൻ മനസ്സിലാക്കിയ പോലെ പെണ്ണുങ്ങളെ നീ മനസ്സിലാക്കിയിട്ടില്ല', കല്യാണം കഴിച്ച് കൂടെ കൂട്ടിയാൽ പിന്നെ തീർന്നു, ഇതാ സുഖം ഒറ്റത്തടി, ഒരു ബാധ്യതയും ഇല്ല. ജീവിതത്തിൽ ഒരു പാട് പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട് കോട്ടയത്ത് ജോലി ചെയ്യുമ്പോൾ ഒരു എൽസി,കാഞ്ഞിരപ്പള്ളിക്കാരി അച്ചായത്തി, നല്ല പാലപ്പൂവിൻ്റെ നിറം, നീണ്ട മുടി, ശരീരമെന്നു പറഞ്ഞാൽ .....
രവി :പറയണ്ടായെ കേട്ടു കേട്ടു മടുത്തു നിങ്ങളുടെ വീരകഥകൾ
(ജോസഫ് വരുന്നു എക്സിക്യൂട്ടിവ് വേഷം കയ്യിൽ ബാഗ് ഒരു പോളിത്തീൻ കവർ)
ജോസഫ്: എന്താ ഇവിടെ കശപിശ
രവി :ജോസഫ് വന്നത് നന്നായി അല്ലെങ്കിൽ ഈ കിളവൻ എന്നെ തള്ളി മറിച്ചേനെ
നാ മേ: എന്താ ജോസഫേ വൈകിയത്? മനുഷ്യൻ ഇവിടെ വിശന്നു മരിക്കാറായി (കവർ വാങ്ങിക്കുന്നു) ഗ്യാസ് കയറിയാൽ പിന്നെ പറയണ്ട
(കവർ വാങ്ങി അകത്തേക്ക് പോവാൻ ഒരുങ്ങുന്നു)
ജോ: (നാടകീയമായി ബാഗിൽ നിന്ന് കുപ്പി പുറത്തെടുക്കുന്നു ) അപ്പോ നിങ്ങൾക്ക് ഇത് വേണ്ടെ?
നാ മേ: ആഹാ ഇതെന്താ കോള് (കൈ നീട്ടുന്നു)
ജോ: നിങ്ങൾക്കെല്ല വിശക്കുന്നു എന്ന് പറഞ്ഞത് പോയി ഭക്ഷണം കഴിച്ചു കിടന്നോ
നാ മേ :വിശപ്പാക്കൊ അങ്ങനെ കിടക്കും, രണ്ടെണ്ണം കഴിച്ചാൽ ഗ്യാസ് അങ്ങ് മാറി കിട്ടും
ജോ: വേണ്ടന്നെ
നാം മേ :വേണം ന്നെ (കുപ്പി കൈക്കലാക്കുന്നു)
രവി :ദേ കാർന്നോരെ തീർക്കരുത് ഞാനൊന്ന് മേലു കഴുകിയേച്ച് വരാം (രവി അകത്തേക്ക്)
നാ' മേ: ഇതെവിടുന്ന് ഒപ്പിച്ചു'? രവി പറഞ്ഞു നീ മരുന്ന് വാങ്ങാൻ പോയേക്കുവാന്ന്
ജോ:ഇതല്ലെ മരുന്ന് ,സെയിൽ ടാക്സുകാർ കാശു വാങ്ങുന്നു എന്നല്ലെ പരാതി ഇങ്ങനെ മരുന്നായി വാങ്ങാമല്ലോ
നാ മേ :മരുന്നു മാത്രമെ ഉള്ളോ അതോ ഏ ഏ'' ''.....
ജോ: ഓ എത്: ..അത് ''... ഒന്ന് പോ കള്ള മേനോനെ
(ചിരിച്ചു കൊണ്ട് ജോസഫ് ബാഗുമെടുത്ത് അകത്തേക്ക് )
നാരായണ മേനോൻ കുപ്പിയെടുത്ത് ഉമ്മ വയ്ക്കുന്നു ഫോൺ എടുത്ത് " Net ഓഫാക്കി വെയ്ക്കാം സ്വസ്ഥമായി രണ്ടെണ്ണം അടിക്കണം"
ഗ്ലാസ് വെള്ളം എന്നിവ എടുത്ത് നിരത്തി വയ്ക്കുന്നു ശ്രദ്ധയോടെ കവർ തുറന്ന് ഭക്ഷണസാധനങ്ങൾ നിരത്തി വയ്ക്കുന്നു. ഇരുന്നു കൊണ്ട് ഒരു പെഗ്ഗ് ഒഴിച്ച് വെള്ളം ചേർക്കാതെ വിഴുങ്ങുന്നു ഭക്ഷണ പൊതിയിൽ നിന്ന് കഴിക്കുന്നു 'തിരിഞ്ഞ് ദൈവത്തിൻ്റെ ഫോട്ടോയിൽ നോക്കി "ഇന്ന് പിതൃക്കൾക്ക് തരാൻ ഇല്ലാട്ടോ ലിറ്ററല്ല ഫുള്ളാ തികയൂല!"
രവിയും ജോസഫും കടന്നു വരുന്നു
രവി :ഓ ലിറ്ററാണെങ്കിൽ കുറെ കൊടുത്തേനെ
ജോ: ഉം ഒരു ഗ്ലാസിൽ ഒഴിച്ചു വെച്ചിട്ട് ഇതുവരെ കഴിച്ചില്ലെ വേണ്ട അല്ലെ എന്നൊക്കൊ പറഞ്ഞ് ഇങ്ങേര് തന്നെ അവസാനം മോന്തും
നാ മേ: ഇതെന്ത് കുളി യാടോ രവി പെട്ടെന്ന് തന്നെ വന്നല്ലോ?
രവി: കുളി നാളെ വിസ്തരിച്ചു നടക്കും നിങ്ങളെ ഞങ്ങൾക്ക് വിശ്വാസം പോരാ
നാ മേ:ഓ എന്നാ പിന്നെ നീ തന്നെ അങ്ങ് കേറ്റ് (കുപ്പിയും ഗ്ലാസും നീക്കി വെയ്ക്കുന്നു)
ജോ: പിണങ്ങല്ലെ കിളവാ നിങ്ങളില്ലാതെ നമുക്ക് എന്ത് ആഘോഷം
നാ മേ :ദാ ഇതാണ് സ്നേഹം അല്ലാതെ ചേർത്തലക്കാരൻ ചോനെപ്പോലെ വെറുതെ
രവി :(ദേഷ്യത്തിൽ) എടോ മേനവൻ കിളവാ ജാതി പറയരുത്
നാ മേ: നിങ്ങൾക്ക് ജാതിപ്പേര് വിളിക്കാം, ബീഫ് കഴിക്കാം, മലയിലും പോവാം ,ഞങ്ങൾ എന്തു ചെയ്താലും കുറ്റം അല്ലെ?
രവി :അതെ ടോ ഞങ്ങൾ കഴിക്കും, അത് വിളിച്ചും പറയും അല്ലാതെ രഹസ്യമായി കഴിച്ചിട്ട് പച്ചക്കറിയാന്നെ എന്ന് പറയില്ല
ജോ: ഒന്നു നിർത്തുന്നുണ്ടോ രണ്ടു പേരും, ഒരു നല്ല വൈകുന്നേരം ഇല്ലാണ്ടാക്കാണ്ട്
നാ മേ : ഞാൻ നിർത്തി
രവി :ഇനി അടിക്കണില്ലെ?
നാ മേ :അതാരു പറഞ്ഞു? (കുപ്പി എടുത്ത് മദ്യം പകരുന്നു', )
സാവധാനം ചിയേഴ്സ് പറഞ്ഞു മൂന്നു പേരും കഴിക്കുന്നു. മദ്യപാനം പുരോഗമിക്കുന്നു. ഇതിനിടയിൽ ജോസഫിനും രവിക്കും ഫോണും മെസേജുകളും വരുന്നു ഒരാൾക്ക് ഫോൺ വരുമ്പോൾ മറ്റു രണ്ടു പേരും കളിയാക്കി ചിരിക്കുന്നു. ഫോണിൽ ദേഷ്യപ്പെടുമ്പോൾ മേനോൻ പ്രേക്ഷകരോടായി " വീട്ടിൽ നിന്നാ "എന്ന് പറഞ്ഞ് ആക്കി ചിരിക്കുന്നു. എല്ലാവരും നല്ല ഫോമിലായി ,അവസാന റൗണ്ട് മദ്യം ഒഴിക്കുമ്പോൾ പതുക്കെ ഭക്ഷണം കഴിച്ചു തുടങ്ങുന്നു
ഭക്ഷണം വായിൽ വെച്ച
മേനോൻ: ഛെ ഇതെന്ത് ഭക്ഷണമാടോ ഉപ്പുമില്ല മുളകുമില്ല കഷണമാണെങ്കിൽ വെന്തിട്ടുമില്ല
ജോ: ഓ എല്ലാ ഹോട്ടലിലും കേറി കഴിച്ചു നോക്കി വാങ്ങാൻ പറ്റോ
രവി: (ഭക്ഷണം രുചിച്ച് നോക്കി) ശരിയാണല്ലോ താൻ ഏത് ഹോട്ടലിന്നാ വാങ്ങിയെ
ജോ: ആ പളളിയുടെ അടുത്തുള്ള ഹോട്ടലീന്ന്
നാളെ പോവുമ്പോ നാല് നല്ലത് പറയണം
മേനോൻ: അതെയ് സ്ത്രീകൾ ഭക്ഷണമുണ്ടാക്കിയാലെ നന്നാവൂ., അങ്ങനെ ഉള്ള കടയിൽ നിന്ന് വാങ്ങണം ,നല്ല രുചിയായിരിക്കും
ജോ: ഞാനിനി സ്ത്രീകളുണ്ടാക്കുന്ന ഇടം അന്വേഷിച്ച് നടക്കാം വേറെ പണിയില്ലല്ലോ
രവി: അതേയ് ഞാൻ എത്ര കാലമായ് പറയണു ഒരു വേലക്കാരിയെ വെയ്ക്കാം എന്ന്
മേനോൻ: ഏയ് അതൊന്നും ശരിയായില്ല
ജോ: അതെന്താ ശരിയാവാത്തെ? നിങ്ങൾ അടങ്ങി ഒതുങ്ങി നിന്നാൽ മതി
രവി :ദേ പകൽ ഭക്ഷണമുണ്ടാക്കി അവർ പോയി കൊള്ളും രാത്രി ചൂടാക്കി കഴിച്ചാൽ പോരെ?
മേനോ: അങ്ങനെ ആണുങ്ങൾ മാത്രം താമസിക്കുന്നിടത്ത് ആര് വരാനാ?ഇവിടെ പെണ്ണുങ്ങൾ ശരിയാവില്ലന്നെ
ജോ: അതൊക്കൊയുണ്ടാവും എടോ രവി നീ പോയി ആ പേപ്പെറെടുത്ത് വാ അതിൽ കാണും വീട്ടുജോലിക്കുള്ള പരസ്യം!
രവി: ഈ രാത്രി തന്നെ വേണോ നാളെ പോരെ
ജോ :പോരാ ഈ കിളവൻ നാളെയും പറയും ഭക്ഷണം ശരിയായില്ല എന്ന്
രവി അകത്തേക്ക് പോവുന്നു.
മേനോൻ: നിങ്ങളായി , നിങ്ങടെ പാടായി വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ
രവി പേപ്പറുമായി വരുന്നു
ജോസഫും രവിയും കൂടി പേപ്പറിൽ തപ്പി ഒന്നു രണ്ടു നമ്പറുകൾ വിളിക്കുന്നു കിട്ടാതെ നിരാശരാവുന്നു
രവി ജോസഫിനെ ഒരു പരസ്യം കാണിച്ച്: ഇതൊന്ന് വിളിച്ച് നോക്ക്
ജോസഫ്: ഇതൊരു പേരാണല്ലോ" ലൈല "
രവി :വീട്ടുജോലിക്ക് വിളിക്കുക ലൈല 9650731275
ജോ: പേരു കൊള്ളാം ലൈല വിളിച്ചു നോക്കാം ല്ലെ?
രവി :വിളിക്ക് ജോസഫെ
ജോസഫ് ഫോൺ വിളിക്കുന്നു ആദ്യത്തെ റിങ് തന്നെ ഫോൺ എടുക്കുന്നു മധുരമായ ശബ്ദം
"ഹലോ "
ജോസഫ് ചാടിയെണീക്കുന്നു.
രവി :സ്പീക്കറിലിട് ജോസഫെ
ജോസഫ് സ്പീക്കറിലിടുന്നു
ജോ: ഹലോ ഇത് ലൈലയല്ലേ
ലൈല: അതെ ലോ ആരാ ?
ജോ: ഞാൻ ജോസഫ്
ലൈ: എന്താ വിളിച്ചത്?
ജോ: അത് പിന്നെ ഞാൻ (വിക്കുന്നു) വീട്ടുജോലിക്ക് ആളെ വേണമായിരുന്നു
ലൈല: അതിനെന്താ ഞാൻ മതിയോ?
ജോസഫും രവിയും ഒരുമിച്ച്: മതി! മതി!
ലൈല: എപ്പോഴാ വരേണ്ടത് ? ഇപ്പോൾ തന്നെ വരണോ?
ജോസഫ്: നാളെ ! നാളെ വരുമോ
ലൈല: വരാന്നെ നാളെ വരാം
ജോ: ശരി (ഫോൺ വെയ്ക്കുന്നു)
ജോസഫും രവിയും പരസ്പരം നോക്കുന്നു ചിരിക്കുന്നു കയ്യടിക്കുന്നു. (നാരയണ മേനോൻ നല്ല ഉറക്കത്തിൽ കൂർക്കം വലിക്കുന്നു)
പെട്ടെന്ന് ജോസഫിൻ്റെ ഫോൺ അടിക്കുന്നു.
ജോസഫ്: (പതിഞ്ഞ സ്വരത്തിൽ) ലൈലയാ ഫോൺ എടുക്കുന്നു "ഹലോ "
ലൈല: അതേയ് അഡ്രസ്സ് പറഞ്ഞില്ലല്ലോ
ജോ: ( തലയിൽ കയ് വെച്ച് ) അയ്യോ ഇപ്പോ പറയാട്ടോ
12 B, റയിൻബോ കോളനി, കലക്ട്രേറ്റിന് സമീപം കാക്കനാട്
ലൈല :അപ്പോ രാവിലെ കാണാം ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്
ജോസഫും രവിയും ഒരുമിച്ച്: ഗുഡ് നൈറ്റ് ,സ്വീറ്റ് ഡ്രീംസ്
രണ്ടു പേരും ഒരു മനോരാജ്യത്തിലെന്ന പോലെ കസേരയിൽ വന്നിരിക്കുന്നു
രവി :ലൈല ഒരു ഹൂറി ആയിരിക്കും
ജോ: ഉം ഒരു സുന്ദരി ആയിരിക്കും
രവി :എടോ ജോസഫെ ഒരു പാട്ടു പാടടോ
ജോസഫ് താളമിട്ട് പാടുന്നു "എൻ്റെ സ്വപ്നത്തിൽ' വേദിയിൽ വെളിച്ചം കുറയുന്നു ഗാനത്തിനിടയിൽ ലൈല പർദ്ദയിട്ട് മുഖം മറച്ച് വരുന്നു രണ്ടു പേരുടെയും കൂടെ നൃത്തം ചെയ്യുന്നു.
വേദിയിൽ ഇരുൾ പരക്കുന്നു '
രംഗം 2
രംഗത്ത് വെളിച്ചം വരുമ്പോൾ കഴിഞ്ഞ രംഗത്തിൻ്റെ ആവർത്തനം, കസേരകളിലായി കിടക്കുന്ന മൂവർ സംഘം നല്ല ഉറക്കത്തിലാണ് എന്നാൽ മേശപ്പുറത്തെ പോളിത്തീൻ കവറുകളും കുപ്പിയും എല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
മുണ്ടും നേരിയതും ഉടുത്ത ഒരു യുവതി ട്രേയിൽ ചായ കപ്പുകളുമായി അകത്തുനിന്നു കടന്നു വരുന്നു. ട്രേ മേശ പുറത്ത് വച്ച് ഒരോരുത്തരെയായി വിളിക്കാൻ ശ്രമിക്കുന്നു '
മേനോൻ്റെ അടുത്തെത്തി: സാറെ മേനോൻ സാറെ എണീക്ക് ദേ ചായ
മേനോൻ: (കണ്ണു തിരുമ്മി നോക്കിയിട്ട് ) ഓ സ്വപ്നമായിരുന്നോ ബാക്കി കാണട്ടെ ( വീണ്ടും ഉറങ്ങുന്നു)
യുവതി: ജോസഫ് സാറെ എണീക്കന്നെ നേരം വെളുത്തു ദേ ചായ കുടിക്ക്
ജോസ:( ഒന്നുകൂടി ചുരുണ്ടിട്ട് ) ഓ അവിടെ വച്ചേക്ക്
യുവതി: രവി സാറെ എണീക്ക് ചായ തണുത്തു പോവും
രവി: (ഞെട്ടി ചാടീയെണീറ്റ് ) അയ്യോ എന്നെ ഒന്നും ചെയ്യരുത് ഞാനിനി നിൻ്റെ റൂമിൽ കേറില്ല ദേഹോപദ്രവം ഏൽപ്പിക്കരുത് പ്ലീസ് (വേഗം തന്നെ മേശക്കടിയിൽ കയറുന്നു)
യുവതി: (പകച്ച്) അയ്യോ രവി സാറെ ഞാൻ ഞാൻ ലൈലയാ
രവി: (തല പുറത്തേക്കിട്ട് )ങെ ലൈലയോ അതാരാ ഞാൻ ഇത് എവിടെയാ (പതുക്കെ പുറത്തേക്ക് ഇറങ്ങുന്നു യുവതിയെ സസൂക്ഷ്മം നോക്കുന്നു.
യുവതി: സാറെ ഞാൻ ലൈല ഇന്നലെ ഫോൺ ചെയ്തില്ലെ? ജോലിക്ക് ആളെ വേണം എന്ന് പറഞ്ഞില്ലെ...... ആ ലൈല
രവി :(ആലോചിച്ച് ) ആ ശരിയാണല്ലോ അല്ല ലൈല ഇതു ലൈലയോ? ലൈലയെന്താ ഈ വേഷത്തിൽ? അതെങ്ങനെ ശരിയാവും?
ലൈല: ലൈലയെന്നത് എൻ്റെ ജോബ് IDയാണ് ശരിക്കും പേര് സരസ്വതി സരസൂ ന്ന് വിളിക്കും
രവി :ലൈല അതുമതി, (ഉഷാറാവുന്നു ) എടോ ജോസഫെ മേനോൻ സാറെ എണീക്ക് ദേ ലൈല വന്നിരിക്കുന്നു.
ജോസഫ്: (കണ്ണു തിരുമ്മി കൊണ്ട് ) എന്താടോ രവി ?( ലൈലയെ കണ്ട് ) ഇതാരാ
നാരയണ മേനോ: ശരിയാണല്ലോ ഇതാരാ
രവി: ഇത് ലൈലയാണെന്നെ നമ്മൾ ഇന്നലെ ഫോൺ ചെയ്ത ലൈല
മേനോ: ഫോണോ ആര് ഫോൺ ചെയ്തു
ജോ: ആര് എന്തിന്?
ലൈലയെ ശ്രദ്ധിക്കുന്നു
നാ മേ :എന്താ ഇത്? എൻ്റെ വീട്ടിൽ എന്താ നടക്കുന്നെ?
രവി :നിങ്ങളൊന്ന് ഇങ്ങു വന്നേ
(രണ്ടു പേരെയും കൂട്ടി ഒരു മൂലക്ക് ചെന്ന് സംസാരിക്കുന്നു ജോസഫിൽ സന്തോഷവും നാരായണ മേനോനിൽ എതിർപ്പും ജോസഫും രവിയും നാരയണ മേനോനെ പറഞ്ഞു സമ്മതിപ്പിക്കുന്നു.
മൂന്നു പേരും കൂടി തിരിച്ച് ലൈലയുടെ അടുത്ത് എത്തുന്നു
ജോസഫ് :(സംശയത്തോടെ ) നീ ലൈല ആണ് എന്നല്ലേ പറഞ്ഞത് പക്ഷേ നിൻറെ ശബ്ദം ?
ലൈല :( വശ്യതയോടെ) എന്താ ജോസഫ് സാറെ എൻ്റെ ശബ്ദത്തിന് കുഴപ്പം?
ജോസ: എയ്' ''ഒരു കുഴപ്പവും ഇല്ല കറക്ടാ കറക്ടാ
നാ മേ :ദേ ജോസഫെ, രവി ഇതൊന്നും ഇവിടെ ശരിയാവില്ല ഞാൻ പറഞ്ഞേക്കാം
രവി :എൻ്റെ മേനോൻ സാറെ ഒരു ജോലിക്കാരി അതും ലൈലയെ പോലെ ഒരാളെ കിട്ടാൻ പ്രയാസമാ
ലൈല: സാറൻമാരെ വല്ലതും കഴിക്കണ്ടെ? ഇവിടെ ബ്രേക്ഫാസ്റ്റിന് വേണ്ട ഒന്നും ഇല്ല എന്തേലും ഉണ്ടാക്കണമെങ്കിൽ എല്ലാം വാങ്ങിച്ചിട്ട് വേണം
ജോസഫ്: ശരിയാക്കാം എല്ലാം ശരിയാക്കാം, ഞങ്ങൾ പോയി സാധനങ്ങൾ വാങ്ങിച്ചു വരാം അപ്പെഴക്കും റെഡി ആയിരുന്നോ
ലൈല: എന്തിന്
ജോസ: ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ
ലൈല: ഞാൻ അടുക്കളയൊക്കെ ഒന്നു ഒതുക്കി വയ്ക്കാം സാറൻമാര് ചായ കുടിക്ക്
ലൈല അകത്തേക്ക് പോവുന്നു.
നാ. മേ: എന്നാലും ഇത്ര രാവിലെ ഇവൾ എവിടുന്ന് വന്നെന്നാ എൻ്റെ സംശയം?
രവി :ഇങ്ങേർക്ക് ആരെയാസംശയമില്ലാത്തത് ' അതല്ലെ പെണ്ണു പോലും കെട്ടാതെ കൂടിയിരിക്കുന്നത്.
നാ. മേ: ദേ രവി എനിക്കെന്തോ പന്തികേട് തോന്നുന്നു
രവി :ഒരു പന്തികേടുമില്ല നിങ്ങൾ കണ്ടോ നമ്മൾ തകർക്കും
ചായ കുടിക്കുന്നു ആഹാ നല്ല ചായ
നിങ്ങൾക്ക് ചായവേണ്ടേ?
വേണ്ടെന്ന് പറയുന്ന മേനോൻ
ലൈലാ.... രവി എടുത്ത് അകത്തേക്കു പോവുന്നുണ്ടോ
മേനോൻ മേശപ്പുറത്തിരുന്ന ഫോണെടുത്ത് :- ഓ ഒറ്റക്കിരുന്ന് വിഷമിച്ചോ ഇന്നലെത്തെ msg വായിച്ചിട്ടാവാം പല്ലുതേപ്പ്!
നെറ്റ് ഓഫ് ആണല്ലോ
ങ്ങാ അങ്ങനെ വരട്ടെ
തുടരെ msg വരുന്ന ശബ്ദം
ഇതു കുറെ ഉണ്ടല്ലോ
രവിയും ജോസഫും പുറത്തു പോവുന്ന വേഷത്തിൻ വരുന്നു :- അതേയ് മേനോൻ സാറെ           വാ നമുക്ക് ഒരുമിച്ചു പോവാം പോയി സാധനങ്ങൾ വാങ്ങാം
(അവരെ കണ്ട് ഫോൺ താഴെ വെക്കുന്ന മേനോൻ )
മേനോൻ: ഞാൻ വരുന്നില്ല നിങ്ങൾ പോയി വാങ്ങി വാ
രവി: പക്ഷേ നിങ്ങൾ വന്നാലെ ശരിയാവൂ നിങ്ങളെ ഇവിടെ നിർത്തിക്കൊണ്ട് പോവാൻ ഞങ്ങൾക്ക് മനസ്സില്ല
മേനോൻ: ഞാൻ പല്ലു പോലും തേച്ചിട്ടില്ല.
ജോസഫ്: പോയി മുഖം കഴുകി റെഡിയായി വാ
കിളവാ വിളച്ചിലെടുക്കാതെ
രവി :നമ്മൾ ഇങ്ങേരെ ഇവിടെ നിർത്തിയിട്ട് വേണം ഇങ്ങേരുടെ സ്വഭാവം ആ പെൺകൊച്ചിൻ്റെ അടുത്തെടുക്കാൻ
മേനോൻ: ഞാൻ ഒരു സ്ത്രീ വിരോധി പാവം വയസ്സൻ നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?
ജോസഫും രവിയും ഒരുമിച്ച്: ഞങ്ങൾക്ക് വിശ്വാസമില്ല
മേനോൻ: (നിസ്സഹായനായി) :ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് പറയും ഇവന്മാർ.ശരി ഞാൻ വരാം
( എഴുന്നേറ്റ് അകത്തേക്ക് പോവുന്നു)
ജോസഫ്(രവിയോടായി): ശരിക്കും കിളവൻ സ്ത്രീ വിരോധിയാവാൻ എന്താ കാരണം
രവി :പ്രേമിച്ച പെണ്ണ് തേച്ചിട്ട് പോവുമ്പോഴോ, കല്യാണം കഴിച്ചു അബദ്ധം പറ്റുമ്പോഴോ അല്ലെ ഒരാൾ സ്ത്രീ വിരോധി ആവുന്നെ. ആദ്യത്തേതിനാ ചാൻസ് കൂടുതൽ രണ്ടാമത്തേത് സംഭവിച്ചിട്ടില്ലല്ലോ
(രണ്ടു പേരും ചിരിക്കുന്നു)
ജോസഫ്: എടോ രവീ എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
രവി : ഏത്?
ജോസഫ്: ലൈലയെ പോലൊരു പെണ്ണ് ഇവിടെ, നമ്മുടെ അടുത്ത് ഹോ
രവി: അതു പിന്നെ തനിക്ക് " തരംഗ രതി " മാത്രമല്ലേ അറിയൂ അതാ.
ജോസഫ്: തരംഗ രതിയോ അതെന്താ?
രവി :ഫോണിൽ കൂടിയുള്ള സൊള്ളലും ചാറ്റിങ്ങും ചീറ്റിങ്ങും തന്നെ
ജോസഫ്: ഓ അങ്ങനെ! നീയൊരു അനുഭവസ്ഥൻ
രവി :"ദർശനേ പുണ്യം " "സ്പർശനേ സൗഭാഗ്യം'' എന്നാണല്ലോ '
( രവിയും ജോസഫും ചിരിക്കുന്നു )
മേനോൻ പുറത്തേക്കു പോവാനുള്ള വേഷത്തിൽ വരുന്നു: ഞാൻ വരണോ രവീ
ജോസഫ്: വരണം രവി
രവി :വാ രവി (മേനോൻ്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പോവുന്നു)
മേനോൻ: എൻ്റെ ഫോണെടുത്തില്ല.
ജോസഫ്: അവിടെയെങ്ങാനും ഇരിക്കട്ടെ. അല്ലെങ്കിൽ തന്നെ ഇങ്ങേരെ ആരു വിളിക്കാനാ
മേനേൻ'.: അതല്ല
രവി '. അതാണ് ഫോൺ അവിടെയെങ്ങാനും ഇരിക്കട്ടെ നമ്മൾ ഇപ്പോ വരുമല്ലോ
(രണ്ടു പേരും കൂടി മേനോനെ കൂട്ടിക്കൊണ്ട് പുറത്തേക്ക്)
(അകത്തു നിന്ന് ചൂലുമായി വരുന്ന ലൈല ഒരറ്റത്തു നിന്ന് അടിച്ചുവാരി തുടങ്ങുന്നു. കസേരകൾ ഒതുക്കി വക്കുന്നു )
കയ്യിൽ ബാഗുമായി കടന്നു വരുന്ന സുമേഷ്. ടൈ കെട്ടിയിട്ടുണ്ട്. സുമുഖൻ
സുമേഷ്: നമസ്കാരം ചേച്ചി
ലൈല തിരിഞ്ഞു നോക്കി തന്നെ തന്നെയാണെന്ന് ഉറപ്പു വരുത്തുന്നു.
സംശയഭാവത്തിൽ: എന്നെയാണോ
സുമേഷ്: അതെ ചേച്ചിയെ തന്നെയാ വിളിച്ചത്
സാറില്ലേ?
ലൈല (അധികാര ഭാവത്തിൽ ): ഇല്ല എന്തു വേണം? അല്ല താനെങ്ങനെ അകത്തു കേറി? ആരോടു ചോദിച്ചിട്ടാ?
സുമേഷ്: അതു പിന്നെ ചേച്ചി വാതിൽ തുറന് കിടപ്പുണ്ടയിരുന്നു. ബെല്ലടിച്ചിട്ട് ഒച്ചയൊന്നും കേട്ടില്ല.
ലൈല: വാതിൽ തുറന്നു കിടന്നാൽ താൻ കയറുമോ കൊള്ളാമല്ലോ?
സുമേഷ്: ആരെങ്കിലും വരാനാണല്ലോ വാതിൽ തുറന്നിടണത്
അല്ല ശരിക്കും ഇവിടെ വേറെ ആരും ഇല്ലേ?
ലൈല: അതവിടെ നിൽക്കട്ടെ താൻ എന്തിനാ വന്നത്?
സുമേ: ഞാൻ അക്കിടി കമ്പനിയുടെ മാർക്കറ്റിംഗിൻ്റെ ഭാഗമായി വന്നതാണ് എൻ്റെ കമ്പനി എളുപ്പത്തിൽ ചെയ്ത് തീർക്കാവുന്ന 108 ജോലികൾ എളുപ്പമാർഗ്ഗത്തിൽ വിശദീകരിച്ച് ഒരു പുസ്തകം ഇറക്കിയിട്ടുണ്ട് (ബാഗിൽ നിന്ന് ഒരു തടിച്ച പുസ്തകം എടുക്കുന്നു) ഏതൊരു ജോലിയും ചെയ്തു തുടങ്ങുന്നതിന് മുമ്പ് ഈ പുസ്തകത്തിൽ അതിനെ കുറിച്ച് വളരെ ചുരുക്കി 16 പേജിൽ വിവരിച്ചിട്ടുള്ളത് വായിച്ച് ആ ജോലി ചെയ്താൽ ആ ജോലി വളരെ ഈസിയായി അനുഭവപ്പെടും ഇതിൻ്റെ വിലയാകട്ടെ വെറും 999 രൂപ മാത്രം ഒരെണ്ണം എടുക്കട്ടെ ചേച്ചീ
ലൈല: ആ പഷ്ട് താനൊന്നുപോയെ, ഇവിടൊന്നും വേണ്ട തന്നെയുമല്ല ഇതൊന്നും വാങ്ങാൻ ഇവിടെ ആരുമില്ല
സുമേ: (ആത്മഗതം)ആരുമില്ലല്ലെ? ചേച്ചീടെ പേരെന്താ? ഇവിടുള്ളേരൊക്കെ എവിടെ പോയി?
ലൈല: എടോ തന്നോടല്ലെ പറഞ്ഞത് ഇവിടൊന്നും വേണ്ടന്ന് വേഗം പോവാൻ നോക്ക്
സുമേ: ബുക്ക് വേണ്ടങ്കിൽ വേണ്ട ഞാൻ ചേച്ചിക്ക് എൻ്റെ നമ്പർ തരട്ടെ
ലൈല: എന്തിനാ?
സുമേ: വെറുതെ ആരുമില്ലാത്തപ്പോ സംസാരിച്ചോണ്ട് ഇരിക്കാലോ
ലൈല: (ചൂൽ ഓങ്ങി ) തന്നെ ഇന്നു ഞാൻ
സുമേഷ്: (ഓടുന്നു ഓട്ടത്തിനിടയിൽ ) അയ്യോ ചേച്ചി ഫോണില് ,എൻ്റെ നമ്പർ പറയാം 98..... 47 .... -29''.... 79...... 99
(ചുറ്റിലും ഓടിക്കുന്നു സുമേഷ് ബാഗുമെടുത്ത് പുറത്തേക്ക് ഓടുന്നു)
ലൈല : അവൻ്റെയൊരു 99
തിരിച്ചു വന്ന് ജോലി തുടരുന്ന ലൈല മേശപ്പുറത്തിരിക്കുന്ന മേനോൻ്റെ ഫോണിൽ Msgകൾ വരുന്ന ശബ്ദം കേട്ട് ശ്രദ്ധിക്കുന്നു വീണ്ടും ജോലി തുടരുന്നു. തുടരെ വരുന്ന മെസേജുകൾ ലൈലയെ ഫോൺ എടുത്തു നോക്കാൻ പ്രേരിപ്പിക്കുന്നു ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ഫോൺ എടുത്ത് മെസേജുകൾ വായിക്കുന്നു വായിച്ചു ഭാവമാറ്റം വരുന്ന ലൈലയുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നു, ക്രുദ്ധയായി കസേരകൾ തട്ടി മറിക്കുന്ന ലൈല ഇത് കണ്ടു വരുന്ന ജോസഫും രവിയും മേനോനും ആകെ അന്തം വിടുന്നു.
രവി: ലൈല എന്തു പറ്റി എന്താ ഈ കാണിക്കുന്നെ
ജോ: എന്താ കാര്യം
(ലൈല ശ്രദ്ധിക്കാതെ അടുത്ത കസേര മറിച്ചിടുന്നു )
മേനോൻ: നിനക്കെന്താ ഭ്രാന്തായോ
ലൈല:(തിരിഞ്ഞു മൂന്നു പേരെയും നോക്കി പിന്നെ മേശ പുറത്തിരുന്ന ഫോൺ എടുത്ത് )
ആരുടേതാ ഈ ഫോൺ?
ജോസഫ് രവിയെയും രവി മേനോനെയും നോക്കുന്നു.
ലൈല:( ശബ്ദമുയർത്തി) ആരുടെതാണെന്ന്?
മേനോൻ: (പതുക്കെ )എൻ്റെതാണ്
ജോസഫ്: എന്താ ലൈല കാര്യമെന്ന് പറയൂ
ലൈല: (കയ്യുയർത്തി തടഞ്ഞു കൊണ്ട്) ആരാ രതീഷ് മോൻ?
ജോസഫും രവിയും: രതീഷ് മോനോ? അതാരാ?
രണ്ടു പേരും മേനോനെ നോക്കുന്നു.
മേനോൻ (തല കുമ്പിട്ട്): അതെൻ്റെ ഫേസ്ബുക്ക് പേരാ ( ഭവ്യതയോടെ) എന്താ
ലൈല: എന്താണന്നോ? ഇങ്ങേർ ആരാണന്ന് നിങ്ങൾക്കറിയോ? നിങ്ങൾ ഈ ഫോൺ നോക്ക് എന്തൊക്കൊയാണ് ഇതിൽ ഉള്ളത് എന്ന്, ഇയാൾ അയച്ചിരിക്കുന്ന മെസേജു കണ്ടോ, ഇയാളുടെ Profile Picture ' കണ്ടോ?
മറ്റു രണ്ടു പേരും ഫോണിൽ നോക്കുന്നു, മേനോനെ ഞെട്ടലോടെ നോക്കുന്നു
രവി :സ്ത്രീ വിരോധി ,വീട്ടിൽ സ്ത്രീകളെ കേറ്റില്ല, കിളവൻ്റെ കയ്യിലിരുപ്പ് കൊള്ളാമല്ലോ?
ജോ: ഇതൊക്കൊ ഇപ്പോ സാധാരണമല്ലെ എന്നാലും ഇങ്ങേർക്ക് വീട്ടിൽ കുത്തിയിരുന്ന് ഇതാ പരിപാടി എന്നറിഞ്ഞില്ല
രവി: അല്ല ഇതും ലൈലയുമായി എന്താ ബന്ധം?
ലൈല: എന്താ ബന്ധമെന്നോ നിങ്ങൾ ആ ചാറ്റിങ്ങിലെ മൂന്നാമത്തെ പേരു കണ്ടോ ?
രവി :ഏത് അമ്പിളി കുട്ടിയോ?
ലൈല: ആ..... അതു തന്നെ അമ്പിളി കുട്ടി എന്ന കുട്ടി ഞാനാ
രവിയും ജോസഫും പരസ്പരം നോക്കുന്നു. പിന്നെ ചിരിക്കുന്നു.
ജോസഫ്: അമ്പിളിക്കുട്ടിയും രതീഷ് മേനോനും അതു കൊള്ളാം (പിന്നെയും ചിരി )
ലൈല: ചിരിക്കണ്ടാ നിങ്ങൾക്കറിയില്ലാ ഞാനിന്നലെ ഇയാളുടെ വാക്കും വിശ്വസിച്ചാ ഇങ്ങോട്ട് വന്നത്
മേനോൻ: ഞാൻ ആരേയും വിളിച്ചില്ല.
ലൈല: വിളിച്ചില്ല നിങ്ങൾ മെസേജ് അയച്ചു.രതീഷ് മോൻ്റെ ID യിൽ നിങ്ങൾ എനിക്ക് ഇന്നലെ വൈകീട്ട് അയച്ച മെസേജ് എന്താ?
രവി : നിക്ക് നിക്ക് ഞാൻ വായിക്കാം.
രവി ഫോൺ വാങ്ങി മേസേജുകൾ വായിക്കുന്നു.
27/03/19 7 pm
(രതീഷ് മേനോൻ: നീ എന്നും എന്റെയല്ലേ?
അമ്പിളി:അങ്ങയുടെ സ്വന്തം
രതീഷ് മേനോൻ: എനിക്കൊരു ചിറകുണ്ടായിരുന്നെങ്കിൽ
അമ്പിളി: ഉണ്ടായിരുന്നെങ്കിൽ!
രതീഷ്: ഞാൻ പറന്ന് പറന്ന്
അമ്പിളി: പറന്ന്
രതീഷ്: ഒരു ചില്ല മേൽ .... രണ്ടിണക്കുരുവികളായി...
അമ്പിളി: എന്നിട്ട് ....
രതീഷ്: വാ എന്നാൽ ചെവിയിൽ പറയാം
അമ്പിളി: വരാം. അഡ്രസ് പറ
7.30pm അഡ്രസ് പറ,
അഡ്രസ് പറ
7:55 Pm
രതീഷ്: 12 B റയിൻബോ കോളനി കാക്കനാട്
മേനോൻ (ഇടക്കു കയറി ): ഞാൻ അഡ്രസൊന്നും കൊടുത്തില്ല.
രവി (ഫോൺ കാണിച്ച്): അപ്പോൾ ഇതോ
മേനോൻ: ഞാൻ കരുതിയോ അമ്പിളിക്കുട്ടി കോട്ടയത്ത് നിന്ന് വരുമെന്ന് .
ലൈല: ഞാൻ കോട്ടയം എന്നു പറഞ്ഞത് കളവായിരുന്നു ....
എനിക്കിത് വേണം.
രവി :എന്നാലും എന്റെ കിളവാ നിങ്ങൾ ആളു കൊള്ളാമല്ലോ
ജോസഫ് :അമ്പിളിക്കുട്ടി, ലൈല, സരസ്വതി ശരിക്കും നിങ്ങളാരാ?
ലൈല: സരസ്വതി! അതാണെന്റെ പേര്.
രവി : എത്ര നാളായി ഈ പരിപാടി തുടങ്ങിയിട്ട്!
സരസ്വതി: 3 ആഴ്ചയായുള്ളൂ ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയിട്ട്. വെറുതെ രസത്തിന്  അക്കൗണ്ട് തുടങ്ങി. ഇടക്കെപ്പോഴോ ഒരു മെസേജ് കണ്ട് മറുപടി അയച്ചു. അങ്ങനെ തുടങ്ങിയതാ.
ജോസഫ്: ജോലിയിൽ നിന്ന് റിട്ടയർ വാങ്ങി വീടിലിരുന്നു നിങ്ങൾ തുടങ്ങിയ പരിപാടി കൊള്ളാം , പുറമേ സ്ത്രീ വിരോധി, ഭക്തൻ
രവി : ശരിയാ ഇങ്ങേർ ഫോൺ ഒരു കോളു പോലും ചെയ്യാൻ തരില്ല . ഇതായിരുന്നു അല്ലെ.
സരസ്വതി: എല്ലാം എന്റെ തെറ്റാ. ഗൾഫിൽ കഷ്ടപ്പെടുന്ന എന്റെ ഭർത്താവിനെ ഞാൻ മറന്നു! എൻ്റെ മോനെ മറന്നു.നാളെ ഇതൊന്നുമറിയാതെ എന്റെ ഭർത്താവ് വരും. എന്റിശ്വരാ.... (കരയുന്നു )
ജോസഫ്: നിങ്ങൾ എങ്ങനെ ലൈലയായി?
സരസ്വതി: അത്.... ഞാൻ ഇന്നലെ ഇവിടെ വരുമ്പോൾ നിങ്ങളുടെ മദ്യപാന സഭ നടക്കുകയാ. ഒന്നിലധികം ആളുകളെ കണ്ടപ്പോൾ ഞാൻ പേടിച്ചു.തിരിച്ചു പോകാനും പേടിയായി. അതിനിടക്കാണ് നിങ്ങളുടെ ഫോൺ വിളിയും ഒച്ചപ്പാടുകളും കേട്ടത്. കുറച്ചു കഴിഞ്ഞ് നിങ്ങൾ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ കിട്ടിയ ഒരു ധൈര്യത്തിന് അകത്ത് കയറിയിരുന്നു. രാവിലെ എന്തായാലും വന്നില്ലെ, ആരാണെന്ന് കണ്ടു പിടിച്ചിട്ട് പോവാം എന്നു കരുതി. പക്ഷെ നിങ്ങൾ ആരും രതീഷ് മോനായിരിക്കും എന്ന് കരുതിയില്ല
രവി :രതീഷ് മോനെന്ന ചെറുപ്പക്കാരനെ തേടിവന്ന ചെറുപ്പക്കാരി അമ്പിളിക്കുട്ടി ഇനി എന്താ പരിപാടി
സരസ്വതി: ഞാൻ തിരിച്ചു പോവാ.എന്റെ വീട്ടിലേക്ക് എന്റെ ഭർത്താവ് വരുമ്പോൾ ഞാനവിടെ ഉണ്ടാവണം. മോനെ അമ്മയുടെ അടുത്തു നിന്നും കൂട്ടിക്കൊണ്ട് വരണം.
ജോസഫ്: എന്നാൽ അമ്പിളി അല്ല സരസ്വതി ചെല്ല് കിളവനുള്ള പണി ഞങ്ങൾ കൊടുത്തോളാം
രവിയും ജോസഫും കൂടി മേനോന്റെ അടുത്തേക്ക്
അടുത്ത് അയാളെ ഇടിക്കാൻ ഒരുങ്ങുന്നു. പെട്ടെന്ന് ജോസഫിന്റെ ഫോൺ അടിക്കുന്നു.ജോസഫ് ഫോൺ എടുക്കുന്നു.
ഫോണിലെ ശബ്ദം: ഹലോ ഞാൻ ലൈലയാ. ഞാൻ കാക്കനാട് എത്തി. എവിടെയാ വരേണ്ടത് ?
ജോസഫും രവിയും മേനോനും പരസ്പരം നോക്കി സരസ്വതിയുടെ നേരെ കൈകൂപ്പി :അയ്യോ വേണ്ടായേ ഞങ്ങൾ നന്നായിക്കോളാമെ ......
കർട്ടൻ
രചന: ജീസ് കൈതാരം
                 END

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്