ത്രേസ്യ കുട്ടി
ത്രേസ്യക്കുട്ടി
* * * * * * * * * * * *
കറുത്തിരുണ്ടു കൂടുന്ന മേഘ കീറുകളുടെ സഞ്ചാരം നോക്കി തൊടിയിലെ ഊഞ്ഞാലിൻമേൽ കാലുകളാട്ടി ഇരിക്കുകയായിരുന്നു രാധമണി ! പൊടുന്നനെ നാസിക തുമ്പിലേക്ക് മഴതുള്ളി വീണു ഞെട്ടി തരിച്ചുപോയി,പിന്നെ തുടരെ തുള്ളികൾ മുഖത്തേക്ക് ! മഴ ആസ്വദിച്ച് തുടങ്ങുമ്പോഴെക്കും അടുക്കളപ്പുറത്ത് നിന്ന് വിളി വന്നു! മീനാക്ഷി യേടത്തിയാണ് കുട്ട്യേ! മഴ വീഴണത് കണ്ടില്യേ ?കേറിക്കോളുട്ടോ അച്ഛൻ വന്നാ പിന്നെ അതിനാവും' "ചീത്ത! മഴയോട് മടിയോടെ യാത്ര പറഞ്ഞ് തട്ടി വീഴാതിരിക്കാൻ പാവാട തുമ്പും പൊക്കി പിടിച്ച് രാധ ഉമ്മറത്തേക്ക് ഓടി! പടികളിൽ നിന്ന് ഉമ്മറത്തേക്ക് കയറുമ്പോൾ അതാ മുൻപിൽ ചെറിയമ്മ !വായിലെ മുറുക്കാൻ തുപ്പി എന്തോ ചീത്ത പറയാൻ ഭാവിക്കുമ്പോഴെക്കും രാധമണി അകത്തേക്ക് വലിഞ്ഞു, തെക്കിനിയിൽ ചെന്ന് തോർത്തെടുത്ത് മഴവെള്ളം തുടക്കുമ്പോൾ പിന്നാമ്പുറത്ത് സംസാരം കേട്ട് അങ്ങോട്ട് ചെന്നു അവിടെ ചിറക്കലെ ലില്ലി ചേച്ചിയും കൂടെ മുതിർന്നൊരു പെണ്ണും, ആകെ നനഞ്ഞല്ലോ രാധ ക്കുട്ടി " രാധയെ കണ്ട് ലില്ലി ചേച്ചി ആരാഞ്ഞു അല്ലാ സ്കൂള് പൂട്ടലായിട്ട് അമ്മ വീട്ടിലൊന്നും പോയില്ലെ? മറുപടി ഒരു ചിരിയിലൊതുക്കി പിൻവാങ്ങാൻ ഒരുങ്ങിയ രാധയെ കയ്യിൽ പിടിച്ച് ലില്ലി തുടർന്നു 'രാധ കുട്ടി ഇത് ത്രേസ്യ എന്റെ നാത്തൂന്റെ മോളാ ഇനി മാത കോളേജിലാ പോണത് ഇവിടാവുമ്പോ എനിക്കൊരു കൂട്ടായല്ലോ? ത്രേസ്യ ചിരിച്ചു !വായ നിറയെ ഉള്ള പല്ലും ഉണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമായി ത്രേസ്യ വെളുക്കെ ചിരിച്ചു.പിന്നെ വാ തുറന്നു ശരിക്കും പേര് തെരേസ ന്നാ വീട്ടില് ത്രേസ്യ ന്നും! "താഴെ തോട്ടില് അലക്കി കുളിക്കാൻ വന്നതാ!" "അത് തല നിറച്ച് എണ്ണ കണ്ടപ്പോൾ മനസ്സിലായന്ന് "പറയാൻ തോന്നിയതാ രാധക്ക് പക്ഷെ പറഞ്ഞില്ല! മീനാക്ഷി യേടത്തി അവർക്ക് ചക്ക അടയും കാപ്പിയും കൊടുത്തു. വേണ്ടന്ന് പറഞ്ഞെങ്കിലും ത്രേസ്യ കുട്ടി പാത്രം കാലിയാകണവരെ തിന്നുകൊണ്ടിരുന്നു. മഴ കുറഞ്ഞപ്പോൾ അവർ യാത്ര പറഞ്ഞ് താഴേക്ക് പോയി, പോകുന്നതിനിടയിൽ ത്രേസ്യ വിളിച്ച് പറഞ്ഞു തിങ്കളാഴ്ച്ച ഹെൽത്ത് സെന്ററിന്റെ അവിടെ കാത്തു നിൽക്കണെ' രാധ തലയാട്ടി.
കല്ലുമല 'യുടെ അടിവാരത്ത് വെള്ളമൊഴുകിയുണ്ടായ ചാലിന് നാട്ടുകാർ "കല്ലുമല തോട് '' എന്ന് വിളിച്ചു, വേനൽക്കാലത്ത് ആ പേര് കേൾക്കുമ്പോൾ രാധ ക്ക് ചിരി വരും തോടെല്ലാം ചുരുങ്ങി നീർച്ചാല് മാത്രമാവും ,ചണ്ണനും മകൻ രാജനും ചേർന്ന് ഒരു ചിറകെട്ടിവെച്ചിട്ടുണ്ട് കുറെശ്ശെ വെള്ളം ഒഴുകി അതിൽ നിറഞ്ഞ് നൂല് പോലെ താഴെക്ക് ചാടും നന്നായി വീഴാൻ വാഴ പോള വെച്ചു കൊടുക്കും അവിടെ യാണ് അലക്കും കുളിയും ചിറക്കലെയും, ആറ്റിപ്രയലിലെയും, ക്രിസ്താനി കുടുംബങ്ങൾ പിന്നെ പാമ്പൻ കാടൻ കാക്കയുടെ മൂന്ന് ബീടരും കുടുംബവും, മീനാക്ഷി യേടത്തിയുടെ കുടുംബം, ഇത്രയും പേരാണ് ആ തോടിന്റെ ഉപഭോക്താക്കൾ '
മേലതിൽ വീടിന്റെ പടികളിറങ്ങി താഴെ തോടിന് മുകളിലുള്ള തടി പാലം കടന്നു വേണം പാടത്തെത്താൻ ടൗണിലേക്ക് പുതുതായി വെട്ടിയ റോഡ് എത്താൻ വരമ്പിലൂടെ നടക്കണം, പാടത്ത്കതിർ നിറഞ്ഞു കിടക്കുന്ന സമയമാണെങ്കിൽ അതിൽ കൂടി നടക്കുമ്പോൾ പാവാട മുഴുവൻ നനയും! പിന്നെ സ്കൂളിലേക്ക് 2മൈൽ നടന്നെത്തുമ്പോഴെക്കും ഉണങ്ങി കിട്ടുമെന്നതിനാൽ രാധ ക്ക് കതിരുകളോട് പരിഭവവുമില്ലാ. റോഡ് എത്തണതിന്റെ തൊട്ട് മുമ്പായി ഹെൽത്ത് സെൻററിന്റെ പണി നടക്കുന്നു. കല്ലായി കുന്നത്തെ ജാനകി, പത്മജ, പുഷ്പ, അനുജത്തി സുശീല, അവരുടെ ചേട്ടൻ ഗിരി, അവിടുത്തെ തന്നെ ബാബുവും സുബ്രമണ്യനും എല്ലാം പഠിക്കുന്നത് ഗവർമെന്റ് സ്കൂളിലാണ്! മൊട്ടങ്കരയിലെ ചേട്ടന്റെ മക്കളായ മേരിയും ജോളിയും പഠിക്കുന്നത് പള്ളി വക ഗേൾസ് സ്കൂളിൽ, ഹെൽത്ത് സെന്ററിന്റെ ജംങ്ങ്ഷനിൽ ആദ്യം വരുന്നവർ കാത്തു നിൽക്കും അതാണ് അപ്രഖ്യാപിത നിയമം ,എല്ലാരും എത്തി ചേർന്നാൽ പിന്നെ സംഘം മുന്നോട്ട് ! ആണുങ്ങൾ ആദ്യം നടക്കും, പെൺകുട്ടികൾ ഒറ്റയും തെറ്റയുമായി പുറകിലും ആ സംഘത്തിലേക്ക് ആണ് ത്രേസ്യാക്കുട്ടി വന്നുചേർന്നത് . ത്രേസ്യാക്കുട്ടി വന്നപ്പോൾ ലീഡർ സ്ഥാനം ഉണ്ടായി അത് അങ്ങ് സ്വയം ഏറ്റെടുക്കുകയും ചെയ്തു മിക്കപ്പോഴും ത്രേസ്യ കുട്ടിയെ കാത്തുനിൽക്കേണ്ടിയുംവന്നു , സംഘത്തിന് സ്കൂളിൽനിന്ന് വൈകിയെത്തുന്നതിന് അടിവാങ്ങി ക്കേണ്ടതും തുടർക്കഥയായി.
സ്കൂളിലേക്ക് നടന്നു തുടങ്ങിയാൽ ത്രേസ്യ കുട്ടിയുടെ വാക് ധാരണി ആരംഭിക്കുകയായി, ആദ്യമെല്ലാം കൗതുകത്തോടെ ചെവികൊടുത്തിരുന്ന രാധ മണി പതുക്കെ അത് കേൾക്കാതിരിക്കാൻ പുറകിലേക്ക് പിൻവലി യാൻ തുടങ്ങി, ലോക കാര്യങ്ങളും സിനിമ കഥയും തുടങ്ങി പതുക്കെ പതുക്കെ നടന്മാരുടെയും മറ്റും ആകാര വടിവുകളും പ്രണയ ചേഷ്ടകളും ഗാനരംഗങ്ങളിലെ വികാര പൂർവ്വമായ അശ്ലീലതയും കടന്നുവന്നപ്പോൾ അസഹ്യമായി തുടങ്ങി അതുമാത്രമല്ല വഴിയേ പോകുന്ന അല്ലെങ്കിൽ എതിരെ വരുന്ന ഒരാളെയും ത്രേസ്യാക്കുട്ടി വെറുതെ വിടാറില്ല അതിന് പ്രായമൊരു തടസ്സവും ഇല്ലായിരുന്നു. കളത്തിലെ ജോണിക്കുട്ടിയും ഭാര്യയും എതിരെ കടന്ന് പോയപ്പോൾ ത്രേസ്യ പറഞ്ഞത് "അവളുടെ നടപ്പു കണ്ടോ ഇന്നലെത്തയാ"രാധമണിക്കു ഒന്നും മനസ്സിലായില് പുഷ്പചേച്ചി ചിരിക്കുകയും ചെയ്തു. പാമ്പൻ കാടൻ കാക്ക നടന്ന് പോയപ്പോൾ ത്രേസ്യ പറഞ്ഞു "വല്ലാത്ത സ്റ്റാമിന ആണെന്ന് "ദ്യോതകപൂർവ്വം നോക്കിയ രാധയെ ത്രേസ്യ കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇടക്ക് ക്ലാസിലെ മലയാളം സാറിന്റെ മീശയുടെ കട്ടിയെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ നിർത്തില്ല! അവസാനം രാധ മണിക്ക് മനസ്സിലായി ത്രേസ്യയുടെ ഭാഷയിൽ ഉരുത്തിരിയുന്നത് നല്ലതല്ലന്ന് മാത്രം. അതിന് അടിയുറപ്പിക്കുന്ന ഒരു സംഭവം ഉണ്ടായി ക്ലാസു കഴിഞ്ഞ് തിരിച്ച് രാധയും ത്രേസ്യയും കൂടി നടന്ന് വരമ്പിലൂടെ വഴിപിരിയുന്നിടത്ത്, ത്രേസ്യ രാധയെ പിടിച്ചു നിർത്തി എന്നിട്ട് സ്വകാര്യമെന്നോണം പറഞ്ഞു "നിന്റെ ചെറിയമ്മ ആളൊരു മൊതലാ" ഇതിപ്പോ എന്താ പറയാൻ എന്ന മട്ടിൽ നോക്കിയ രാധയോട് ത്രേസ്യ തുടർന്നു. അവര് നിന്റെ അച്ചനെ നല്ലോണം വെള്ളം കുടിപ്പിക്കണുണ്ട് അറിയണങ്കിൽ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നിങ്ങടെ പടിഞ്ഞാറ്റയിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി. അമ്പരന്ന് നിന്ന രാധയെ നോക്കി കണ്ണിറുക്കി ത്രേസ്യ പോയി. പതുക്കെ നടന്ന് തുടങ്ങിയ രാധ ഞായറാഴ്ച്ചകളിൽ വീടിന്റെ പിന്നാമ്പുറത്ത് പ്രത്യക്ഷപെടാറുള്ള ത്രേസ്യയുടെ മുഖം ഓർമ്മ വന്നു.അമ്പഴങ്ങാ പെറുക്കാനെന്നും പഞ്ചസാര കായ് പഴുത്തോ എന്ന് നോക്കാനെന്നും പറഞ്ഞു പതുക്കെ വന്ന പോലെ പോവുകയും ചെയ്യും. അന്നാദ്യമായി രാധ ഞായറാഴ്ച്ച ആവാൻ കാത്തിരുന്നു. ശനിയാഴ്ച്ച വരെ ഉള്ള റേഷൻ കടയിലെ കണക്കുകൾ ഞായറാഴ്ച്ച കാപ്പി കുടിക്ക് ശേഷം നോക്കി തിട്ടപ്പെടുത്തുന്ന അച്ഛൻ ഉച്ചമയക്കത്തിനായ് പടിഞ്ഞാറ്റയിലേക്ക് കയറി അൽപ്പനേരം കഴിഞ്ഞ് മൊന്തയിൽ വെള്ളവും ആയി ചെറിയമ്മയും കയറി കതകടച്ചു. വരാന്തയിലിരുന്ന് മഞ്ചാടിക്കുരു കളിച്ചിരുന്ന അപ്പുവിനെ വിട്ട് രാധയുടെ മനസ്സ് അതിന്റെ പുറകെ പോയി, ത്രേസ്യയുടെ വാക്കുകൾ രാധയെ പിന്നാമ്പുറത്തേക്ക് ആനയിച്ചു. അവിടെ പടിഞ്ഞാറ്റയുടെ ത ജനാല തുറന്നിട്ടിരിക്കുന്നത് കണ്ടു. അൽപ്പം ഉയരത്തിലായുള്ള ജനാലക്കുള്ളിലൂടെ അകത്തേക്ക് നോക്കാൻ താഴെ നിന്ന് ആർക്കും പറ്റില്ല എങ്കിലും അകത്ത് നിന്നുള്ള കുണുങ്ങി ചിരിയും സംസാരവും കേൾക്കാം പതുക്കെ പിൻവാങ്ങാനൊരുങ്ങിയ രാധയെ ചുവരിൽ ചാരി വച്ചിരുന്ന ഏണി ചതിച്ചു പാവാടയിൽ കൊളുത്തി രാധയും ഏണിയും താഴെ കമിഴ്ന്നടിച്ച് വീണു.അകത്ത് ഞെട്ടിപിടഞ്ഞ് എഴുന്നേൽക്കുന്ന ശബ്ദം കേട്ട് രാധ എഴുന്നേറ്റ് ഓടാൻ ഒരു ശ്രമം നടത്തി.മുള ഏണിയുടെ കമ്പ് കണങ്കാലിൽ കൊണ്ട് നന്നായി മുറിഞ്ഞിരിക്കുന്നു. ചോര ഒഴുകി രാധയുടെ കണ്ണിൽ ഇരുട്ട് കയറി,ജനാലക്കൽ അച്ചന്റെയും ചെറിയമ്മയുടെ ആക്രോശത്തിന്റെയും ശബ്ദം, അച്ചൻ വന്ന് വാരിയെടുത്ത് താങ്ങി കൊണ്ടുപോവുമ്പോൾ രാധ മണി കണ്ടു പറമ്പിലെ ഉയർന്ന കാപ്പി മരത്തിനിടയിൽ പതിഞ്ഞിരിക്കുന്ന കറുത്ത നിറമുള്ള ഒരു പാവാട രാധമണി കണ്ണുകൾ ഇറുക്കി അടച്ചു.
ആ സംഭവത്തിന് ശേഷം മുറിവെല്ലാം ഉണങ്ങി കാസിൽ പോയി തുടങ്ങിയ രാധ സംഘത്തിന്റെ കൂടെയുള്ള യാത്രകൾ വെറുത്തു തുടങ്ങി, ത്രേസ്യയിൽ നിന്ന് കൃത്യമായി അകലം പാലിച്ചു പിന്നിലായി നടപ്പ്, പലപ്പോഴും ഒരോന്ന് പറഞ്ഞ് ത്രേസ്യ അടുത്തുകൂടിയെങ്കിലും രാധ ചെവികൊടുത്തില്ല! അര കൊല്ല പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറന്ന് പിന്നെയും ഒരു മാസം കഴിഞ്ഞപ്പോൾ സ്കൂളിലേക്കുള്ള യാത്രയിൽ എല്ലാവരെയും വഴി തടഞ്ഞു നിർത്തി ത്രേസ്യ പറഞ്ഞു "ഞങ്ങൾ നാളെ കോളേജിൽ നിന്ന് ടൂറ് പോകാ ഊട്ടി ക്ക് " ടൂറ് പോവുന്നത് കന്യാസ്ത്രി അമ്മമാരുടെ സ്കൂളിൽ പള്ളിക്കുന്ന് പള്ളിയും കണ്ണാടിയമ്പലവുമായതിനാൽ ഊട്ടിയെന്ന് കേട്ടപ്പോൾ എല്ലാവരും വാ പൊളിച്ചു നിന്നു. കോളേജിൽ പോവാൻ പറ്റിയാൽ തങ്ങൾക്കും പോവാമല്ലോ എന്ന് അടക്കവും പറഞ്ഞു 'അതിന് ഒന്നുകിൽ ത്രേസ്യയെ പോലെ പത്ത് തോൽക്കണം അല്ലെങ്കിൽ കഷ്ടി മാർക്കോടെ പാസാവണം, രണ്ടായാലും കോളേജിൽ വീട്ടിൽ നിന്ന് വിടുകയും ഇല്ല ചെറിയവരൊഴികെ ബാക്കിയെല്ലാവരും ടൂർ ചിന്ത വെട്ടി കളഞ്ഞു. പിന്നെ വഴി നീളെ ത്രേസ്യയുടെ ഊട്ടിയിൽ കാണാനുള്ള കാഴ്ച്ചകളുടെ വിവരണമായിരുന്നു."ടൂർ പോയി വന്നിട്ട് പറഞ്ഞു ബാക്കി തരാട്ടോ " സ്കൂളിന് മുൻപിലായി ത്രേസ്യ യാത്ര പറഞ്ഞു.ആ വെള്ളിയാഴ്ച്ച ടൂറിന് പോയ ത്രേസ്യയെ ഞങ്ങൾ പിന്നെ കണ്ടിട്ടില്ല! ലില്ലി ചേച്ചിയും പാഞ്ചീസ് ചേട്ടനും അന്വേഷിച്ചു ചെന്നു. അക്കൊല്ലം കോളേജിൽ നിന്ന് ടൂർ പോയത് കോഴിക്കോട്ടേക്ക് ആയിരുന്നു എന്നാൽ വെള്ളിയാഴ്ച്ച ഊട്ടി ക്ക് പോയത് ത്രേസ്യയും മലയാളം സാറും മാത്രമായിരുന്നു. ഊട്ടി ക്ക് പോവുന്ന വഴി ഗൂഡല്ലൂരിലാണ് പോലും സാറിന്റെ വീട് ! ഇനി ത്രേസ്യ ഊട്ടി കണ്ടുകാണുമോ എന്ന് പോലും ഞങ്ങൾക്ക് അറിയില്ല ഇന്ന് വരെ!