സൈനബ
മഴക്കാലം കഴിഞ്ഞപ്പോൾ ചെടികളും പൂക്കളും പതുക്കെ തളിർത്തു തുടങ്ങി , രാധാമണിയുടെ വീട്ടിലെ മുറ്റത്തെ ചാമ്പക്ക മരവും പൂത്തു പഞ്ചസാരയുടെ രുചിയാണ് ചാമ്പക്കക്ക്, കാലം തെറ്റി ഇടക്കിടെ പെയ്യുന്ന മഴയിൽ ചാമ്പക്കപൂക്കൾ ചുവന്ന ചിത്രമായി മാറുന്നത് രാധാമണി നോക്കിയിരിക്കാറുണ്ട് ചുവന്ന ചിത്രങ്ങളെന്നും തന്റെ ജീവിതത്തിലും വരച്ചിട്ടുണ്ടല്ലോ, ജനിച്ച് വീണ ചോരച്ചാലുകൾക്ക് ഇടയിലൂടെ അമ്മയെ കാലം കൊണ്ടുപോയി അമ്മയുടെ സിന്ദൂരക്കുറി മായിച്ച അച്ഛന്റെ ജീവിതത്തിലെ ചുവപ്പു രാശിയായാണ് എല്ലാരും തന്നെ കണ്ടിരുന്നത് ,അഛൻ വേറെ വിവാഹം ചെയ്തത് നിന്നെ നോക്കാനാണ് എന്നോർമിപ്പിച്ച അപ്പച്ചിയെയും അമ്മമ്മയെയും ചെറിയമ്മ ചവിട്ടി പുറത്താക്കിയപ്പോഴും എല്ലാവരും നീ കാരണമാണല്ലോ എന്ന് കുറ്റപ്പെടുത്തി, 5 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിന്റെ ജാതകദോഷം എല്ലാരും വിധിയെഴുതി, 9 വയസ്സിൽ കുളക്കരയിൽ സിദ്ധിക്കൂടിയെന്ന് പറഞ്ഞ് ചെറിയമ്മ ആളെ കൂട്ടിയത് തന്റെ അരക്കു താഴെ ചോരപ്പാടുകൾ കണ്ടപ്പോഴാണ്, ആളെക്കൂട്ടാൻ നേരം സ്വന്തം ഉട പിറന്നോൻ ഓടി മറയുവാൻ വേണ്ടുവോളം സമയമനുവദിച്ചെന്ന് മാത്രം, തീണ്ടലും തൊടീലും അവസാനിച്ചു കഴിഞ്ഞ അടുക്കളയിലെ മീനാക്ഷിയേടത്തിയാണ് പെണ്ണിന്റെ ഗുണ കൊണങ്ങളാണ് ചുവപ്പിന്റെ കാരണഭൂതരെന്ന് മനസ്സിലാക്കി തന്നത്. പഠിപ്പിക്കണ്ട എന്ന് ചെറിയമ്മ വാശി പിടിച്ചപ്പോഴും പഠിച്ചോട്ടെ എന്ന് അച്ഛൻ പറഞ്ഞത് എന്താണ് മനസ്സിൽ കണ്ടത് എന്ന് ആദ്യം മനസ്സിലായില്ലങ്കിലും അക്ഷരം കൂട്ടി വായിക്കാനറിയാത്ത അമ്മയുടെ കാര്യം പറഞ്ഞു അമ്മമ്മ സങ്കടപ്പെടുന്നത് കേട്ടപ്പോൾ എല്ലാം മനസ്സിലായി.
അമ്മമ്മ യെ പുറത്താക്കിയെങ്കിലും ഏട്ടനെയും കൂട്ടി ഇടക്ക് ശനിയാഴ്ച്ചകളിൽ വരും ചെറിയമ്മയുടെ മക്കൾക്കും തനിക്കും മുണ്ടിന്റെ കോന്തലയിൽ കെട്ടിയ പലഹാരങ്ങൾ തരും, മുറുക്കാൻ പൊതിയും പലഹാരങ്ങളും വച്ചു കഴിഞ്ഞാൽ വീർത്ത് ഗർഭിണിയെ പോലെ ആകും മുണ്ടിന്റെ മുൻഭാഗം ,പലഹാര പ്രസവം കഴിഞ്ഞ് കാലും നീട്ടി ഉമ്മറത്തിരുന്ന് വിസ്തരിച്ച് മുറുക്കും, ഉച്ചനേരത്തായതിനാൽ ആരുമുണ്ടാവില്ല ,അച്ചൻ പീടീകയിലും ചെറിയമ്മ ഉച്ചമയക്കത്തിലും, മുറുക്കി തീർന്ന് അയവെട്ടി ഇരുന്ന് കഥ പറയും ,ഇടക്ക് അന്വേഷിക്കും "എവിടെ ആ രംഭ "? ഓ ഒറക്കത്തിലാവും ലെ "ക ലികാലം അല്ലാണ്ടെന്താ പറയാ. അവസാന തുപ്പലും കൃത്യമായി കോളാമ്പിയിൽ നിക്ഷേപിച്ചിട്ട് വെള്ളം കിണ്ടിയിൽ നിന്നെടുത്ത് മുറ്റത്തെ കോണിൽ പോയി വായ കഴുകും, കിണ്ടി കോലായിൽ വച്ച് ഒരു ദീർഘനിശ്വാസമെടുക്കും "പോയിട്ട് വരാട്ടോ കുട്ട്യെ" എന്ന് പറഞ്ഞ് പടികളിറങ്ങും താഴെ തോട്ടിലെ മരപാലത്തിൽ കയറി ഒന്ന് തിരിഞ്ഞു നോക്കി ഒന്നുകൂടി നെടുവീർപ്പിട്ട് തിരിഞ്ഞു നടക്കും. ഏട്ടനാക്കട്ടെ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ മുമ്പിൽ ഓടും ,തിരിച്ച് ഉമ്മറത്തേക്ക് കയറുമ്പോൾ കൃത്യമായി ചെറിയമ്മ പ്രത്യക്ഷപ്പെട്ട് അന്വേഷിക്കും "പോയോ തള്ള? എന്റെ കുറ്റം പറയാൻ വന്നതാവും ലേ? പലഹാരപ്പൊതിയും തട്ടിപറിച്ച് ചവിട്ടി കുലുക്കി അകത്തേക്ക് പോകും, നല്ലവണ്ണമുള്ള അവരുടെ നടപ്പു കാണുമ്പോൾ ഉള്ളിൽ ചിരി പൊട്ടുമെങ്കിലും അടക്കിപ്പിടിച്ച് നിൽക്കും.സ്ലീം ബ്യൂട്ടിയാണെന്ന് പറഞ്ഞായിരുന്നത്രെ അച്ചന് ബ്രോക്കർ നാരായണൻകുട്ടി കല്യാണം ആലോചിച്ചത്, ഈ പെണ്ണുങ്ങളൊക്കൊ എങ്ങനെയാണ് വണ്ണം വയ്ക്കണതെന്ന് ആദ്യമായി ചോദിച്ചത് സൈനബയാണ് ,നല്ല പോലെ മെലിഞ്ഞ അവൾക്ക് വണ്ണമുള്ളവരെ വലിയ കാര്യമാണ്, സെനബ അസംബ്ലിയിൽ നിൽക്കുമ്പോൾ ചുവപ്പിന്റെ നനുത്ത രേഖകൾ നീലപാവാടയിൽ കറുത്ത തുള്ളികളായി പുറത്ത് വന്നത് കണ്ടത് രാധാമണിയാണ്. ചുവപ്പിന്റെ ഗുണഗണങ്ങൾ നേരത്തെ മനസ്സിലാക്കി കഴിഞ്ഞതിനാൽ അവൾ വേഗം ടീച്ചറോട് ചെന്ന് വിവരം പറയുകയും ടീച്ചർമാർ കൂട്ടമായി വന്ന് അവളെ പൊതിഞ്ഞ് കൂട്ടികൊണ്ട് പോവുകയും ചെയ്തു.
സൈനബ
* * * * * * * *
അഞ്ചാം ക്ലാസിൽ ഒപ്പം കൂടിയതാ സൈനബ ! വെളുത്ത് മെലിഞ്ഞ് ,സുറുമയെഴുതിയ കണ്ണുകളും വിടവുള്ള പലക പല്ലുമായി സൈനബ അടുത്ത് വന്നിരുന്നു,ഇവിടിരിക്കാലോ അല്ലെ? ''നായരു കുട്ടിക്ക് മാപ്ല മാരെ പിടിക്കോ എന്ന് ഒരു സംശയം! "താൻ പുഞ്ചിരിച്ചതെ ഉള്ളു.' "അലവി കുട്ടി മുസ്ലല്യാരുടെ രണ്ടാമത്തെ കുടിയിലുള്ള താ" പുറകിൽ നിന്നാരോ പതുക്കെ പറയണകേട്ടു .പിന്നെ പതുക്കെ സൈനബയും താനും ഒരുമിച്ചായി ,സൈനബയുടെ വീട്ടിൽ നിന്നും പുസ്തകത്തിലൊളിപ്പിച്ച് കൊണ്ടുവരുന്ന അമ്പിളിയമ്മാവൻ, ബാലമംഗളം, ബാലരമ, ലാലു ലീല യിൽ തുടങ്ങി ബീരാന്റെ കടയിൽ നിന്ന് കൊണ്ടുവരുന്ന പലചരക്ക് കടലാസുകൾ വരെ പിന്നീട് വാർത്താ വാഹകർ ആയി, നിർത്താതെ സംസാരിക്കുന്ന സൈനബക്ക് എന്നും പറയാൻ വല്ലിക്ക ജബ്ബാറിന്റെ പത്ര കെട്ടുകളിലെ എന്തെങ്കിലും കഥകളുണ്ടാവും, അങ്ങനെ അവൾക്ക് പേരും വീണു "ആകാശവാണി ". മറ്റുള്ളവർ കളിയാക്കലും നടത്തിയാലും രാധ കൗതുകത്തോടെ സൈനബയെ പ്രോൽസാഹിപ്പിക്കും. "എന്നിട്ട് ,"ആണോ" ഈ പിരീഡ് കഴിയുമ്പോൾ ബാക്കി പറയണെ" എന്നിങ്ങനെ! T.S രാധമണി എന്ന പേര് കണക്ക് പഠിപ്പിക്കുന്ന കാലിദ് സാർ നീട്ടി വിളിക്കുമ്പോഴെ താൻ ഓർക്കാറുള്ളു, സൈനബ അത് ചുരുക്കി രാധമ്മേ എന്നാക്കി പിന്നാലെ മറ്റു കുട്ടികളും! ഹൈസ്കൂളിലെത്തിയ കൊല്ലം സൈനബ വയസ്സറിയിച്ചു.അര കൊല്ല പരീക്ഷക്കിടക്ക് '
ഒരു ദിവസം ഓടി വന്ന് അവൾ പറഞ്ഞു "ന്നെ ഈയാഴ്ച്ച പെണ്ണ് കാണാൻ വരണുണ്ട് ", ചിരിച്ച് കൊണ്ട് നാണത്തോടെ ഓടി പോവുകയും ചെയ്തു. രാധക്കൊന്നും മനസ്സിലായില്ല.
സ്കൂളു പൂട്ടി തുറന്ന് പിന്നെയും ഒരാഴ്ച്ചകഴിഞ്ഞാണ് സൈനബ വന്നത് മുഖമെല്ലാം വാടി എന്തോ ദീനം പിടിച്ച പോലെ!എന്തു പറ്റിയെന്ന ചോദ്യത്തിന്ന് "ബാപ്പനെക്കാൾ പ്രായമുള്ള ഒരാള് വന്നേക്കണ് ന്നെ ഓരെ മൂന്നാമത്തെ ബീവിയാക്കാന്ന് ഞാൻ സമ്മയിച്ചില്യ! " " കുറെ മെഹറു കൊടുക്കാന്ന് പറഞ്ഞ് ബാപ്പനെ പാട്ടിലാക്കി ഓര് പക്ഷെങ്കില് ഞമ്മക്ക് ബേണ്ട "ബാപ്പ കുറെ പുകിലുണ്ടാക്കി സ്കൂളില് പോണ്ടാന്ന് പറഞ്ഞ് പൂട്ടിയിട്ട്, അവസാനം തൂങ്ങി ചാകും എന്ന് പറഞ്ഞ് പേടിപ്പിച്ചപ്പോള് തുറന്ന് വിട്ട് '" ഞമ്മള് സമ്മയിക്കൂല, സൈനബ ചിരിച്ചു. കൊല്ല പരീക്ഷ കഴിഞ്ഞ് താൻ ഒമ്പതിലേക്ക് ജയിച്ചപ്പോൾ അവൾ തോറ്റു. റിസൾട്ട് നോക്കാനായി പോയപ്പള് അവളെക്കാണാൻ പറ്റാതെ തിരിച്ച് വരും വഴി കല്ലായി കുന്നിന്റെ ഇറക്കത്തില് പോത്തിനെ തീറ്റിച്ച് കൊണ്ട് അവൾ നിൽക്കുന്നു. രാധയെ കണ്ട് സൈനബ ഓടി അടുത്ത് വന്ന് കെട്ടിപിടിച്ചു. " രാധമ്മേ ഞാൻ തോറ്റിട്ടുണ്ടാവും ല്ലേ എനിക്കറിയാം, പരീക്ഷയൊന്നും നേരാംവണ്ണം എഴുതിയില്ലാർന്ന്, പിന്നെ എന്റെ നിക്കാഹ് ഒറപ്പിച്ച് ,ന്നാല് രണ്ടും മൂന്നും കെട്ടല്ല ട്ടോ, ആദ്യത്തെ തന്നെയാ "വായ പൊളിച്ച് നിക്കണ രാധയെ നോക്കി സൈനബ തുടർന്നു. കാണാനൊക്കൊ നല്ല ചേലാണ് ഓരിക്ക് എന്തോ സൂക്കേട് കൊണ്ടാ നിക്കാഹ് നടക്കാഞ്ഞെ പോലും! അല്ല സൈനബാ നിനക്കതിന് പ്രായം? രാധയുടെ ചോദ്യത്തിന് ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി ! നമ്മള് പറഞ്ഞാൽ ആര് കേൾക്കാൻ! ഇപ്പോ നമ്മള് തൂങ്ങി ചാകും എന്ന് പറയണതിന് മുമ്പെ ബാപ്പ പറഞ്ഞിരിക്കിണ്" ചെറിയുമ്മാനെ മൊയി ചൊല്ലും പുരക്ക് തീയും വെയ്ക്കും ന്ന്! ഉമ്മാനെ കണ്ട് നമ്മ'ക്ക് കൊതി തീർന്നില്ലാർന്ന് ഒറ്റ ചവിട്ടി നാ ബാപ്പ ഓരെ വീയ്ത്തീത്-ഓരെ കൂടപിറപ്പെങ്കിലും ജീവിച്ചോട്ടെന്ന്!" നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് സൈനബ ചിരിച്ചു രാധമ്മയെ നിക്കാഹ് വിളിക്കാൻ ഇനി ബരണ്ടല്ലോ ഇപ്പോ വിളിച്ചിരുക്കണ്, മൈലാഞ്ചി കല്യാണത്തിനും വരണം ട്ടൊ! യാത്ര പറഞ്ഞ് നടന്ന് നീങ്ങുമ്പോഴും തന്റെ അമ്പരപ്പ് മാറിയിരുന്നില്ല, സൈനബയുടെ നിക്കാഹിന് പോയില്ല കല്യാണക്കുടി പോകുമ്പോൾ തൊടിയിൽ നിന്ന് കണ്ടു.സൈനബയുടെ എന്നല്ല ആരുടെയും കല്യാണത്തിനും പോകാൻ അനുമതിയുണ്ടായിരുന്നില്ലല്ലോ? ഇളയമ്മയെ വെട്ടിച്ച് തനിച്ച് പോകാൻ തോന്നിയെങ്കിലും പണിയ കുടിക്ക് മുന്നിലൂടെയുള്ള ഊട് വഴി കടന്ന് പോകാനുള്ള മടി കൊണ്ട് വേണ്ടന്ന് വെയ്ക്കുകയായിരുന്നു.പിന്നെ കേട്ടു സൈനബയുടെ പുയ്യാപ്ലക്ക് നൊസ്സായി പോയിന്ന്, ഒന്ന് കാണാൻ ആഗ്രഹിച്ച് അന്വേഷിച്ച് സ്കൂൾ വിട്ട് സൈനബയുടെ കുടിയിൽ ചെന്നെങ്കിലും കാണാൻ കഴിഞ്ഞില്ല!സൈനബ ഇല്ലങ്കിലും അവളുടെ ചെറിയുമ്മയും ബാപ്പയുടെ പുതിയ ബീടരും അവിടെ ഉണ്ടായിരുന്നു'.സൈനബയുടെ അതേ പ്രായത്തിലുള്ള വേറൊരു സൈനബ !